•  16 May 2024
  •  ദീപം 57
  •  നാളം 10
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തവളാണ് ഇന്ദുലേഖ. ദൂരെയുള്ള ഒരു സ്‌കൂളില്‍ ടീച്ചറായി ജോലി കിട്ടിയ ഇന്ദു ജോയിന്‍ ചെയ്യാന്‍ ട്രെയിനില്‍ പോകുമ്പോള്‍ ഇടയ്ക്ക് അച്ഛന്‍ പ്ലാറ്റ് ഫോമില്‍ തലകറങ്ങി വീണ് ആശുപത്രിയിലായി. ട്രെയിനിലുണ്ടായിരുന്ന അഭിഷേക് എന്ന യുവാവ് അവളെ സ്‌കൂളിലെത്തിച്ചു. സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകനാണ് അഭിഷേക് എന്ന് ഇന്ദു പിന്നീടറിഞ്ഞു. അവര്‍ നല്ല സുഹൃത്തുക്കളായി. അതറിഞ്ഞപ്പോള്‍ മറ്റു ടീച്ചേഴ്‌സിന് അസൂയയായി. മാനേജര്‍ ആനന്ദന്‍ ഒരു സ്ത്രീലമ്പടനായിരുന്നു. അയാളുടെ ഇഷ്ടത്തിന് പ്രതികൂലമായി നിന്നപ്പോള്‍ ഇന്ദുവിനോട് അയാള്‍ക്കു ദേഷ്യമായി. അഭിഷേകിന്റെ അനുമതി വാങ്ങി മൂന്നുദിവസം ലീവെടുത്ത് ഇന്ദു വീട്ടിലേക്കു പോയി. ഇതില്‍ രോഷാകുലനായി ആനന്ദന്‍, ഇന്ദു തിരിച്ചുവന്നപ്പോള്‍ അവളെ വീട്ടിലേക്കു വിളിച്ചു. (തുടര്‍ന്നു വായിക്കുക)
 
ന്ദുലേഖകയറിച്ചെന്നപ്പോള്‍ ആനന്ദന്‍ വീട്ടിലുണ്ടായിരുന്നില്ല. ഭാര്യ ശ്രീദേവിയോട് അവള്‍ കാര്യം പറഞ്ഞു.
''റ്റീച്ചര്‍ പൊയ്‌ക്കൊള്ളൂ. അദ്ദേഹത്തെ ഞാന്‍ പറഞ്ഞു മനസ്സിലാക്കിക്കൊള്ളാം.''
ഇന്ദുവിനെ സമാധാനിപ്പിച്ചു പറഞ്ഞയച്ചു ശ്രീദേവി. തിരികെ നടക്കുമ്പോള്‍ അവളുടെ മനസ്സിലെ തീ അണഞ്ഞിരുന്നു. എത്ര നല്ല സ്ത്രീ. അവര്‍ക്ക് ഇങ്ങനെയൊരു ദുഷ്ടനെയാണല്ലോ ഭര്‍ത്താവായി കിട്ടിയത്. 
സ്‌കൂളിന്റെ അടുത്തെത്തിയതും എതിരേ വന്ന ഒരു കാര്‍ പൊടുന്നനേ അവള്‍ക്കരികില്‍ നിന്നു. ഇന്ദു നോക്കി. ഡ്രൈവര്‍ സീറ്റില്‍ അഭിഷേക്.
''എവിടെപ്പോയിരുന്നു ഈ നേരത്ത്?'' ചിരിച്ചുകൊണ്ട് അയാള്‍ ആരാഞ്ഞു. ഇന്ദു അഭിഷേകിനോടു കാര്യം പറഞ്ഞു.
''അതൊന്നും കാര്യാക്കണ്ട. ഞാന്‍ എച്ചെമ്മിനോടു വിളിച്ചു പറഞ്ഞേക്കാം. സമാധാനമായിട്ട് പൊയ്‌ക്കോ. ങ്ഹാ... അച്ഛനെങ്ങനുണ്ട്?''
അവള്‍ അച്ഛന്റെ അവസ്ഥ പറഞ്ഞു.
''ഒക്കെ ഭേദാവൂന്നേ. ഞാന്‍ പ്രാര്‍ഥിക്കാം. കാശിന് ആവശ്യം വന്നാല്‍ എന്നെ വിളിച്ചു പറഞ്ഞാല്‍ മതി. ഇതാ എന്റെ നമ്പര്‍.'' അഭിഷേക് വിസിറ്റിങ് കാര്‍ഡെടുത്തു നീട്ടി. അവളതു വാങ്ങി.
യാത്ര പറഞ്ഞിട്ട് അഭിഷേക് കാറോടിച്ചുപോയി. ഇന്ദു ഓര്‍ത്തു. എത്ര നല്ല മനുഷ്യന്‍. ഇതുപോലെ സ്‌നേഹനിധിയായ ഒരാങ്ങള തനിക്കുണ്ടായിരുന്നെങ്കില്‍.
ഇന്ദുവും അഭിഷേകും തമ്മില്‍ സംസാരിച്ചുനില്‍ക്കുന്നതു സതിറ്റീച്ചര്‍ കണ്ടു. മുനവച്ചുള്ള അവരുടെ നോട്ടം കണ്ടപ്പോള്‍ മനസ്സിലായി അഭിഷേകിനോടു സംസാരിച്ചത് അവര്‍ക്ക് ഇഷ്ടപ്പെട്ടില്ലെന്ന്. ആരെയും ശ്രദ്ധിക്കാതെ ഇന്ദു നേരേ ഹെഡ്മിസ്ട്രസിന്റെ മുറിയിലേക്കു ചെന്നു. ചെന്നു കയറിയതേ ഹെഡ്മിസ്ട്രസ് പറഞ്ഞു: 
''മാനേജരെ കാണാന്‍ പറഞ്ഞിട്ട് മകനെ കണ്ട് സുഖിപ്പിച്ചിട്ട് പോന്നു അല്ലേ? ഭാഗ്യവതിയാ റ്റീച്ചര്‍. പൊയ്‌ക്കോ.''
അഭിഷേക് ഫോണ്‍ ചെയ്തു എന്നവള്‍ക്കു മനസ്സിലായി. എല്ലാവര്‍ക്കും അസൂയയാണ്. താന്‍ അഭിഷേകിനെ വളച്ചെടുത്തു എന്നവര്‍ ചിന്തിക്കുന്നുണ്ടാവും. ചിന്തിക്കട്ടെ. തന്റെ മനസ്സ് തനിക്ക് അറിയാല്ലോ. അതു മതി. നേരെ സ്റ്റാഫ്‌റൂമിലേക്കു നടന്നു.
ഉച്ചയ്ക്കുള്ള ഇടവേളയില്‍ അശ്വതിറ്റീച്ചര്‍ സ്വകാര്യമായി പറഞ്ഞു:
''അഭിഷേക് ഇന്ദുവിന് കാശു തന്നത് ഇവിടെ സംസാരവിഷയമായി. അസൂയക്കാര് ഒരുപാട് കഥകളുണ്ടാക്കീട്ടുണ്ട്.''
ഇന്ദു വല്ലാതായി. ഇനി അത് മാനേജരുടെ ചെവിയിലെത്തുമോ?
''ട്രെയിനില്‍ വച്ച് പരിചയപ്പെട്ടിട്ട് അഭിഷേക് ഓട്ടോയില്‍ കേറ്റി ഇവിടെ കൊണ്ടാക്കുകയായിരുന്നു അല്ലേ?''
''ഉം.''
''ചുമ്മാതാണോ അയാളു കാശു തന്നത്.''
''ഞങ്ങള്‍ തമ്മില്‍ വേറൊരു ബന്ധോം ഇല്ല ടീച്ചര്‍.''
''പരദൂഷണം പറയുന്നവര്‍ക്ക് ഒരു വിഷയം കിട്ടിയില്ലേ? സ്‌നേഹലതയുടെ കല്യാണം നടക്കാത്തത് എന്തുകൊണ്ടാന്നു ടീച്ചറിനറിയാമോ? ഞാനായിട്ടതു പറയുന്നില്ല. കുറച്ചു കഴിയുമ്പം മനസ്സിലാകും.''
അതു പറഞ്ഞപ്പോഴേക്കും ബെല്ലടിച്ചു. അശ്വതി എണീറ്റു ക്ലാസ്‌റൂമിലേക്കു പോയി.
വൈകുന്നേരം താമസസ്ഥലത്ത് എത്തിയപ്പോള്‍ സ്‌നേഹലത അഭിഷേകും ഇന്ദുവും തമ്മിലുള്ള അടുപ്പത്തെക്കുറിച്ചു ചോദിച്ചു. ഒരടുപ്പവുമില്ലെന്നു പറഞ്ഞിട്ടും അവര്‍ വിശ്വസിച്ചില്ല.
''ആനന്ദന്‍സാററിഞ്ഞാല്‍ പണിപോകും കേട്ടോ.'' സ്‌നേഹലത മുന്നറിയിപ്പു നല്‍കി. 
''എനിക്ക് ആ മനുഷ്യന്‍ ഒരു സഹോദരനെപ്പോലെയാ ടീച്ചര്‍. വേറൊരു ബന്ധവുമില്ല.''
ഇതൊക്കെ ആരു വിശ്വസിക്കും എന്ന മട്ടില്‍ ഒരു വളിച്ച ചിരി ചിരിച്ചിട്ട് സ്‌നേഹലത എണീറ്റുപോയി.
പിറ്റേന്നു സ്‌കൂളില്‍ ചെന്നപ്പോള്‍ അശ്വതി അടുത്തിരുന്നു പറഞ്ഞു:
''ഇന്നലെ മാനേജരെ കാണാന്‍ പോയിട്ടു വരുമ്പം അഭിഷേകുമായി സംസാരിച്ചു അല്ലേ?''
''ഉം.''
''രാത്രി സതിറ്റീച്ചര്‍ എന്നെ ഫോണില്‍ വിളിച്ചു പറഞ്ഞു. എന്തൊക്കെയാ പറഞ്ഞതെന്നറിയ്വോ. മുഴുവന്‍ ടീച്ചര്‍മാരേം അവളു വിളിച്ചിട്ടുണ്ടാകൂം. ഭയങ്കര അസൂയക്കാരിയാ.''
''ഇങ്ങോട്ടെന്തെങ്കിലും ചോദിച്ചാല്‍ ഞാന്‍ മിണ്ടാതെ പോരണോ ടീച്ചര്‍? മടുത്തു. സഹിക്കാവുന്നതിലേറെയായി. വീട്ടിലെ കാര്യം ഓര്‍ക്കുമ്പം നെഞ്ചുപൊട്ടുകാ. അതിനിടയ്ക്ക് ഇങ്ങനെ ചില അപവാദങ്ങളും.''
കരഞ്ഞുകൊണ്ട് അവള്‍ എണീറ്റു പുറത്തേക്കിറങ്ങി. വരാന്തയിലെ തൂണില്‍ ചാരി ഏകയായിനിന്ന് സങ്കടം ഒതുക്കി.
*     *      *
ഇന്ദുവും അഭിഷേകും തമ്മില്‍ സ്‌നേഹമാണെന്നും ഇടയ്ക്കിടെ അവര്‍ കൂടിക്കാണാറുണ്ടെന്നും സ്‌കൂളില്‍ വാര്‍ത്ത പരന്നു. കേട്ടപ്പോള്‍ ദേഷ്യവും സങ്കടവും വന്നു ഇന്ദുവിന്. ഇനി ഒരിക്കലും അഭിഷേകിനെ കാണാന്‍ ഇടവരരുതേ എന്ന് അവള്‍ പ്രാര്‍ഥിച്ചു.
സ്‌നേഹലത കൂടെക്കൂടെ ഓരോന്നു കുത്തിക്കുത്തി പറയാന്‍ തുടങ്ങി. ഒരിക്കല്‍ നിയന്ത്രണം വിട്ട് ഇന്ദു പൊട്ടിത്തെറിച്ചു:
''ഞാനും അയാളും തമ്മില്‍ സ്‌നേഹമാണെങ്കില്‍ റ്റീച്ചറിനെന്താ? ശീലാവതി ചമയുന്നോരുടെ രഹസ്യബന്ധങ്ങളെക്കുറിച്ച് ഞാനും കേട്ടിട്ടുണ്ട് കുറെ. റ്റീച്ചറിന്റെ കല്യാണം നടക്കാത്തതിന്റെ കാരണവും ഇവിടെ പാട്ടാ.''
പിടിച്ചുനിറുത്താനാവാതെ വായില്‍ വന്നതൊക്കെ ഇന്ദു വിളിച്ചു പറഞ്ഞു. അടി കിട്ടിയതുപോലെ തരിച്ചുനില്‍ക്കുകയായിരുന്നു സ്‌നേഹലത. രാജി റ്റീച്ചറൂം പ്രേമയുംകൂടി ഇന്ദുവിനെ സമാധാനിപ്പിച്ച് മറ്റൊരു മുറിയിലേക്കു കൊണ്ടുപോയി. സ്‌നേഹലത അന്നുതന്നെ ഇന്ദുവിന്റെ മുറിയില്‍നിന്നു താമസം മാറ്റി.
എത്രപേരുടെ മുമ്പില്‍വച്ചാണ് ഇന്ദു തന്നെ അപമാനിച്ചത്. സ്‌നേഹലതയ്ക്ക് ക്ഷമിക്കാവുന്നതിലും അപ്പുറമായിരുന്നു ഇന്ദുവിന്റെ വാക്കുകള്‍. തന്റെ കല്യാണം നടക്കാത്തതിന്റെ കാരണം നാട്ടില്‍ പാട്ടാണത്രേ. ഇന്നലെ കയറിവന്ന ഒരു സ്ത്രീ തന്റെ മുഖത്തുനോക്കി എങ്ങനെയിത് പറയാന്‍ ധൈര്യപ്പെട്ടു? ഇതിനു പകരം വീട്ടിയില്ലെങ്കില്‍ സ്‌നേഹലത ജീവിച്ചിരുന്നിട്ട് എന്തു കാര്യം? വെട്ടിക്കൊല്ലണം ആ പിശാചിനെ. അവള്‍ പല്ലു ഞെരിച്ചു. 
കുറച്ചുനേരം കഴിഞ്ഞപ്പോള്‍ ഇന്ദുവിന് പശ്ചാത്താപം തോന്നി. പറഞ്ഞത് തെറ്റായിപ്പോയി. ക്ഷമ ചോദിക്കാന്‍ അവള്‍  സ്‌നേഹലതയുടെ റൂമില്‍ ചെന്നെങ്കിലും കേള്‍ക്കാന്‍ അവള്‍ തയ്യാറായില്ല.
''ഇനി നമ്മള്‍ തമ്മില്‍ ഒരു ബന്ധോം ഇല്ല. എന്റെ മുറിയിലേക്ക് നീ കേറുകയും വേണ്ട. നിന്റടുത്തേക്കു ഞാനും വരുന്നില്ല.'' സ്‌നേഹലത ആ സൗഹൃദം അവിടെ വച്ച് അവസാനിപ്പിച്ചു.
രാജിയും പ്രേമയുമൊക്കെ അനുരഞ്ജനത്തിനു ശ്രമിച്ചിട്ടും അവള്‍ അടുത്തില്ല. നിരാശയോടെ ഇന്ദു പിന്‍വാങ്ങി.
ഒരു വെള്ളിയാഴ്ച.
ഉച്ചകഴിഞ്ഞ് സ്റ്റാഫ് മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ മാനേജരുടെ  പ്രതിനിധിയായി എത്തിയത് അഭിഷേകായിരുന്നു. ഇന്ദു അയാളുടെ ദൃഷ്ടിയില്‍ പെടാതിരിക്കണേ എന്ന പ്രാര്‍ഥനയോടെ ഏറ്റവും പിന്നിലാണ് ഇരുന്നത്.
മീറ്റിങ് കഴിഞ്ഞതും അഭിഷേക് ഇന്ദുവിനെ വിളിച്ചു മാറ്റി നിറുത്തി വീട്ടുകാര്യങ്ങള്‍ തിരക്കി. മറ്റ് അധ്യാപകര്‍ അസൂയയോടെ നോക്കി. അഭിഷേക് പോയിക്കഴിഞ്ഞപ്പോള്‍ സതിറ്റീച്ചര്‍ ഇന്ദു കേള്‍ക്കെ ആരോടെന്നില്ലാതെ പറഞ്ഞു:
''ഓരോരുത്തരുടെ ഓരോ യോഗമേ. പത്തുപന്ത്രണ്ടു വര്‍ഷം സര്‍വീസുള്ള നമ്മളെ ആരും മൈന്‍ഡ് ചെയ്യുന്നില്ല. ഇന്നലെ കയറി വന്നവര്‍ക്ക് എന്തൊരു പരിഗണന.'' 
''അതിനൊക്കെ ഒരു സാമര്‍ഥ്യം വേണം റ്റീച്ചറെ.'' സ്‌നേഹലത പറഞ്ഞു. ഒന്നും കേള്‍ക്കാത്തമട്ടില്‍ ഇരുന്നതേയുള്ളൂ ഇന്ദു. അവളുടെ നെഞ്ചകം വിങ്ങി കഴയ്ക്കുകയായിരുന്നു.
   *      *    *
ഒരു ശനിയാഴ്ച.
മാനേജര്‍ ആനന്ദന്‍സാറിന്റെ വസതിയില്‍ അയാളോട് കുശലം പറഞ്ഞിരിക്കുകയായിരുന്നു സ്‌നേഹലത. ആനന്ദന്‍ വിളിച്ചു വരുത്തിയതാണ്. എപ്പോള്‍ വിളിച്ചാലും ഒരു മടിയും കൂടാതെ ചെല്ലാന്‍ സ്‌നേഹലത റെഡിയാണ്. അതിന്റേതായ സാമ്പത്തികനേട്ടവും അവള്‍ ഉണ്ടാക്കുന്നുണ്ട്. 
ഒപ്പമിരുന്ന് ചായ കുടിച്ച്, ചിരിയും തമാശകളും പൊട്ടിക്കുന്നതിനിടയില്‍ സ്‌നേഹലത ഇന്ദുവിനെയും അഭിഷേകിനെയും പറ്റി പറഞ്ഞു. അവര്‍ തമ്മില്‍ പ്രണയമാണെന്ന് കഥകളുണ്ടാക്കി വിളമ്പി.
''നേരാണോ?'' ആനന്ദന്‍ ചാടി എണീറ്റു.
''സ്‌കൂളിലിതു പാട്ടാ. വിശ്വാസം വന്നില്ലെങ്കില്‍ സാറ് എച്ചെമ്മിനെ വിളിച്ചു ചോദിക്ക്. അവള്‍ അവന്റെ കയ്യീന്ന് ഇഷ്ടംപോലെ കാശടിച്ചു മാറ്റുന്നുണ്ട്.''
ആനന്ദന്‍ അപ്പോള്‍ത്തന്നെ മൊബൈലില്‍ ഹെഡ്മിസ്ട്രസിനെ വിളിച്ചു. സംഗതി സത്യമാണെന്നു കേട്ടതും പൊട്ടിത്തെറിച്ചു.
''എന്റെ ചോറുതിന്നിട്ട് അവള്‍ എന്റെ കൈക്കിട്ടു കടിക്കുന്നോ? ഈ വീട്ടില്‍ വന്നപ്പം ഞാനൊരുചായ കൊടുത്തിട്ട് കുടിക്കാതെ പോയ പെണ്ണാ അവള്‍. അന്നു പിരിച്ചുവിടണമെന്നു വിചാരിച്ചതാ. ക്ഷമിച്ചു. വെറുതെയല്ല അവള്‍ ഇവിടെ വന്നിട്ട് അഹങ്കാരം കാണിച്ചത്. പിരിച്ചുവിട്ടാല്‍ അഭിഷേകിനേം കെട്ടി ഇവിടെ കൂടാമെന്നു വിചാരിച്ചു കാണും. വിടില്ല ഞാനവളെ.''
ആനന്ദന്‍ പല്ലു ഞെരിച്ചു. സ്‌നേഹലതയ്ക്ക് ഒരുപാടു സന്തോഷമായി.  
     
(തുടരും)
Login log record inserted successfully!