•  16 May 2024
  •  ദീപം 57
  •  നാളം 10
കാഴ്ചയ്ക്കപ്പുറം

അച്ചന്മാര്‍ക്ക് സിനിമയിലെന്താണു കാര്യം?

പോലീസുകാര്‍ക്കെന്താ ഈ വീട്ടില്‍ കാര്യം എന്നു ചോദിച്ചു ചിരിപ്പിച്ചത് നടന്‍ ഇന്നസെന്റാണ്. ആ ചോദ്യം ഇപ്പോള്‍ മറ്റൊരു രീതിയില്‍ ചോദിച്ചാല്‍ എങ്ങനെയിരിക്കും എന്നാണ് ശീര്‍ഷകം സൂചിപ്പിക്കുന്നത്.  
അച്ചന്മാര്‍ക്കു വ്യാപരിക്കാന്‍ പറ്റിയതെന്ന മട്ടില്‍ ചില മേഖലകള്‍ നാം തീറെഴുതിക്കൊടുത്തിട്ടുണ്ട്. അതിനപ്പുറത്തേക്കു വൈദികര്‍ക്കു കടന്നുചെല്ലാന്‍ കഴിയില്ലെന്നാണ് പൊതുധാരണയും. അത്തരമൊരു നിഷിദ്ധമേഖലയായിട്ടാണ് സിനിമാലോകത്തെയും കണ്ടുപോന്നിരുന്നത്. എന്നാല്‍, ഈ അലിഖിതമായ നിയമങ്ങളുടെ സീമകളെ സൗമ്യമായി ഭേദിച്ച ചിലരെക്കുറിച്ച് ഈ ലക്കം പറയാമെന്നാണ് വിചാരിക്കുന്നത്.
അച്ചന്മാര്‍ക്കു സിനിമയില്‍ കഥയും കാര്യവും പറയാമെന്നു പൊതുസമൂഹത്തിനു കൂടുതല്‍ വ്യക്തത കൈവന്നത് വരയന്‍ സിനിമയ്ക്കുവേണ്ടിയുള്ള ഫാ. ഡാനി കപ്പൂച്ചിന്റെ രംഗപ്രവേശത്തോടെയാണ്. സിജു വില്‍സണ്‍ നായകനായി അഭിനയിച്ച സിനിമയ്ക്ക് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത് ഡാനി കപ്പൂച്ചിനായിരുന്നു. സിനിമയെ ഒരു സുവിശേഷവത്കരണമാധ്യമമായിമാത്രമാണ് താന്‍ കാണുന്നതെന്നു വ്യക്തമാക്കുന്നതാണ് അച്ചന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞ ഈ വാക്കുകള്‍:
'നമ്മുടെ ഒരു രീതി ഇടയനെ തേടിച്ചെല്ലുന്ന ആടുകളുടേതാണ്. ഒരു ധ്യാനകേന്ദ്രം ഒരു ധ്യാനഗുരു ഈ രീതിയിലാണ് കാര്യങ്ങള്‍ നടക്കുന്നത്. നമ്മള്‍ എപ്പോഴും ചെയ്തുകൊണ്ടിരിക്കുന്നത് കൃത്യമായ രീതിയിലുള്ള സുവിശേഷവത്കരണം മാത്രമാണ്. ഇതൊന്നും ഇല്ലാത്ത ഒരു ജനതയുണ്ട്. അതിനപ്പുറത്തേക്കുള്ള സാധ്യതകളെ നാം അന്വേഷിക്കുന്നില്ല. ധ്യാനകേന്ദ്രങ്ങള്‍പോലെയുള്ള സ്ഥലങ്ങള്‍ തേടിച്ചെല്ലുന്നത് ഒരു പ്രത്യേക വിഭാഗം ആളുകള്‍ മാത്രമാണ്.  ധ്യാനകേന്ദ്രങ്ങളുടെ സൗകര്യം അനുഭവിക്കാത്ത ധാരാളം പേരുണ്ട്. എല്ലാവരും ചെന്നുകയറുന്ന ഒരു ഇടം. അതാണു വേണ്ടത്. സിനിമ അത്തരമൊരു മാധ്യമമാണ്. എല്ലാവര്‍ക്കും അവിടെ സ്‌പെയ്സുണ്ട്. ധ്യാനപ്രസംഗങ്ങളില്‍പോലും തമാശകള്‍ കലര്‍ത്തിയാണു കാര്യം പറയുന്നത്. അതുപോലെ കഥയില്‍ ചാലിച്ചാണ് പല കാര്യങ്ങളും പറയുന്നതും. സിനിമ അതിന്റെ വികസിതരൂപമാണ്.  സിനിമയെന്ന സംസ്‌കാരം ആഴമുള്ളതാണ്.  അവിടെ സാധിക്കുന്നിടത്തോളം സ്പിരിച്വാലിറ്റി നല്കാനാണു ശ്രമിക്കുന്നത്.
ഏറ്റവും നല്ല കഥപറച്ചിലുകാരന്‍ ക്രിസ്തുവായിരുന്നു. കാണാതെപോയ ആടുകളുടെയും സമരിയാക്കാരന്റെയും ഒക്കെ കഥകള്‍ ഓര്‍മിക്കുക. കഥയിലൂടെ കാര്യം അവതരിപ്പിക്കുകയായിരുന്നു ക്രിസ്തു ചെയ്തത്. അങ്ങനെ നോക്കുമ്പോള്‍ സിനിമയും ക്രിസ്തുവും പറയുന്നത് ഒന്നുതന്നെയാണ്. സുവിശേഷവത്കരണത്തിനു പൊതുമാധ്യമങ്ങള്‍ ഉപയോഗപ്പെടുത്തുക എന്നതാണു ലക്ഷ്യം.''
റോയ് കാരയ്ക്കാട്ടാണ് സിനിമയില്‍ അങ്കംകുറിച്ച മറ്റൊരു കപ്പുച്ചിന്‍ വൈദികന്‍. വരയന്‍ പോലെ തീയറ്ററിലല്ല ഇദ്ദേഹത്തിന്റെ ആദ്യസിനിമയായ 'കാറ്റിനരികെ'യെത്തിയത് എന്നതുകൊണ്ട് ഒരുപക്ഷേ, ഏറെപ്പേര്‍ ഇക്കാര്യം അറിഞ്ഞുകാണില്ല. കഴിഞ്ഞ വര്‍ഷം ഒടിടി റീലിസായി പുറത്തുവന്ന ചിത്രത്തിനു ഫിലിം ക്രിട്ടിക്സ് അവാര്‍ഡും കിട്ടി. സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ ശ്രദ്ധേയമായ അവാര്‍ഡായ ഫിലിം ക്രിട്ടിക്സിന്റെ നവാഗതസംവിധായകനുള്ള അവാര്‍ഡ്  റോയി കാരയ്ക്കാട്ടിനെപ്പോലെയുളള ഒരു വൈദികനു ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല. വരയന്‍ പോപ്പുലര്‍ സിനിമയുടെ സംസ്‌കാരത്തില്‍ നിന്നാണു പിറവിയെടുത്തതെങ്കില്‍ 'കാറ്റിനരികെ'യ്ക്ക് അത്തരമൊരു മുഖമുണ്ടായിരുന്നില്ല. രണ്ടും രണ്ടുരീതിയില്‍ ക്രിസ്തീയമൂല്യങ്ങള്‍തന്നെയാണു പകര്‍ന്നുനല്കിയത്. കച്ചവടസിനിമയുടെ മാര്‍ക്കറ്റിങ് സ്ട്രാറ്റജി വരയനു കൂടുതല്‍ ഗുണം ചെയ്തപ്പോള്‍ കാറ്റിനരികെയ്ക്ക് അത് അത്രത്തോളം സാധിച്ചില്ലെന്നു മാത്രം.
സിഎംഐ സഭാംഗമായ ഫാ. ബാബു തട്ടില്‍ രചന നിര്‍വഹിച്ച ഒരു സിനിമയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിക്കുന്നത്. സിഗ്‌നേച്ചര്‍ എന്നു പേരിട്ടിരിക്കുന്ന ഈ സിനിമ നവംബര്‍ 11 നാണ് തീയറ്ററുകളിലെത്തുന്നത്. ടിനി ടോം നായകനായ സിനിമ അട്ടപ്പാടി കേന്ദ്രീകരിച്ചാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അട്ടപ്പാടിയിലെ  ഗോത്രവര്‍ഗവിഭാഗമായ മുഡുകരുടെ കഥയാണ് ചിത്രം പറയുന്നത്. എങ്കിലും ചിത്രം ക്രൈംത്രില്ലറായിട്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. 30 ല്‍ അധികം ഗോത്രവിഭാഗക്കാര്‍ക്കൊപ്പം ദേശീയപുരസ്‌കാരം നേടിയഗായിക നഞ്ചിയമ്മയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. നന്മയുടെ ആശയങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുകയെന്നതാണു തന്റെ ലക്ഷ്യമെന്നാണ് ഫാ. ബാബു പറയുന്നത്.
ഇതെല്ലാം വര്‍ത്തമാനകാലസംഭവങ്ങളാണെങ്കില്‍ ഇതിനു മുമ്പ് ഒരു മലയാളിവൈദികന്‍ ഇന്ത്യയിലെതന്നെ ഏറ്റവും മികച്ച സിനിമയുമായി കടന്നുവന്ന് പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്. സലേഷ്യന്‍സഭാംഗമായ ഫാ. ജോസഫ് പുളിന്താനമാണ് അത്. 2008 ല്‍  ഇന്റര്‍നാഷനല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യയുടെ രണ്ടാം ദിവസം പ്രദര്‍ശിപ്പിച്ച സിനിമയായിരുന്നു അത്.
ത്രിപുരയിലെ ഗോത്രവര്‍ഗക്കാരുടെ ഭാഷയായ കോക്‌ബോറോക്കില്‍ നിര്‍മിച്ച 95 മിനിറ്റ് ദൈര്‍ഘ്യമുള്ള യാര്‍ങ് എന്ന സിനിമ പറഞ്ഞത് കുടിയൊഴിപ്പിക്കപ്പെട്ട ഗോത്രവര്‍ഗക്കാരുടെ ജീവിതത്തെക്കുറിച്ചായിരുന്നു. ത്രിപുരയിലെ ഗോമതിനദിക്കു കുറുകെ പണിത ജലവൈദ്യുതപദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇവിടെയുള്ളവര്‍ കുടിയൊഴിപ്പിക്കപ്പെട്ടത്. ഇവരുടെ നിസ്സഹായതകളിലേക്കും വേദനകളിലേക്കുമാണ് ഫാ. ജോസഫ് ക്യാമറ തിരിച്ചുവച്ചത്. 2008 ല്‍ മുംബൈയില്‍ നടന്ന ഏഴാമത് ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രത്യേക ജൂറി പരാമര്‍ശം നേടിയിരുന്നു.
സംവിധാനമോ രചനയോ അല്ലാതെ നിര്‍മാതാവിന്റെ റോളില്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ച ഒരു വൈദികനാണ് ഫാ. മൈക്കിള്‍ പനച്ചിക്കല്‍. നിരവധി ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ പനച്ചിക്കലച്ചനാണ് 2010 ജനുവരിയില്‍ പ്രദര്‍ശനത്തിനെത്തിയ 'കന്മഴ പെയ്യുംമുമ്പേ എന്ന ചിത്രം നിര്‍മ്മിച്ചത്.
ഫാ. ബോബി ജോസ് കട്ടിക്കാട് (സണ്‍ഡേ ഹോളിഡേ), ഫാ. ജോസഫ് പുത്തന്‍പുരയില്‍ (കാറ്റിനരികെ), ഫാ. ഡേവിസ് ചിറമ്മേല്‍(എല്ലാം ശരിയാകും) തുടങ്ങിയ വൈദികര്‍ കഥാപാത്രങ്ങളായിത്തന്നെ സിനിമയില്‍ വേഷമിട്ടതും ഓര്‍മയില്‍വരുന്നു. ഇതെല്ലാം കാണിക്കുന്നത് വൈദികരുടെ വ്യക്തിപരമായ താത്പര്യത്തിന്റെയോ  അഭിരുചിയുടെ പേരില്‍ മാത്രമല്ല ഈ സിനിമകളെല്ലാം പിറവിയെടുത്തിരിക്കുന്നത് എന്നാണ്. മറിച്ച് സഭയുടെ കലാദര്‍ശനത്തിന്റെയും മാധ്യമവീക്ഷണത്തിന്റെയും ഭാഗമാണ് ഇത്. ഇക്കാര്യം മനസ്സിലാകണമെങ്കില്‍ രണ്ടാംവത്തിക്കാന്‍ കൗണ്‍സില്‍ പ്രമാണരേഖകളില്‍ ഇതേക്കുറിച്ചു പറഞ്ഞിരിക്കുന്നതു മനസ്സിലാക്കണം.
സത്യം പ്രചരിപ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും മനുഷ്യസമൂഹത്തിന്റെ ക്രിസ്തീയമായ സംവിധാനം സുരക്ഷിതമാക്കുന്നതിനുംവേണ്ടിയുള്ളതാണ് സിനിമാസംരംഭങ്ങളും റേഡിയോ, ടെലിവിഷന്‍ തുടങ്ങിയവയെന്നും അതില്‍ പറയുന്നു.  കൂടുതല്‍ പ്രസക്തമെന്നു തോന്നുന്നതും ലേഖനത്തിന്റെ ആശയം സാധൂകരിക്കുന്നതെന്നു തോന്നുന്നതുമായ ചിലഭാഗങ്ങള്‍ രണ്ടാംവത്തിക്കാന്‍ പ്രമാണരേഖയില്‍നിന്നു പകര്‍ത്തട്ടെ:
''പത്രപ്രവര്‍ത്തകരും സിനിമ,  റേഡിയോ ടെലിവിഷന്‍ എന്നിവയുടെ പ്രക്ഷേപണത്തിനുള്ള എഴുത്തുകാരും മറ്റു തത്പരവ്യക്തികളും ക്രിസ്തീയചൈതന്യത്താല്‍ പൂരിതരാകണം; പ്രത്യേകിച്ച്, സഭയുടെ സാമൂഹികശാസ്ത്രം സംബന്ധിച്ചു സമഗ്രമായ രൂപവത്കരണം പ്രാപിക്കാന്‍ അവര്‍ക്കു കഴിയണം. വിജ്ഞാനത്താല്‍ പ്രണിതപ്രജ്ഞരായി എപ്പോഴുംധാര്‍മികചിന്ത അതിന്റെ വെളിച്ചത്തില്‍ ഉയര്‍ത്തിപ്പിടിക്കുന്നതിനുതകുന്ന നിഗമനങ്ങളെടുക്കുന്നതിനു പരിശീലിപ്പിക്കപ്പെടുകയും പ്രേരിപ്പിക്കപ്പെടുകയും ചെയ്യണം. മാന്യമായ മാനസികവിശ്രമത്തിനു വേണ്ടിയും മാനുഷികസംസ്‌കാരത്തിനും കലയ്ക്കും വേണ്ടിയും പ്രയോജനപ്രദമായ ചലച്ചിത്രനിര്‍മാണവും പ്രദര്‍ശനവും പ്രത്യേകിച്ച് യുവജനങ്ങളെ ലക്ഷ്യം വച്ചുള്ളവയാണെങ്കില്‍ ശക്തമായ എല്ലാ സഹായങ്ങളും വഴി പ്രോത്സാഹിപ്പിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും ചെയ്യണം.'' 
ഇത്തരമൊരു സഭാവീക്ഷണത്തിന്റെയും പ്രബോധനത്തിന്റെയും അടിസ്ഥാനത്തിലാണ് കത്തോലിക്കരായ വൈദികര്‍ സിനിമാരംഗവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നത്. തെറ്റായ പ്രബോധനങ്ങളും ജീവിതവീക്ഷണവുംകൊണ്ട് പൊതുസമൂഹത്തെ വഴിതെറ്റിക്കാന്‍ ജനപ്രിയകലയായ സിനിമയുടെ ഒഴുക്കിനു കഴിയുമ്പോള്‍ അതിനെതിരേ തുഴയാനുളള തീരുമാനത്തിന്റെ ഭാഗമാണ് വൈദികരുടെ സിനിമാപ്രവേശങ്ങള്‍. പുതിയകാലത്ത് അവര്‍ക്ക് സമൂഹത്തോടു സംവദിക്കാനുള്ള പുതിയ മാര്‍ഗമാണ് സിനിമ. അപ്പോഴും ചില പ്രതിസന്ധികളും പ്രലോഭനങ്ങളും അവരെ കാത്തുനില്ക്കുന്നുമുണ്ട്. അതിനെ എത്രത്തോളം നേരിടാന്‍ കഴിയുന്നുവെന്നതിലാണ് അവരുടെ പ്രസക്തി.
സഭയ്ക്കു വിജയിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഒരു മേഖലയുമില്ലെന്നു നിരീക്ഷിച്ചാല്‍ മനസ്സിലാവും. അതുകൊണ്ടുതന്നെ വരുംകാലങ്ങളില്‍ സഭ സിനിമ പോലെയുള്ള കലാരൂപങ്ങളിലേക്കു കൂടുതല്‍ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അതിന് വൈദികരെയും സന്ന്യസ്തരെയും മാത്രമല്ല അല്മായരെയുംകൂടി സഭ പരിഗണിക്കണം. ധാര്‍മികചിന്തയുള്ള ഒരു കൂട്ടം ആളുകളെ വാര്‍ത്തെടുത്ത് സുവിശേഷമൂല്യങ്ങള്‍ സമൂഹത്തിനു പകര്‍ന്നുനല്കാന്‍ കഴിയത്തക്കവിധത്തില്‍ അവരുടെ കഴിവുകളെ പ്രയോജനപ്പെടുത്താന്‍ സന്നദ്ധമാകണം.

 

Login log record inserted successfully!