സംസ്ഥാനത്തിന്റെ ടൂറിസം വികസനത്തില്‍ വളരെ പ്രധാന സ്ഥാനം വഹിക്കുന്ന ഒന്നാണ്  പരമ്പരാഗത തൊഴില്‍ഗ്രാമങ്ങള്‍. പാരമ്പര്യത്തിന്റെ തന്മ കാത്തുസൂക്ഷിക്കുകയും അതുവഴി തൊഴിലും വരുമാനവും ഉറപ്പാക്കുകയും ചെയ്യുന്ന ജനസമൂഹമാണിവ. കേരളത്തില്‍ നിലവിലുണ്ടായിരുന്ന അനേകം നെയ്ത്തുഗ്രാമങ്ങളില്‍ ഇന്ന് അവശേഷിക്കുന്നത് തൃശൂര്‍ ജില്ലയിലെ കുത്താമ്പുള്ളി, എറണാകുളം ജില്ലയിലെ ചേന്ദമംഗലം, പാലക്കാടന്‍ തനതുഗ്രാമമായ പെരുവെമ്പ് എന്നിവയാണ്. 
കേരളത്തിലെ ഇരുപത് പൈതൃകഗ്രാമങ്ങളിലൊന്നാണ് പെരുവെമ്പ്. കൈത്തറിയില്‍ മാത്രമല്ല വാദ്യോപകരണനിര്‍മാണത്തിലും പേരുകേട്ടതാണ് ഈ ഗ്രാമം. രണ്ടുതരം നെയ്ത്തുതൊഴിലാളികള്‍ ഇവിടെയുണ്ട്. വീടുകളില്‍ സ്വന്തം തറികളില്‍ ജോലി ചെയ്യുന്നവരും സൊസൈറ്റികള്‍ക്കായി ജോലി ചെയ്യുന്നവരും.
കൈത്തറിഗ്രാമങ്ങളിലൂടെയുള്ള യാത്രകളിലാണ് അവര്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ യഥാര്‍ഥകഥകള്‍ അറിയാന്‍ കഴിഞ്ഞത്. നെയ്ത്ത് അവരുടെ പരമ്പരാഗത കൈത്തൊഴിലാണ്. മിക്ക വീട്ടിലും തറികളുണ്ട്. പക്ഷേ,  അവര്‍ക്കു ജോലിയില്ല. കൊറോണ ഇത്തരം തൊഴിലാളികളെ  സാരമായി ബാധിച്ചിട്ടുണ്ട്.
ജീവസന്ധാരണത്തിനു മറ്റു തൊഴിലുകള്‍ ഒന്നുംതന്നെ അവര്‍ക്കറിയില്ല. തമിഴ്‌നാട്ടില്‍നിന്നു നൂലു വാങ്ങി സ്വന്തം തറിയില്‍ കൂലി മാത്രം വാങ്ങി തുണി നെയ്തുകൊടുത്ത് ആ വരുമാനംകൊണ്ടു ജീവിക്കുന്ന ആളുകളാണ് ഇവിടെ കൂടുതലും.
പെരുവെമ്പിലെ സുന്ദരനും ഭാര്യയ്ക്കും അങ്ങനെയൊരു കഥയാണു പറയാനുള്ളത്.
വീട്ടില്‍ മകനോ മകള്‍ക്കോ നെയ്ത്തറിയില്ല. പുതുതലമുറയിലേക്കു നെയ്ത്തു പകര്‍ന്നുകൊടുക്കാന്‍ അവര്‍ക്കും മടിയുണ്ട്. വിവാഹക്കമ്പോളത്തില്‍ പയ്യനു നെയ്ത്താണു ജോലിയെന്നറിഞ്ഞാല്‍ പെണ്ണു കിട്ടാനില്ലെന്നാണ് അവര്‍ പറയുന്നത്.
ഒരു വശത്ത് നമ്മുടെ യന്ത്രവത്കൃതകൈത്തറിവ്യവസായം മുന്നോട്ടു കുതിക്കുമ്പോള്‍ മറ്റൊരു വശത്ത് പാരമ്പര്യനെയ്ത്തുകാര്‍ ജോലിയില്ലാതെ വിഷമിക്കുന്നു. ധാരാളം നെയ്ത്തുസൊസൈറ്റികള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.പക്ഷേ,അവയൊന്നും തൊഴിലാളികള്‍ക്ക് ആവശ്യമായ തൊഴില്‍സംരക്ഷണം നല്കുന്നില്ലെന്നു പറയാം. 
ഓണം, വിഷു മുതലായ ആഘോഷങ്ങളില്‍ മാത്രമാണ് കേരളീയവസ്ത്രങ്ങളെക്കുറിച്ചു മലയാളി ചിന്തിക്കുന്നതും അവ വാങ്ങുന്നതും. അത്തരം അവസരങ്ങളില്‍ മാത്രമാണ് ഈ തൊഴിലാളികള്‍ക്കു കുറച്ചെങ്കിലും വരുമാനമുണ്ടാകുന്നത്. നെയ്ത്തുകാര്‍ക്കു തൊഴില്‍ ഉറപ്പുവരുത്തുകയും പുതുതലമുറയില്‍ നെയ്ത്തിനോടു താത്പര്യപെട്ടു വരുന്നവര്‍ക്കു തൊഴില്‍പരിശീലനം നല്‍കുകയും തൊഴിലവസരങ്ങള്‍ നല്‍കുകയും ചെയ്യുകവഴി  ഈ പരമ്പരാഗത തൊഴില്‍മേഖല അന്യംനിന്നു പോകാതെ സംരക്ഷിക്കാന്‍ സാധിക്കും. പ്രത്യേകമായ സര്‍ക്കാര്‍ ആനുകൂല്യങ്ങളും അവര്‍ക്കു നല്കണം. ഇവരുപയോഗിക്കുന്ന അസംസ്‌കൃതവസ്തുവായ നൂലിനു വില വളരെ കൂടുതലാണ്. സ്വന്തമായി നൂലു വാങ്ങാന്‍ സാധിക്കാത്തവരാണ് അന്യസംസ്ഥാനങ്ങളിലെ തൊഴിലുകളെ ആശ്രയിക്കുന്നത്. ചില സൊസൈറ്റികള്‍ നെയ്ത്തില്‍ പരിശീലനം നല്‍കിവരുന്നുണ്ട്. 
ടൂറിസംമേഖലയുടെ കീഴില്‍  പാരമ്പര്യതൊഴിലുകള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. 'ഊടും പാവും' എന്നപേരില്‍ ഈ ഗ്രാമത്തില്‍ കൈത്തറിത്തൊഴിലുകള്‍  മുന്നോട്ടുകൊണ്ടുവരുന്നതിന്റെ  ഭാഗമായി  ആളുകള്‍ക്ക് പരിശീലനം നല്‍കിവരുന്നുണ്ട്. വിദേശ ടൂറിസ്റ്റുകള്‍ കേരളത്തിലെത്തുന്നത് നമ്മുടെ നാടിന്റെ സംസ്‌കാരത്തില്‍ ആകൃഷ്ടരായാണ്. എന്നാല്‍, നമുക്ക് അവര്‍ക്കു കാണിച്ചുകൊടുക്കാനുള്ളത് കൃത്രിമമായ കുറെ കാഴ്ചകള്‍ മാത്രം. പരമ്പരാഗതമായ തൊഴിലുകളും കലകളും പ്രോത്സാഹിപ്പിക്കുന്നതുവഴി ടൂറിസം മേഖലയിലും അവസരങ്ങളുണ്ടാക്കാന്‍ നമുക്കു കഴിയും. 
അഭ്യസ്തവിദ്യരും അല്ലാത്തവരുമായ യുവജനങ്ങള്‍ വിദേശങ്ങളിലേക്കു പോകുന്നുവെന്നും കേരളം വൃദ്ധന്മാര്‍ മാത്രമുള്ള നാടായിത്തീരുന്നുവെന്നുമൊക്കെയുള്ള പരിദേവനങ്ങള്‍ ഉയരുമ്പോഴും നാം മനസ്സിലാക്കുന്നില്ല; കേരളത്തില്‍ എത്രയധികം തൊഴിലുകളും തൊഴിലവസരങ്ങളുമുണ്ടെന്ന്. പരമ്പരാഗതതൊഴിലുകള്‍ ചെയ്യാനും അതു വരുംതലമുറയ്ക്കു പകര്‍ന്നുനല്കാനും കേരളീയര്‍ തയ്യാറാവണം. തൊഴില്‍ മാത്രമല്ല, നമ്മുടെ സംസ്‌കാരത്തിന്റെയും പാരമ്പര്യത്തിന്റെയും തന്മ നിലനിര്‍ത്താനും നമുക്കു കഴിയണം.
							
 ഹണി സുധീര്‍
                    
									
									
									
									
									
                    