ഇന്ത്യയുടെ വനിതയായ രാഷ്ട്രപതിയെ രാഷ്ട്രനാഥ എന്നോ രാഷ്ട്രമാതാവ് എന്നോ വിളിക്കാമെന്നൊരു അഭിപ്രായപ്രകടനം ഒരു പ്രമുഖ പത്രത്തില്‍ വായിക്കാനിടയായി. എന്നാല്‍, ബഹു. രാഷ്ട്രപതിയെ രാഷ്ട്രപതി എന്നു തന്നെ വിളിക്കുന്നതാണ് യുക്തവും അഭികാമ്യവും. ഇതില്‍ ശബ്ദത്തിന്റെ ലിംഗഭേദംമൂലമുള്ള അനൗചിത്യമൊന്നും ശങ്കിക്കാനില്ല. എന്തുകൊണ്ടെന്നാല്‍, പതി എന്നത് ഒരു സംസ്‌കൃതപദമാണ്. സംസ്‌കൃതത്തിലെ ലിംഗവ്യവസ്ഥ തികച്ചും സാങ്കേതികമായ ഒന്നാണ്.
നിയതമായ ലിംഗങ്ങളോടുകൂടിയ പദങ്ങള്‍ ഏതു ലിംഗത്തില്‍ വരുന്ന ശബ്ദങ്ങളോടും ചേര്‍ത്തു പ്രയോഗിക്കാറുണ്ട്. 'ഇവള്‍ എന്റെ കളത്രമാണ്' എന്നോ 'ഇവള്‍ എന്റെ ധര്‍മദാരങ്ങളാണ്' എന്നോ പ്രയോഗിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടോ? ഇതില്‍ കളത്രമെന്ന പദത്തിന്ന് നപുംസകലിംഗവും ദാരങ്ങള്‍ എന്നതിന്ന് നിത്യം ബഹുവചനാന്തമായ പുംലിംഗവുമാണ്. പശുവിനെ ഗോവെന്നു വ്യാപകമായി പറയുന്നുണ്ടല്ലോ! ഗോശബ്ദം പുംലിംഗമാണെന്നത് അധികമാരും ശ്രദ്ധിക്കാത്ത ഒരു വസ്തുതയാണ്. എങ്കിലും ''ലക്ഷ്യദൃഷ്ട്യാ സ്ത്രിയാം പുംസി ഗൌഃ'' എന്ന് അമരകോശത്തില്‍ (പംക്തി 2385) വ്യവസ്ഥ ചെയ്തിരിക്കുന്നതിനാല്‍ ലക്ഷ്യമാക്കപ്പെടുന്നത് പശുവോ കാളയോ എന്നതനുസരിച്ചു ഗോശബ്ദം പുംലിംഗത്തിലോ സ്ത്രീലിംഗത്തിലോ പ്രയോഗിക്കാം. മന്ത്രീ എന്ന പദം നകാരാന്തവും പുംലിംഗവുമാണ് - കരീ, ഹസ്തീ മുതലായ പദങ്ങള്‍പോലെത്തന്നെ. കരിണീ, ഹസ്തിനീ മുതലായ പദങ്ങള്‍പോലെ മന്ത്രീ എന്ന പദത്തിന്ന് സ്ത്രീലിംഗരൂപം മന്ത്രിണീ എന്നാണ്. ലോകത്തില്‍ ഇത്രയേറെ സ്ത്രീകള്‍ മന്ത്രിപദമലങ്കരിച്ചിട്ടും, ഇന്ത്യയില്‍ത്തന്നെ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്നിട്ടും മന്ത്രിശബ്ദത്തിന്ന് ഒരു സ്ത്രീലിംഗരൂപം വേണമെന്ന് ആര്‍ക്കും തോന്നിയില്ലല്ലോ. സുകൃതി, സുമതി മുതലായ സ്ത്രീലിംഗപദങ്ങള്‍ പുരുഷന്മാരെ വിശേഷിപ്പിക്കാനും പ്രയോഗിക്കുന്നുണ്ടല്ലോ.
വ്യാകരണനിയമത്തില്‍നിന്ന് അണുവിട വ്യതിചലിക്കാത്ത സംസ്‌കൃതശാസ്ത്രഗ്രന്ഥങ്ങളില്‍ത്തന്നെ ''വര്‍ണാഃ പദം'' - 'വര്‍ണ്ണങ്ങളാകുന്നു പദം' എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ സുലഭമല്ലേ? ഇതില്‍ വര്‍ണാഃ എന്നത് പുംലിഗവും പദമെന്നത് നപും സകലിംഗവുമാണ്. വര്‍ണ്ണങ്ങളാണ് പദം എന്നു പറയുന്നതുപോലെത്തന്നെയാണ് വനിതയാണ് രാഷ്ട്രപതി എന്നു പറയുന്നതും. നിയതലിംഗകങ്ങളായ പദങ്ങള്‍ ഏതു ലിംഗത്തിലുള്ള പദങ്ങളോടും ചേരും. അപ്പോള്‍, രാഷ്ട്രപതി എന്ന പദവും മുകളില്‍ പറഞ്ഞതുപോലെ ആരെയാണു വിശേഷിപ്പിക്കുന്നത് എന്നതനുസരിച്ച് പുംലിംഗമായോ സ്ത്രീലിംഗമായോ പ്രയോഗിക്കാമെന്നതുതന്നെയാണ് ശാസ്ത്രതാത്പര്യം.