ടൂറിസം വികസനത്തിന്റെ ഭാഗമായി നമ്മുടെ പൈതൃകസ്വത്തായ നാടന്‍ കരകൗശലവിദ്യകളെ തേച്ചുമിനുക്കിയെടുക്കാം. പരമ്പരാഗതകൈത്തൊഴിലുകളെ പ്രോത്സാഹിപ്പിക്കുന്നതോടൊപ്പം ഇത്തരം കരകൗശലവസ്തുക്കളുടെ പ്രദര്‍ശനവും വില്പനയും നടത്തുന്നതിലൂടെ വരുമാനവും ഉണ്ടാക്കിയെടുക്കാം. പലതരത്തിലുള്ള കരകൗശലവസ്തുക്കളുണ്ട്. പാഴ്‌വസ്തുക്കളില്‍നിന്നുപോലും മനോഹരമായ അനേകം വസ്തുക്കള്‍ സൃഷ്ടിക്കുന്നവരുണ്ട്. അവരെല്ലാം നേരിടുന്ന പ്രധാന വെല്ലുവിളി വിപണനമാണ്. അവിടെയാണ് ടൂറിസംസാധ്യത ഉപയോഗപ്പെടുത്തി അവസരങ്ങള്‍ ഉണ്ടാക്കിയെടുക്കേണ്ടത്.
മണ്ണുകൊണ്ടുള്ള വിഗ്രഹങ്ങള്‍, രൂപങ്ങള്‍ തുടങ്ങിയവയും കരകൗശലവിഭാഗത്തില്‍പ്പെടും. തടികൊണ്ടും വേരുകൊണ്ടുമുള്ള കലാരൂപങ്ങള്‍, ചകിരി - കയര്‍ ഉത്പന്നങ്ങള്‍, ചവിട്ടികള്‍, ചൂടി, ചിരട്ടകൊണ്ടുള്ള വസ്തുക്കള്‍ തുടങ്ങിയവയെല്ലാം വിവിധ കരകൗശലവസ്തുക്കളാണ്. കരിങ്കല്ലില്‍നിന്നും ചെങ്കല്ലില്‍നിന്നുമൊക്കെ വിഗ്രഹങ്ങള്‍, വിളക്കുകള്‍, കല്‍ച്ചട്ടികള്‍ തുടങ്ങിയവ നിര്‍മിക്കുന്നു.
പ്ലാസ്റ്റര്‍ ഓഫ് പാരീസുകൊണ്ടും പല തരത്തിലുള്ള കരകൗശലവസ്തുക്കള്‍ നിര്‍മ്മിക്കാറുണ്ട്. അതുപോലെതന്നെ പേപ്പര്‍പൊടി, ചോക്കുപൊടി, ജിപ്‌സം മുതലായവയും പല തരത്തിലുള്ള ശില്പനിര്‍മ്മാണത്തിന് ഉപയോഗിക്കുന്നു. ഇവ ഉപയോഗിച്ചുണ്ടാക്കുന്ന ശില്പങ്ങള്‍ കൂടുതല്‍ ഉറപ്പുള്ളവയാണ്. അതിനാല്‍ ആവശ്യക്കാരും ഏറെ.
തുകല്‍കൊണ്ട് സഞ്ചികള്‍, വാദ്യോപകരണങ്ങള്‍ എന്നിവയുണ്ടാക്കുന്നു. ചെമ്മരിയാടിന്റെ രോമം കമ്പിളിപ്പുതപ്പ് നിര്‍മിക്കുന്നതിനും മാനിന്റെ തോല് ചെണ്ടയുണ്ടാക്കാനും ഉപയോഗിക്കുന്നു. പുലിത്തോല്‍ വളരെ വിലയേറിയതാണ്. ഇത് പലതരം തുകലുത്പന്നങ്ങളുടെ നിര്‍മിതിയില്‍ ഉപയോഗിക്കുന്നു.
പണ്ടുകാലത്ത് പാളപ്പാത്രങ്ങള്‍ ധാരാളമായി ഉപയോഗിച്ചിരുന്നു. കവുങ്ങിന്റെ പാള ഉപയോഗിച്ചാണ് ഈ പാത്രങ്ങള്‍ നിര്‍മിക്കുന്നത്. കൊത്തുപാള പാത്രമാക്കി അതില്‍ കഞ്ഞികുടിച്ചിരുന്നു. പരിസ്ഥിതിസൗഹൃദമായ ഇത്തരം പാത്രങ്ങള്‍ ധാരാളമായി വിപണിയില്‍ എത്തുന്നുണ്ട്. ചെറുകിടവ്യവസായമായും ഇത്തരം സംരംഭങ്ങള്‍ നമുക്കു വികസിപ്പിക്കാവുന്നതാണ്.
കൊട്ട, മുറം
മലമ്പ്രദേശത്തുള്ളവരാണ് ഈ മേഖലയില്‍ കൂടുതല്‍ ഏര്‍പ്പെട്ടിരിക്കുന്നത്. കാരണം കാട്ടിലും മലകളിലുംനിന്നാണ് ഇവ നിര്‍മ്മിക്കാനാവശ്യമായ ഓടല്‍ ശേഖരിക്കുന്നത്. മൂത്ത ഓടലാണ് ഇതിന് ഉപയോഗിക്കുന്നത്. ഈറ്റ എന്ന പേരിലും ഇത് അറിയപ്പെടുന്നു.
മൂത്ത ഓടലുകള്‍ ഉണക്കിയശേഷം ചീളുകളാക്കുന്നു. ഈ ചീളുകളും ഉണക്കിയശേഷം മാത്രമാണ് വസ്തുക്കള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്നത്. ഇതിന്റെ നിര്‍മ്മാണത്തിലെ പ്രധാന ആയുധം കത്തിയാണ്.
ചൂരല്‍
ഇതൊരു വന്‍കിടവ്യവസായമാണ്. ചൂരല്‍ അസംസ്‌കൃത വസ്തുവായി ഉപയോഗിച്ച് ഫര്‍ണിച്ചറുകളാണ് കൂടുതലായി നിര്‍മിക്കുന്നത്. നാട്ടിന്‍പുറങ്ങളില്‍ ഇപ്പോള്‍ ചൂരലുകള്‍ കിട്ടാതായി. ആസ്സാം, ആന്‍ഡമാന്‍, മലേഷ്യ എന്നിവിടങ്ങളില്‍നിന്നാണ് ഇപ്പോള്‍ ചൂരല്‍ ഇറക്കുമതി ചെയ്യുന്നത്.
നെയ്ത്ത്
പായ നെയ്യുന്നതും തുണി നെയ്യുന്നതും എല്ലാം നെയ്ത്ത് എന്ന വിഭാഗത്തില്‍പ്പെടുന്നു. അന്യം നിന്നുകൊണ്ടിരിക്കുന്ന ആ തൊഴില്‍ കലാരൂപമായും കരകൗശലവ്യവസായമായും വളര്‍ത്തിയെടുക്കാവുന്നതാണ്.
നമ്മുടെ നാടിന്റെ സാംസ്‌കാരികപൈതൃകം നിലനിറുത്തുന്ന ഇത്തരം കരകൗശലവസ്തുക്കളെ പുതുതലമുറയ്ക്കും പരിചയപെടുത്താനും അതിലൂടെ നിരവധി തൊഴിലവസരങ്ങള്‍ നല്‍കാനും ടൂറിസംമേഖലയ്ക്കു കഴിയും. വിനോദസഞ്ചാരവികസനത്തിനു പ്രോത്സാഹനം കൊടുക്കുന്ന സര്‍ക്കാര്‍ ഏജന്‍സികള്‍ ഇവയുടെ വികസനത്തിനു ശ്രദ്ധ കൊടുത്താല്‍ നാടിന്റെ പൈതൃകത്തിനു മാത്രമല്ല, ഇത്തരം തൊഴിലുകള്‍കൊണ്ട് ഉപജീവനം കഴിക്കുന്ന ജനങ്ങള്‍ക്കും നേട്ടമുണ്ടാകും.