കാലം നിലയ്ക്കാത്ത ഒരു പ്രവാഹമാണ്. ആര്‍ക്കുംവേണ്ടി ഒന്നിനും വേണ്ടി കാത്തുനില്‍ക്കുന്നില്ല. കാലത്തിനൊപ്പം മനുഷ്യരും അനുസ്യൂതമായ ഈ പ്രവാഹത്തിലൂടെ ഒരിക്കല്‍മാത്രം കടന്നുപോകുന്ന യാത്രക്കാരാണ്. ഒഴുകുന്ന പുഴയില്‍ ആരും ഒന്നിലധികം പ്രാവശ്യം കുളിക്കുന്നില്ല എന്ന ചൊല്ലുപോലെ... നോക്കൂ! സംഭവബഹുലമായ ഒരു സംവത്സരംകൂടി ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ്. അങ്ങനെ ആയുസ്സിന്റെ വൃക്ഷത്തില്‍നിന്ന് ഒരിലകൂടി കൊഴിഞ്ഞു വീണിരിക്കുന്നു. സുഖവും ദുഃഖവും, പ്രത്യാശയും നിരാശയും, അല്ലലും ആഹ്ലാദവും, കണ്ണീരും പുഞ്ചിരിയും, സമൃദ്ധമായി വിളമ്പിക്കൊണ്ടാണ് 2022 പിന്നിടുന്നത്. ഐശ്വര്യസമൃദ്ധമായ ഒരു പുതുവര്‍ഷത്തിന്റെ രംഗപ്രവേശം ലോകം പൊന്‍പ്രതീക്ഷകളോടെ ഉറ്റുനോക്കുകയാണ്.
കടന്നുപോകുന്ന വര്‍ഷത്തിനു ഹൃദ്യമായ യാത്രയയപ്പും നവവര്‍ഷത്തിന് ഊഷ്മളമായ വരവേല്പും നല്‍കാന്‍ പതിവുപോലെ ഏവരും ഉത്സുകര്‍തന്നെ. ജാതിമത, ദേശവര്‍ണ, ഭേദമെന്യേ സകലരും താന്താങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തിനുമുന്നില്‍ നന്ദിയോടെ ശിരസ്സുനമിച്ചും പ്രത്യാശയോടെ കരങ്ങള്‍ നീട്ടിയും പുതുവത്സരത്തെ വരവേല്ക്കുന്നു. എങ്ങും പുതുമയുടെ ആരവം അലതല്ലുന്നു. പുതുവസ്ത്രങ്ങള്‍, ഡയറികള്‍, കലണ്ടറുകള്‍, പുത്തന്‍ പ്രതീക്ഷകള്‍, സ്വപ്നങ്ങള്‍, തിരുത്തലുകള്‍, തീരുമാനങ്ങള്‍, അജണ്ടകള്‍ ഇങ്ങനെ പുതുമയുടെ പട്ടിക നീളുന്നു.
ചേതനയുള്ളവരില്‍ വേദനയുളവാക്കുന്ന പല അശുഭവാര്‍ത്തകളും ഇക്കുറിയും ചരിത്രത്തില്‍ ഇടംപിടിച്ചു. രോഗങ്ങളും ദുരന്തങ്ങളും യുദ്ധങ്ങളും കലാപങ്ങളും ഭീകരാക്രമണങ്ങളും മനുഷ്യാവകാശലംഘനങ്ങളും ആത്മഹത്യകളും അപകടമരണങ്ങളും ലഹരിമാഫിയകളും പീഡനങ്ങളും തുടങ്ങി നരബലിക്കുവരെ സാക്ഷ്യം വഹിച്ചുകൊണ്ട് ചരിത്രത്തില്‍ കറുത്ത പാടുകള്‍ വീഴ്ത്തി കടന്നുപോയ വര്‍ഷമാണ് 2022. പുതുവര്‍ഷത്തിലേക്കു പദമൂന്നി നില്ക്കുമ്പോഴും മനുഷ്യമനസ്സുകളില്‍ യുദ്ധഭീഷണികളുടെയും പ്രകൃതിദുരന്തത്തിന്റെയും ഭക്ഷ്യക്ഷാമത്തിന്റെയും സാമ്പത്തികമാന്ദ്യത്തിന്റെയും തൊഴില്‍രാഹിത്യത്തിന്റെയുമൊക്കെ വികൃതമുഖങ്ങളാണ് പൊന്തിനില്ക്കുന്നത്. മാനവരാശിക്കു നേരേ കാലം ഉയര്‍ത്തിപ്പിടിച്ച ഒരു മുഖക്കണ്ണാടിയാണ് കൊവിഡ് മഹാമാരി എന്നു വിശേഷിപ്പിക്കാം. കൊവിഡനന്തരപ്രത്യാഘാതങ്ങളാല്‍ അനേകം ജീവിതങ്ങള്‍ ഇനിയും പൊലിഞ്ഞുവീണുകൊണ്ടിരിക്കുന്നു. പ്രകൃതിയും മനുഷ്യനും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളത്. പ്രകൃതിയാണ് മനുഷ്യന്റെ ഏറ്റവും വലിയ പാഠപുസ്തകമെന്ന ഓര്‍മപ്പെടുത്തല്‍കൂടി ഈ മഹാമാരി ലോകത്തിനു നല്‍കുന്നുണ്ട്. പ്രകൃതിയുടെ താളം തെറ്റുമ്പോള്‍ അപശ്രുതികള്‍ രൂപംകൊള്ളൂം. അവ രോഗങ്ങളായും ദുരന്തങ്ങളായും മനുഷ്യജീവിതത്തെ താറുമാറാക്കുവാന്‍ പര്യാപ്തമാണ്. മനുഷ്യന്റെ നിസ്സാരതയും നിസ്സഹായതയും എന്തെന്ന് കൊവിഡ് മനുഷ്യരാശിയെ പഠിപ്പിച്ചു.
ജനകോടികളില്‍ ഒരാളായിട്ടാണ് നാമോരോരുത്തരും ഈ പുതുവര്‍ഷത്തിന്റെ പടിയില്‍ പദമൂന്നി നില്ക്കുന്നത്. ഇതും ദൈവം തന്ന ഒരു മഹാദാനംതന്നെ! നിനച്ചിരിക്കാത്ത നേരത്ത് എത്രയോ പേരാണ് 2022 നോടു വിടപറഞ്ഞത്. എന്നാല്‍, എന്തിനൊക്കെയോവേണ്ടി, ആര്‍ക്കൊക്കെയോവേണ്ടി, ഏതോ ദൗത്യങ്ങള്‍ നിറവേറ്റാന്‍, ജീവിതം പുതുക്കിപ്പണിയാന്‍ ദൈവം ഒരവസരംകൂടി നല്‍കിയിരിക്കുന്നു! ''നമ്മുടെ യാത്രയുടെ രഹസ്യമിതാണ് ഒഴുക്കിനെതിരെ നീന്താന്‍ ദൈവം നമുക്കു ശക്തി പകരുന്നു.'' ഫ്രാന്‍സീസ് പാപ്പായുടെ വാക്കുകളാണിത്.
ഓരോ വര്‍ഷത്തിനുമുണ്ട് 365 ദിവസങ്ങള്‍. അവ ഒന്നിച്ചുനില്‍ക്കുമ്പോള്‍ ദീര്‍ഘമായ നാളുകള്‍തന്നെ. എന്നാല്‍, എത്ര പെട്ടെന്നാണ് മാസങ്ങള്‍ ആഴ്ചകള്‍ക്കും ആഴ്ചകള്‍ ദിവസങ്ങള്‍ക്കും ദിവസങ്ങള്‍ മണിക്കൂറുകള്‍ക്കും മണിക്കൂറുകള്‍ മിനിറ്റുകള്‍ക്കും സെക്കന്റുകള്‍ക്കുമായി വഴിമാറുന്നത്. എല്ലാവര്‍ക്കും തുല്യ അളവില്‍ത്തന്നെയാണ് സമയം ദൈവം നല്‍കിയിരിക്കുന്നത്. ഒരു നിമിഷത്തിന്റെ വില നിര്‍ണയിക്കാന്‍ ആര്‍ക്കും സാധ്യമല്ല. അതുകൊണ്ടുതന്നെ, സമയത്തോടു നീതിപുലര്‍ത്താനും നന്ദി നേരാനും നാം ബാധ്യസ്ഥരാണ്. ഈയൊരു നിമിഷംമാത്രമാണ് നമുക്കു സ്വന്തമായിട്ടുള്ളത്. അടുത്ത നിമിഷം എന്താണു സംഭവിക്കുകയെന്നത് മനുഷ്യബുദ്ധിക്ക് അഗ്രാഹ്യമാണ്. ലോകത്തിന്റെ നിറുകയില്‍ വിരാജിക്കുന്ന ശാസ്ത്രംപോലും സമയമെന്ന കണികയ്ക്കുമുന്നില്‍ മുട്ടുമടക്കുകയാണല്ലോ!
കവികളും ചിന്തകരും സത്യാന്വേഷികളുമെല്ലാം മനുഷ്യജീവിതത്തെ ആരോഹണാവരോഹണങ്ങളോടു കൂടിയ ഒരു ഗാനത്തോടാണുപമിച്ചിരിക്കുന്നത്. പ്രതിസന്ധികളും ഒറ്റപ്പെടുത്തലുകളും കുറ്റപ്പെടുത്തലുകളും അവജ്ഞയും അവഗണനയുമെല്ലാം ജീവിതത്തെ കീഴ്‌മേല്‍ മറിക്കാന്‍ ശക്തമാണ്. മിഴി നനയുന്ന സ്മൃതികളും കനലെരിയുന്ന അനുഭവങ്ങളും ജീവിതത്തിന്റെ ഭാഗങ്ങളാണ്. ഒന്നും സ്ഥായിയല്ല. അറിവിനെക്കാള്‍ വലിയ തിരിച്ചറിവു ലഭിക്കുമ്പോഴാണ് സഹനങ്ങള്‍ ഒരു വരവും ഹരവുമായി പരിണമിക്കുന്നതും ജീവിതം ഒരു പരിശീലനക്കളരിയായി മാറുന്നതും വിജയത്തിലേക്കുള്ള വാതായനങ്ങള്‍ തുറന്നുകിട്ടുന്നതും. നമുക്കേറെ അനുഭവപാഠങ്ങളും ഉള്‍ക്കാഴ്ചകളും നല്‍കിക്കൊണ്ടാണ് ഓരോ വര്‍ഷവും നമ്മോടു യാത്രപറഞ്ഞ് ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.
''ഉരുക്കിടുന്നു മിഴിനീരിലിട്ട്
മുക്കുന്നു ചുറ്റും ഭുവനൈകശില്പി
മനുഷ്യഹൃത്താം കനകത്തെയേതോ,
പണിത്തരത്തിനുപയുക്തമാക്കാന്‍''
ഈ കവിതാശകലത്തില്‍ നമുക്കേറെ ഉള്‍പ്രകാശം നല്‍കാന്‍ സ്വപ്നങ്ങളും പ്രതീക്ഷകളുമുണ്ട്. അതിനായി ചിലരെ ദൈവം തിരഞ്ഞെടുക്കുകയും മാറ്റിനിറുത്തുകയും ഊതിക്കാച്ചിയ പൊന്നുപോലെ സ്ഫുടം ചെയ്‌തെടുക്കുകയും ചെയ്യുന്നു. ഈ തിരിച്ചറിവിന്റെ തനിമയും സുതാര്യതയുമാണ് നമ്മുടെ ജീവിതത്തിനു പുതുമയും ആസ്വാദ്യതയും പകരുന്നത്. ആരെയും വിധിക്കേണ്ടതുമില്ല. നന്മ മാത്രമോ തിന്മമാത്രമോ ഉള്ളവരായി ആരുമില്ല. പ്രഭാഷകന്‍ നമ്മെ ഓര്‍മപ്പെടുത്തുന്നു: ''മരിക്കുംമുമ്പ് ആരെയും ഭാഗ്യവാനെന്നു വിളിക്കരുത്. മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക.''
കൊഴിഞ്ഞുവീണ ഇന്നലെയ്ക്കും വിടരാനിരിക്കുന്ന നാളെയ്ക്കുമിടയില്‍ വിടര്‍ന്നു നില്‍ക്കുന്ന ഇന്നിനെ മാത്രം നോക്കി, വന്നുപോയ അക്ഷരത്തെറ്റുകള്‍ തിരുത്തി പുതിയ കര്‍മപദ്ധതികള്‍ വിഭാവനം ചെയ്യാം. നല്ലതുമാത്രം നിനയ്ക്കാം. നന്മമാത്രം വിതയ്ക്കാം. നന്ദിയോടെ നമിക്കാം. മാറ്റങ്ങള്‍ക്കുവേണ്ടിയുള്ള തീവ്രമായ ആഗ്രഹവും തീക്ഷ്ണമായ യജ്ഞവും പുതുവര്‍ഷത്തെ അര്‍ഥപൂര്‍ണവും ശോഭയുള്ളതുമാക്കട്ടെ! എല്ലാ കാര്‍മേഘപടലങ്ങള്‍ക്കുള്ളിലും മഴവില്ലിന്റെ മിഴിവ് മറഞ്ഞിരിക്കുന്നുവെന്നതും ഒരു യാഥാര്‍ഥ്യംതന്നെ!
ഈ പുതുവര്‍ഷത്തില്‍ സമാധാനത്തിന്റെയും സമൃദ്ധിയുടെയും സൗഹൃദത്തിന്റെയും ശാന്തിയുടെയും മഴത്തുള്ളികള്‍ പെയ്തിറങ്ങട്ടെ! അങ്ങനെ മനുഷ്യമനസ്സുകളിലെ സ്വാര്‍ഥതയുടെ കനലുകള്‍ അണയട്ടെ! സാഹോദര്യത്തിന്റെ നാളങ്ങള്‍ തെളിയട്ടെ! പുതിയൊരാകാശവും പുതിയൊരു ഭൂമിയും പുലരട്ടെ!