•  16 May 2024
  •  ദീപം 57
  •  നാളം 10
പാട്ടെഴുത്തിലെ പാഠഭേദങ്ങള്‍

ഇസ്‌പേഡ് ഏഴാംകൂലികള്‍

താണ്ട് അരനൂറ്റാണ്ടുമുമ്പ് പി. ഭാസ്‌കരന്‍ ഒരു ഗാനത്തില്‍ ഔഷധസസ്യമായ ശതാവരിയെപ്പറ്റി പരാമര്‍ശിച്ചത് അക്കാലത്തു വലിയ ചര്‍ച്ചയ്ക്കു വഴിയൊരുക്കി. ആ ഗാനഭാഗമിതാണ്:
''ശാരദപുഷ്പവനത്തില്‍ വിരിഞ്ഞൊരു
ശതാവരിമലര്‍പോലെ
വിശുദ്ധയായ് വിടര്‍ന്നു നീയെന്റെ
വികാരരാജാങ്കണത്തില്‍'' ('തെക്കന്‍കാറ്റ്' എന്ന ചിത്രത്തിലെ 'പ്രിയമുള്ളവളേ പ്രിയമുള്ളവളേ നിനക്കുവേണ്ടി' എന്ന ഗാനം). ആയുര്‍വേദത്തിലെ ജീവനപഞ്ചമൂലകത്തില്‍ (ദശമൂലംപോലെയുള്ള ഔഷധക്കൂട്ട് - ശതാവരിക്കിഴങ്ങ്, വീര, അടപതിയന്‍കിഴങ്ങ്, ജീവകം, ഇടവകം എന്നിവ) പറയുന്ന ശതാവരിയുടെ മലരിന്റെ മനോഹാരിതയില്‍ (വിശുദ്ധിയിലും) ആകൃഷ്ടനായിട്ടാണ് പി. ഭാസ്‌കരന്‍ ഈ വരികള്‍ കുറിച്ചത്. അന്ന് അതു പുതുമയായിരുന്നുതാനും.
എന്നാല്‍, ഈയിടെ പ്രദര്‍ശനത്തിനുവരുകയും പരസ്യത്തിന്റെ പിന്‍ബലംകൊണ്ട് ജനശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്ത 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ ഒരു ഗാനത്തില്‍ യാതൊരാവശ്യവുമില്ലാതെ മറ്റൊരു ഔഷധസസ്യത്തെ പറിച്ചുനട്ടിരിക്കുന്നു അതിന്റെ രചയിതാവ്. ഗാനം തുടങ്ങുന്നതുപോലും ആ ഔഷധസസ്യത്തെക്കുറിച്ചു പറഞ്ഞുകൊണ്ടാണ്. കാണുക:
''ആടലോടകം ആടി നിക്കണ്
ആടലോടൊരാള്‍ വന്നു നിക്കണ്
ഉള്ളിലുള്ളത് കണ്ണിലുള്ളത്
ചില്ലുപോലെ വന്നു നിക്കണ്'' (ഗാനരചന - വൈശാഖ് സുഗുണന്‍; സംഗീതം - ഡോണ്‍ വിന്‍സന്റ്; ആലാപനം-ഷഹബാസ് അമന്‍, സൗമ്യ രാമകൃഷ്ണന്‍, രമേശ് മുരളി, ഒ. യു. ബഷീര്‍, ഗാഗുല്‍ ജോസഫ്, സെബി തുരുത്തിപ്പുറം, അനൂപ് കൃഷ്ണന്‍, നിക്‌സന്‍ ചേരാനല്ലൂര്‍, അഭിജിത്ത്, വരുണ്‍ ശ്രീധര്‍, മണികണ്ഠന്‍ ശ്രീനാഥന്‍, സിജി ഡേവിഡ്, മേബിള്‍ പ്രിന്‍സ്, മെലിന്‍ ലിവരോ, റിന്‍സി മാര്‍ട്ടിന്‍).
ചുമയ്ക്കും കാസത്തിനും ഔഷധമായി ഉപയോഗിക്കുന്നതാണ് ആടലോടകം. അത് ആടിനില്ക്കുന്നതിന് കാവ്യപരമായ ഒരു മേന്മയും അവകാശപ്പെടാനില്ല. ആടലോടെ ഒരാള്‍ വന്നു നില്ക്കുന്ന കാര്യം രണ്ടാമത്തെ വരിയില്‍ പറയണമെന്നുണ്ട് പാട്ടെഴുത്തുകാരന്.
അപ്പോള്‍ പ്രാസഭംഗിക്കുവേണ്ടി എടുത്തുകാച്ചിയതാണ് ആടലോടകത്തിന്റെ 'കഥ'. വന്നുവന്ന് പാട്ടുകളില്‍ എന്തെല്ലാം കോപ്രായങ്ങളാണ് കാണേണ്ടിയും കേള്‍ക്കേണ്ടിയും വരുക!
ഇവിടെ നാലുവരികള്‍ ഇപ്രകാരം ഉദ്ധരിച്ചെങ്കിലും നാലാമത്തെ വരി ഇങ്ങനെയല്ല. ഗായിക പാടുമ്പോള്‍ കേള്‍ക്കുന്ന വരിയാണിത്. ഗായകന്റെ ശബ്ദത്തില്‍ 'ദേവിയാണുള്ളിലാളല്' എന്നാണ് അവ്യക്തമായി കേള്‍ക്കുന്നതെന്നു തോന്നുന്നു.
''ജീവദായകാ രാജീവലോചനാ
കൂട്ടിനായ് പാട്ടുപാടല്
അമ്പുകൊള്ളണ് ഉള്ളുകുത്തല്
കണ്ഠനാളമാകെ വിങ്ങല്...'' ഇങ്ങനെ തുടരുന്നു ഗാനത്തിന്റെ വരികള്‍. ഒന്നു പറയാം, കേള്‍ക്കുമ്പോള്‍ത്തന്നെ എവിടെയൊക്കെയോ ന്യൂനതകള്‍ ആസ്വാദകര്‍ക്ക് അനുഭവപ്പെടുന്നുണ്ട്. എന്തിനാണ് ഇത്രയേറെ പാട്ടുകാര്‍ (പതിനഞ്ചുപേര്‍) എന്നും മനസ്സിലാകുന്നില്ല. പാടല്, കുത്തല്, വിങ്ങല് തുടങ്ങിയ പ്രയോഗങ്ങള്‍ അരോചകമായിത്തീരുന്നു.
'മേലെ അമ്പിളി താഴെ നിന്‍ ചിരി
സ്‌നാനസീമയാകെ വന്നു നിര്‍ഝരി
നിന്നിലുള്ളത് എന്നിലുള്ളത്
ആരു കണ്ട തോന്നലാമത്' എന്ന വരികളോടെയാണ് ഗാനം പൂര്‍ണമാകുന്നത്. താഴ്ന്ന ക്ലാസുകളില്‍ ഔട്ട്‌ലൈന്‍ സ്റ്റോറി എന്നൊരു ഏര്‍പ്പാടുണ്ടല്ലോ. അതായത്, സുപരിചിതമായ ഒരു കഥയുടെ ഇടയ്ക്കുള്ള വാക്കുകളും മറ്റും വിട്ടുവിട്ട് ചോദ്യക്കടലാസില്‍ അച്ചടിച്ചിരിക്കും. ആ സൂചനകള്‍ വായിച്ചിട്ട് യഥാര്‍ത്ഥ കഥ ശീര്‍ഷകമുള്‍പ്പെടെ നാം എഴുതണം. അതിനെ അനുസ്മരിപ്പിക്കുന്നു (പ്രത്യേകിച്ച് ഗാനത്തിന്റെ ചരണം) ഈ വരികള്‍. പ്രതിഭയുള്ള പാട്ടെഴുത്തുകാരൊക്കെ മാളത്തിലൊളിച്ചോ? പകരം ഇസ്‌പേഡ് ഏഴാംകൂലികളാണ് ഇന്നു ഗാനരചനാരംഗത്തെ മുടിചൂടാമന്നന്മാര്‍. അവരുടെ വികൃതികള്‍ കണ്ടുകണ്ട് മനസ്സു മടുക്കാത്തവരായി ഈ കൊച്ചുകേരളത്തില്‍ ആരെങ്കിലുമുണ്ടോ?

 

Login log record inserted successfully!