പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപങ്ങളില്‍നിന്ന് എണ്ണയും കണ്ണീരും രക്തവും കിനിയുന്ന പ്രതിഭാസം അനേകംനാളുകളായി കേരളത്തില്‍ കണ്ടുതുടങ്ങിയിട്ട്. ഈ കാഴ്ചകള്‍ ഭാവനക്കാഴ്ചകളോ (isio imaginativa) ആത്മീയക്കാഴ്ചകളോ (visio intellec-tualis) അല്ല, ഐന്ദ്രിയക്കാഴ്ചകളാണ് (visio sensibilis)  എന്നതിനാല്‍ (ബെനഡിക്ട് പതിനാറാമന്‍ പാപ്പായുടെ ഭാഷയില്‍), ഈ പ്രതിഭാസവുമായി സമ്പര്‍ക്കത്തിലാകുന്ന എല്ലാവരിലും അമ്പരപ്പും അദ്ഭുതവും ഉള്ളവാകുന്നത് തികച്ചും സ്വാഭാവികമാണ്.
ഇത്തരം പ്രതിഭാസങ്ങള്‍, പക്ഷേ, പലപ്പോഴും വൈകാരികമായാണു കൈകാര്യംചെയ്യപ്പെടാറ്. അവ ചിലരെയെങ്കിലും വലിയ ഭക്തിപാരവശ്യങ്ങളിലേക്കു നയിക്കുന്നുണ്ട്; ചുരുക്കം ചിലര്‍ക്ക് അവ ജീവിതമാനസാന്തരത്തിനിടയാക്കുന്നു. വേറേ ചിലര്‍ക്ക് അതു പരസ്യം നല്‍കാനും ആളെക്കൂട്ടാനുമുള്ള അവസരങ്ങളാണ്. മറ്റു ചിലര്‍ ഇത്തരം പ്രതിഭാസങ്ങളെ പുച്ഛിക്കുന്നു. ഇനിയും ചിലര്‍ എന്തു നിലപാടെടുക്കേണ്ടൂ എന്നറിയാതെ കുഴങ്ങുന്നു.
സഭയ്ക്ക് ഇതു പുത്തരിയല്ല
1995 ല്‍ ഇറ്റലിയിലെ ചിവിത്തവെക്കിയയില് അറുപതോളം ആളുകള്‍ക്കുമുന്നില്‍ ഒരു വീട്ടിലെ മാതാവിന്റെ രൂപം രക്തക്കണ്ണീരണിഞ്ഞ സംഭവത്തിനു രൂപതാമെത്രാന്തന്നെ സാക്ഷിയായപ്പോഴും ശാസ്ത്രീയപഠനങ്ങള്ക്കൊടുവില് സഭ അത് അവഗണിക്കുകയായിരുന്നു. സ്വന്തം ഡി.എന്‍.എ.  പരിശോധന നടത്താന്‍ വീട്ടുകാരന് തയ്യാറാകാതിരുന്നതിനാലായിരുന്നു അത്. രക്തം പുരുഷന്റേതായിരുന്നു! ആ സംഭവത്തിനുശേഷം രൂപങ്ങളുടെ കണ്ണീരൊഴുക്കലുകള് പലതുണ്ടായെങ്കിലും, മിക്കവയുംതന്നെ കഥയില്ലാത്തവയായിരുന്നു! 
2002 ല്‍ ഓസ്ട്രേലിയയിലെ റോക്കിങ്ഹാമില് മാതാവിന്റെ രൂപം കണ്ണീര്പൊഴിച്ചതും അതേത്തുടര്‍ന്ന് മാതാവിന്റെ പ്രത്യക്ഷമുണ്ടായതും സഭ ഗൗരവമായ പഠനങ്ങള്‍ക്കു വിധേയമാക്കുകയും പ്രകൃത്യതീതമെന്നു പരസ്യമായി അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്.
2002 ല്‍ത്തന്നെ ഇറ്റലിയിലെ മെസ്സീന എന്ന സ്ഥലത്ത് വി. പാദ്രേപിയോയുടെ രൂപം രക്തക്കണ്ണീരണിഞ്ഞപ്പോള് കര്‍ക്കശമായ ശാസ്ത്രീയ പരിശോധനകള്‍ക്കു വിധേയമാക്കിയ സഭാധികാരികള്‍ ഉടന്‍തന്നെ അതിനെ തള്ളിപ്പറഞ്ഞു. കാരണം, ആ രക്തം ഒരു സ്ത്രീയുടേതായിരുന്നു. 
2008 ല്‍ വടക്കേ ഇറ്റലിയിലെ ഫോര്‍ലി എന്ന സ്ഥലത്ത് വിന്‍ചെന്‍സോ ദി കൊസ്റ്റാന്സോ എന്ന കൈക്കാരന് അറസ്റ്റിലായി - രണ്ടു വര്‍ഷംമുമ്പ് ആ ദേവാലയത്തിലെ മാതാവിന്റെ രൂപം രക്തക്കണ്ണീരണിഞ്ഞതിന്റെ പേരില്‍.  ഡി.എന്‍.എ. പരിശോധന വിരല്‍ചൂണ്ടിയത് വിന്ചെന്സോയിലേക്ക് ആയിരുന്നത്രേ! 
2018 ല്‍ ന്യൂ മെക്സിക്കോയിലെ ഗ്വദലൂപെ മാതാവിന്റെ രൂപത്തിലെ കണ്ണീരിനെ രൂപത തള്ളിക്കളഞ്ഞത് അതില്‍ ചില രാസപദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു.
''പരിശോധിച്ചു'' നിലപാടെടുക്കുന്ന സഭ
ഇത്തരം പ്രതിഭാസങ്ങളില്‍ സഭ പുലര്‍ത്തുന്ന നിലപാട്, 'എല്ലാം പരിശോധിച്ചുനോക്കുവിന്‍; നല്ലവയെ മുറുകെപ്പിടിക്കുവിന്‍' എന്ന തിരുവചനത്തില്‍ അധിഷ്ഠിതമാണ് (1 തെസ. 5:21). നിരവധിയായ അദ്ഭുതപ്രതിഭാസങ്ങളുടെ അനുഭവസമ്പത്തുള്ളവളാണ് കത്തോലിക്കാസഭ. സ്വര്‍ഗത്തിന്റെ സന്ദേശം അചിന്തനീയങ്ങളായ രീതികളില്‍ ലഭിച്ച, കഴിഞ്ഞ രണ്ടായിരം വര്‍ഷങ്ങളുടെ ചരിത്രം അവള്‍ക്കുണ്ട്. കരയുന്ന തിരുസ്വരൂപങ്ങളുടെ കാര്യത്തില്‍ കത്തോലിക്കാസഭയ്ക്കു ജാഗ്രതാപൂര്വകമായ നിലപാടാണുള്ളത്. സംശയദൃഷ്ടിയോടെയാണ് അത്തരം കാര്യങ്ങളെ സഭ സമീപിക്കുന്നത്. എന്നു മാത്രമല്ല, അവയുടെ പരിശോധനയില്‍ കാര്‍ക്കശ്യമുള്ളതും ഉന്നതവുമായ മാനദണ്ഡങ്ങളാണു സഭ നിഷ്കര്‍ഷിക്കുന്നത്. ഭൂതോച്ചാടകരുടെ അന്താരാഷ്ട്രസംഘടനയുടെ ഉപദേശകനായ ആഡം ബ്ലൈയുടെ ഇമവേീഹശര ഏൗശറല ീേ ങശൃമരഹല െഎന്ന ഗ്രന്ഥം അദ്ഭുതങ്ങള്ക്കുമുന്നില് സഭ പുലര്‍ത്തുന്ന ഈ കര്ക്കശനിലപാടും, നിഷ്കര്‍ഷിക്കുന്ന ശാസ്ത്രീയപരിശോധനപ്രക്രിയയും വിവേചിച്ചറിയലും ഭംഗിയായി വിവരിക്കുന്നുണ്ട്.
ദൈവിക ഇടപെടലുകളിലും പ്രകൃത്യതീതപ്രതിഭാസങ്ങളിലും കത്തോലിക്കര്‍ വിശ്വസിക്കുമ്പോള്‍ത്തന്നെ (ാീശേ്മ രൃലറശയശഹശമേശേ)െ അത്തരം അദ്ഭുതങ്ങളെ യുക്തിയുടെയും ശാസ്ത്രത്തിന്റെയും ഉറപ്പോടെ മാത്രമേ അംഗീകരിക്കാവൂ എന്ന് സഭയ്ക്കു നിര്‍ബന്ധമുണ്ട് (ഇഇഇ 156). 
വിവേചനശക്തി അനിവാര്യം
വലിയ വിവേചനശക്തി ആവശ്യമുള്ള മേഖലയാണിത്. കാരണങ്ങള്‍ പലതാണ്: ഒന്നാമത്, മനുഷ്യരുടെ കൗശലമാര്‍ന്ന കൈകടത്തലുകള്‍ ഇത്തരം പ്രതിഭാസങ്ങള്‍ക്കു പിന്നിലുണ്ടാവാം. രണ്ടാമത്, വ്യക്തിനിഷ്ഠയ്ക്കും മാനസികാവസ്ഥകള്‍ക്കും ഇതില്‍ പങ്കുണ്ടാകാം. മൂന്നാമത്, തികച്ചും സ്വാഭാവികമായ പ്രകൃതിയിലെ പ്രതിഭാസങ്ങളാകാം ഇവ. നാലാമത്, ദുഷ്ടാരൂപിയില്നിന്നുള്ളതാകാം.  അഞ്ചാമത്, ദൈവികമായ ഇടപെലുകള്ത്തന്നെയും ആകാം. അതിനാല്‍, പരിശോധിച്ചു വിവേചിച്ചറിയുന്നതിനുമുമ്പ് ഇത്തരം പ്രതിഭാസങ്ങള്‍ കൊട്ടിഘോഷിക്കുന്നത് ആരോഗ്യകരമല്ല, സഭാത്മകശൈലിയുമല്ല.
ശാസ്ത്രത്തിനു വിശദീകരിക്കാനാവാത്തതെല്ലാം അദ്ഭുതമാണ് എന്നും സഭ കരുതുന്നില്ല. അവയുടെ ദൈവികസ്രോതസ്സ് ഉറപ്പുവരുത്തുന്നതില്‍ വിശ്വാസനിക്ഷേപത്തോടുള്ള അവയുടെ ബന്ധത്തിനു വലിയ പങ്കുണ്ട്. ക്രിസ്തുവില്‍ പൂര്‍ത്തിയായ പൊതുവെളിപാടിനോടു ചേര്ന്നുനില്ക്കുന്നുവെന്ന് ഉറപ്പുള്ളവമാത്രമേ സഭയുടെ അംഗീകാരം നേടുകയുള്ളൂ. 
തിരിച്ചറിവില്‍ കാലത്തിനുള്ള പങ്ക്
ആത്മീയപ്രതിഭാസങ്ങളെ വിവേചിച്ചറിയുന്നതിനു സമയത്തിനുള്ള പ്രാധാന്യത്തെക്കുറിച്ചു വ്യക്തമായ അവബോധമുള്ളവളാണു സഭ. 1858 മുതല്‍  ലൂര്‍ദില്‍ എണ്ണായിരത്തോളം അദ്ഭുതങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും കഴിഞ്ഞ ഒന്നര ശതകത്തിനകം എഴുപത് അദ്ഭുതങ്ങള്‍ക്കു മാത്രമാണ് വൈദ്യശാസ്ത്രത്തിന്റെ സഹായത്തോടെയുള്ള ഔദ്യോഗികമായ സ്ഥിരീകരണം സിദ്ധിച്ചിട്ടുള്ളത്. അദ്ഭുതങ്ങളും അടയാളങ്ങളും സ്ഥിരീകരിക്കപ്പെടാനുള്ള മാനദണ്ഡങ്ങളില്‍ 'കാലം' വലിയൊരു ഘടകമാണ്. അതുകൊണ്ടുതന്നെയാണ്, വിശുദ്ധരുടെ നാമകരണനടപടികള്‍ പല പതിറ്റാണ്ടുകള്‍ നീണ്ടുപോകാന്‍ ഇടയാകുന്നത്.
വിശുദ്ധരുടെ നാമകരണനടപടികള്‍ക്ക് എതിര്‍വാദങ്ങളുന്നയിക്കാന്‍ വിശ്വാസപ്രചോദകന് (പ്രൊമോട്ടര്‍ ഓഫ് ഫെയ്ത്ത്) എന്ന ഒരു തസ്തികതന്നെയുണ്ട് എന്നോര്‍ക്കുക. വിശ്വാസവും യുക്തിയും ദൈവത്തിന്റെ ദാനമാണെന്ന തിരിച്ചറിവും വിശ്വാസജീവിതത്തില്‍ യുക്തിക്കുള്ള സ്ഥാനവും അതില്‍നിന്നു വ്യക്തമാണ്. 'ഡെവിള്‍സ് അഡ്വക്കേറ്റ്' എന്നാണ് ആ തസ്തിക മുന്‍കാലങ്ങളില്‍ അറിയപ്പെട്ടിരുന്നത്. വിശ്വാസമേഖലയിലെ സ്ഥിരീകരണത്തിനുള്ള സഭയുടെ യുക്തിഭദ്രമായ ഈ ശൈലി പ്രകൃത്യതീതപ്രതിഭാസങ്ങളില് നാം അവലംബിക്കണം. 
മൈക്കിള്‍ ഒനീലിന്റെ Exploring the Miraculous എന്ന ഗ്രന്ഥത്തില്‍ ഇത്തരം പ്രതിഭാസങ്ങള്‍ക്കു സഭയുടെ സുവിശേഷവത്കരണദൗത്യത്തിലുള്ള സ്ഥാനവും ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടാകുമ്പോള്‍ സഭയുടെ പ്രബോധനാധികാരത്തോട് അനുഭവസ്ഥര്‍ പുലര്‍ത്തേണ്ട അനുസരണവും ഊന്നിപ്പറഞ്ഞിരിക്കുന്നു. ഏതായാലും, ദൈവത്തില്‍നിന്നുള്ളതാണെങ്കില്‍ അത്തരം അടയാളങ്ങള്‍ക്കും അദ്ഭുതങ്ങള്‍ക്കും മനുഷ്യരുടെ സവിശേഷ ഇടപെടലുകളില്ലാതെതന്നെ, വേണ്ടസമയത്ത് സഭയുടെ സ്ഥിരീകരണം ലഭിച്ചിരിക്കും. കാരണം, സഭയെ നയിക്കുന്നത് പരിശുദ്ധാത്മാവാണ് (CF. യോഹ 16,13).
പ്രായോഗികമായി എന്തു ചെയ്യണം?
1. ഇത്തരം പ്രതിഭാസങ്ങള്‍ ഉണ്ടായാല്‍, ഇടവകവികാരിയെ അറിയിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അദ്ദേഹത്തിന്റെ നിര്‍ദേശങ്ങള്‍ പൂര്‍ണമായി പാലിക്കണം. ആവശ്യമെങ്കില്‍, വികാരിയച്ചന് രൂപതാകേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. അദ്ഭുതങ്ങളുടെ വാസ്തവികതയെ സംബന്ധിച്ചുള്ള തിരിച്ചറിയലില്‍ പ്രഥമമായ ഉത്തരവാദിത്വവും അധികാരവുമുള്ളത് രൂപതാധ്യക്ഷനാണ്. മെത്രാന്റെ നിര്‍ദേശങ്ങളോടും നടപടികളോടും പൂര്‍ണമായ വിധേയത്വം പാലിക്കാന്‍ ഏവരും തയ്യാറാകണം. വിദഗ്ധരുടെ ഒരു സമിതിയെ പഠനത്തിനു നിയോഗിക്കാന്‍ മെത്രാന് അവകാശമുണ്ട്. സമിതിയുടെ പഠനറിപ്പോര്‍ട്ടില്‍ അദ്ദേഹത്തിനു സ്വയം തീരുമാനമെടുക്കാം. ആവശ്യമെങ്കില്‍, കൂടുതല്‍ പഠനത്തിനും വിവേചനത്തിനുമായി വത്തിക്കാനിലേക്കു വിഷയം പരാമര്‍ശിക്കുകയുമാകാം.
2. ദൈവത്തില്‍നിന്നുള്ളതാണെങ്കില്‍ അത്തരം പ്രതിഭാസങ്ങളില്‍ പൊതുവെളിപാടിനോടു ചേര്‍ന്നുപോകുന്ന കൃത്യമായ ഒരു സന്ദേശമോ കാലികപ്രസക്തിയുള്ള ആത്മീയതയോ സ്ഥലകാലാനുസൃതമായ ഒരു ഊന്നലോ  ഉണ്ടായിരിക്കും. മാതാവിന്റെ കണ്ണീരിന്റെ അദ്ഭുതമാനത്തിന് അമിതമായ ഊന്നല്‍ നല്കിയാല്, ഒരുപക്ഷേ, ആ കണ്ണീരിനു പിന്നിലെ സന്ദേശം തിരിച്ചറിയാന്‍ കഴിയാതെപോകുമെന്ന അപകടമുണ്ട്. സന്ദേശം തിരിച്ചറിയാന്‍ പ്രാര്ത്ഥനാപൂര്വകവും എളിമയോടുകൂടിയതുമായ കാത്തിരിപ്പാണ് ആവശ്യം. 
3. പ്രത്യേകിച്ച്, വൈദികരും സന്ന്യസ്തരും ഇത്തരം സാഹചര്യങ്ങളില്‍ മിതത്വം പാലിക്കുകയും സഭാത്മകമനോഭാവത്തോടെ പെരുമാറുകയും വേണം. സന്ന്യാസിനികളുടെ സാന്നിധ്യവും സഹകരണവും ഇത്തരം പ്രതിഭാസങ്ങള്‍ക്ക് കേരളത്തില്‍ അനാവശ്യമായ പ്രചാരം ലഭിക്കാന്‍ ഇടയാക്കുന്നുണ്ട് എന്നു പറയാതെ വയ്യ.
4. വിശ്വാസത്തെ വൈകാരികതയിലേക്കു ചുരുക്കാതെ, ഇത്തരം പ്രതിഭാസങ്ങളെ യുക്തിഭദ്രതയോടെയും സംശയദൃഷ്ടിയോടെയും വീക്ഷിച്ച്, കൃത്യമായി വിവേചിച്ചറിയാനുള്ള ഒരു സാഹചര്യം ഒരുക്കുകയാണു വേണ്ടത്. അതിനാല്‍, അനാവശ്യപരസ്യം നല്കാതിരിക്കാന് എല്ലാവരും ശ്രദ്ധിക്കണം.
							
 ഡോ. ജോഷി മയ്യാറ്റിൽ
                    
									
									
									
									
									
                    