•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

കുതിച്ചുയരുന്ന ഇ. ഡി. കേസുകള്‍ ; നിങ്ങള്‍ ആരെ അന്വേഷിക്കുന്നു?

കൂട്ടിലടച്ച തത്തയാണ് സിബിഐ എന്ന സുപ്രീം കോടതി ജഡ്ജി ആര്‍.എം. ലോധയുടെ 2013 ലെ പ്രസിദ്ധമായ വാചകം മറക്കാറായിട്ടില്ല. കൂട്ടിലടച്ച തത്തകളായ സിബിഐയെ ഇപ്പോള്‍ തുറന്നുവിട്ടിരിക്കുകയാണെന്നും തത്തയുടെ തൂവലുകള്‍ കാവിനിറവും ചിറകുകള്‍ ഇഡിയും ആയിരിക്കുകയാണെന്നും മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭയിലെ എസ്പി പിന്തുണയുള്ള സ്വതന്ത്ര എംപിയുമായ കപില്‍ സിബല്‍ പറഞ്ഞു. യജമാനന്‍ പറയുന്നത് ഏറ്റുപറയുന്ന തത്തയാണ് സിബിഐയും ഇഡിയുമെന്നു മുന്‍ കോണ്‍ഗ്രസ് നേതാവ് പരിഹസിച്ചു.

ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ വസതിയില്‍ കേന്ദ്ര ഏജന്‍സിയായ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് ഓഗസ്റ്റ് 19 ന് 16 മണിക്കൂറോളം റെയ്ഡ് നടത്തി. ഡല്‍ഹി സര്‍ക്കാരിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ വീടുകളിലും ഓഫീസുകളിലും റെയ്ഡു നടന്നു. ഇതിനു പിന്നാലെയായിരുന്നു സിബലിന്റെ ട്വിറ്ററിലെ ഈ കുറിപ്പ്. ഡല്‍ഹിയിലെ എക്‌സൈസ് നയം ദുരുപയോഗിച്ച് കോടികളുടെ അഴിമതി നടത്തിയെന്ന കേസിലാണ് മനീഷ് സിസോദിയയുടെ വസതിയില്‍ സിബിഐ റെയ്ഡു നടത്തിയത്.
രാജ്യം വിട്ടുപോകാതിരിക്കാന്‍ മനീഷിനെതിരേ സിബിഐ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതായി ദേശീയ ടെലിവിഷനുകളും പത്രങ്ങളും റിപ്പോര്‍ട്ടു ചെയ്തു. എന്നാല്‍, താന്‍ ഡല്‍ഹിയില്‍ സൈ്വരമായി വിഹരിക്കുന്നുണ്ടെന്നും മറച്ചുവയ്ക്കാന്‍ ഒന്നുമില്ലെന്നും മനീഷ് പത്രസമ്മേളനം വിളിച്ച് അറിയിച്ചു. ഇതോടെ മനീഷിനെതിരേമാത്രം ലുക്കൗട്ട് നോട്ടീസ് ഇല്ലെന്നും കേസിലെ മറ്റു പ്രതികള്‍ക്കെതിരേയാണ് നോട്ടീസെന്നും സിബിഐ വിശദീകരിക്കാന്‍ നിര്‍ബന്ധിതമായി.
കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുന്‍ ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. അത് ഇപ്പോഴും അന്വേഷണത്തിലാണ്.
പ്രതിപക്ഷത്തെ വിടാതെ ഇ ഡി

നാഷണല്‍ ഹെറാള്‍ഡ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെയും മകന്‍ രാഹുല്‍ ഗാന്ധിയെയും തുടര്‍ച്ചയായി ചോദ്യം ചെയ്തതും വലിയ വിവാദമായിരുന്നു. രാഹുലിനെ അമ്പതു മണിക്കൂറോളം ചോദ്യം ചെയ്തു. പക്ഷേ, അറസ്റ്റോ അനന്തര നടപടികളോ ഉണ്ടായില്ല.
കിഫ്ബി വായ്പകളുമായി ബന്ധപ്പെട്ട് ചോദ്യം 
ചെയ്യാന്‍ കേരള മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും ഇ ഡി നോട്ടീസ് നല്‍കി. നിയമവിരുദ്ധമായ നോട്ടീസ് അംഗീകരിക്കില്ലെന്നും ഇ.ഡിക്കു മുന്നില്‍ ഹാജരാകില്ലെന്നും ഐസക്കും സിപിഎമ്മും നിലപാടെടുത്തതും അടുത്തിടെയാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരേയുള്ള സിബിഐയുടെ  ലാവ്‌ലിന്‍ കേസ് ഡൊമോക്ലിസിന്റെ വാള്‍ പോലെ കിടക്കാന്‍ തുടങ്ങിയിട്ട് അനേകവര്‍ഷങ്ങളായി. അനന്തരനടപടികള്‍ ഇപ്പോഴും കോടതിയില്‍ ഇഴയുകയാണ്.പശ്ചിമ ബംഗാളില്‍ മമത ബാനര്‍ജിയുടെ പാര്‍ട്ടിക്കാരെയും നേതാക്കളെയും ഇ ഡിയും സിബിഐയും വിടാതെ പിന്തുടരുകയാണ്. വിദ്യാഭ്യാസമന്ത്രിയായിരുന്ന പാര്‍ഥ ചാറ്റര്‍ജി അറസ്റ്റിലായി. പശ്ചിമ ബംഗാള്‍ സ്‌കൂള്‍ സര്‍വീസ് കമ്മീഷനിലെ ഇദ്ദേഹത്തിന്റെ കൂട്ടാളി അര്‍പ്പിത മുഖര്‍ജിയുമായി ചേര്‍ന്നു കോടികളുടെ അഴിമതി നടത്തിയെന്നാണു കേസ്. മമതയുടെ ബന്ധുവും എംപിയുമായ അഭിഷേക് ബാനര്‍ജിക്കെതിരേയും സാമ്പത്തികക്രമക്കേടുകള്‍ക്ക് ഇ ഡി കേസെടുത്തു ചോദ്യം ചെയ്തു.
കന്നുകാലി കടത്തല്‍ കേസിലാണു തൃണമൂലിന്റെ മറ്റൊരു പ്രമുഖ നേതാവ് അനുബ്രത മണ്ഡലിനെ കഴിഞ്ഞ 11-ാം തീയതി സിബിഐ അറസ്റ്റു ചെയ്തത്. തൃണമൂല്‍ യുവജനവിഭാഗം നേതാവ് വിനയ് മിശ്രയുമായി ബന്ധപ്പെട്ട കമ്പനിയുടെ 13.63 കോടിയുടെ സ്വത്തുക്കള്‍ കഴിഞ്ഞ മാസം ഇ ഡി കണ്ടെടുത്തു. തൃണമൂല്‍ എംഎല്‍എ മണിക് ഭട്ടാചാര്യയെയും അധ്യാപകനിയമന അഴിമതിക്കേസില്‍ ഇ ഡി ചോദ്യം ചെയ്തു.  
രാഷ്ട്രീയക്കരുക്കളാകുന്ന ഏജന്‍സികള്‍
മഹാരാഷ്ട്രയില്‍ എന്‍സിപി നേതാക്കളും മുന്‍ കേന്ദ്രമന്ത്രിമാരുമായ ശരത് പവാറും പ്രഫുല്‍ പട്ടേലും മുതല്‍ മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍, മുന്‍ മന്ത്രി അനില്‍ ദേശ്മുഖ്, മുന്‍ മന്ത്രി ഹസന്‍ മുഷ്‌റിഫ്, നവാബ് മാലിക്, ശിവസേന നേതാക്കളായ സഞ്ജയ് റാവത്ത് എംപി, ഭാര്യ വര്‍ഷ, മുന്‍മന്ത്രി അനി പരബ്, ഭാവന ഗവാലി എംപി, യശ്വന്ത് ജാദവ്, ഭാര്യ യാമിനി, പ്രതാപ് സര്‍നായിക്, കോണ്‍ഗ്രസ് നേതാക്കളായ മുന്‍മുഖ്യമന്ത്രി അശോക് ചവാന്‍ തുടങ്ങി ഇപ്പോഴത്തെ പ്രതിപക്ഷ മഹാസഖ്യത്തിലെ പ്രമുഖര്‍ക്കെതിരേയെല്ലാം സിബിഐ, ഇ ഡി, ആദായനികുതി വകുപ്പ്, എന്‍ഐഎ തുടങ്ങിയ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണമുണ്ട്. ചിലരെ അറസ്റ്റു ചെയ്തു, ചിലരെ ചോദ്യം ചെയ്തു, ചിലരെ റെയ്ഡു ചെയ്തു എന്നിങ്ങനെ പല രൂപത്തിലാണിവ.
കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ പ്രമുഖനും മുന്‍മന്ത്രിയുമായ ഡി.കെ. ശിവകുമാറിനും കൂട്ടര്‍ക്കും എതിരേ ഇ ഡി കേസെടുത്തിരുന്നു. 2019 ലെ ലോക്
സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കമല്‍നാഥിന്റെ സെക്രട്ടറിമാരുടെ വീടുകളില്‍ ആദായനികുതി റെയ്ഡുകള്‍ നടത്തി.
ഹിന്ദിസിനിമ സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ്ഖാന്റെ മകന്‍ ആര്യന്‍ഖാനെ മയക്കുമരുന്നുകേസില്‍ നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഏതാനും മാസങ്ങള്‍ക്കുമുമ്പ് 
അറസ്റ്റുചെയ്യുകയും നിരവധി ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് എന്‍സിബി ആര്യന്‍ ഖാന് ക്ലീന്‍ ചിറ്റ് നല്‍കി. ന്യൂനപക്ഷ സമുദായക്കാരനായ, പ്രതിപക്ഷത്തോട് ആഭിമുഖ്യമുള്ള ഷാരൂഖിനെ വിരട്ടാനായിരുന്നു മകന്റെ അറസ്റ്റു
നാടകം എന്നു കരുതുന്നവരുണ്ട്.
ബിജെപി ഇതര സര്‍ക്കാരുകള്‍ ഭരിക്കുന്ന മിക്ക സംസ്ഥാനങ്ങളിലും കേന്ദ്ര ഏജന്‍സികള്‍ പലതരത്തിലുള്ള കേസുകളെടുക്കുന്നതു പതിവായിട്ടുണ്ട്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും പ്രതിപക്ഷനേതാക്കള്‍ക്കെതിരേ പതിവായി കേസെടുത്തു വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതില്‍ അടുത്തിടെ കൂടുതല്‍ മത്സരിക്കുന്നത് ഇ ഡി ആണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നരേന്ദ്ര മോദിസര്‍ക്കാരിനുവേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
കുതിച്ചുയര്‍ന്ന ഇ ഡി കേസുകള്‍
സിബിഐ അന്വേഷണത്തിന് സംസ്ഥാനസര്‍ക്കാരുകളുടെ അനുമതി വേണമെന്ന തടസ്സം ഒഴിവാക്കാനാണ് ഇ ഡി - ആദായനികുതി വകുപ്പുകള്‍ കൂടുതല്‍ കേസെടുക്കുന്നതിനു വഴിതെളിച്ചതെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.  കേരളം ഉള്‍പ്പെടെ ഒമ്പതു സംസ്ഥാനങ്ങള്‍ 2015 മുതല്‍ സിബിഐ അന്വേഷണത്തിനുള്ള സമ്മതം പിന്‍വലിച്ചു. മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാന്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, കേരളം, മേഘാലയ, മിസോറാം എന്നീ സംസ്ഥാന സര്‍ക്കാരുകള്‍ സിബിഐക്കു തടയിട്ടത് 
കേന്ദ്രത്തിനു തിരിച്ചടിയായി. ഒരു കാലത്ത് രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സിയായിരുന്ന സിബി ഐ പതിയെ പിന്‍വാങ്ങുന്നതിനിടെയാണ് ഇ ഡി സജീവമായത്.എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ തിവിപുലമായ അധികാരങ്ങളുമായി ബന്ധപ്പെട്ട 2002 ലെ കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമത്തിന്റെ (പിഎംഎല്‍എ) ഭരണഘടനാസാധുത സുപ്രീം കോടതി കഴിഞ്ഞ മാസം ശരിവച്ചതോടെ ഇ ഡിക്ക് ഇനി എന്തുമാകം എന്ന നിലയുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ നിയമത്തിന്റെ ഭരണഘടനാസാധുതയെയും ഇത്തരം കേസന്വേഷിക്കാനുള്ള ഇ ഡിയുടെ അധികാരത്തെയും ചോദ്യം ചെയ്യുന്ന 200 ലധികം ഹര്‍ജികള്‍ സുപ്രീംകോടതി നിരസിച്ചു. നരേന്ദ്രമോദിസര്‍ക്കാരിന്റെ വിമര്‍ശകര്‍ക്കും രാഷ്ട്രീയ എതിരാളികള്‍ക്കുമെതിരേ ഇ ഡിയും പിഎംഎല്‍എയും ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിക്കപ്പെടുന്ന സമയത്താണ് ഈ വിധി വന്നത്.
മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം കഴിഞ്ഞ എട്ടു വര്‍ഷത്തിനിടയില്‍, ഇ ഡിയുടെ നടപടികള്‍ ആറിരട്ടിയായി കൂടി. 2004 നും 2014 നും ഇടയില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ കാലത്ത് വെറും 112 റെയ്ഡുകള്‍ മാത്രമാണ് ഇ ഡി നടത്തിയത്. എന്നാല്‍, 2014 നും 2022 നും ഇടയില്‍ ബിജെപി ഭരണകാലത്ത് മൂവായിരത്തിലധികം റെയ്ഡുകള്‍ നടന്നിട്ടുണ്ട്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) പ്രകാരം 24,893 കേസുകളും 3,985 കേസുകളും ഇ ഡി കഴിഞ്ഞ പത്തു വര്‍ഷത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മോദിസര്‍ക്കാരിന്റെ ആദ്യവര്‍ഷം 915 ഫെമ കേസുകളായിരുന്നത് 2021 - 22 ല്‍ 5,313 ആയി ഉയര്‍ന്നു. ഇതേ കാലയളവില്‍ പിഎംഎല്‍എയുടെ കീഴില്‍ 178 കേസുകള്‍ ആയിരുന്നത് 2021-22 ല്‍ 1,180 ആയി ഉയര്‍ന്നു.
ഭരണപക്ഷത്തേക്കു കണ്ണുകളടച്ച്

ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായല്ല കേന്ദ്ര ഏജന്‍സികളുടെ അധികാരം ചര്‍ച്ചാവിഷയമാകുന്നത്. ഭരിക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടികളുടെ ചട്ടുകങ്ങളായി അന്വേഷണ ഏജന്‍സികള്‍ മാറുന്നുവെന്നത് വെറും ആക്ഷേപം മാത്രമല്ല. ബോഫോഴ്‌സ് അഴിമതി അന്വേഷിക്കുന്നതിനിടെ സിബിഐയുടെ അധികാരം ചോദ്യം ചെയ്യപ്പെട്ടിരുന്നു. 2011 ല്‍ ഈ കേസ് അവസാനിപ്പിച്ചു. പക്ഷേ, ഇന്ന് കേന്ദ്ര ഏജന്‍സികളെ രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരായി പതിവായി ദുരുപയോഗിക്കുന്നു.
ഭരണകക്ഷിയുമായി ബന്ധപ്പെട്ട നേതാക്കള്‍ക്കെതിരേ സിബിഐ, ഇ ഡി, ഐ ടി തുടങ്ങിയ കേസുകളേയില്ല. ബിജെപി ഭരണ സംസ്ഥാനങ്ങളിലെ അഴിമതികള്‍ക്കും കള്ളപ്പണ ഇടപാടുകള്‍ക്കും നേരേ കേന്ദ്ര ഏജന്‍സികള്‍ കണ്ണടയ്ക്കുന്നു. ഇ ഡിയും ആദായനികുതിവകുപ്പുമൊക്കെ മുമ്പ് കേസെടുത്ത പലരും ബിജെപിയിലേക്കു കൂറുമാറിയെത്തിയപ്പോള്‍ ആ കേസുകള്‍ ഫ്രീസറിലാകുന്നതും പതിവായി.
അന്വേഷണ ഏജന്‍സികള്‍ക്ക് അന്വേഷിക്കാന്‍ അര്‍ഹതയുണ്ട്. എന്നാല്‍, പ്രതിപക്ഷ പാര്‍ട്ടികള്‍ക്കെതിരേമാത്രം കേസെടുക്കുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ഉത്തരമില്ല. നിയമവാഴ്ചയോടും ഭരണഘടനയോടും വിധേയത്വം പുലര്‍ത്തേണ്ട കേന്ദ്ര ഏജന്‍സികളുടെ നിഷ്പക്ഷത ചോദ്യം ചെയ്യപ്പെടുന്നു. സര്‍ക്കാരിനെ വിമര്‍ശിക്കുകയും അവരുടെ നയങ്ങളെ വെല്ലുവിളിക്കുകയും ചെയ്യുന്നവര്‍ക്കെതിരേ ഏജന്‍സികള്‍ ഭയം വളര്‍ത്തി കേസെടുക്കുന്നത് ആപത്കരമാണ്.
വിശ്വാസ്യത വീണ്ടെടുക്കുക പ്രധാനം
സര്‍ക്കാരിനെ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്യുക എന്നതാണ് ആരോഗ്യകരമായ ജനാധിപത്യത്തില്‍ പ്രതിപക്ഷത്തിന്റെ ചുമതല. സര്‍ക്കാരിന്റെ തെറ്റായ നയങ്ങളും നടപടികളും ചോദ്യം ചെയ്യാന്‍ പ്രതിപക്ഷനേതാക്കളും പാര്‍ട്ടികളും മടിച്ചാല്‍ ജനാധിപത്യം തകരും. മാറിവരുന്ന രാഷ്ട്രീയാധികാരികളില്‍നിന്നു കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ അപ്രാപ്യവും സ്വതന്ത്രവുമായിരിക്കണമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസായിരുന്ന എന്‍.വി. രമണ പറഞ്ഞതാണു പ്രധാനം. സുതാര്യവും സ്വയംഭരണാധികാരമുള്ളതുമായ സിബിഐ വേണമെന്ന് ജസ്റ്റീസ് ജെ.എസ്. വര്‍മയും ഓര്‍മിപ്പിച്ചിട്ടുണ്ട്.
സ്വതന്ത്രവും സുതാര്യവുമാകുന്നില്ലെങ്കില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളുടെ നഷ്ടമാകുന്ന വിശ്വാസ്യത പാടേ തകരും. അനാവശ്യമായ രാഷ്ട്രീയ ഇടപെടലുകളെ ചെറുത്തു തോല്പിക്കാനും നിഷ്പക്ഷമായ അന്വേഷണം ഉറപ്പുവരുത്താനും ജനാധിപത്യ വിശ്വാസികള്‍ കൂടുതലായി ശബ്ദമുയര്‍ത്തേണ്ട കാലമാണിത്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളും നിയമനിര്‍മാണസഭകളും കോടതികളും ഉദ്യോഗസ്ഥരും മാധ്യമങ്ങളുമെല്ലാം സ്വതന്ത്രമായും സുതാര്യമായും പ്രവര്‍ത്തിക്കുക ജനാധിപത്യത്തില്‍ അത്യന്താപേക്ഷിതമാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)