എട്ടുനോമ്പ് : ആരംഭവും അര്‍ത്ഥവും
സീറോ മലബാര്‍ സഭയില്‍ മൂന്നുനോമ്പ്, എട്ടുനോമ്പ്, പതിനഞ്ചു നോമ്പ് എന്നിങ്ങനെ പല നോമ്പാചാരണങ്ങളുണ്ടായിരുന്നു. ഇന്ന് പലതും ഇല്ലാതായി വരുന്നു! ക്രിസ്തീയജീവിതം താപസ ജീവിതമാണ് എന്ന് ത്രെന്തോസ് സൂനഹദോസ് (1545-1563) പറഞ്ഞുവച്ചത് വിസ്മരിച്ചതുപോലെയായി. അതു വീണ്ടെടുക്കണം. കാരണം, നോമ്പാചരണം നമ്മെ വിശുദ്ധീകരിക്കും. 
സെപ്റ്റംബര്‍ 8 പരിശുദ്ധ കന്യകാമാതാവിന്റെ ജന്മദിനമായി നാം ആചരിക്കുന്നു. യേശുവിന്റെ അമ്മയുടെയും നമ്മുടെ സ്വര്‍ഗീയ അമ്മയുടെയും ജന്മദിനം. മറിയം ജനിച്ചത് സാര്‍വത്രിക മധ്യസ്ഥയാകാനും യേശുവിന്റെ രക്ഷാകരവേലയില്‍ പങ്കുചേരാനുമാണ്. മറിയം എന്ന സുറിയാനി പദത്തിനര്‍ത്ഥം ശ്രേഷ്ഠം, ഉന്നതം എന്നാണ്.
ആരംഭം
ചരിത്രം ഇങ്ങനെ പറയുന്നു: ഏഴാം നൂറ്റാണ്ടില്‍ ബസ്രാ എന്ന സ്ഥലത്തിനടുത്ത് ഹീര എന്ന ഒരു നഗരമുണ്ടായിരുന്നു. ആളുകള്‍ നല്ല ശതമാനവും ക്രിസ്ത്യാനികള്‍. ഒരിക്കല്‍ ബാഗ്ദാദിലെ ഖാലിഫ് ഈ പട്ടണം പിടിച്ചടക്കി; തീവ്രവാദിയായ ഒരു മുസ്ലീമിനെ അവിടെ ഗവര്‍ണറായി നിയമിക്കുകയും ചെയ്തു. ഖാലിഫ് നിഷ്ഠുരനും സ്ത്രീലമ്പടനുമായിരുന്നു. ഓരോ മൂന്നു ദിവസവും ഖാലിഫ് ഹീരയിലെത്തും. സ്ത്രീകളെ തേടിയായിരുന്നു ഈ വരവ്. ഈ ദുസ്ഥിതിയില്‍നിന്നു രക്ഷപ്പെടാന്‍വേണ്ടി വനിതകള്‍ സ്ഥലത്തുള്ള പരിശുദ്ധ കന്യകയുടെ ദേവാലയത്തില്‍ ഓടിക്കൂടി, മാതാവിന്റെ സഹായം യാചിച്ചുകൊണ്ട് തീക്ഷ്ണമായി പ്രാര്‍ത്ഥിച്ചു. സഹായലബ്ധിക്കായി അവിടുത്തെ വികാരിയച്ചന്‍ മൂന്നുദിവസത്തെ കഠിനനോമ്പാചരണം പ്രഖ്യാപിച്ചു.
 മൂന്നാംദിനം കുര്‍ബാനമധ്യേ ഒരു സുവര്‍ണപ്രകാശം പള്ളിയെ ശോഭായമാനമാക്കി. വൈദികനു മാതാവിന്റെ ദര്‍ശനമുണ്ടായി എന്നും 'ഭയപ്പെടേണ്ട, സന്തോഷമായിരിക്കുക, ഖാലിഫ് ജീവിച്ചിരിപ്പില്ല' എന്ന് മാതാവ് പറഞ്ഞു എന്നും പറയപ്പെടുന്നു. വൈദികന്‍ ഈ വിവരം വിശ്വാസികളെ അറിയിച്ചു. അവര്‍ ദൈവത്തെ സ്തുതിച്ചു; അമലോദ്ഭവ മാതാവിനു ഹൃദയം നിറഞ്ഞ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. 
എട്ടുനോമ്പ് 
ഈ സംഭവത്തിന്റെ സ്മരണയ്ക്കായി എട്ടു ദിവസത്തെ നോമ്പാചരിക്കാന്‍ സ്ത്രീകള്‍ തീരുമാനിച്ചു. കാരണം, തങ്ങളുടെ അഭിമാനവും കന്യാത്വവും എല്ലാം അമലോദ്ഭവമാതാവ് കാത്തുസൂക്ഷിക്കുമെന്ന് അവര്‍ വിശ്വസിച്ചു. മാതാവിനോടുള്ള ഭക്തിയും നോമ്പാചാരണവും ക്രമേണ വര്‍ദ്ധിച്ചുവന്നു.
ഈ വിശ്വാസം അന്ധമായ ഒന്നല്ല; യുക്തിസഹമാണ്. അതായത്, അമലോദ്ഭവയും നിത്യകന്യകയുമായ മാതാവിന് സ്ത്രീയെ സംബന്ധിച്ച എല്ലാ ആശയഭിലാഷങ്ങളും അറിയാം; അവയെ സംബന്ധിച്ച് വേണ്ടതെല്ലാം പരിശുദ്ധ അമ്മ ചെയ്യാതിരിക്കില്ല. അതാണ് തന്നെ വിളിച്ച് കരഞ്ഞവര്‍ക്കുവേണ്ടി പരിശുദ്ധ അമ്മ ചെയ്തത്. 
സീറോ മലബാര്‍ സഭയില്‍ എട്ടുനോമ്പ് ആചരിക്കുന്നത് സെപ്റ്റംബര്‍ ഒന്നുമുതല്‍ എട്ടുവരെയുള്ള ദിവസങ്ങളിലാണ്. നമ്മുടെ ദേശത്തുവന്ന മിഷനറിമാര്‍ മരിയഭക്തിയുടെ ഈ നോമ്പാചരണം ഇവിടെ അവതരിപ്പിച്ചു. മരിയഭക്തരായ കേരളീയല്‍ സസന്തോഷം അത് ഏറ്റുവാങ്ങി പ്രചരിപ്പിച്ചു.
നിത്യജീവന്‍ പ്രാപിക്കാന്‍ ദൈവത്തെ സ്‌നേഹിക്കണമെന്ന് ഈശോ പ്രസ്താവിച്ചു. ദൈവമനുഷ്യനായ ഈശോയെ സ്‌നേഹിക്കുന്നവന്‍ എങ്ങനെ അവിടുത്തെ അമ്മയെ സ്‌നേഹിക്കാതിരിക്കും? ഇതാ, നിന്റെ അമ്മ എന്ന്  കുരിശില്‍ കിടന്നുകൊണ്ട് ഈശോ പറഞ്ഞപ്പോള്‍ അതിനാലേ അവള്‍ മനുഷ്യരെല്ലാവരുടെയും അമ്മയായി. എങ്കില്‍ ആ അമ്മയെ, പരി. മറിയത്തെ, മക്കള്‍ എന്ന നിലയില്‍ നമ്മള്‍ സ്‌നേഹിക്കാന്‍ കടപ്പെട്ടവരാണ്. 
എല്ലാ ഭക്തിപ്രകടനങ്ങളുടെയും കേന്ദ്രബിന്ദു ഈശോയാണ്. മരിയന്‍ ഭക്തി യേശുവിനെ കൂടുതല്‍ മഹത്ത്വപ്പെടുത്തുന്നു. 
							
 ഡോ. സി. വെള്ളരിങ്ങാട്ട്
                    
									
									
									
									
									
                    