•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

ഓണ്‍ലൈനില്‍ ഇഴയുന്ന വിദ്യാഭ്യാസം

  • ഡോ. ബാബു സെബാസ്റ്റ്യൻ
  • 17 June , 2020

തിബറ്റിലെ സിഷുവാന്‍ പ്രോവിന്‍സിലുള്ള ഹൂ സിപിംഗ് എന്ന രണ്ടാംവര്‍ഷ വൊക്കേഷണല്‍ ഡിഗ്രി വിദ്യാര്‍ത്ഥിനി ഓണ്‍ലൈന്‍ ക്ലാസ് അറ്റന്‍ഡ് ചെയ്യുന്നതിനായി മൊബൈലില്‍ ഇന്റര്‍നെറ്റ് സിഗ്നല്‍ തേടി രാവിലെ കൊടുംതണുപ്പില്‍ വീട്ടില്‍നിന്ന് 800 മീറ്റര്‍ നടന്ന് 3800 മീറ്റര്‍ ഉയരമുള്ള ഒരു മഞ്ഞുമലയുടെ മുകളില്‍ ഒറ്റയ്ക്കിരിക്കുന്ന ചിത്രവുമായാണ് 2020 മാര്‍ച്ച് 18 ന് യുനെസ്‌കോയുടെ 'ഗൈഡന്‍സ് ഓണ്‍ ആക്ടീവ് ലേണിംഗ് അറ്റ് ഹോം' എന്ന സുപ്രധാന രേഖ പുറത്തിറങ്ങിയത്. കോവിഡ് 19 അനിശ്ചിതമായി തുടരുമ്പോള്‍ ലോകം മുഴുവന്‍ ഇന്ന് ഹൂ സിപിംഗ്മാരെക്കൊണ്ടു നിറയുകയാണ്. നമ്മുടെ രാജ്യത്തെയും പ്രത്യേകിച്ച് നമ്മുടെ സംസ്ഥാനത്തെയും പഠിതാക്കളുടെ സ്ഥിതി ഭിന്നമല്ല. വേണ്ടത്ര ശേഷിയുള്ള ബ്രോഡ് ബാന്‍ഡ് ഇന്റര്‍നെറ്റ് സൗകര്യം നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാകുന്നില്ല. കമ്പ്യൂട്ടര്‍സൗകര്യമില്ല, ടെലിവിഷനില്ല. മൊബൈല്‍ ഫോണില്ല. ഇങ്ങനെ ഇല്ലായ്മയുടെ ദുര്‍ബലമായ ചരടില്‍ തൂങ്ങിയാണ് നമ്മുടെ ഓണ്‍ലൈന്‍ വിദ്യാഭ്യാസം ഇന്ന് ഇഴഞ്ഞുനീങ്ങുന്നത്.
യുനെസ്‌കോ, കോമണ്‍വെല്‍ത്ത് ഓഫ് ലേണിംഗ്, ബ്രിട്ടീഷ് കൗണ്‍സില്‍, അമേരിക്കന്‍ ഐ.സി.റ്റി വകുപ്പ്, യുജിസി, ജര്‍മ്മന്‍ ഗവണ്‍മെന്റ്, ഓസ്‌ട്രേലിയന്‍ വിദ്യാഭ്യാസവകുപ്പ്, മസാച്ചുസെറ്റ്-ഹാര്‍വാര്‍ഡ് പോലെയുള്ള നിരവധി ലോകപ്രശസ്ത യൂണിവേഴ്‌സിറ്റികള്‍ എന്നിവയെല്ലാം ഓണ്‍ലൈന്‍വിദ്യാഭ്യാസത്തിന്റെ ബോധനശാസ്ത്രം, സാങ്കേതികവിദ്യ, വിഭവങ്ങള്‍ എന്നിവയെ സംബന്ധിച്ച് വ്യക്തമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍, ഇവയുടെയെല്ലാം കടകവിരുദ്ധമായ രീതിയിലാണ് നമ്മുടെ ഓണ്‍ലൈന്‍ പഠനം.
ഓണ്‍ലൈന്‍അധ്യാപനത്തിന് ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട ആര്‍ക്കിടെക്ചര്‍ പിന്തുടരേണ്ടതായിട്ടുണ്ട്. ഒരു മൊബൈല്‍ ഫോണുപയോഗിച്ച് അധ്യാപകര്‍ നടത്തുന്ന പുസ്തകവായനയോ നോട്ടുവായനയോ പ്രഭാഷണമോ അല്ല ഓണ്‍ലൈന്‍ അധ്യാപനം. ലാപ്‌ടോപ്പ് (ഡെസ്‌ക്‌ടോപ്പ്) ഹെഡ് ഫോണ്‍, പെന്‍പാഡ് എന്നിവയായിരിക്കണം ഓണ്‍ലൈന്‍ ബോധനത്തിന്റെ അടിസ്ഥാനസാങ്കേതികപശ്ചാത്തലം. അധ്യാപനത്തിന്റെ 'ഓഡിറ്ററി മോഡലി'ന് ഇവിടെ സ്ഥാനമില്ല. മറിച്ച്, ബോധനത്തിന്റെ 'വിഷ്വല്‍ മോഡലാണ്' ഇവിടെ പിന്തുടരേണ്ടത്.
ഓണ്‍ലൈന്‍ രീതിയിലുള്ള ബോധനത്തില്‍ പഠനസാമഗ്രികള്‍ക്കു വലിയ സ്ഥാനമുണ്ട്. വീഡിയോ, അനിമേഷന്‍, സ്റ്റില്‍സ് എന്നിവയാണ് അധ്യാപകശബ്ദത്തിന്റെ പിന്‍ബലത്തില്‍ ഓണ്‍ലൈന്‍ വഴിയായി കൈമാറ്റം ചെയ്യപ്പെടേണ്ടത്. ഇവ നിര്‍മ്മിക്കുന്നതിനാവശ്യമായ പരിശീലനവും പ്രയത്‌നവും അധ്യാപകനുണ്ടാവണം. കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, ജോഗ്രഫി, ഹിസ്റ്ററി എന്നിങ്ങനെയുള്ള വിഷയങ്ങള്‍ അനിമേഷന്റെ സഹായത്തോടെ പഠിപ്പിക്കുന്നതിനുള്ള ഫ്രീ സോഫ്റ്റ്‌വെയറുകള്‍ ഇന്നു സുലഭമാണ്. കൂടാതെ, ഏതു വിഷയവും ബഹുവര്‍ണചിത്രങ്ങളുടെ സഹായത്തോടെ പഠിപ്പിക്കുന്നതിനാവശ്യമായ സൗജന്യഡ്രോയിംഗ് സോഫ്റ്റ് വെയറുകളും ആഗോളതലത്തില്‍ ഓണ്‍ലൈന്‍വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനഘടകമായി മാറിക്കഴിഞ്ഞിരിക്കുന്നു.
ഉയര്‍ന്ന ഗുണമേന്മയുടെയും കടുത്ത മത്സരത്തിന്റെയും ലോകമാണ് ഓണ്‍ലൈന്‍ വിദ്യാഭ്യാസമേഖല. പിടിച്ചു നില്ക്കണമെങ്കിലും മുമ്പോട്ടു പോകണമെങ്കിലും സാങ്കേതികജ്ഞാനവും കഠിനപ്രയത്‌നവും നിരന്തരമായ ഗവേഷണവും ആവശ്യമാണ്. ഇല്ലെങ്കില്‍ വിദ്യാഭ്യാസസ്ഥാപനവും അധ്യാപകരും എല്ലാം കണ്ണുചിമ്മുന്ന വേഗത്തില്‍ പരാജയപ്പെടുകയും പിന്തള്ളപ്പെടുകയും ചെയ്യും എന്നതാണു വസ്തുത.
ഡിജിറ്റല്‍ സ്റ്റോറി ടെല്ലിംഗ്, ഇന്‍ഫോ ഗ്രാഫിക്‌സ്, ടെക്സ്റ്റ് ടു സ്പീച്ച്, പോട്കാസ്റ്റ്, സ്‌ക്രീന്‍ ക്യാപ്ചറിംഗ്, സോഷ്യല്‍ ബുക്ക് മാര്‍ക്കിംഗ്, സ്റ്റിക്കിംഗ് നോട്ട്‌സ്, ഫോട്ടോ ആന്‍ഡ് ഇമേജ് എഡിറ്റിംഗ് എന്നീ ടൂളുകള്‍ ഉപയോഗിച്ചുകൊണ്ടാണ് വികസിതരാജ്യങ്ങളില്‍ ഇന്ന് ഓണ്‍ലൈന്‍ ടീച്ചിംഗ് മുമ്പോട്ടു കുതിക്കുന്നത്. എന്നാല്‍, നമ്മുടെ വിദ്യാഭ്യാസസ്ഥാപനങ്ങളും അധ്യാപകരും ഈ വിഭവങ്ങളെ സംബന്ധിച്ച് എത്രമാത്രം അറിവുള്ളവരാണ്, അവയുടെ അനന്തസാധ്യതകളെ പ്രയോജനപ്പെടുത്തുന്നവരാണ് എന്നു പരിശോധിക്കേണ്ടിയിരിക്കുന്നു.
ഓണ്‍ലൈന്‍ ബോധനരീതിയില്‍ അധ്യാപകന്റെ റോളിലും സമീപനത്തിലും കാതലായ മാറ്റം വന്നുചേര്‍ന്നിട്ടുണ്ട്. ടീച്ചര്‍ എന്നതില്‍നിന്നു മാറി ടൂര്‍ ഗൈഡ്, ചിയര്‍ ലീഡര്‍, ലേണിംഗ് കോച്ച്, സോഷ്യല്‍ ബട്ടര്‍ഫ്‌ളൈ, ബിഗ്ബ്രദര്‍, കോ-ലേണര്‍, ഇന്‍ഡിവിഡ്വല്‍ മിറര്‍ എന്നീ റോളുകളിലാണ് ആഗോളതലത്തില്‍ ഇന്ന് ഓണ്‍ലൈന്‍ അധ്യാപകര്‍ വിജയം കൈവരിക്കുന്നത്.
വിദ്യാര്‍ത്ഥികളുടെ സംതൃപ്തി, രക്ഷിതാക്കളുടെ സന്തോഷം എന്നീ ലക്ഷ്യങ്ങളെ ഭംഗിയായി സാക്ഷാത്കരിച്ചുകൊണ്ട് ആഗോളതലത്തില്‍ ഓണ്‍ലൈന്‍ ടീച്ചിംഗ് ഇന്ന് ആധിപത്യം ഉറപ്പിച്ചിരിക്കുന്നു. മറ്റു പല പരിമിതികളും ഉണെ്ടങ്കിലും പരമ്പരാഗതമുഖാമുഖ പഠനത്തെക്കാള്‍ ഉന്നതനിലവാരം പുലര്‍ത്തുന്ന വിദ്യാഭ്യാസമാണ് വികസിതരാജ്യങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍വഴി ഇന്നു ലഭ്യമാകുന്നത്. എന്നാല്‍, അടിസ്ഥാനസൗകര്യങ്ങളുടെ അപര്യാപ്തതയും പഠനവിഭവങ്ങളുടെ പരിമിതിയും പരിശീലനത്തിന്റെ അഭാവവും എല്ലാംകൂടിച്ചേര്‍ന്ന് നമ്മുടെ വിദ്യാഭ്യാസമേഖലയെ തളര്‍ച്ചയിലേക്കും തകര്‍ച്ചയിലേക്കും ഇന്ന് ഓണ്‍ലൈന്‍ ബോധനരീതി എത്തിച്ചുകൊണ്ടിരിക്കുന്നു.


(മഹാത്മാഗാന്ധി സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറും സംസ്ഥാനവിദ്യാഭ്യാസ സാങ്കേതികവിദ്യാവിഭാഗത്തിന്റെയും ഐ.റ്റി. അറ്റ് സ്‌കൂളിന്റെയും മുന്‍ ഡയറക്ടറുമാണ് ലേഖകന്‍)

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)