ഇരുപത്താറു നൂറ്റാണ്ടിലധികം പഴക്കമുള്ളതായി കണക്കാക്കപ്പെടുന്ന ബ്രാഹ്മിലിപിയില്നിന്നുദ്ഭവിച്ച വട്ടെഴുത്ത്, കോലെഴുത്ത് മുതലായവയില്നിന്നാണു മലയാളലിപികള്‍ ഉണ്ടായിട്ടുള്ളത്. മലയാളലിപികള്‍ക്കു തനതുരൂപം ഉണ്ടാകുന്നത് 12-ാം നൂറ്റാണ്ടോടെയാണ്; ലിപിവ്യവസ്ഥയ്ക്ക് ആധുനികരൂപം കൈവന്നത് 16-ാം നൂറ്റാണ്ടോടെയും. 
ലോകത്താകമാനം 6500 ലധികം അംഗീകൃതഭാഷകളുണ്ട്. എന്നാല്‍, അക്ഷരസമ്പത്തുകൊണ്ട് മലയാളത്തോളം സമ്പന്നമായ പത്തുഭാഷകള്പോലുമില്ല. ആയിരത്തിലധികം ലിപികളാണു മലയാളത്തിനുള്ളത്. ലിപികളുടെ വൈപുല്യത്തിന്റെ ആധിക്യം കുറയ്ക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. അതിനുള്ള ശ്രമം ആദ്യമായി നടന്നത് ബെഞ്ചമിന്‍ ബെയ്ലി (1791-1871) എന്ന വിദേശമിഷനറിവൈദികന്റെ നേതൃത്വത്തിലാണ്. 1890 കളില്‍ കണ്ടത്തില്‍ വറുഗീസ്മാപ്പിളയുടെ നേതൃത്വത്തിലും 1968 ല്‍ കേരളസര്‍ക്കാര്‍ നിയമിച്ച വിദഗ്ധസമിതിയുടെ നേതൃത്വത്തിലും ശ്രമം നടന്നിട്ടുണ്ട്. എന്‍.വി. കൃഷ്ണവാരിയര്‍, ശൂരനാട്ടു കുഞ്ഞന്‍പിള്ള എന്നിവരുടെ നേതൃത്വത്തില്‍ ലിപിപരിഷ്കരണത്തിലൂടെ ലിപികളുടെ എണ്ണം 90 ആയി പരിമിതപ്പെടുത്തി. 
'ആറു മലയാളിക്കു നൂറുമലയാളം, അരമലയാളിക്കും ഒരു മലയാളം, ഒരു മലയാളിക്കും മലയാളമില്ല' എന്നു കുഞ്ഞുണ്ണിമാഷ് ഹാസ്യരൂപേണയാണെങ്കിലും ദുഃഖത്തോടെയാണു പറഞ്ഞത്. ഈ അവസ്ഥയ്ക്കു മാറ്റം വരുത്തുക എന്ന ലക്ഷ്യത്തോടെ 1997 ല്‍ 'മലയാളത്തനിമ' എന്ന ഭാഷാനവീകരണപ്രസ്ഥാനം രൂപമെടുത്തു. അന്നത്തെ മുഖ്യമന്ത്രി ശ്രീ. ഇ.കെ. നായനാരാണ് അത് ഉദ്ഘാടനം ചെയ്തത്. 
മലയാളം എഴുത്തിന്റെയും അച്ചടിയുടെയും മാനകീകരണ(ടമേിറമൃറശ്വമശേീി)ത്തിനായി 1998 ഓഗസ്റ്റ് 17 മുതല്‍ 27 വരെ ഒരു ശില്പശാല നടത്തി. മൈസൂറിലെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ ലാംഗ്വേജസിന്റെയും  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും സംയുക്താഭിമുഖ്യത്തില്‍ കേരള സാഹിത്യ അക്കാദമി, എസ്.സി.ഇ.ആര്.ടി., ഐ.എസ്.ഡി.എല്‍., സര്‍വവിജ്ഞാനകോശം, പ്രസ് അക്കാദമി, സംസ്ഥാന ഭരണവകുപ്പ്, ഭാഷാശാസ്ത്രവിഭാഗം (കേരള സര്‍വകലാശാല) എന്നിവയിലെ വിദഗ്ധരുടെ സഹകരണത്തോടെയായിരുന്നു ഈ ശില്പശാല. 
ശില്പശാലയ്ക്കു നേതൃത്വം നല്‍കിയത് ഡോ. വി.ആര്. പ്രബോധചന്ദ്രന്‍നായര്‍ (ചെയര്മാന്), ഡോ. പി. സോമശേഖരന്‍നായര്‍, ഡോ. ജി.കെ. പണിക്കര്‍, ഡോ. ഇ.വി.എസ്. നമ്പൂതിരി, പ്രൊഫ. എസ്. സുധാകരന് എന്നിവര്‍ ഉള്‍പ്പെട്ട വിദഗ്ധസമിതിയാണ്. അമ്പത്തൊന്നംഗ ജനറല്‍ കൗണ്‍സിലും ഏഴുപേരുള്ള ഉപദേശകസമിതിയും പതിനഞ്ചംഗ നിര്‍വാഹകസമിതിയും ചേര്‍ന്നതായിരുന്നു ഔദ്യോഗികസംവിധാനം.
ശില്പശാലയില്നിന്ന് ഉരുത്തിരിഞ്ഞ 'മലയാളം അച്ചടിയും എഴുത്തും ഒരു സ്റ്റൈല്‍ പുസ്തകം' എന്ന ലഘുലേഖയുടെ ആയിരക്കണക്കിനു കോപ്പികള്‍ അച്ചടിച്ച് ഭാഷാസ്നേഹികളുടെയും പണ്ഡിതലോകത്തിന്റെയും ചര്‍ച്ചയ്ക്കും സുചിന്തിതാഭിപ്രായത്തിനുമായി വ്യാപകമായ തോതില്‍ വിതരണം ചെയ്തു. വിദഗ്ധസമിതി ഇടയ്ക്കിടെ സമ്മേളിച്ച്, ലഭിച്ച പ്രതികരണങ്ങളില്‍ കൊള്ളേണ്ടതു കൊള്ളുകയും തള്ളേണ്ടതു തള്ളുകയും ചെയ്തുകൊണ്ടിരുന്നു. ഒക്ടോബര്‍ 21 നു ചേര്‍ന്ന ഉപദേശകസമിതിയുടെയും നിര്‍വാഹകസമിതിയുടെയും സംയുക്തസമ്മേളനം ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ സസൂക്ഷ്മം പരിശോധിച്ച് അംഗീകാരം നല്കി. 
അങ്ങനെ,  ഒരു വര്‍ഷക്കാലം നീണ്ടുനിന്ന പഠനത്തിന്റെയും ചര്‍ച്ചയുടെയും സംവാദത്തിന്റെയും വെളിച്ചത്തില്‍ ക്രോഡീകരിച്ചെടുത്ത 'മലയാളം അച്ചടിയും എഴുത്തും ഒരു സ്റ്റൈല്‍ പുസ്തകം' 1999 നവംബര്‍ ഒന്നാം  തീയതി കേരളപ്പിറവിദിനത്തില്‍ പ്രകാശനം ചെയ്തു. വിവിധ തുറകളില്‍നിന്നുള്ള അമ്പതോളം പണ്ഡിതന്മാര് ചേര്‍ന്ന് പഠിച്ചു തയ്യാറാക്കിയ ഈ കൈപ്പുസ്തകം തികച്ചും ആധികാരികമായ ഒരു ഗ്രന്ഥമാണ്. ഒരുപക്ഷേ, ഭാഷയുടെ ചരിത്രത്തില്‍ ഇത്രയും വിപുലവും ആഴമേറിയതുമായ ഒരു ഗവേഷണപഠനം വേറേ ഉള്ളതായി അറിവില്ല. ഈ കൈപ്പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ വളരെ ശ്രദ്ധേയമായ ഒരു നിര്‍ദേശമുണ്ട്, അധ്യാപകര്‍ക്കുവേണ്ടി കേരളത്തിലുടനീളം ലിപിമാനകീകരണക്ലാസുകള് നടത്തണമെന്നും ഔദ്യോഗികാംഗീകാരമുള്ള സ്റ്റൈല്‍ പുസ്തകത്തിന്റെ അടിസ്ഥാനത്തില്‍ അക്ഷരബോധനം, ഉച്ചാരണപരിശീലനം, പദാവലീവികസനം, ഭാഷാജ്ഞാനനിര്ണയം മുതലായ രംഗങ്ങളില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ക്രിയാത്മകനടപടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കണം എന്നുമാണു നിര്‍ദേശം. പക്ഷേ, ഒന്നും നടന്നില്ല എന്നതാണു ചരിത്രസത്യം. 2012 ലെ രണ്ടാം പതിപ്പിലെ ആമുഖക്കുറിപ്പില്‍ ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഡിറക്ടര്തന്നെ പറയുന്നു:  ''കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഭാഷാനവീകരണപ്രവര്ത്തനങ്ങള് മുന്നോട്ടുകൊണ്ടുപോകുവാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനു കഴിഞ്ഞിട്ടില്ല.'' 
ഭാഷാചരിത്രം പരിശോധിക്കുന്നവര്‍ക്ക് ഈ അപചയത്തിന്റെ കാരണം പകല്‍പോലെ വ്യക്തമാണ്. ഡി.പി.ഇ.പി. എന്ന പാഠ്യപദ്ധതി നടപ്പാക്കുന്നത് ഈ കാലഘട്ടത്തിലാണ്. അക്ഷരപഠനമേ പാടില്ല എന്നായിരുന്നു പദ്ധതിയുടെ മുദ്രാവാക്യം. അക്ഷരമാല പാഠപുസ്തകത്തില്‍നിന്നു വെട്ടിമാറ്റി; അക്ഷരപഠനം നിരോധിച്ചു; അക്ഷരപഠനം ശിക്ഷാര്‍ഹം എന്ന സ്ഥിതിവരെയെത്തി കാര്യങ്ങള്‍! 1990 ന്റെ മധ്യം മുതലുള്ള കാല്‍നൂറ്റാണ്ടുകാലം അക്ഷരപഠനവും അക്ഷരമാലയുമില്ലാതെ നീങ്ങി...! 
നീക്കം ചെയ്യപ്പെട്ട അക്ഷരമാല പാഠപുസ്തകത്തില്‍ പുനഃപ്രതിഷ്ഠിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഏതാണ്ട് നാലു വര്‍ഷക്കാലം നീണ്ടുനിന്ന അക്ഷരസമരത്തിന്റെ പാര്‍ശ്വഫലം എന്നു പറയാം, 07.12.2021 ല്‍ ചീഫ് സെക്രട്ടറി ഡോ. വി.പി. ജോയി അധ്യക്ഷനായുള്ള പതിമ്മൂന്നംഗ ഭാഷാമാര്‍ഗനിര്‍ദേശകവിദഗ്ധസമിതി. ഡോ. ടി.ബി. വേണുഗോപാലപ്പണിക്കര്‍, ഡോ. വി.ആര്. പ്രബോധചന്ദ്രന്‍ നായര്‍, ഡോ. ചാത്തനാത്ത് അച്യുതനുണ്ണി, ഡോ. പി. സോമന്, പ്രൊഫ. വി. മധുസൂദനന് നായര്‍, ഡോ. അനില്‍ വള്ളത്തോള്‍, ശ്രീ. ചാക്കോ സി. പൊരിയത്ത്, ഡോ. എന്‍.പി. ഉണ്ണി, ഡോ. എച്ച്. പൂര്‍ണിമ, ശ്രീ എന്‍. ജയകൃഷ്ണന്, ഡോ. ആര്. ശിവകുമാര്‍ എന്നിവരാണു സമിതിയംഗങ്ങള്‍. ഈ സമിതിയുടെ രൂപീകരണത്തിനും വിദഗ്ധമായ നടത്തിപ്പിനും ചുക്കാന്‍പിടിച്ച ഡോ. വി.പി. ജോയിയുടെ ദീര്‍ഘവീക്ഷണവും ചടുലമായ നീക്കങ്ങളും ധീരമായ നിലപാടുകളും ഭരണനിര്വഹണചാതുരിയും അത്യന്തം അഭിനന്ദനാര്‍ഹമാണ്. ഭരണസിരാകേന്ദ്രങ്ങളിലെ മെല്ലെപ്പോക്കിനും കെടുകാര്യസ്ഥതയ്ക്കുമൊക്കെ അപവാദമായി നിലകൊള്ളുന്ന വ്യക്തിയാണ് നലം തികഞ്ഞ സാഹിത്യകാരനുംകൂടിയായ അദ്ദേഹം. കോവിഡ് പ്രതിസന്ധി രൂക്ഷമായിരുന്നിട്ടുപോലും ഗൂഗിള്‍മീറ്റിലൂടെ സമിതിയുടെ മൂന്നു യോഗങ്ങള്‍ ചേര്‍ന്നു. കോവിഡ് പ്രതിസന്ധി മാറിയപ്പോള്‍ സമിതിയംഗങ്ങളെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് അവസാനയോഗം ചേര്‍ന്നു പഠനങ്ങള്‍ വിലയിരുത്തി തീരുമാനമെടുത്തു റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു.
ഭാഷാപരിഷ്കരണമെന്ന അതിസങ്കീര്‍ണമായ ജോലിയാണു സമിതി നിര്‍വഹിച്ചത്. സാധാരണഗതിയില്‍, ഇത്തരത്തിലുള്ള പഠനറിപ്പോര്‍ട്ടു വരുമ്പോള്‍ ഉണ്ടാകാവുന്ന എതിര്പ്പുകളൊന്നുംതന്നെ ഈ സമിതിയുടെ റിപ്പോര്‍ട്ടിനെപ്പറ്റി വന്നിട്ടില്ല. ഒട്ടേറെ പ്രതികരണങ്ങള്‍ വരികയും ചെയ്തിട്ടുണ്ട്. പൊതുവെ, നല്ല പ്രതികരണമാണു വന്നിട്ടുള്ളത്. നിലവിലുള്ള അവ്യവസ്ഥിതിക്കെല്ലാംതന്നെ പരിഹാരം നിര്‍ദേശിക്കാന്‍ സമിതിക്കു കഴിഞ്ഞിട്ടുണ്ട്. അതിവിപുലമായ ഒരു പദാവലി സംഭാവന ചെയ്യാന്‍ സമിതിക്കു കഴിഞ്ഞിട്ടുണ്ട്. ഏറ്റവും സുപ്രധാനവും നിര്‍ണായകവുമായ തീരുമാനം പാഠാവലിയില്‍നിന്ന് അപ്രത്യക്ഷമായ അക്ഷരമാല പുനഃപ്രതിഷ്ഠിക്കണം എന്നതാണ്. അക്ഷരമാല നീക്കം ചെയ്യാന്‍ നീക്കങ്ങള്‍ നടത്തിയ ചിലരൊക്കെ പരോക്ഷമായി ചില പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും പ്രത്യക്ഷമായി രംഗത്തുവരാന്‍ അവര്‍ മുതിര്‍ന്നിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 
എങ്കിലും, സമിതിയുടെ ഒരു നിര്‍ദേശത്തോടുള്ള വിയോജിപ്പു രേഖപ്പെടുത്തട്ടെ. സ്വരാക്ഷരങ്ങളുടെ കൂട്ടത്തില്‍ അനുസ്വാര (അം)വും വിസര്‍ഗവും (അഃ) ബ്രാക്കറ്റില്‍ കൊടുത്തിട്ടുള്ളതാണ്. ഈ നിര്‍ദേശം തെറ്റുധാരണാജനകമാണ്. നാളിതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു നിര്ദേശമാകുമ്പോള് അതിന്റെ കാരണം വിശദീകരിക്കേണ്ടതായിരുന്നു. അനുസ്വാരവും വിസര്‍ഗവും (അം, അഃ) ഒരു കാരണവശാലും സ്വരങ്ങളായി കണക്കാക്കാനാവില്ല. അനുസ്വാരം (അം) വ്യഞ്ജനമായ 'മ'കാരത്തിന്റെ തേഞ്ഞുമാഞ്ഞ രൂപമാണ്. 'മ'കാരം താനനുസ്വാരം എന്നു പാണിനി പറഞ്ഞുവച്ചിട്ടുള്ളതാണ്. അതുപോലെ, വിസര്‍ഗം (അഃ) 'ഹ'കാരത്തിന്റെ ലോപരൂപമാണ്. ഇവ രണ്ടിനെയും ഒരു കാരണവശാലും സ്വരാക്ഷരങ്ങളുടെ കൂട്ടത്തില്‍ ഉള്‍പ്പെടുത്താന്‍ പാടില്ല. ഭാഷാശാസ്ത്രജ്ഞന്മാര് യുക്തിയുക്തം അവ സ്വരങ്ങളല്ല എന്നു സമര്‍ത്ഥിച്ചിട്ടുള്ളതാണ്. ഇന്നു ജീവിച്ചിരിക്കുന്ന ഭാഷാശാസ്ത്രജ്ഞന്മാരില് ഏറ്റവും അഗ്രഗണ്യനായ ഡോ. വി.ആര്. പ്രബോധചന്ദ്രന്നായരുടെ ഒരുദ്ധരണിയോടെ ഈ ലേഖനം സമാപിപ്പിക്കുന്നു: ''അനുസ്വാരം, വിസര്‍ഗം എന്നിവയെ സ്വനവിജ്ഞാനമോ വ്യാകരണമോ സ്വനങ്ങളായി അംഗീകരിക്കുന്നില്ല. അക്ഷരം = വ്യഞ്ജനം ചേര്‍ന്നതോ ചേരാത്തതോ ആയ സ്വരം എന്ന സര്‍വാദരണീയ നിര്വചനദൃഷ്ട്യാ അക്ഷരമല്ലാത്ത അം, അഃ എന്നിവയെ സ്വനങ്ങളായി അംഗീകരിക്കാനാവില്ല. അതുകൊണ്ട്, അവയുടെ സ്ഥാനം ചില്ലുകളുടേതുപോലെയായിരിക്കണം.''
							
 ഡോ. തോമസ് മൂലയിൽ
                    
									
									
									
									
									
                    