•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ഋഷികളുടെ നാടിന് അഭിമാനമായി ബ്രിട്ടനില്‍ ഋഷി സുനക്

  • തോമസ് കുഴിഞ്ഞാലിൽ
  • 3 November , 2022

ഏഷ്യക്കാര്‍ക്കു പൊതുവെയും, ഇന്ത്യക്കാര്‍ക്കു പ്രത്യേകിച്ചും സന്തോഷം പകര്‍ന്ന ഒരു വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുകയാണ്. ഏഷ്യയില്‍നിന്നുള്ള ഇന്ത്യന്‍വംശജനായ ഋഷി സുനക് ബ്രിട്ടന്റെ പ്രധാനമന്ത്രിക്കസേരയില്‍ ഉപവിഷ്ടനാകുന്നു എന്നതാണ് പ്രധാനപ്പെട്ട ആ സന്തോഷവാര്‍ത്ത.

ബോറിസ് ജോണ്‍സണ്‍ മന്ത്രിസഭയില്‍ ധനകാര്യവകുപ്പുമന്ത്രിയായിരുന്ന (ബ്രിട്ടനില്‍ ചാന്‍സലര്‍) ഋഷി സുനക്, പ്രധാനമന്ത്രിപദം രാജിവച്ചിറങ്ങിയ ലിസ് ട്രസിന്റെ പിന്‍ഗാമിയായി ചുമതലയേറ്റു. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവായി തീരുമാനിക്കപ്പെട്ടതോടെയാണ് അദ്ദേഹം പ്രധാനമന്ത്രിയാകാന്‍ നിയോഗിക്കപ്പെട്ടത്.
പ്രധാനമന്ത്രിസ്ഥാനത്തേക്കു തിരഞ്ഞെടുക്ക
പ്പെടാന്‍ ആഗ്രഹിച്ചിരുന്ന പ്രമുഖരുടെ മുന്‍നിരയിലുണ്ടായിരുന്ന പെന്നി മോര്‍ഡോണ്‍ടും ബോറിസ്
ജോണ്‍സണും പാര്‍ട്ടിയംഗങ്ങളുടെ പിന്തുണ നേടാ
നാകാതെ മത്സരരംഗത്തുനിന്നു പിന്മാറുകയാണെന്നറിയിച്ചത് ഋഷി സുനകിന് അനുകൂലഘടകമായി. 2015 മുതല്‍ യോര്‍ക്കിലെ റിച്ച്മണ്ടില്‍നിന്നുള്ള പാര്‍ലമെന്റംഗമായ ഋഷി, പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിവരം കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ പാര്‍ലമെന്റംഗങ്ങളുടെ കമ്മിറ്റിയുടെ അധ്യക്ഷന്‍ സര്‍ ഗ്രഹാം ബ്രാഡിയാണ് പുറംലോകത്തെ അറിയിച്ചത്. പാര്‍ട്ടിനേതാക്കളെ തിരഞ്ഞെടുക്കാന്‍ ചുമതലപ്പെട്ട ഈ സംഘം ''1922 കമ്മിറ്റി'' എന്നാണ് വിളിക്കപ്പെടുന്നത്.
ബ്രിട്ടീഷ് ഭരണകാലത്തെ പഞ്ചാബ് പ്രവിശ്യയിലെ ഗുജ്‌റന്‍വാല സ്വദേശികളായിരുന്ന ഹൈന്ദവകുടുംബാംഗങ്ങളായ ഋഷിയുടെ മുത്തച്ഛനും മുത്തശ്ശിയും വര്‍ഗീയകലാപങ്ങളില്‍നിന്നു രക്ഷപ്പെട്ട് സൗത്താഫ്രിക്കയില്‍ കുടിയേറിയവരാണ്. അവിടെനിന്നു കെനിയയിലും ടാങ്കനിക്കയിലും ഇപ്പോള്‍ ടാന്‍സാനിയ ജീവിതമാര്‍ഗം തേടി അലഞ്ഞ കുടുംബം 1960 കളിലാണ് ഇംഗ്ലണ്ടിലെത്തുന്നത്. കെനിയയില്‍  ജനിച്ച ഡോ. യാഷ്വിര്‍ സുനകിന്റെയും ടാങ്കനിക്കയില്‍ ജനിച്ച ഉഷാ സുനകിന്റെയും സീമന്തപുത്രനായി 1980 മേയ് 12-ാം തീയതി യോര്‍ക്കിലെ സതാംപ്ടണിലായിരുന്നു ഋഷിയുടെ ജനനം. പിതാവായ യാഷ്വിര്‍ ആരോഗ്യവകുപ്പില്‍ ചികിത്സാവിദഗ്ധനായും മാതാവ് ഉഷ ഫാര്‍മസിസ്റ്റായും ജോലി ചെയ്ത് കുടുംബം പുലര്‍ത്തി. അനുജന്‍ സഞ്ജയ് സുനക് ഒരു മനഃശാസ്ത്രജ്ഞനായും ഇളയസഹോദരി രാഖി ഐക്യരാഷ്ട്രസംഘടനയില്‍ വിദ്യാഭ്യാസവകുപ്പിലും ജോലി ചെയ്യുന്നു. സതാംപ്ടണിലെയും ഹാംപ്‌െഷറിലെയും വിന്‍ചെസ്റ്ററിലെയും സ്‌കൂളുകളില്‍ പ്രാഥമികപഠനം പൂര്‍ത്തിയാക്കിയ ഋഷി, ഓക്‌സ്‌ഫോഡിലെ ലിങ്കണ്‍ കോളജില്‍നിന്ന് ധനതത്ത്വശാസ്ത്രത്തില്‍ ബിരുദം
സമ്പാദിച്ചു. ബിരുദപഠനത്തിനിടെ തത്ത്വശാസ്ത്രത്തിലും രാഷ്ട്രീയത്തിലും അവഗാഹം നേടി. ഫുള്‍ബ്രൈറ്റ് സ്‌കോളര്‍ഷിപ്പ് ലഭിച്ച് യു എസി ലെ കാലിഫോര്‍ണിയായിലുള്ള  സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍നിന്ന്  2006 ല്‍ എം ബി എ ബിരുദം കരസ്ഥമാക്കി. സ്റ്റാന്‍ഫോഡിലെ  വിദ്യാഭ്യാസകാലം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത കാലഘട്ടമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചിട്ടുണ്ട്. അവിടെ സഹപാഠിയായിരുന്ന അക്ഷതയുമായുള്ള പ്രണയവിവാഹം 2009 ലായിരുന്നു. ബഹുരാഷ്ട്ര ഐ ടി കമ്പനിയായ ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും ചെയര്‍മാനുമായിരുന്ന എന്‍ആര്‍ നാരായണമൂര്‍ത്തിയുടെ മകളാണ് അക്ഷത. ഇന്‍ഫോസിസിലും വിവിധ കമ്പനികളിലുമായി അക്ഷതയുടെ സമ്പാദ്യം 70 കോടി പൗണ്ട് വരുമെന്നു പറയപ്പെടുന്നുണ്ട്. വെസ്റ്റുമിനിസ്റ്ററിലെ ഏറ്റവും വലിയ കോടീശ്വരനും ബ്രിട്ടനിലെ 222 ാമത്തെ സമ്പന്നനുമായി എണ്ണപ്പെടുന്ന ഋഷി സുനകിന്റെ ആസ്തി 73 കോടി പൗïും വരുമത്രേ! 10 ഡൗണിംഗ് സ്ട്രീറ്റിലുള്‍പ്പെടെയുള്ള അഞ്ച് ആഡംബരവസതികള്‍ ഈ ദമ്പതികള്‍ക്കുണ്ട്. റിഷിക്കും അക്ഷതയ്ക്കുമായി വിദ്യാര്‍ത്ഥിനികളായ രണ്ടു പെണ്‍മക്കള്‍. കൃഷ്ണ സുനകും, അനൗസ്‌ക സുനകും.
ബിസിനസ് അഡ്മിനിസ്‌ട്രേഷനില്‍ ബിരുദാനന്തരബിരുദം സമ്പാദിച്ച് ഇംഗ്ലണ്ടില്‍ തിരിച്ചെത്തിയ ഋഷി കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ അംഗത്വമെടുത്ത് രാഷ്ട്രീയത്തിലും സജീവമായി. വടക്കന്‍യോര്‍ക്ക് ഷൈറിലെ റിച്ച്മണ്ട് മണ്ഡലത്തില്‍നിന്ന് 2015 ല്‍ പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെടുമ്പോള്‍ 35 വയസ്സു മാത്രമായിരുന്നു പ്രായം. പ്രധാനമന്ത്രിയായിരുന്ന ബോറിസ് ജോണ്‍സന്റെ വിശ്വസ്തനായി മാറിയ ഋഷിയെ 2019 ല്‍ ധനകാര്യവകുപ്പില്‍ ചീഫ് സെക്രട്ടറിയായും 2020 ല്‍ അതേ വകുപ്പില്‍ ചാന്‍സലറായും നിയമിച്ചു. 2018 ല്‍ തദ്ദേശസ്വയംഭരണവകുപ്പിന്റെ ചുമതല വഹിച്ചിട്ടുള്ള ഋഷി, കൊവിഡുകാലത്തെ അതിജീവിക്കാനെടുത്ത തീരുമാനങ്ങളുടെ പേരില്‍ ജനഹൃദയങ്ങളില്‍ ഇടംനേടി. ബ്രെക്‌സിറ്റ് വഴി യൂറോപ്യന്‍ യൂണിയനില്‍നിന്നു പുറത്തുകടക്കാനും സൈനികവും സാമ്പത്തികവുമായി യുക്രെയ്‌നെ കൈയയച്ചു സഹായിക്കാനും ബോറിസ് ജോണ്‍സണ് പിന്തുണ നല്‍കിയവരില്‍ പ്രമുഖനും ഋഷി സുനകായിരുന്നു. ഒരു മികച്ച എഴുത്തുകാരന്‍കൂടിയായ ഋഷിയുടെ ഏറ്റവും പ്രശസ്തമായ ഗ്രന്ഥം 'എ പോര്‍ട്രെയ്റ്റ് ഓഫ് മോഡേണ്‍ ബ്രിട്ടന്‍' നിരൂപകശ്രദ്ധ പിടിച്ചുപറ്റിയ ഗ്രന്ഥമാണ്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധികളിലൂടെയാണ് തന്റെ രാജ്യം കടന്നുപോകുന്നതെന്നു വ്യക്തമാക്കിയ പ്രധാനമന്ത്രി, സുസ്ഥിരതയും ഐക്യവുമുള്ള ഒരു ജനതയായി മാറാന്‍ ബ്രിട്ടീഷുകാരെ ആഹ്വാനം ചെയ്തു. ''ഒന്നിച്ചു നില്ക്കുക അല്ലെങ്കില്‍ മരിക്കുക'' എന്നാണ് നേതൃസ്ഥാനത്തേക്കു തന്നെ നിയോഗിച്ച പാര്‍ട്ടിയംഗങ്ങളോട് അദ്ദേഹം ആവശ്യപ്പെട്ടത്. 1942 ലെ ''ക്വിറ്റ് ഇന്ത്യാ'' സമരകാലത്തെ  മഹാത്മജിയുടെ, ''പ്രവര്‍ത്തിക്കുക, അല്ലെങ്കില്‍ മരിക്കുക'' എന്ന ആഹ്വാനത്തിനു സമാനമാണ് ഋഷിയുടെ പ്രഖ്യാപനവും. യു.എസും ഇതര യൂറോപ്യന്‍രാജ്യങ്ങളും കൊവിഡു സൃഷ്ടിച്ച പ്രതിസന്ധികളില്‍ പകച്ചുനില്ക്കുമ്പോള്‍ തളരാതെയും തകര്‍ന്നുപോകാതെയും തന്റെ രാജ്യത്തെ മുന്‍പോട്ടു നയിക്കാന്‍ ധനകാര്യവിദഗ്ധന്‍ കൂടിയായ ഋഷി സുനകിനു കഴിയുമെന്നുതന്നെയാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. ബക്കിങ്ഹാം കൊട്ടാരത്തില്‍ ചാള്‍സ് മൂന്നാമന്‍ രാജാവിനെ മുഖംകാണിച്ച് ഒക്‌ടോബര്‍ 25-ാം തീയതി ബ്രിട്ടന്റെ 57ാമത്തെ പ്രധാനമന്ത്രിയായി നിയമിക്കപ്പെട്ട ഋഷി സുനകിനെ ബ്രിട്ടീഷ് ജനതയും ലോകമൊന്നാകെയും പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പതിറ്റാണ്ടുകള്‍ക്കുമുമ്പ് ലോകത്ത് ഏറ്റവും ശക്തമായിരുന്ന ഗ്രേറ്റ് ബ്രിട്ടന്റെ ഭരണയന്ത്രം തിരിക്കാന്‍ നമ്മുടെ രാജ്യത്ത് വേരുകളുള്ള ഒരാള്‍തന്നെ നിയോഗിക്കപ്പെടുന്നതില്‍ നമുക്കും അഭിമാനിക്കാം.
ലിസ് ട്രസിന്റെ പടിയിറക്കം
ഇക്കഴിഞ്ഞ മാസം ആറാം തീയതി ബ്രിട്ടന്റെ പ്രധാനമന്ത്രിയായി ചുമതലയേറ്റ 47 കാരിയായ ലിസ് ട്രസ് ഒന്നര മാസം പോലും തികച്ച് അധികാരത്തിലിരിക്കാന്‍ കഴിഞ്ഞില്ല. ഏറ്റവും കുറഞ്ഞ കാലം ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വ്യക്തിയെന്ന നിലയില്‍ അവര്‍ ചരിത്രത്തില്‍ ഇടംനേടി. 1827 ഏപ്രില്‍ 10-ാം തീയതി മുതല്‍ ആ വര്‍ഷം ഓഗസ്റ്റ് 8-ാം തീയതി വരെ 119 ദിവസം മാത്രം അധികാരത്തിലിരുന്ന ജോര്‍ജ് കാനിംഗിന്റെ റിക്കാര്‍ഡാണ് ലിസ് ട്രസ് മറികടന്നത്. അധികാരത്തിലിരിെക്കത്തന്നെ 57-ാം വയസില്‍ ന്യൂമോണിയ പിടിപെട്ട് കാനിംഗ് അന്തരിക്കുകയായിരുന്നു.
ബ്രെക്‌സിറ്റും കൊവിഡ് 19-ഉം വരുത്തിവച്ച സാമ്പത്തികപ്രതിസന്ധി പരിഹരിക്കാനാകാതെയാണ് 10 ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗികവസതിയില്‍നിന്നു ലിസ് പടിയിറങ്ങിയത്. പരിഷ്‌കരിച്ച നികുതിനയങ്ങള്‍ രാജ്യത്തെ രക്ഷപ്പെടുത്തുമെന്ന അമിതവിശ്വാസമാണ് താളംതെറ്റിയത്. ധനമന്ത്രിയായിരുന്ന ക്വാസി ക്വാര്‍ട്ടെംഗ് അവതരിപ്പിച്ച മിനി ബജറ്റ് വിപണിയിലുണ്ടാക്കിയ പ്രശ്‌നങ്ങളാണ് പ്രതിസന്ധി വഷളാക്കിയത്. നികുതിയിളവുകള്‍ ഉള്‍പ്പെടെ ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റില്‍ മുമ്പോട്ടുവച്ച നിര്‍ദ്ദേശങ്ങളെല്ലാം അശാസ്ത്രീയങ്ങളാണെന്നുള്ളതായിരുന്നു പ്രധാന വിമര്‍ശനം. ഭരണകക്ഷിയായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയിലെ അംഗങ്ങള്‍പോലും പ്രധാനമന്ത്രിക്കെതിരേ തിരിഞ്ഞു. ധനമന്ത്രിയെ പുറത്താക്കി മുഖം രക്ഷിക്കാനുള്ള നീക്കങ്ങളും വിജയംകണ്ടില്ല. ക്വാര്‍ട്ടെംഗിന്റെ രാജിക്കുശേഷം രഹസ്യവിവരങ്ങള്‍ സ്വകാര്യചാനലുകള്‍ക്കു നല്കിയെന്ന കുറ്റം ആരോപിക്കപ്പെട്ട ആഭ്യന്തരമന്ത്രി സുവെല്ലാ ബ്രേവര്‍മാനും രാജിവച്ചതോടെ ലിസിന് അവസാനപിടിവള്ളിയും നഷ്ടമാവുകയായിരുന്നു. ജനങ്ങള്‍ക്കു നല്കിയ തിരഞ്ഞെടുപ്പുവാഗ്ദാനങ്ങള്‍ പ്രധാനമന്ത്രി ലംഘിക്കുന്നുവെന്നഭിപ്രായപ്പെട്ട സുവെല്ലയുടെ രാജി പ്രധാനമന്ത്രി ആവശ്യപ്പെടുകയായിരുന്നു. സുവെല്ലയ്‌ക്കൊപ്പം 40 ഓളം എം.പി.മാരും പ്രധാനമന്ത്രിയില്‍ അവിശ്വാസം രേഖപ്പെടുത്തിയതോടെ രാജിയല്ലാതെ മറ്റൊരു മാര്‍ഗവുമില്ലാതായി.
താന്‍ പ്രധാനമന്ത്രിസ്ഥാനം ഏല്ക്കുമ്പോള്‍ രാജ്യത്തെ സാമ്പത്തികനില ഭദ്രമായിരുന്നില്ലെന്നും നികുതിയിളവുകള്‍ പ്രഖ്യാപിച്ചത് ജനങ്ങളെ സഹായിക്കാനാണെന്നുമായിരുന്നു ട്രസിന്റെ ന്യായവാദം. പിന്നോട്ടു നയിക്കുന്ന സമ്പദ് വ്യവസ്ഥയെ പുനരുദ്ധരിക്കാനും രാജ്യത്തെ വളര്‍ച്ചയിലേക്കു നയിക്കാനുമാണ് താന്‍ ലക്ഷ്യമിട്ടിരുന്നതെന്നും സ്ഥാനമൊഴിയുംമുമ്പ് നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ അവര്‍ പറഞ്ഞു. ജനങ്ങളോടും തന്നെ പ്രധാനമന്ത്രിപദത്തിലേക്കുയര്‍ത്തിയ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയോടുമുള്ള ഉത്തരവാദിത്വങ്ങളും പൂര്‍ണമായും നിറവേറ്റാന്‍ കഴിയാതെവന്നതുകൊണ്ടാണ് രാജിവയ്ക്കുന്നതെന്ന് അവര്‍ വ്യക്തമാക്കുകയും ചെയ്തു. പാര്‍ട്ടിയുടെ നേതൃസ്ഥാനത്തിനുവേണ്ടിയുള്ള രണ്ടു മാസം നീണ്ടുനിന്ന കടുത്ത മത്സരങ്ങള്‍ക്കൊടുവില്‍ 1,72,000 പാര്‍ട്ടിയംഗങ്ങളുടെ വോട്ടുകള്‍ നേടിയായിരുന്നു ലിസിന്റെ വിജയം. ഈ വര്‍ഷം ജൂലൈ/ഓഗസ്റ്റ് മാസങ്ങളില്‍ നടന്ന വാശിയേറിയ മത്സരത്തില്‍ 57 ശതമാനം വോട്ടും ലിസിന്റെ പേരില്‍ കുറിക്കപ്പെട്ടു നേതൃസ്ഥാനത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ഇന്ത്യന്‍ വംശജനായ ഋഷി സുനകായിരുന്നു മുഖ്യ എതിരാളി. നികുതിയിളവുകള്‍ അനുവദിക്കുന്നത് രാജ്യത്തെ സമ്പദ്ഘടനയെ തകര്‍ക്കുമെന്ന് ഋഷി സുനക് മുന്നറിയിപ്പു നല്‍കിയിരുന്നു. മിനി ബജറ്റില്‍ പ്രഖ്യാപിച്ച 45 കോടി പൗണ്ടിന്റെ നികുതിയിളവുകള്‍ മൂലം ഖജനാവിനുണ്ടാകുന്നനഷ്ടം എങ്ങനെ നികത്തുമെന്ന് വ്യക്തമാക്കാനുള്ള ഒരു പരാമര്‍ശവും ബജറ്റിലില്ലായിരുന്നു. വന്‍തോതില്‍ നികുതി വെട്ടിക്കുറച്ച പ്രഖ്യാപനം പൗണ്ടിന്റെ മൂല്യത്തകര്‍ച്ചയിലേക്കാണു വഴിതെളിച്ചത്. ചരിത്രത്തിലാദ്യമായി പൗണ്ടിന്റെ മൂല്യം ഡോളറിലും താഴെയായി. അരനൂറ്റാണ്ടിനിടയിലെ  ഏറ്റവും വലിയ വിലക്കയറ്റത്തിലൂടെ കടന്നുപോകുന്ന രാജ്യത്തിന് പൗണ്ടിന്റെ വിലയിടിവ്  ഇരുട്ടടിയായി. കുതിച്ചുയരുന്ന വൈദ്യുതിനിരക്കു നിയന്ത്രിക്കാന്‍ തയ്യാറാക്കിയ ഊര്‍ജ്ജാവശ്യചെലവുചുരുക്കല്‍ പദ്ധതിയും തുടക്കത്തിലേ പാളി.
ധനമന്ത്രിയായിരുന്ന ക്വാസി ക്വാര്‍ട്ടെംഗിന്റെ മിനി ബജറ്റിലെ പരിഷ്‌കാരങ്ങള്‍ വേണ്ടത്ര ആലോചനയില്ലാതെയും തിടുക്കത്തിലും നടപ്പിലാക്കിയതിനാല്‍ പിന്‍വലിക്കുകയാണെന്ന ലിസ് ട്രസിന്റെ പ്രഖ്യാപനം അവരുടെ പ്രതിച്ഛായയ്ക്കു മങ്ങലേല്പിച്ചു. മന്ത്രിസഭ അധികാരത്തിലെത്തിയതിന്റെ 38-ാം ദിവസമായിരുന്നു ക്വാര്‍ട്ടെംഗിനെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയത്. പരിചയസമ്പന്നനായ ജെറമി ഹണ്ട് പകരക്കാനായി നിയമിക്കപ്പെട്ടെങ്കിലും പ്രതിസന്ധികള്‍ പരിഹരിക്കപ്പെടാതെ  വന്നതോടെ പ്രധാനമന്ത്രി രാജിവയ്ക്കണമെന്നും പുതിയ നേതൃത്വം തിരഞ്ഞെടുക്കപ്പെടട്ടേയെന്നുമുള്ള മുറവിളി ഉയര്‍ന്നു.

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)