•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ദേവാങ്കണം

രാച്ചാരുടെ വാക്കുകള്‍ നേരിയൊരദ്ഭുതത്തോടെയാണ് ദേവസഹായം ശ്രവിച്ചത്. വിളക്കു വെട്ടത്തില്‍ ആരാച്ചാരുടെ കണ്ണുകളില്‍ സ്‌നേഹത്തിന്റെയും സഹാനുഭൂതിയുടെയും ഒരു നിഴലാട്ടം ദേവസഹായം ദര്‍ശിച്ചു.
കുറ്റവാളികളെ കഴുവേറ്റാന്‍ കൊട്ടാരത്തില്‍നിന്നു നിയോഗിക്കപ്പെട്ട ഒരാള്‍... കഴുത്തുവെട്ടുമ്പോഴും കഴുമരത്തിലേറ്റുമ്പോഴും ഒരു മനുഷ്യന്റെ മരണപ്പിടച്ചിലുകള്‍ നിര്‍വികാരതയോടെ നോക്കിനില്ക്കുന്ന ഒരാള്‍... ഹൃദയത്തില്‍ മൃദുലവികാരങ്ങള്‍ സൂക്ഷിക്കാത്ത ഒരാള്‍.
അയാളാണു പറയുന്നത് എവിടേക്കെങ്കിലും ഓടിരക്ഷപ്പെടാന്‍. അത് ദേവസഹായത്തിന് അതിശയകരമായിതോന്നി. അദ്ദേഹം തെല്ലൊരു സന്ദേഹത്തോടെ ആരാച്ചാരുടെ കണ്ണുകളിലേക്കുറ്റു നോക്കി.
''താങ്കള്‍ ഒരു പുണ്യാത്മാവു തന്നെയെന്ന് എനിക്കു തീര്‍ത്തും നിശ്ചയമുണ്ട്. താങ്കളില്‍ കുടികൊള്ളുന്ന ദൈവികചൈതന്യത്തിലും എനിക്കു വിശ്വാസമുണ്ട്. അതുകൊണ്ടാണു താങ്കളുടെ പ്രാണരക്ഷ ഞാന്‍  ആഗ്രഹിക്കുന്നത്. കാവല്‍ക്കാരറിയാതെ ഈ വിലങ്ങുകള്‍ ഞാന്‍ തകര്‍ത്തു തരാം. ഈ രാത്രിയില്‍ത്തന്നെ എവിടേക്കെങ്കിലും ഓടിരക്ഷപ്പെട്ടുകൊള്ളുക.''
''എവിടേക്ക്?''
''എവിടേക്കെങ്കിലും. ഭടന്മാരുടെയും മഹാരാജാവിന്റെയും കണ്ണില്‍പ്പെടാതെ എവിടേക്കെങ്കിലും.''
ദേവസഹായവൂം ഒരു മനുഷ്യനായിരുന്നു. മനുഷ്യസഹജമായ എല്ലാ ബലഹീനതകളും ദേവസഹായത്തിലുണ്ടായിരുന്നു. ഒരുനിമിഷം. മരണത്തില്‍നിന്നുള്ള മോചനം ദേവസഹായം ആഗ്രഹിച്ചുപോയി. എങ്കിലും അദ്ദേഹം പറഞ്ഞു:
''ഇക്കാര്യത്തില്‍ ഒരാളോട് എനിക്ക് ഉപദേശം തേടേണ്ടതുണ്ട്.''  
''അതുമതി. പക്ഷേ, അതെത്രെയും പെട്ടെന്നു വേണം. അല്ലെങ്കില്‍ അങ്ങയുടെ ജീവന്‍ അപകടത്തിലാകും.''
രാജകല്പനയനുസരിച്ചു പെരുവിളയില്‍ ദേവസഹായത്തിനു കാവല്‍നിന്നിരുന്ന രാജഭടന്മാര്‍ വല്ലാതെ മടുത്തിരുന്നു. കുറച്ചുകാലമായി അവര്‍ ദേവസഹായത്തെ ഉപദ്രവിക്കുന്നതില്‍ നേരിയ വൈമുഖ്യവും കാണിച്ചിരുന്നു. അതിന്റെ പ്രധാനകാരണങ്ങളിലൊന്ന് ആരാച്ചാരുടെ ഇടപെടല്‍തന്നെ. 
എങ്കിലും ഒരന്തവുമില്ലാതെ നീണ്ടുപോകുന്ന ഈ കാവലില്‍നിന്ന് അവര്‍ക്കു രക്ഷനേടേണ്ടതുണ്ട്. പക്ഷേ, കൊട്ടാരത്തില്‍നിന്നുള്ള കല്പന അനുസരിക്കാതിരിക്കാനും നിവൃത്തിയില്ല. അതിനൊരുപായം അവര്‍ അതീവരഹസ്യമായി ആലോചിച്ചുറപ്പിക്കുകയും ചെയ്തു.
ദേവസഹായത്തിനുള്ള ഭക്ഷണത്തില്‍ വിഷം ചേര്‍ത്തു നല്‍കുക. അങ്ങനെ മരണപ്പെട്ടാല്‍ തങ്ങള്‍ക്കു കാവലില്‍നിന്നു രക്ഷപ്പെടാം. ദേവസഹായത്തിന്റെ മരണകാരണം ഇരുചെവി അറിയുകയുമില്ല. 
ദേവസഹായത്തെ കൊല്ലാനുള്ള വിഷവും അവര്‍ ശേഖരിച്ചിരുന്നു. ഈ വിവരം ചോര്‍ന്നു കിട്ടിയതുകൊണ്ടാണ് ആരാച്ചാര്‍ എവിടേക്കെങ്കിലും ഓടിരക്ഷപ്പെടാന്‍ ദേവസഹായത്തോടഭ്യര്‍ത്ഥിച്ചത്.
ഈ വിവരങ്ങളെല്ലാം വിശദമായി ദേവസഹായം ഒരു ഓലകുറിച്ച് ആരാച്ചാരുടെ ഒരു സഹായിവശം ഫാദര്‍ മധുരേന്ദ്രസ്വാമികള്‍ക്കെത്തിച്ചു കൊടുത്തു. 
കത്തു വായിച്ചു വിവരങ്ങള്‍ മനസ്സിലാക്കിയ മധുരേന്ദ്രസ്വാമികള്‍ ഇങ്ങനെ ഒരു മറുകുറി ദേവസഹായത്തിനെത്തിച്ചുകൊടുത്തു: 
''ഒരു പടയാളി ബഹുമാനപൂര്‍വം തന്റെ യജമാനനുവേണ്ടി യുദ്ധത്തിലേര്‍പ്പെട്ടിരിക്കേ പടക്കളത്തില്‍നിന്നു പിന്‍തിരിഞ്ഞോടിയാല്‍ അവനു വിജയം സാധ്യമാകുമോ?''
''ചരക്കു കയറ്റി യാത്ര ചെയ്യുന്ന കപ്പല്‍, കച്ചവടക്കാരന്‍ കപ്പല്‍പ്പായ വിരിച്ചുകെട്ടി ചുക്കാന്‍ പിടിച്ച്, ശരിയായ മാര്‍ഗത്തില്‍ക്കൂടി കപ്പലോടിച്ചു തുറമുഖത്തടുക്കാതിരുന്നാല്‍ അവനു കച്ചവടത്തില്‍നിന്ന് ലാഭമുണ്ടാകുമോ? ശരിയാംവിധം ആലോചിച്ചു നോക്കുക.''
കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല ദേവസഹായത്തിന്. മധുരേന്ദ്രസ്വാമികളുടെ കത്തില്‍നിന്ന് ദേവസഹായം തന്റെ നിയോഗമെന്താണെന്നു ശരിയായ അര്‍ത്ഥത്തില്‍ വായിച്ചെടുത്തു.
തന്റെ വഴികള്‍ കുരിശിന്റേതാണ്. തന്റെ യാത്ര സ്വര്‍ഗത്തിന്റെ മഹാഭാഗ്യങ്ങളിലേക്കാണ്. അനേകം വിശുദ്ധന്മാരുടെ രക്തവും മാംസവും ചിതറിയ വഴിയാണത്.
ലോകനിയന്താവായ ക്രിസ്തുവിനുവേണ്ടി സ്വന്തം ജീവനെ ഉപേക്ഷിക്കുകതന്നെ അഭികാമ്യം. മാര്‍ഗമധ്യേ പിന്‍തിരിഞ്ഞോടുക അസാധ്യം. ദേവസഹായം ആരാച്ചാരോടു പറഞ്ഞു:
''പ്രിയ മിത്രമേ, എന്റെ ലക്ഷ്യം എങ്ങനെയെങ്കിലും ജീവനെ നിലനിറുത്തി ഈ ലോകത്തിന്റെ ലൗകികസുഖങ്ങളെ അനുഭവിക്കുന്നതിലല്ല. അതിനെ ഉപേക്ഷിച്ചു നിത്യവും പരമാനന്ദകരവുമായ സ്വര്‍ഗീയസുഖം  അനുഭവിക്കുന്നതിലാണ്.''
ദേവസഹായത്തിന്റെ വാക്കുകള്‍ അതിശയകരമായിത്തോന്നി ആരാച്ചാര്‍ക്ക്. രക്ഷപ്പെടാനുള്ള മാര്‍ഗമുപദേശിച്ചിട്ടും അദ്ദേഹമതിനു വഴിപ്പെടുന്നില്ലല്ലോ എന്നു ചിന്തിച്ചപ്പോള്‍ അനല്പമായ വിഷമവുമുണ്ടായി. ആരാച്ചാര്‍ പറഞ്ഞു: 
''പുണ്യാത്മാവേ, അങ്ങയുടെ ചിന്തകളും പ്രവൃത്തികളും ഒരു സാധാരണമനുഷ്യനായ എനിക്ക് മനസ്സിലാക്കാവുന്നതിലും അപ്പുറത്താണ്. എങ്കിലും, ഈ ലോകം മഹത്തായതെന്തോ അങ്ങേക്കായി കരുതിവച്ചിരിക്കുന്നു എന്നു ഞാന്‍ മനസ്സിലാക്കുന്നുണ്ട്. അതെന്തുമാകട്ടെ, ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കകം താങ്കള്‍ കൊല്ലപ്പെടും എന്നെനിക്കു നിശ്ചയമായും ഉറപ്പുണ്ട്. ആയതിനാലാണ് ഞാന്‍ അങ്ങയോടു രക്ഷപ്പെട്ടുകൊള്ളാന്‍ ആവശ്യപ്പെട്ടത്.''
''മരണത്തിലേക്ക് ഒന്നോ രണ്ടോ ദിവസങ്ങളുടെ ദൈര്‍ഘ്യമോ? അത് സങ്കടകരമാണു മിത്രമേ, ഏറ്റവുമടുത്ത നിമിഷത്തില്‍ത്തന്നെ അതു സംഭവിക്കണേ എന്നാണ് എന്റെ പ്രാര്‍ത്ഥന.'' ദേവസഹായം പറഞ്ഞു.
ആരാച്ചാര്‍ പിന്നീടൊന്നും ദേവസഹായത്തോടു സംസാരിച്ചില്ല. പക്ഷേ, ഓരോ നിമിഷവും ഒരദ്ഭുതമായി ഈ മനുഷ്യന്‍ തന്റെയുള്ളില്‍ വളരുകയാണ്. തീര്‍ത്തും നിരപരാധിയും നിഷ്‌കളങ്കനുമായ ഒരാള്‍. എന്തു തെറ്റാണ് ബ്രാഹ്‌മണരും അധികാരികളും ഈ മനുഷ്യനില്‍ ആരോപിക്കുന്നത്?
ഈ ലോകം ഒരു കൊടുംകുറ്റവാളിയോടെന്നപോലെയാണ് ഈ മഹാത്മാവിനോടു പ്രവര്‍ത്തിക്കുന്നത്. എന്നിട്ടും പരിഭവിക്കുകയോ സങ്കടപ്പെടുകയോ ചെയ്യാത്ത ഒരാള്‍.... സ്വന്തം ജീവനെക്കുറിച്ചു പരിഭ്രമിക്കാത്ത ഒരാള്‍... അനുനിമിഷം മരണത്തെ പ്രതീക്ഷിക്കുന്ന, കാത്തിരിക്കുന്ന ഒരാള്‍...
താനൊരു ഹിന്ദുവാണ്. മറ്റു മതങ്ങളെക്കുറിച്ചൊന്നും പഠിച്ചിട്ടില്ല. എങ്കിലും ഒന്നുറപ്പുണ്ട്. ഈ മനുഷ്യനില്‍ അദൃശ്യനായ ഏതോ ദൈവത്തിന്റെ കരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഈ മനുഷ്യന്റെ മരണം തന്റെ തൊടിയില്‍വച്ചു സംഭവിച്ചുകൂടാ എന്ന് ആരാച്ചാര്‍ നിശ്ചയിച്ചു. അങ്ങനെ വന്നാല്‍ ഈ മണ്ണ് ശാപഗ്രസ്തമാകും. ഇവിടെ ഒരു പുല്‍ക്കൊടിപോലും പൊന്തുകയില്ല. ആരാച്ചാര്‍ അങ്ങനെ ചിന്തിച്ചു. അദ്ദേഹം ദേവസഹായത്തിന്റെ കാവല്‍ഭടന്മാരെ സമീപിച്ചു പറഞ്ഞു:
''നിങ്ങള്‍ രഹസ്യമായി തീരുമാനിച്ച പദ്ധതികളെല്ലാം പരസ്യമായിരിക്കുന്നു. വിവരം കൊട്ടാരത്തിലുമെത്തിയിരിക്കുന്നു. അതുകൊണ്ട് അദ്ദേഹത്തെ നിങ്ങളുടെ കൈകള്‍കൊണ്ട് അപായപ്പെടുത്തരുത്. നിങ്ങള്‍ രാജകോപത്തിനിരയാകും. വധശിക്ഷ നിങ്ങള്‍ക്കുറപ്പ്. അങ്ങനെ വന്നാല്‍ എന്റെ കൈകള്‍കൊണ്ടാകും നിങ്ങളെ കഴുമരത്തിലേറ്റുക.''
ഭടന്മാര്‍ ഭയചകിതരായി. തങ്ങള്‍ അതീവരഹസ്യമായി ആവിഷ്‌കരിച്ച പദ്ധതി എങ്ങനെ പരസ്യമായി എന്നവര്‍ പരിഭ്രമിച്ചു. ദേവസഹായത്തിനായി കരുതിവച്ചിരുന്ന വിഷം അവര്‍ കാടിന്റെ മറവുകളിലേക്കെറിഞ്ഞു കളഞ്ഞു. 
അങ്ങനെ ദേവസഹായത്തില്‍നിന്ന് മരണഭാഗ്യം കല്ലേറു ദൂരത്തിലേക്കു വീണ്ടു അകന്നുപോയി. ആയതിനാല്‍, ദേവസഹായം സങ്കടപ്പെടുകയും ആരാച്ചാര്‍ സന്തോഷിക്കുകയും ചെയ്തു.
മൂന്നു വര്‍ഷത്തോളം ദൈര്‍ഘ്യമായിരിക്കുന്നു, ദേവസഹായത്തിന്റെ പീഡാസഹനങ്ങള്‍ക്ക്. ആരാച്ചാരുടെ പശുത്തൊഴുത്തിനു സമീപം കെട്ടിയ ഓലപ്പുരയില്‍ മാത്രമായിരുന്നു ദേവസഹായത്തിന് അത്യധികപീഡനങ്ങളൊന്നും അനുഭവിക്കേണ്ടി വരാതിരുന്നത്.
അത് അധികാരികള്‍ക്കും ബ്രാഹ്‌മണര്‍ക്കും അത്യധികമായ കോപമുണ്ടാക്കി. കോപം എന്നതിലുപരി തങ്ങളുടെ വാക്കുകള്‍ തൃണസമാനമാകുന്നതുപോലെയും തങ്ങള്‍ പൂര്‍വാധികം അപമാനിക്കപ്പെടുന്നതുപോലെയുമാണ് അവര്‍ക്ക് അനുഭവപ്പെട്ടത്.
കുളമക്കാട്ടില്‍ കൊണ്ടുചെന്നു ശിരച്ഛേദം ചെയ്യണമെന്ന് രാജകല്പനയുണ്ടായിട്ടും അതു സംഭവിച്ചില്ല. പെരുവിളയില്‍ കൊണ്ടുവന്ന് കഷ്ടപ്പെടുത്തി കൊന്നുകളയണമെന്നു വീണ്ടും കല്പനയുണ്ടായി. അതും സംഭവിച്ചില്ല. ഒന്നല്ലെങ്കില്‍ മറ്റൊരു കാരണംകൊണ്ട് അവന്‍ മരണത്തില്‍നിന്നു നൂലിഴ വ്യത്യാസത്തില്‍ രക്ഷപ്പെടുകയാണ്. അതാണദ്ഭുതം.
ഇനി അങ്ങനെ സംഭവിച്ചുകൂടാ. ജനങ്ങളെല്ലാം അവന്റെ പിന്നാലെയാണ്. എല്ലാവരും അവനെക്കുറിച്ചു സംസാരിക്കുന്നു. അവന്റെ അദ്ഭുതപ്രവൃത്തികളെപ്പറ്റി. അവന്റെ ജ്ഞാനത്തെപ്പറ്റി. അവന്റെ സഹനശേഷിയെപ്പറ്റി സത്യം, ജനങ്ങളെല്ലാം അവന്റെ പിന്നാലെയാണ്.
ബ്രാഹ്‌മണര്‍ക്കും സ്ഥലം അധികാരികള്‍ക്കും ഇരിക്കപ്പൊറുതിയില്ലാതെയായി. അവര്‍ വീണ്ടും മഹാരാജാവിനെ ശരണം പ്രാപിച്ചു. ദേവസഹായത്തെപ്പറ്റി ആകാവുന്നതെല്ലാം പറഞ്ഞു ധരിപ്പിച്ചു. എത്രയും വേഗം ദേവസഹായത്തെ കൊന്നുകളയണമെന്നും രാജാവിനോടുണര്‍ത്തിച്ചു.
മഹാരാജാവിന് അത്യധികമായ കോപമുണ്ടായി. പക്ഷേ, നീലകണ്ഠനെ വധിക്കാനുത്തരവിടാന്‍ മഹാരാജാവിനു കഴിഞ്ഞില്ല. മതപരിവര്‍ത്തനം ഹേതുവാക്കി ഒരാളെ വധിക്കുന്നത് തെറ്റാണെന്നുള്ള സന്ന്യാസിയുടെ വാക്കുകള്‍ ഒരു വേലിയേറ്റം തന്നെ സൃഷ്ടിച്ചു മഹാരാജാവില്‍.
പക്ഷേ, ബ്രാഹ്‌മണരെ ധിക്കരിക്കാനും വയ്യ. അവരുടെ വാക്കുകള്‍ തള്ളാനും കൊള്ളാനുമാകാതെ മഹാരാജാവ് വിഷമിച്ചു. ഒടുവില്‍ മഹാരാജാവ് കല്പിച്ചു:
''നീലകണ്ഠനെ അരുവാമൊഴി കേട്ടവാതിലിനു സമീപംകൊണ്ടുചെന്ന് കൈക്കും കാലിനും വിലങ്ങുതറച്ച് ആഹാരമൊന്നും കൊടുക്കാതെ തടവില്‍ പാര്‍പ്പിക്കുക. രാത്രിയും പകലും ഭടന്മാര്‍ കാവല്‍ നില്ക്കട്ടെ. ഒരു കാരണവശാലും മറ്റാരും അടുത്തു ചെല്ലുന്നതിന് അനുവാദമുണ്ടായിരിക്കുന്നതല്ല.'' 
കൊല്ലുന്നതിനു രാജകല്പനയുണ്ടായില്ലെങ്കിലും ബ്രാഹ്‌മണന്‍മാര്‍ ആശ്വസിച്ചു. നാലഞ്ചുദിവസം ജലപാനമില്ലാതെ കിടക്കുമ്പോഴേക്കും നീലകണ്ഠന്‍ മരിക്കും. അല്ലെങ്കില്‍ ഒന്നോ രണ്ടോ ദിവസംകൂടി. അതിലധികം പോകില്ല.
അധികാരികള്‍ ഇടപെട്ട് പഴയ ഭടന്മാരെ നീക്കി രണശൂരന്മാരായ പുതിയ ഭടന്മാരെ നിയമിച്ചു.
ഭടന്മാര്‍ ദേവസഹായത്തിനെ കാല്‍നടയായി അരുവാമൊഴിയിലേക്കു കൊണ്ടുപോയി. യാത്രയ്ക്കിടയില്‍ ഭടന്മാര്‍ അദ്ദേഹത്തെ കണക്കറ്റു പ്രഹരിച്ചു. കരിഞ്ഞുതുടങ്ങിയ വ്രണങ്ങള്‍ വീണ്ടും പിളര്‍ന്നു. രക്തവും നീരും കിനിഞ്ഞു.
കരിഞ്ചൂരമുള്ളും ചൂരലും ചാട്ടയും ദേവസഹായത്തിന്റെ ശരീരത്തില്‍ ശേഖരിക്കപ്പെട്ടു. അസഭ്യവാക്കുകളാല്‍ ദേവസഹായം അഭിഷേകം ചെയ്യപ്പെട്ടു. 
മരണത്തോടടുത്ത വേദനയായിരുന്നു ദേവസഹായം അനുഭവിച്ചത്. അസ്ഥികളില്‍നിന്നു മാംസം ഇളകിപ്പോകുന്നതുപോലെ. കണ്ണുകളില്‍ അന്ധകാരത്തിന്റെ സൂചിമുനകള്‍ ആഴ്ന്നിറങ്ങുന്നു. 
ദേവസഹായത്തിനു കാഴ്ച മറഞ്ഞു. മുന്‍പോട്ടുള്ള വഴി ദേവസഹായത്തിനു കാണായില്ല. നടത്തം മുറിഞ്ഞു. ദേഹം തളര്‍ന്നു.
ഭടന്മാര്‍ അദ്ദേഹത്തെ ഉന്തിയും തള്ളിയും മുമ്പോട്ടു കൊണ്ടുപോയി. മര്‍ദനങ്ങള്‍ക്കും ലോഭമുണ്ടായില്ല. അരുവാമൊഴിയിലെത്തിയപ്പോള്‍ ഭടന്മാര്‍ ദേവസഹായത്തിന്റെ കൈകളിലും കാലുകളിലും വിലങ്ങു തറച്ചു. ഒരു പൂവരശുമരത്തില്‍ അദ്ദേഹത്തെ ബലമായി കെട്ടിനിറുത്തി.
ഇരിക്കാനോ കിടക്കാനോ നിവൃത്തിയുണ്ടായിരുന്നില്ല ദേവസഹായത്തിന്. കണ്ണുകളില്‍ ഇരുട്ടാണ്. ദേഹമാസകലം വിയര്‍പ്പും രക്തവും കൂടിക്കലര്‍ന്ന് മുറിവുകള്‍ നീറ്റലുതിര്‍ക്കുന്നു. ദേവസഹായം പുളഞ്ഞു.
ഗ്രീഷ്മകാലത്തിലെ വൃക്ഷമായതിനാല്‍ പൂവരശ് ഇലകൊഴിച്ചിരുന്നു. സൂര്യനു തടസ്സങ്ങളൊന്നുമില്ലാതെ ദേവസഹായത്തെ ദംശിക്കുവാനായി. ദേവസഹായം തളര്‍ന്നു. ബോധം മറഞ്ഞു.
പൂവരശില്‍ ചേര്‍ത്തു കെട്ടിയിരുന്നതിനാല്‍ നിലത്തു വീണില്ല. മുന്നോട്ടൊടിഞ്ഞു കുത്തിയ ശിരസുമായി ഒരു പ്രേതം കണക്കെ ദേവസഹായം അങ്ങനെ നില്പാല്‍ത്തന്നെ കിടന്നു.
അങ്ങനെ എത്രനേരം...? ദേവസഹായത്തിന് ഒന്നും നിശ്ചയമുണ്ടായിരുന്നില്ല. ആരോ തന്നെ തലോടുന്നു എന്ന തോന്നലിലാണ് ദേവസഹായം കണ്ണുകള്‍ തുറന്നത്. അപ്പോഴാണ് അറിയുന്നത് കാറ്റാണ് തന്നെ ഉണര്‍ത്തിയത്, ഒരിളംകാറ്റ് അദ്ദേഹത്തിന്റെ സാന്ത്വനത്തിനെന്നവണ്ണം വീശിക്കൊണ്ടിരുന്നു. 
നേരം ചാഞ്ഞിരുന്നു. ദേവസഹായത്തിനധികമകലത്തല്ലാതെ ആയുധധാരികളായ ഭടന്മാര്‍ കാവലുണ്ട്. അങ്ങകലെ കുറെ ആളുകളും.
ആരെയും അടുത്തേക്കു വരാന്‍ പടയാളികള്‍ സമ്മതിക്കുന്നില്ല. ദേവസഹായത്തിനു ദാഹിക്കുന്നുണ്ടായിരുന്നു. കഠിനമായ വിശപ്പും അനുഭവപ്പെടുന്നു. അദ്ദേഹം ഭടന്മാരിലൊരാളോടു ചോദിച്ചു:
''വെള്ളം... ഇത്തിരി വെള്ളം.''
ഈ ചോദ്യം അവര്‍ കേട്ടതായിപ്പോലും ഭാവിച്ചില്ല. കുടിക്കാനോ ഭക്ഷിക്കുവാനോ ഒന്നും അവര്‍ കൊടുത്തില്ല. കരുണാര്‍ദ്രമായ ഒരു നോട്ടംപോലും അവരില്‍നിന്നുണ്ടായില്ല.
ദേവസഹായം കണ്ണുകളടച്ചു. പ്രാര്‍ത്ഥനയിലേക്കിറങ്ങി.
അപ്പോള്‍ പടിഞ്ഞാറ്റിയില്‍ സൂര്യന്‍ അസ്തമയത്തിനൊരുങ്ങുകയായിരുന്നു.


(തുടരും)

 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)