"It is Christmas in the heart that puts Christmas in air "
- W. T. Ellis ഏപ്രിലാണേറ്റവും ക്രൂരമാസം എന്ന് എലിയറ്റ് എഴുതിയിട്ടുണ്ട്. എലിയറ്റിന് അങ്ങനെ പറയാമെങ്കില്‍ എനിക്ക് എന്റെ അഭിപ്രായവും പറയാമല്ലോ. ഡിസംബറാണ് ഏറ്റവും മികച്ച മാസം.ഏതു കാര്യത്തിനു പിന്നിലും ഒരു കാരണമുണ്ടാകും, ഏതു പ്രസ്താവനയ്ക്കു പിന്നിലും. എന്റെ പ്രസ്താവനയ്ക്കു പിന്നിലെ കാരണം ക്രിസ്മസാണ്, ക്രിസ്മസിന്റെ ചിഹ്നങ്ങളാണ്.ഇത്രയധികം ചിഹ്നങ്ങളോ പ്രതീകങ്ങളോ മനുഷ്യര്‍ക്കുമുന്നില്‍ നിരത്തിവയ്ക്കുന്ന മറ്റൊരു പെരുന്നാളും ഉണ്ടെന്നു തോന്നുന്നില്ല. മനുഷ്യരുടെ മനസ്സുകളില്‍ പ്രത്യേകിച്ചൊരു കാരണവും കൂടാതെ സന്തോഷം നിറച്ചുവയ്ക്കുന്ന എത്രയെത്ര കാഴ്ചവെളിച്ചങ്ങളാണ് ക്രിസ്മസ് നിരത്തിവയ്ക്കുന്നത്. കേക്കുകള്‍, നക്ഷത്രങ്ങള്‍, നത്താള്‍വിളക്കുകള്‍, സാന്താസമ്മാനങ്ങള്‍, ചിത്രതോരണങ്ങള്‍, കരോള്‍സംഘങ്ങള്‍, ക്രിസ്മസ്മരങ്ങള്‍, പച്ചപ്പുല്‍ക്കൂടുകള്‍, പാതയലങ്കാരങ്ങള്‍, പാപ്പാഞ്ഞിത്തൊപ്പികള്‍...പണ്ടൊരു ക്രിസ്മസ്‌കാലത്ത് എഴുതിയ കുറിപ്പിലെ വരികള്‍ ഇവിടെ ഒന്നു പകര്‍ത്തട്ടെ:'കിഴക്കന്‍മലകളിലെ ക്രിസ്മസ്‌രാത്രികളിലൂടെ നടക്കണം. അപ്പോള്‍ കാണാം, തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മഞ്ഞിന്റെ ഷാളും പുതച്ച് ഒരു കരിങ്കല്‍പള്ളി. പശമാവുകൊണ്ട് ഒട്ടിച്ചെടുത്ത കടലാസുനക്ഷത്രം തൂങ്ങുന്ന കുരിശടി. അപ്പുറത്തെ മലയിലൂടെ പെട്രോമാക്‌സ് വെളിച്ചത്തില്‍ ഉറുമ്പുവരിപോലൊരു കരോള്‍സംഘം. ഈറന്‍കാറ്റിന്റെ തോളില്‍ കയറിവരുന്ന 'യഹൂദിയായിലെ ഒരു ഗ്രാമം...'
ഡിസംബര്‍ റൊമാന്റിക്കായ ഒരു മാസവും ക്രിസ്മസ് കാല്പനികമായ ഒരു കാലവുമാകുന്നു. നടക്കാതെ പോയ ഒരു നാടകത്തില്‍ അഭിനയിക്കാന്‍ പണ്ട് എന്നെ ചങ്ങനാശ്ശേരിക്കു വിളിച്ചുവരുത്തിയ മാര്‍ട്ടിന്‍ പി.എസ്. എന്ന കൂട്ടുകാരന്‍ എനിക്കു കാണിച്ചുതന്നത് ക്രിസ്മസ് മാത്രമല്ല, പുതൂര്‍പള്ളിയിലെ ചന്ദനക്കുടവും പുഴവാത് അമ്പലത്തിലെ ചിറപ്പുംകൂടിയാണ്. റിഹേഴ്‌സലും കഴിഞ്ഞ് മഹാരാജാസ് ഹോസ്റ്റലിന്റെ ടെറസില്‍ ഒത്തുകൂടിയ കാമ്പസ്‌നടന്മാരുടെ ക്രിസ്മസിന് കൊച്ചി തെരുവുകളെക്കാള്‍ ഊര്‍ജം നല്‍കിയത് അന്‍വര്‍ എ.ആര്‍. എന്ന കൂട്ടുകാരനായിരുന്നു. മാര്‍ട്ടിന്‍ പ്രക്കാട്ട്, അന്‍വര്‍ റഷീദ് എന്നിങ്ങനെ നാട്ടുകാര്‍ അറിയുന്ന പേരുകളില്‍ ക്രിസ്മസും കുളിരും മറന്നു നല്ല സിനിമ വേവിച്ചെടുക്കുന്ന ചൂടിലാണ് സംവിധായകന്മാരായ ആ ചങ്ങാതിമാരിപ്പോള്‍.
പണം പടക്കംപോലെ പൊട്ടിച്ചിട്ട് വിശന്നിരിക്കുന്ന ഒരു ക്രിസ്മസ്‌കാലത്ത് ദീപ്തി എന്നൊരു കൊച്ചിക്കാരി അനുരാഗിനും കൃഷ്ണദാസ് എന്ന ഓപ്പയ്ക്കും എനിക്കും വയറുനിറച്ച് ബിരിയാണി വാങ്ങിത്തന്നു. കൊച്ചിയില്‍ കൊള്ളാവുന്ന പോത്തുകറി കിട്ടാന്‍ പാടാണ്. നല്ല പോത്ത് ഇല്ലാത്ത പെരുന്നാള്‍ ഒരു പോരായ്മയാണെങ്കിലും വര്‍ഷങ്ങളായിട്ട് ഞാന്‍ ക്രിസ്മസ് കൂടുന്നത് ആ കൊച്ചിക്കാരിയുടെ വീട്ടിലാണ്. പോത്തിറച്ചി പോട്ടെന്നു വയ്ക്കാം. പക്ഷേ, എന്റെ കുഞ്ഞുങ്ങളുടെ അമ്മയുടെ ഒപ്പമല്ലാതെ ഞാന്‍ എങ്ങനെയാണ് ക്രിസ്മസ് ആഘോഷിക്കുക? സ്‌നേഹിക്കുന്നവരുടെ കണ്ണിലെ വെളിച്ചത്തെക്കാള്‍ തെളിച്ചമുള്ള ഏതു ക്രിസ്മസ്‌വിളക്കാണ് നമുക്കു കാണാന്‍ കഴിയുക?
എവിടെനിന്നാണ് ക്രിസ്മസ് ഇത്രയധികം ആനന്ദം മനുഷ്യരിലേക്ക് ഇറക്കുമതി ചെയ്യുന്നത്? എങ്ങനെയാണാ സന്തോഷം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്കു പടരുന്നത്?
അറിയേണ്ടതില്ലെനിക്കത്.
ചിലതിന്റെയൊന്നും കാരണം തിരഞ്ഞുപോകേണ്ട കാര്യമില്ല. ക്രിസ്മസ് എന്നും കാരണം കൂടാതെ മനുഷ്യമനസ്സുകളെ ആനന്ദഭരിതമാക്കിക്കൊണ്ടേയിരിക്കട്ടെ.
ക്രിസ്മസ് ഒരു സീസണ്‍ അല്ല ഒരു വികാരമാണെന്ന് എഡ്‌ന ഫെര്‍ബെര്‍ പറഞ്ഞത് എത്ര സത്യം! ക്രിസ്മസ് ഒരു തീയതി അല്ല, അതൊരു മാനസികാവസ്ഥയാണെന്ന് മേരി എല്ലെന്‍ ചെയ്‌സ് പറഞ്ഞതിന്റെ പൊരുളും അതുതന്നെ. ചാള്‍സ് ഡിക്കന്‍സ് ക്രിസ്മസ് കാരളില്‍ കുറിച്ച വാക്കുകള്‍ നമുക്കും നമ്മുടെ കരളില്‍ പതിച്ചുവയ്ക്കാം:
"I will honour Christmas in my heart and try to keep it all the year."
നാവില്‍ അലിഞ്ഞുതീരാത്തൊരു മധുരമിഠായിപോലെ ക്രിസ്മസ് എന്ന മാനസികാവസ്ഥ നമ്മുടെയെല്ലാം വാഴ്‌വുകളില്‍ വര്‍ഷം മുഴുവനും മായാതെ നിറഞ്ഞുനില്‍ക്കട്ടെ.
ഏവര്‍ക്കും ക്രിസ്മസ്മംഗളങ്ങള്‍!