കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മത്സ്യത്തൊഴിലാളിസമൂഹം അതിജീവനഭീഷണി നേരിടുകയാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന കടല്‍കയറ്റം, കിടപ്പാടങ്ങളുടെ നഷ്ടം, തൊഴില്‍നഷ്ടം, മത്സ്യലഭ്യതയിലെ കുറവ്, കാലാവസ്ഥാ മുന്നറിയിപ്പ്, മണ്ണെണ്ണയുടെ വിലക്കയറ്റം തുടങ്ങിയവ ജനങ്ങളുടെ ജീവിതം വഴിമുട്ടിച്ചിരിക്കുന്നു. മുന്നൂറിലേറെ കുടുംബങ്ങള്‍ വാസയോഗ്യമല്ലാത്ത ക്യാമ്പുകളില്‍ ദീര്‍ഘനാളായി കഴിയുകയാണ്. കൂടാതെ, ധാരാളം വീടുകള്‍ ഭാഗികമായി തകര്‍ന്നു. മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണുന്നതിന് അധികാരികള്‍ തയ്യാറാകുന്നില്ലെന്നു മാത്രമല്ല, വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മ്മാണം ഒരു വലിയ വെല്ലുവിളിയായി നമ്മുടെ ജനതയുടെമേല്‍ ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്.
ഏകദേശം 7525 കോടി രൂപ മുതല്‍മുടക്കു പ്രതീക്ഷിക്കുന്ന വിഴിഞ്ഞം വാണിജ്യ തുറമുഖം, നിലവിലുള്ള വിഴിഞ്ഞം മത്സ്യബന്ധനതുറമുഖത്തിന് 500 മീറ്റര്‍ തെക്കു മാറി വലിയ കടപ്പുറത്തുനിന്നാരംഭിച്ച് 1.2 കി.മീറ്റര്‍ കടലിലേക്കുപോയി തെക്കോട്ടു തിരിഞ്ഞ് 3.2 കി.മീ. നീളമുള്ള പുലിമുട്ട് അടിമലത്തുറ ഭാഗത്താണ് അവസാനിക്കുന്നത്. കപ്പല്‍ചാനല്‍ സംബന്ധിച്ച് ആഴിമലക്ഷേത്രത്തിനു നേരേയാണെന്നു സമ്മതിച്ചിട്ടുïെങ്കിലും അദാനി ഗ്രൂപ്പ് കരുംകുളംവരെയെന്നും, പൂവാര്‍വരെയെന്നും അഭിപ്രായം മാറ്റിപ്പറഞ്ഞുകൊണ്ടിരിക്കുന്നു.
400 മീറ്റര്‍ വീതിയുള്ള ഇതിന്റെ പ്രവേശനകവാടത്തിലൂടെ 16 മീറ്റര്‍ വരെയുള്ള മദര്‍ഷിപ്പുകള്‍ക്കു പ്രവേശിക്കാന്‍ നിലവില്‍ 15 മുതല്‍ 18 വരെ മീറ്റര്‍ ആഴമുള്ള ഈ കടല്‍പ്രദേശം ഡ്രെഡ്ജ് ചെയ്ത് 20.4 മീറ്റര്‍ ആഴം ആക്കേണ്ടതുണ്ടെന്ന് പരിസ്ഥിതി പഠനറിപ്പോര്‍ട്ടു പറയുന്നു. കൂടാതെ, കണ്ടെയ്‌നറുകള്‍, മറ്റ് അനുബന്ധസൗകര്യങ്ങള്‍ എന്നിവയ്ക്കായി 66 ഹെക്ടര്‍ (165 ഏക്കര്‍) കടല്‍ നികത്തുകയും വേണം. പ്രകൃതിദത്തമായി നിലവിലുണ്ടായിരുന്ന പൊഴിമുഖങ്ങളെയും കടലിടുക്കുകളെയും ദ്വീപുകളെയും കായലുകളെയും പ്രയോജനപ്പെടുത്തി നിര്‍മിച്ചിട്ടുള്ള കൊച്ചി, ബോംബെ, ഗോവ തുടങ്ങിയ സ്വാഭാവികതുറമുഖങ്ങളില്‍നിന്നു വ്യത്യസ്തമായി തുറസ്സായ കടലില്‍ പുലിമുട്ടുകള്‍ ഉപയോഗിച്ചുള്ള കൃത്രിമ തുറമുഖനിര്‍മാണം സൃഷ്ടിക്കാവുന്ന പ്രത്യാഘാതം ഭയാനകമാണെന്ന് ഇതിനകം തീരദേശം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
വലിയകടപ്പുറത്ത് കമ്പിവേലികെട്ടി തിരിക്കുന്നതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു. കപ്പലുകളുടെ സുരക്ഷിതമായ പോക്കുവരവിനു സഹായകരമാകുന്ന രീതിയില്‍ പോര്‍ട്ട് ഏരിയായില്‍ മത്സ്യബന്ധനയാനങ്ങള്‍ പ്രവേശിക്കുന്നത് ഒഴിവാക്കാന്‍, പോര്‍ട്ട് നിയമങ്ങള്‍ ഉപയോഗിച്ചു വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍വരെ മത്സ്യബന്ധനനിരോധിതമേഖലയാക്കി പ്രഖ്യാപിക്കാനുള്ള സാധ്യത ഏറെയാണ്. വിഴിഞ്ഞം മുതല്‍ പൊഴിയൂര്‍വരെ കേന്ദ്ര മത്സ്യഗവേഷണകേന്ദ്രത്തിന്റെ 2010 ലെ കണക്കനുസരിച്ച് 1882 മത്സ്യബന്ധന യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ഇവയുടെ പ്രവര്‍ത്തനത്തെ ഇതു പ്രതികൂലമായി ബാധിക്കും.
നിലവിലുള്ള വിഴിഞ്ഞം മത്സ്യബന്ധന തുറമുഖത്തിന്റെ തെക്കേപുലിമുട്ടിനേക്കാള്‍ 800 മീറ്റര്‍ കടലില്‍ തള്ളിനില്ക്കുന്ന പുതിയ പുലിമുട്ടുനിര്‍മാണം മൂലം മത്സ്യബന്ധന ഹാര്‍ബറില്‍ മണ്ണു കയറി ആഴം കുറയുകയും ഇതിനകം നാല് അപകടമരണങ്ങള്‍ ഉണ്ടാവുകയും ചെയ്തു. സംശയിക്കേണ്ട, പല സന്ദര്‍ഭത്തില്‍ തിരയിളക്കം കാരണം യാനങ്ങള്‍ കൂട്ടിമുട്ടിയുള്ള അപകടം തുടര്‍ക്കഥയാവും. ഹാര്‍ബറില്‍ രൂപപ്പെടുന്ന മണല്‍ത്തിട്ടകള്‍വഴി ജലജന്യരോഗങ്ങളായ കോളറയും ത്വഗ്രോഗങ്ങളും പടര്‍ന്നുപിടിക്കുന്നതിനും സാധ്യതയേറെയാണ്. ഇക്കാര്യങ്ങളെല്ലാം അനുഭവസമ്പന്നരായ മത്സ്യത്തൊഴിലാളികള്‍ മുന്നറിയിപ്പു നല്‍കിയ കാര്യങ്ങളാണ്.
വിഴിഞ്ഞം തുറമുഖനിര്‍മാണം മൂന്നിലൊന്നു പൂര്‍ത്തിയായപ്പോള്‍ 600 മീറ്റര്‍ കടല്‍ത്തീരം നഷ്ടപ്പെട്ടു. കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് വലിയതുറയില്‍ മാത്രം അഞ്ചു വരിവീടുകളാണ് കടലെടുത്തത്. കൊച്ചുതോപ്പ്, തോപ്പ്, കണ്ണാന്തുറ, വെട്ടുകാട് തുടങ്ങി തുമ്പവരെ അശാസ്ത്രീയമായി നടത്തുന്ന നിര്‍മാണത്തിന്റെ പ്രത്യാഘാതങ്ങള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
തുറമുഖനിര്‍മാണത്തിന്റെ ഫലമായും തുടര്‍ച്ചയായ ഡ്രഡ്ജിംഗ് കാരണവും ചൊവ്വര, വിഴിഞ്ഞം, കോവളം പാറക്കെട്ടുകളിലെ ജൈവവൈവിധ്യവും മുത്തിച്ചിപ്പിയും തിരുവനന്തപുരം ജില്ലയിലെ സമ്പുഷ്ടമായ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥകളും നാമാവശേഷമായി മത്സ്യലഭ്യത കുറയുകയും ചെയ്യുമെന്നത് തര്‍ക്കമറ്റ സംഗതിയാണ്. കൂടാതെ കടല്‍ പരിസ്ഥിതിയിലുണ്ടാകുന്ന ഗണ്യമായ മാറ്റം അടിക്കടിയുള്ള ചുഴലിക്കാറ്റിനും മറ്റു പ്രകൃതി ദുരന്തങ്ങള്‍ക്കും ഇടയാക്കും. 
വിഴിഞ്ഞം വാണിജ്യതുറമുഖനിര്‍മാണംമൂലം തീരദേശജനത നേരിടാന്‍ പോകുന്ന പ്രശ്‌നങ്ങളും ആശങ്കകളും ആവര്‍ത്തിച്ചാവര്‍ത്തിച്ച് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും, അധികാരികള്‍, വിസില്‍ ഉള്‍പ്പെടെ അദാനിയുടെ സ്തുതിപാഠകരായി നിലകൊള്ളുന്ന സ്ഥിതിയാണുള്ളത്. ഈ സ്ഥിതി തുടര്‍ന്നാല്‍ തിരുവനന്തപുരം ജില്ലയിലെ 50000 ത്തില്‍പ്പരം മത്സ്യത്തൊഴിലാളികള്‍ക്ക് ക്രമേണ മത്സ്യബന്ധനം അസാധ്യമായിത്തീരും.
അശാസ്ത്രീയമായി നിര്‍മിച്ച മുതലപ്പൊഴി മരണപ്പൊഴിയായി മാറിക്കഴിഞ്ഞു. ഇതിനകം 45 ഓളം വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞത്. കൂടാതെ, താഴമ്പള്ളി മുതല്‍ മാമ്പള്ളി വരെയുള്ള ജനവാസകേന്ദ്രങ്ങളിലൂണ്ടാകുന്ന തീരശോഷണംമൂലം ധാരാളം വീടുകള്‍ നഷ്ടപ്പെടുകയും തീരദേശറോഡ് പലതവണ തകരുകയും ചെയ്തു. 
തീരദേശജനതയുടെ ആവശ്യങ്ങള്‍ അക്കമിട്ടു പറയട്ടെ: 1. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണം മൂലമുണ്ടാകുന്ന തീരശോഷണത്തിനു ശാശ്വതപരിഹാരം കാണുക. 2. തീരശോഷണംമൂലം ഭവനം നഷ്ടപ്പെട്ട് മനുഷോചിതമല്ലാത്ത അവസ്ഥയില്‍  ക്യാമ്പുകളില്‍ കഴിയുന്ന കുടുംബാംഗങ്ങളെ അടിയന്തരമായി വാടക നല്‍കി മാറ്റിപ്പാര്‍പ്പിക്കുക. 3. വീടും സ്ഥലവും നഷ്ടപ്പെട്ടവരെ വീടിനും വസ്തുവിനും നഷ്ടപരിഹാരം നല്‍കിക്കൊണ്ട് പുനരധിവസിപ്പിക്കുക. 4. തീരശോഷണത്തിനു കാരണവും വിഴിഞ്ഞം മത്സ്യബന്ധനതുറമുഖത്തിനും കോവളം - ശംഖുമുഖം ബീച്ചുകള്‍ക്കും ഭീഷണിയുമായ അദാനി തുറമുഖനിര്‍മാണം നിര്‍ത്തിവച്ച് പ്രദേശവാസികളെയും ഉള്‍പ്പെടുത്തി സുതാര്യമായി പഠനം നടത്തുക. 5. അനിയന്ത്രിതമായ മണ്ണെണ്ണവിലവര്‍ദ്ധന പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇടപെടുക; തമിഴ്‌നാട് മാതൃകയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലഭ്യമാക്കുക. 6. കാലാവസ്ഥാ മുന്നറിയിപ്പു കാരണം തൊഴില്‍ നഷ്ടപ്പെടുന്ന ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മിനിമംവേതനം നല്‍കുക. 7. മുതലപ്പൊഴിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക. 
കടലും മത്സ്യആവാസവ്യവസ്ഥകളും മത്സ്യബന്ധനവും സംരക്ഷിക്കേണ്ടത് മത്സ്യത്തൊഴിലാളികളുടെ മാത്രം വിഷയമല്ല. കേരളത്തിലെ മത്സ്യ ഉപഭോക്താക്കളും കടലിന്റെ സുഹൃത്തുക്കളും നിലനില്പിന്റെ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു മുന്നോട്ടു വരണം.  
							
 മോണ്‍. യൂജിന്‍ പെരേര
                    
									
									
									
									
									
                    