•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

ഓര്‍മയില്‍ ഒരു നക്ഷത്രം !

ഴയ തലമുറയിലെ ആളുകള്‍ക്കു മറക്കാനാവുമോ അരനൂറ്റാണ്ട്  മുമ്പത്തെ ആ ക്രിസ്മസ് കാലം! ഓര്‍മയില്ലേ മുറ്റത്തെ മാവിന്‍കൊമ്പില്‍ രാത്രിയില്‍  തെളിഞ്ഞു നില്‍ക്കുന്ന ആ ഈറ്റനക്ഷത്രവും മാവിന്‍ചുവട്ടില്‍ വൈക്കോലുകൊണ്ടുണ്ടാക്കിയ പുല്‍ക്കൂടും? ജാതിമതഭേദമന്യേ ക്രിസ്മസ് വലിയ ആഘോഷമാക്കിയിരുന്ന അക്കാലത്ത് വീട്ടുമുറ്റത്തൊരുക്കിയ പുല്‍ക്കൂടു കാണാന്‍ അന്യമതസ്ഥരായ അയല്‍വീട്ടുകാര്‍പോലും ഓടിയെത്തുമായിരുന്നു. എന്നുമാത്രമല്ല, പുല്‍ക്കൂടുനിര്‍മാണത്തില്‍ അവരും പങ്കാളികളാവുകയും ചെയ്യുമായിരുന്നു. മതവിദ്വേഷമോ തീവ്രവാദമോ തൊട്ടുതീണ്ടിയിട്ടില്ലാത്ത, സഹജീവിസ്‌നേഹം പൂത്തുലഞ്ഞുനിന്ന ആ കാലം എത്ര സുന്ദരകാലമായിരുന്നു!  
 അന്നു  സ്വന്തമായി വാഹനമുള്ളവര്‍ വിരളം. അതുകൊണ്ടുതന്നെ വീടിനുമുമ്പില്‍ ഒരു റോഡു വേണമെന്ന ചിന്തയേ ആര്‍ക്കുമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ജോലി എന്നതിനേക്കാള്‍ കൃഷിഭൂമി വാങ്ങിക്കൂട്ടുന്നതിലായിരുന്നു ക്രിസ്ത്യാനികള്‍ക്ക് ഏറെ താത്പര്യം. പത്താം ക്ലാസില്‍ തോല്‍ക്കുന്നതോടെ അവസാനിക്കും പഠനം. (അന്നു ജയിക്കുന്നവരേക്കാള്‍ നാലിരട്ടിയായിരുന്നു പത്തില്‍ തോല്‍ക്കുന്നവര്‍).
വിശാലമായ പറമ്പിന്റെ നടുവിലായിരുന്നു മിക്കവീടുകളും. ഇന്നത്തെപ്പോലെ കൂറ്റന്‍ മതിലുകളോ ഗേറ്റുകളോ ഒന്നും വീടിനുണ്ടായിരുന്നില്ല. വിസ്തൃതമായ പറമ്പില്‍ തലങ്ങും വിലങ്ങും ഒറ്റയടിപ്പാതകള്‍. രാത്രി നിലാവെളിച്ചത്തില്‍ നടന്നുപോകുന്ന രൂപം കാണുമ്പോള്‍, 'ആരെടാ എന്റെ പറമ്പില്‍' എന്നായിരുന്നില്ല ചോദ്യം. മറിച്ച്, മത്തായിച്ചേട്ടനാണോ, ഇന്നെന്താ വൈകിയത് എന്ന കുശലാന്വേഷണമായിരിക്കും. ഏതു പാതിരാത്രിയിലും ഏതു വീട്ടിലും കയറിച്ചെന്ന് ഇത്തിരി വെട്ടം തരാമോ ചേടത്തീ എന്ന് ചോദിച്ചാല്‍ ചൂട്ടുകറ്റ  കെട്ടി  തീകത്തിച്ചു കൊടുക്കുമായിരുന്നു. ചിലപ്പോള്‍ മെഴുകുതിരിയും ഒരു ചിരട്ടയുമാകും കൈമാറുക.  
പറഞ്ഞുവന്നത് അന്നത്തെ ക്രിസ്മസ്‌നാളുകളെപ്പറ്റിയാണല്ലോ. അന്ന് നാട്ടിന്‍പുറത്തെ മിക്ക വീടുകളിലും  വൈദ്യുതിയുണ്ടായിരുന്നില്ല. ഇന്നത്തെപ്പോലെ മിഴിചിമ്മുന്ന നക്ഷത്രങ്ങള്‍ കടയില്‍നിന്നു വാങ്ങിക്കാനും കിട്ടുമായിരുന്നില്ല.
ക്രിസ്മസ്‌കാലമായാല്‍ നക്ഷത്രങ്ങള്‍ ഉണ്ടാക്കുന്ന തിരക്കിലായിരിക്കും ഓരോ വീടും. കടയില്‍നിന്നു വാങ്ങിക്കുന്ന വിവിധ വര്‍ണങ്ങളിലുള്ള ചൈനാപ്പേപ്പറും പറമ്പില്‍നിന്നു വെട്ടിയെടുക്കുന്ന ഈറ്റയുംകൊണ്ട്  കുടുംബാംഗങ്ങള്‍  ഒന്നിച്ചിരുന്നാണ് നക്ഷത്രം ഉണ്ടാക്കുന്നത്. ഒരു വീട്ടില്‍  ഏഴെട്ടു മക്കള്‍ ഉണ്ടായിരുന്ന അക്കാലത്ത് നക്ഷത്രങ്ങളും പുല്‍ക്കൂടും ഉണ്ടാക്കുന്നത് ഒരു ബുദ്ധിമുട്ടേ ആയിരുന്നില്ല. മറിച്ച്, അതൊരു ആവേശമായിരുന്നു, ആഹ്ലാദമായിരുന്നു, ഒത്തൊരുമയായിരുന്നു. ചിലപ്പോള്‍ അയല്‍പക്കത്തെ കുട്ടികളും സഹായിക്കാന്‍ ഓടിയെത്തും.
ഈറ്റ കീറി നക്ഷത്രം ഉണ്ടാക്കി, അതിനകത്തു മണ്ണെണ്ണവിളക്കോ മെഴുകുതിരിയോ കത്തിച്ചുവച്ച് വീട്ടുമുറ്റത്തെ മാവിന്‍കൊമ്പിലോ തെങ്ങിന്‍മുകളിലോ കയറി അയല്‍ക്കാര്‍ക്കുകൂടി കാണത്തക്കവിധം ഉയരത്തില്‍ കെട്ടും. എത്രയധികം ഉയര്‍ത്തുന്നുവോ അവനാണു കേമന്‍. ആകാശം മുട്ടെ നില്‍ക്കുന്ന നക്ഷത്രങ്ങളെ നോക്കി, ആ നക്ഷത്രത്തില്‍നിന്നുവരുന്ന രശ്മികള്‍ നോക്കി  സ്വയംമറന്നുനിന്ന ആ നാളുകള്‍  പോയകാലത്തെ നിറമുള്ള ഓര്‍മയാണ്. തന്റെ സ്വന്തം കൈകളില്‍ രൂപംകൊണ്ട നക്ഷത്രമാണല്ലോ ഉയരത്തില്‍ ജ്വലിച്ചുനില്‍ക്കുന്നത് എന്ന  സന്തോഷമാണ് അപ്പോള്‍ മനസ്സില്‍.
ഈറ്റ വെട്ടിക്കൊണ്ടുവന്നു നെടുകെ കീറി ചെറിയ കമ്പുകളാക്കി നക്ഷത്രത്തിന്റെ ആകൃതിയില്‍ ഒട്ടുപാലുകൊണ്ട് കൂട്ടിക്കെട്ടിയാണ് നക്ഷത്രമുണ്ടാക്കിയിരുന്നത്. കടയില്‍നിന്നു വാങ്ങിക്കുന്ന വര്‍ണക്കടലാസുകൊണ്ട് ഈറ്റ പൊതിയും. നക്ഷത്രത്തിന്റെ മുകള്‍വശത്ത്, താഴെനിന്നു നോക്കിയാല്‍ കാണില്ലാത്തവിധം ഒരു  ചെറിയ വിടവ് ഇട്ടിരിക്കും. ആ വിടവിലൂടെ മണ്ണെണ്ണവിളക്കോ മെഴുകുതിരിയോ അകത്തുകയറ്റി ഉറപ്പിച്ചു ദീപം തെളിക്കും. രാത്രിയില്‍ ആ പ്രകാശം വര്‍ണക്കടലാസുകള്‍ ഭേദിച്ച് പുറത്തേക്കു വരുമ്പോള്‍ നക്ഷത്രം വെട്ടിത്തിളങ്ങും. വീട്ടില്‍ വൈദ്യുതിയുള്ളവര്‍ ഫിലമെന്റുബള്‍ബുകളാണ് ഇടുക.
അന്നത്തെ നക്ഷത്രങ്ങള്‍ക്ക് അഞ്ചു  കാലുകളേ ഉണ്ടായിരുന്നുള്ളൂ. രണ്ടു കാലുകളില്‍ തൂങ്ങിയാണു നില്പ്.  രാത്രിയില്‍ തിരിനാളത്തിന്റെ  വെളിച്ചത്തില്‍   ജ്വലിച്ചുനില്‍ക്കുന്ന ആ നക്ഷത്രം നോക്കിനില്‍ക്കാന്‍ കുട്ടികള്‍ക്കാആവേശമാണ്, സന്തോഷമാണ്.
കാലക്രമേണ ഈറ്റയും  വര്‍ണ്ണക്കടലാസുകളും  കടകളിലെ  റെഡിമെയ്ഡ് നക്ഷത്രങ്ങള്‍ക്കു വഴിമാറി. അഞ്ചു കാലുകളുടെ സ്ഥാനത്ത് അനവധി കാലുകള്‍ മുളച്ചു. കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത  ആകൃതിയില്‍ നക്ഷത്രങ്ങള്‍ പിറവിയെടുത്തു. നക്ഷത്രത്തിനുള്ളില്‍ മണ്ണെണ്ണവിളക്കിനും മെഴുകുതിരിക്കും പകരം വൈദ്യുതബള്‍ബുകള്‍ സ്ഥാനം പിടിച്ചു. കുറേക്കാലം അവര്‍ ഈ നാട്ടിലെ താരങ്ങളായി വിരാജിച്ചു.
കാലം കടന്നുപോയപ്പോള്‍  കടലാസുനക്ഷത്രങ്ങള്‍ ചവറ്റുകുട്ടയിലായി.  പകരം വന്നവവനാകട്ടെ പ്ലാസ്റ്റിക്കില്‍ രൂപംകൊണ്ട  എല്‍.ഇ.ഡി. നക്ഷത്രങ്ങള്‍. അവനാണിപ്പോള്‍ നാട്ടിലെ താരം. നിറങ്ങള്‍ മാറിമാറി മിന്നിത്തെളിയുന്ന  പ്ലാസ്റ്റിക് നക്ഷത്രങ്ങള്‍ ഓരോവര്‍ഷവും ഓരോ രൂപം പ്രാപിച്ചാണ് വിപണിയില്‍ എത്തുന്നത്. കാലം മാറുമ്പോള്‍ കോലവും മാറണമല്ലോ!  ഈ മാറ്റം ടെക്നോളജിയില്‍ മാത്രമല്ല, മനുഷ്യന്റെ ഇഷ്ടാനിഷ്ടങ്ങളിലും കടന്നുകൂടി. അതിനിയും മാറിക്കൊണ്ടേയിരിക്കും. ഇന്നത്തെ എല്‍ഇഡി നക്ഷത്രങ്ങള്‍ നാളെ മറ്റൊന്നിനായി വഴിമാറുമെന്നുറപ്പാണ്.
എല്ലാവര്‍ക്കും ശാന്തിയുടെയും സമാധാനത്തിന്റെയും ക്രിസ്മസ്  ആശംസകള്‍...

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)