നാട്ടിലെ ങ്ങും ആക്രമണകാരികളായ നായകളുടെ സൈ്വരവിഹാരമാണ്. ജനങ്ങള്‍ക്കു പേടിച്ചിട്ടു വഴി നടക്കാനാവാത്ത അവസ്ഥ. വളരെ ഭീതിദമായ സാഹചര്യമാണു നിലനില്‍ക്കുന്നത്. വീട്ടിനകത്തു കയറിപ്പോലും നായ കടിക്കുന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. എന്തു ചെയ്യണമെന്നറിയാതെ ജനം നിസ്സഹായരാവുന്നു. കഴിഞ്ഞദിവസം കോട്ടയത്ത് പാമ്പാടിയില്‍ ഒരു വീട്ടമ്മയെ അവരുടെ വീട്ടില്‍ക്കയറി തെരുവുനായ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. അവരുടെ ദേഹത്ത് 38 കടിയേറ്റു എന്നത് എത്ര ദയനീയമായ അവസ്ഥയാണ്!
ഉത്തരവാദപ്പെട്ട അധികാരികള്‍ പ്രസ്താവനകളിറക്കുന്നതല്ലാതെ മറ്റൊന്നും ചെയ്യുന്നില്ല. തെരുവുനായ്ക്കളെ എത്രയും വേഗം സംരക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റിയേ തീരൂ. ചര്‍ച്ചകളും പഠനങ്ങളും വന്ധ്യംകരണവുമൊക്കെ കഴിഞ്ഞ് നടപടിയെടുക്കാനാണെങ്കില്‍ ഇനിയും പട്ടി കടിച്ചുള്ള മരണങ്ങളേറെ കാണേണ്ടിവരും. അഭിരാമിയെയും അജിനെയും ശ്രീലക്ഷ്മിയെയും ചന്ദ്രികയെയുംപോലെ കുട്ടികളടക്കം ഇനിയും നിരവധി മനുഷ്യജീവനുകള്‍ പട്ടികള്‍ മൂലം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടാവും, അത് അനുവദിച്ചുകൂടാ.
വാക്‌സിനെച്ചൊല്ലിയും ആശങ്ക
പട്ടികടിയേറ്റ് വാക്‌സിനെടുത്തവര്‍പോലും മരിക്കുന്ന സാഹചര്യവും ഭീതിയുയര്‍ത്തുന്നു. വാക്‌സിന്റെ ഫലപ്രാപ്തിയെ ക്കുറിച്ചു ഗൗരവമായ ആശങ്കകളാണ് ഉയരുന്നത്. നായ കടിച്ച് കുത്തിവയ്‌പ്പെടുത്ത 12 വയസ്സുകാരി അഭിരാമി മരിച്ചത് പേവിഷ ബാധയുടെ ലക്ഷണങ്ങളോടെയാണ്. ഇക്കൊല്ലം ഇതുവരെ പേവിഷബാധയേറ്റ് 21 പേര്‍ സംസ്ഥാനത്തു മരിച്ചെന്നാണു കണക്കുകള്‍. അതില്‍ ആറു പേര്‍ വളര്‍ത്തുനായുടെ കടിയേറ്റവരാണ്. മരിച്ചവരില്‍ പകുതിയിലേറെപ്പേരും വാക്‌സിനെടുത്തിരുന്നുവെന്നാണു വാര്‍ത്തയെങ്കിലും ആരോഗ്യവകുപ്പ് ഇതു സ്ഥിരീകരിക്കുന്നില്ല. മിക്കവരും വാക്‌സിനെടുക്കാത്തവരാണെന്നും ചിലര്‍ യഥാസമയം വാക്‌സിനെടുക്കാഞ്ഞതാണു മരണകാരണമെന്നുമാണ് ആരോഗ്യവകുപ്പിന്റെ വാദം. എന്നാല്‍, വാക്‌സിന്‍ പരാജയപ്പെട്ട നാലു സംഭവങ്ങള്‍ ഈ വര്‍ഷം ഉണ്ടായതായി ആരോഗ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയില്‍ വെളിപ്പെടുത്തുകയും ചെയ്തു.
നായ്‌പേടിയില്‍ ജനം
പുറത്തിറങ്ങിയാല്‍ പട്ടികടിയേല്‍ക്കാതെ തിരിച്ചെത്താമെന്ന് ഒരു ഉറപ്പുമില്ലാത്ത സ്ഥിതിയിലാണ് ജനം. തെരുവിലൂടെ നടന്നുപോകുന്നവരെ മാത്രമല്ല സൈക്കിളിലോ സ്‌കൂട്ടറിലോ ബൈക്കിലോ പോകുന്നവരെയും പട്ടികള്‍ ഉപദ്രവിക്കുന്നു. വീട്ടുമൃഗങ്ങളെ കടിച്ചുകൊല്ലുന്നു, ഉപദ്രവിക്കുന്നു.
വീടിനു മുന്നില്‍ കളിച്ചുകൊണ്ടുനിന്ന കുട്ടിയുടെ മുഖം നായ് കടിച്ചുപറിച്ചു, യുവതിയെ കിടപ്പുമുറിയില്‍ കയറി നായ് കടിച്ചു, വഴിയാത്രക്കാരി നായ കടിച്ച് ഗുരുതരാവസ്ഥയില്‍ തുടങ്ങി നിരവധി വാര്‍ത്തകളാണ് ദിവസവും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നായ റോഡിനു കുറുകെ ചാടിയും മറ്റും വാഹനം നിയന്ത്രണം വിട്ടുണ്ടാവുന്ന അപകടങ്ങള്‍ വേറെയും.
ബേക്കലില്‍ ഒരു വ്യക്തി കുട്ടികളുമായി തോക്കിന്റെ സുരക്ഷയില്‍ പുറത്തിറങ്ങാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യം പോലും റിപ്പോര്‍ട്ടു ചെയ്യപ്പെട്ടു, അതിനെച്ചൊല്ലി കേസുമുണ്ട്.
ഇതിനിടെ, നായ്ക്കളെ അതിക്രൂരമായി കൊല ചെയ്യുന്ന സംഭവങ്ങളുമുണ്ട്. ഇത്തരം സംഭവങ്ങള്‍ പരക്കെ വിമര്‍ശിക്കപ്പെടുമ്പോഴും അപലപിക്കപ്പെടുമ്പോഴും എന്തുകൊണ്ട് അങ്ങനെയൊരു സാഹചര്യമുണ്ടായി എന്ന വസ്തുതയും കണക്കിലെടുത്തേപറ്റൂ. നായ്ക്കള്‍ ജനജീവിതത്തിനു ഭീഷണിയാവുമ്പോള്‍ സര്‍ക്കാര്‍ അതിനെ ഗൗരവമായി കാണാതെ നോക്കുകുത്തിയായി നിന്നാല്‍ ജനമെന്തു ചെയ്യും? നിസ്സഹായരായ ജനം സ്വയരക്ഷയ്ക്കായി എന്തുചെയ്യണം? തെരുവില്‍ അലയുന്ന നായ്ക്കളെ പിടികൂടി ഒഴിപ്പിക്കാത്തിടത്തോളം കാലം ഇവ ജനത്തിനു ഭീഷണിയായി വിഹരിച്ചുകൊണ്ടേയിരിക്കും.
പൊതുവഴികള്‍, മത്സ്യ-മാംസച്ചന്തകള്‍, മൈതാനങ്ങള്‍ എന്നുവേണ്ട എല്ലായിടത്തും നായ്ക്കളുടെ ശല്യമുണ്ട്. കൊല്ലാനാവില്ലെങ്കില്‍ തെരുവുനായ്ക്കളെ സംരക്ഷണകേന്ദ്രങ്ങളിലേക്കു മാറ്റണം. ജനത്തിനു സമാധാനത്തോടെ വഴിനടക്കാനാവണം.
മൃഗസ്‌നേഹത്തെക്കുറിച്ചു ഘോരഘോരം പ്രസംഗിക്കുന്നവര്‍ക്കൊക്കെ പട്ടികടിയേറ്റാലുള്ള ദുരവസ്ഥ അറിയില്ലെന്നുണ്ടോ? അധികാരത്തിന്റെ ശീതള ച്ഛായയിലിരിക്കുന്നവരെപ്പോലെ പൊതുജനത്തിന് എപ്പോഴും പട്ടി കടിയില്‍നിന്നു സുരക്ഷിതമായ കാര്‍യാത്ര തരപ്പെടില്ലല്ലോ. മനുഷ്യനു വഴിയിലിറങ്ങി നടക്കാനാവാത്ത സാഹചര്യമുണ്ടായിട്ടും ആളുകള്‍ മരിച്ചുവീഴുമ്പോഴും തെരുവുനായ്ക്കളെ ഒന്നും ചെയ്യരുതെന്നും അവയുടെ സുരക്ഷിതത്വത്തിനു പ്രാധാന്യം കല്പിക്കണമെന്നും വാദിക്കുന്നതിലെ സാംഗത്യം മനസ്സിലാവുന്നില്ല. പക്ഷിപ്പനി വന്നാല്‍ ലക്ഷക്കണക്കിനു കോഴികളെയും താറാവുകളെയും കൊന്നൊടുക്കുന്നതിനു പ്രശ്‌നമില്ല. ആക്രമണകാരികളായ നായ്ക്കളെ കൊല്ലണമെന്നു പറയുമ്പോള്‍ മാത്രമാണ് മൃഗസ്നേഹം വാഴ്ത്തിപ്പാടുന്നത്.
പേവിഷത്തിനെതിരായ വാക്സിന്‍ നിര്‍മിക്കുന്ന കമ്പനികളാണ് ഈ മൃഗസ്‌നേഹത്തിനു പിന്നിലെന്ന് ആരോപിക്കപ്പെടുന്നുണ്ട്. 2,800 കോടി രൂപയുടെ ആന്റി റാബീസ് വാക്‌സിനാണ് കമ്പനികള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്നതത്രേ. പട്ടികളെ കൊന്നുകളഞ്ഞാല്‍ ഈ വാക്‌സിന്റെ വിപണനം കുറയും, ഇക്കൂട്ടരുടെ സാമ്പത്തികലാഭവും. നായ്ക്കള്‍ പെരുകിയാലേ അവരുടെ കമ്പനികള്‍ക്കു നിലനില്പുള്ളൂ.
ആക്രമണകാരികളായ നായ്ക്കളില്‍നിന്നു ജനത്തിനു സുരക്ഷ നല്‍കാന്‍ സര്‍ക്കാരിനു ബാധ്യതയുണ്ടെന്നും അത്തരം നായകളെ കണ്ടെത്തി പൊതുസ്ഥലങ്ങളില്‍നിന്നു മാറ്റണമെന്നും കേരള ഹൈക്കോടതി നിര്‍ദേശിച്ചത് കഴിഞ്ഞ ദിവസമാണ്. പക്ഷേ, ഇനിയും നടപടികളായില്ലെന്നു മാത്രം. നിയമം കൈയിലെടുത്ത് തെരുവുനായ്ക്കളെ ഉപദ്രവിക്കുന്നതില്‍നിന്ന് ജനങ്ങളെ തടയണമെന്നും തെരുവുനായ്ക്കളെ കൊല്ലുന്ന സംഭവത്തില്‍ കേസെടുക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.
സംസ്ഥാനത്ത് പത്തു ലക്ഷം നായ്ക്കളുണ്ടെന്നാണ് 2019 ലെ കണക്ക്. ഇതില്‍ ഏഴു ലക്ഷം വളര്‍ത്തുനായ്ക്കളും മൂന്നു ലക്ഷം തെരുവുനായ്ക്കളുമാണ്. തെരുവുനായ്ക്കളുടെ എണ്ണം ഇപ്പോള്‍ നാലു ലക്ഷമായത്രേ.
മെല്ലെപ്പോക്കു വേണ്ട, അതിവേഗത്തിലാവട്ടെ നടപടികള്‍
2025 ഓടെ പേവിഷബാധയേറ്റ് ആരും മരിക്കാന്‍ പാടില്ലെന്ന മഹത്തായ ലക്ഷ്യം കേരളം പ്രഖ്യാപിച്ചിരിക്കുന്നത് നല്ലതു തന്നെ. എന്നാല്‍, കഴിഞ്ഞ വര്‍ഷംമാത്രം 2.34 ലക്ഷം പേര്‍ക്ക് പട്ടികടിയേറ്റെന്ന കണക്കുകള്‍ക്കിടെ ഇതൊക്കെ എങ്ങനെ സാധ്യമാവാനാണ്? ഈ വര്‍ഷം ഇതുവരെ രണ്ടു ലക്ഷം പേര്‍ക്കു കടിയേറ്റിരിക്കുന്നു.
പ്രശ്‌നത്തിന്റെ ഗുരുതരാവസ്ഥ സര്‍ക്കാരിന് ഏറെക്കുറെ ബോധ്യമായിട്ടുണ്ട്. പക്ഷേ, എന്നിട്ടും ഈ മെല്ലെപ്പോക്ക് നയമാണ് ജനത്തിന്റെ എതിര്‍പ്പു വിളിച്ചുവരുത്തുന്നത്. തദ്ദേശ-ആരോഗ്യ - മൃഗസംരക്ഷണ വകുപ്പുകള്‍ പട്ടിശല്യത്തിനെതിരേ നടപടികള്‍ക്കു തുടക്കമിട്ടിട്ടുണ്ട് എന്നതുതന്നെ ആശ്വാസം. ആരോഗ്യവകുപ്പ് സംസ്ഥാനത്ത് 514 ഹോട്ട് സ്‌പോട്ടുകള്‍ കണ്ടെത്തി. മൃഗസംരക്ഷണവകുപ്പിന്റെ കണക്കില്‍ 170 ഹോട്ട്‌സ്‌പോട്ടുകളടക്കം 618 എണ്ണം. ഈ പ്രദേശങ്ങളില്‍ ആക്രമണകാരികളായ തെരുവുനായ്ക്കള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. നായ്ക്കളുടെ കടിയേറ്റു ചികിത്സ തേടിയവരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഹോട്ട്സ്‌പോട്ട് തിരഞ്ഞെടുത്തിരിക്കുന്നത്. പത്തിലധികം പേര്‍ക്ക് പട്ടികടിയേറ്റ പഞ്ചായത്തുകളാണുപോലും ഹോട്ട്‌സ്‌പോട്ട് പദവിയിലേക്ക് ഉയരുക. ഇത്രയും പഞ്ചായത്തുകളില്‍ നായ്ക്കളുടെ താണ്ഡവം നടക്കുന്നുവെന്നു സമ്മതിച്ചതുതന്നെ വലിയ കാര്യം.
വാക്‌സിന്‍കൊണ്ടും വന്ധ്യംകരണംകൊണ്ടുംമാത്രം പ്രശ്‌നം പരിഹരിക്കാനാവില്ല, അതിനു കാലതാമസമെടുക്കും. ജനങ്ങള്‍ക്കു സുരക്ഷിതത്വബോധം പകരാന്‍ ഷെല്‍ട്ടറുകള്‍ സ്ഥാപിച്ച് മുഴുവന്‍ തെരുവുനായ്ക്കളെയും പുനരധിവസിപ്പിക്കണം. വളര്‍ത്തു നായ്ക്കള്‍ക്കടക്കം അതിവേഗം സമയബന്ധിതമായി വാക്‌സിന്‍ നല്‍കണം.
മൃഗങ്ങളിലെ പേവിഷബാധ മുമ്പെങ്ങും ഇല്ലാതിരുന്നവിധം ഉയരുന്നുവെന്നാണു കണക്കുകള്‍. സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ആനിമല്‍ ഡിസീസില്‍ 300 സാമ്പിളുകള്‍ പരിശോധനക്കെടുത്തതില്‍ 168 ലും പേവിഷബാധയ്ക്കു കാരണമായ റാബിസ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയെന്നാന്നു കണക്കുകള്‍.
തെരുവുനായ്ക്കളുടെ വംശവര്‍ധന തടയാന്‍ ലക്ഷ്യമിട്ടു തുടങ്ങിയ എ.ബി.സി പദ്ധതി (അനിമല്‍ ബെര്‍ത്ത് കണ്‍ട്രോള്‍)യും ഇപ്പോള്‍ പ്രവര്‍ത്തനക്ഷമമല്ല. തെരുവില്‍ തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങള്‍ കഴിച്ച് നായ്ക്കള്‍ പെറ്റുപെരുകി. വീടുകളില്‍ വളര്‍ത്തിയിരുന്ന നായ്ക്കളെയും നായ്ക്കുട്ടികളെയും തെരുവില്‍ ഉപേക്ഷിക്കുന്ന സ്ഥിതി വന്നു, ഇത് നായ്ക്കളുടെ എണ്ണം വര്‍ധിക്കാനിടയാക്കി.
നിരവധി ജീവനുകള്‍ നഷ്ടമായിക്കഴിഞ്ഞു, ഇനിയെങ്കിലും അധികാരികളുടെ ഭാഗത്തുനിന്ന് അലംഭാവമില്ലാത്ത നടപടികള്‍ ജനം പ്രതീക്ഷിക്കുന്നു. ജനങ്ങളുടെ ജീവന് സുരക്ഷ ഉറപ്പാക്കിയിട്ടു മതി തെരുവുപട്ടികളെ സംരക്ഷിക്കലെന്ന് ബന്ധപ്പെട്ട എല്ലാവരും ഇനിയെങ്കിലും മനസ്സിലാക്കുമെന്നു പ്രതീക്ഷിക്കാം.