അന്ത്യം അടുത്തപ്പോഴും അത്താഴമൊരുക്കാന്‍ അവന്‍ മറന്നില്ല. അപ്പമായി അവതരിച്ച് അനേകായിരങ്ങളെ തീറ്റി തൃപ്തനാക്കിയവന്‍ വാഴ്‌വില്‍ വിളമ്പിക്കൊടുത്ത അവസാന അത്താഴം. മണിക്കൂറുകള്‍ക്കുള്ളില്‍ മാരകമായി മുറിയപ്പെടാനുള്ള തന്റെ മേനിയും, ചൊരിയപ്പെടാനുള്ള ചോരയും തീന്‍മേശമേല്‍ അവന്‍ കുര്‍ബാനവിഭവങ്ങളായി വീതിച്ചുവിളമ്പി. പറിച്ചുകീറപ്പെടാന്‍ പോകുന്നതിനുമുമ്പും അവനു പറയാനുള്ളതു പകുത്തുകൊടുക്കുന്നതിനെക്കുറിച്ചു മാത്രം. വിശ്വസ്തനും വഞ്ചകനും കള്ളനും കപടനും സന്ദേഹിക്കും സ്ഥാനമോഹിക്കുമൊക്കെ ഒരുപോലെ അവന്‍ ആ വിരുന്നുശാലയില്‍ തനിക്കൊപ്പം ഇരിപ്പിടമൊരുക്കി. തന്നെ ഒറ്റിക്കൊടുക്കാനിരുന്നവന്റെ മുത്തത്തിനും, തള്ളിപ്പറയാനിരുന്നവന്റെ മൊഴികള്‍ക്കും, തിരസ്‌കരിക്കാനിരുന്നവരുടെ ഭീരുത്വത്തിനുമൊക്കെ മുന്‍കൂര്‍ നന്ദിയായി തന്റെ തിരുശ്ശരീരരക്തങ്ങളുടെ പങ്ക് അവന്‍ മുറിച്ചുകൊടുത്തു. അന്ത്യഭോജനത്തെ അവന്‍ ആദ്യകുര്‍ബാനയാക്കിമാറ്റി. ആത്മീയയാത്രയില്‍ നമുക്കു ഭുജിക്കാനുള്ള വഴിച്ചോറ്. അന്ത്യത്താഴത്തിന്റെ അനുസ്മരണവും ആത്മാവിന്റെ ആഹാരവുമാണ് അനുദിനം അര്‍പ്പിക്കപ്പെടുന്ന വിശുദ്ധകുര്‍ബാന. ഈ കൂദാശയിലുള്ള നമ്മുടെ പങ്കാളിത്തം, നിഷ്ഠക്രമം, ആഭിമുഖ്യം തുടങ്ങിയവയെ മനനവിഷയമാക്കാം. കുര്‍ബാന നമുക്ക് എങ്ങനെയെങ്കിലും നിറവേറ്റേണ്ട ഒരു ബാധ്യതയോ അതോ, ആത്മരക്ഷയ്ക്കുള്ള ഒരു സാധ്യതയോ? അതിന്റെ സമയദൈര്‍ഘ്യം വിരസതയും പിറുപിറുപ്പും ഉളവാക്കുന്നുണ്ടോ? ദിവ്യബലിക്ക് വൈകിയുള്ള വരവും വെളിയിലും വാതില്‍പ്പടികളിലുമുള്ള ഇരിപ്പും, കളിതമാശകളുമൊക്കെ നമ്മുടെ ഞായറാഴ്ചയാചരണത്തിന്റെ ഭാഗമാണോ? കശാപ്പുശാലയിലേക്കു പോകുംവഴി കയറിക്കാണാനുള്ളതല്ല ഞായറാഴ്ചക്കുര്‍ബാന. ദിവ്യബലി വെറുമൊരു ചടങ്ങാകരുത്. മറിച്ച്, നമ്മുടെ ആത്മാവിനെ പൈശാചികശക്തികളുടെ ആക്രമണത്തില്‍നിന്നു സംരക്ഷിക്കാന്‍ ചുറ്റിലും കുഴിക്കപ്പെട്ടിരിക്കുന്ന ഒരു കിടങ്ങായിരിക്കണം. ആത്മാവിന്റെ ആഗ്രഹത്തോടും ആര്‍ത്തിയോടുംകൂടെ ദിവ്യബലിക്കണയാം. ഓരോ ബലിയിലും ഒടുവിലത്തേതിലെന്നപോലെ പങ്കുകൊള്ളാം. കുര്‍ബാനവിഭവങ്ങള്‍ കഴിക്കുകയും കുടിക്കുകയും ചെയ്യുമ്പോഴേ വിരുന്ന് പൂര്‍ണമാകുന്നുള്ളൂ. അതിനു ഹൃദയം നിര്‍മലമായിരിക്കണം. ഒറ്റുകാരന്‍ സ്വീകരിച്ചത് തിരുശ്ശരീരമായിരുന്നെങ്കിലും അവനില്‍ സന്നിവേശിച്ചത് സാത്താനായിരുന്നു. അയോഗ്യതയോടെ കുര്‍ബാന ഉള്‍ക്കൊള്ളുമ്പോള്‍ നാം ശരിക്കും പേടിക്കണം. ക്രൈസ്തവരായ നമ്മുടെ കുടുംബങ്ങള്‍ സെഹിയോന്‍മാളികകളായി പുനര്‍പണിയപ്പെടണം. സ്‌നേഹം, സേവനം, ആദരവ്, കരുണ, കരുതല്‍ ആദിയായവ ഭക്ഷണമേശയിലെ രുചിക്കൂട്ടുകളാകണം. അങ്ങനെ നമ്മുടെ ഊട്ടുമുറികള്‍ വിശുദ്ധീകരിക്കപ്പെടട്ടെ. നമ്മുടെ ഭവനം ഭൂവിലെ ഭുവനമാകട്ടെ. ഒപ്പം, നമ്മുടെ ജീവിതസാഹചര്യങ്ങളില്‍ ബലിയായും, നമ്മുടെ ആശ്രിതര്‍ക്ക് അപ്പമായും തീരാം.
							
 ഫാ. തോമസ് പാട്ടത്തില്‍ചിറ സി.എം.എഫ്.
                    
									
									
									
									
									
                    