മഹാരാഷ്ട്രയിലെ സത്താറയിലൊരു കൊച്ചുഗ്രാമമുണ്ട്, ഭിലാര്‍. പശ്ചിമഘട്ടമലനിരകളിലെ ഹില്‍സ്റ്റേഷനായ മഹാബലേശ്വറിനും പ്രകൃതിരമണീയമായ പാഞ്ച്ഗണിക്കും ഇടയിലുള്ള ഭൂപ്രദേശം. പാഞ്ച്ഗണിയില്‍നിന്ന് എട്ടു കിലോമീറ്റര്‍ അകലെയുള്ള ഈ ഗ്രാമം സ്‌ട്രോബറിക്കൃഷിയില്‍ പ്രശസ്തമാണ്. ഇന്ത്യയിലെ ആദ്യ പുസ്തകഗ്രാമമായി വളരുകയാണ് ഈ നാട്. ലളിതസുന്ദരങ്ങളായ ''വീട്ടുലൈബ്രറി''കളാണ് ഇവിടത്തെ പ്രത്യേകത.
ഇന്ത്യന്‍ ഭൂപടത്തില്‍ പ്രത്യേകസ്ഥാനം നേടിയെടുത്ത ഭിലാര്‍, ''പുസ്തകങ്ങളുടെ സ്വന്തം ഗ്രാമ''മായിട്ട് കുറെ വര്‍ഷങ്ങളായി. എങ്കിലും കുറച്ചുപേര്‍ക്കുമാത്രമേ ഈ കൊച്ചുഗ്രാമത്തെപ്പറ്റി അറിവുള്ളൂ. സാഹിത്യോത്സവങ്ങളും ലൈബ്രറികളുംകൊണ്ടു സമൃദ്ധമായ ബ്രിട്ടനിലെ വെല്‍ഷ് പട്ടണത്തിലെ ''ഹേ ഓണ്‍ വൈ''യുടെ (Hay on Wye) ഇന്ത്യന്‍ മാതൃകയാണ് ഭിലാര്‍. മറാത്തി വികാസ് സന്‍സദും വിദ്യാഭ്യാസമന്ത്രി വിനോദ് താവ്‌ഡേയും ചേര്‍ന്നാണ് ഈ ആശയം ആവിഷ്‌കരിച്ചത്. 2017 മേയ് നാലിന് 'പുസ്തകാഞ്ചേ ഗാവോ' പൊതുജനങ്ങള്‍ക്കു തുറന്നുകൊടുത്തു.
ഇരുപത്തഞ്ചു ഗ്രാമവാസികളാണ് ആദ്യം തങ്ങളുടെ വീടുകളില്‍ ലൈബ്രറി തുടങ്ങിയത്. ഇപ്പോഴത് മുപ്പത്തഞ്ചു വീടുകളായി. പത്തു വീടുകള്‍കൂടി ലൈബ്രറിയാവാനുള്ള ഒരുക്കത്തിലാണ്. പല യോണറുകളിലുള്ള 35000 പുസ്തകങ്ങളാണ് വീടുകളില്‍ ക്രമീകരിച്ചിരിക്കുന്നത്. കൂടുതലും മറാത്തിയിലുള്ളവയാണ്. മാതൃഭാഷയെ പരിപോഷിപ്പിക്കാനും വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കാനുംവേണ്ടി മഹാരാഷ്ട്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഈ മഹാസംരംഭം പ്രചോദനപരമാണെന്നതില്‍ തര്‍ക്കമില്ല.
വിജ്ഞാനത്തോടൊപ്പം വിനോദവും പകര്‍ന്നുനല്‍കാന്‍ അനുപേക്ഷണീയമായ ക്രമീകരണമാണ് സര്‍ക്കാര്‍ അവിടെ നടത്തിയിരിക്കുന്നത്. ഗ്രാമത്തിന്റെ പ്രവേശനകവാടത്തില്‍ കിങ്‌ബെറി വൈന്‍ യാര്‍ഡിനടുത്തായി സന്ദര്‍ശകരെ നയിക്കുന്ന ഒരു ഭൂപടമുണ്ട്. മുപ്പത്തഞ്ചോളം വീടുകള്‍ മനോഹരമായി പെയിന്റ് ചെയ്ത് ഒരു മുറി, അല്ലെങ്കില്‍ നിശ്ചയിക്കപ്പെട്ട സ്ഥലം വായനശാലയും ലൈബ്രറിയുമാക്കി മാറ്റി. ഗ്രാമത്തിലെ രണ്ടു കിലോമീറ്റര്‍ ചുറ്റളവിലുള്ള വീടുകളില്‍ നാടോടിസാഹിത്യം, കവിത, മതം, ചരിത്രം, പരിസ്ഥിതി, ആത്മകഥകള്‍ എന്നിങ്ങനെ വിവിധതരം പുസ്തകങ്ങളാണ് സജ്ജീകരിച്ചിരിക്കുന്നത്.
മനോഹരങ്ങളായ ചുവര്‍ച്ചിത്രങ്ങള്‍ ഈ 'വീട്ടുലൈബ്രറി'കളുടെ പ്രത്യേകതയാണ്. ഓരോ വീടിന്റെയും പുറംഭാഗങ്ങളില്‍ അതതു വീടുകളിലെ പുസ്തകങ്ങളുടെ വിഭാഗങ്ങളനുസരിച്ചുള്ള വരവര്‍ണനകളുണ്ട്. സന്ദര്‍ശകര്‍ക്കു അവരുടെ അഭിരുചിക്കനുസൃതമായ പുസ്തകങ്ങള്‍ സ്റ്റോക്ക് ചെയ്തിരിക്കുന്ന വീട്ടിലേക്കു കടന്നുചെല്ലാം. വീടുകള്‍ തികച്ചും ഗ്രാമീണവും മനോഹരമായ അകത്തളങ്ങളോടുകൂടിയവയുമാണ്. വിശാലമായ വായനശാലകള്‍ക്കുള്ളിലും പുറത്തും ഇരിപ്പിടങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ചായയും ലഘുഭക്ഷണവും വീട്ടുടമസ്ഥന്‍ നല്‍കും. പുസ്തകങ്ങള്‍ കൂടുതലും മറാത്തിയിലാണെങ്കിലും ഹിന്ദി, ഇംഗ്ലീഷ് പുസ്തകശേഖരങ്ങളും ചേര്‍ത്തിട്ടുണ്ട്. വീടിനുള്ളില്‍ നിരവധി ബുക്ക്‌കേസുകളും മാഗസിന്‍ റാക്കുകളുമുണ്ട്.
പ്രധാന റോഡില്‍നിന്നു സൗകര്യപ്രദമായ അകലത്തിലാണ് ഓരോ വീട്ടുലൈബ്രറിയും.
വീടുകള്‍ കണ്ടെത്താന്‍ എളുപ്പമാണ്. വര്‍ണാഭമായ സൈന്‍ ബോര്‍ഡുകളും മാപ്പുകളും ലഘുലേഖകളുമുണ്ട്. ഇഷ്ടപ്പെട്ട പുസ്തകവിഭാഗങ്ങളിലേക്ക് ഇവ നമ്മെ നയിക്കും. വീടുകള്‍ കൂടാതെ ഗ്രാമീണത പ്രദര്‍ശിപ്പിക്കുന്നതിനായി ചില വാണിജ്യസ്ഥലങ്ങളും ഹോട്ടലുകളും ക്ഷേത്രങ്ങളും അതിഥിമന്ദിരങ്ങളും സര്‍ക്കാര്‍ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ഗ്രാമത്തിലേക്കുള്ള വിനോദസഞ്ചാരികളുടെ വളര്‍ച്ചാനിരക്കില്‍ ഗണ്യമായ മുന്നേറ്റമാണ് സര്‍ക്കാര്‍ രേഖപ്പെടുത്തിയിരിക്കുന്നത്.
മറാത്തിപ്പുസ്തകങ്ങളെ ജനകീയമാക്കാനും വായനശീലം പരിപോഷിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു. അദ്ഭുതകരമായ ഈ സംരംഭം അനേകം സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. വീട്ടുലൈബ്രറികളിലെ ഫര്‍ണിച്ചറിന്റെയും പുസ്തകങ്ങളുടെയും സംരക്ഷകരായി ഈ പദ്ധതിയുടെ ഭാഗമാകാന്‍ ഈ കൊച്ചുഗ്രാമത്തിലെ താമസക്കാര്‍ തയ്യാറാണ്. ഗവേഷണവിദ്യാര്‍ത്ഥികള്‍ക്കും സഞ്ചാരികള്‍ക്കും പതിവുകാഴ്ചകള്‍ക്കപ്പുറം പുത്തന്‍ അറിവുകളും വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്.
							
 ശ്രീദേവി എസ്.കെ.
                    
									
									
									
									
									
                    