•  2 May 2024
  •  ദീപം 57
  •  നാളം 8
നോവല്‍

അഗസ്ത്യായനം

കുശിനിക്കാരന്‍ കൊച്ചേപ്പ് കൊണ്ടുവന്നുകൊടുത്ത ഉച്ചഭക്ഷണം അല്പം കഴിച്ച്, കുഞ്ഞച്ചന്‍ ഒരു മയക്കത്തിലേക്കു ചാരുകയായിരുന്നു. അപ്പോഴാണ് അവര്‍ വന്നത്. ഒരു സ്ത്രീയും എട്ടോ പത്തോ വരുന്ന ഒരാണ്‍കുട്ടിയും.
''ആരാ...'' കുഞ്ഞച്ചന്‍ ചോദിച്ചു. അവര്‍ കട്ടിലിനരുകില്‍ വന്നു മുട്ടുകുത്തി. കുഞ്ഞച്ചന്‍ കട്ടില്‍ തലയ്ക്കല്‍ കെട്ടിയിരുന്ന വളയത്തില്‍ പിടിച്ചുവലിച്ചു. മണി മുഴങ്ങി. മറിയക്കുട്ടിയും കൊച്ചേപ്പും ഒരുമിച്ചാണ് ഓടിവന്നത്. അവര്‍ കുഞ്ഞച്ചനെ കട്ടില്‍തലയ്ക്കലേക്കു ചാരിയിരുത്തി. 
''ഞാന്‍ കത്രീന. ഇത് എന്റെ മകന്‍ ജോസഫ്... പണ്ട് കുരിശിന്‍ തൊട്ടിയിലെ ഓലപ്പുരയില്‍...?''
അവര്‍ പൂര്‍ത്തിയാക്കിയില്ല. അതിനുമുന്‍പേ ഓര്‍മ്മിക്കുന്നു എന്ന് കുഞ്ഞച്ചന്‍ തലയാട്ടി.
അതൊരു മഞ്ഞുകാലമായിരുന്നു. യേശുദേവന്റെ തിരുപ്പിറവി കഴിഞ്ഞ് ലോകം വിശുദ്ധിയുടെ സുഗന്ധം പ്രസരിപ്പിച്ചുനില്ക്കുന്ന കാലം.
അതിരാവിലെ പള്ളിയില്‍ കുര്‍ബാനയ്‌ക്കെത്തിയ കൈക്കാരനാണ് വന്നു പറഞ്ഞത്:
''കുരിശിന്‍തൊട്ടിയിലെ ഓലപ്പുരയില്‍ ഏതോ ഒരു സ്ത്രീ പ്രസവിച്ചുകിടക്കുന്നു.'' 
കേട്ടപാടേ കുഞ്ഞച്ചന്‍ കുറച്ചുപേരെ വിളിച്ചുകൂട്ടി പള്ളിപ്പുരയിലെത്തി.
''കൃശഗാത്രിയായ ഒരു സ്ത്രീ. അവളാകെ വിളറിയിരുന്നു. അവളുടെ കണ്ണുകളില്‍ മരണത്തിന്റെ ഒരു നിഴല്‍ കണ്ടു കുഞ്ഞച്ചന്‍. അവളോടൊട്ടിക്കിടന്ന് അമ്മിഞ്ഞ നുകരുന്ന ഒരാണ്‍കുട്ടി. അവന്‍ പുല്‌ത്തൊഴുത്തിലെ ഉണ്ണിയേശുവിനെ ഓര്‍മ്മിപ്പിക്കുന്നു.
കുഞ്ഞച്ചന്റെ നിര്‍ദ്ദേശപ്രകാരം സഹായികള്‍ എവിടെനിന്നോ ഒരു ചാക്കുകട്ടില്‍ സംഘടിപ്പിച്ചു. ആ സ്ത്രീയെയും കുഞ്ഞിനെയും ചാക്കുകട്ടിലിലെടുത്ത് ആശുപത്രിയിലെത്തിച്ചു. ആശുപത്രിവാസത്തിന്റെ ദിവസങ്ങളിലത്രയും അവര്‍ക്കു ഭക്ഷണവും വസ്ത്രങ്ങളും കുഞ്ഞച്ചന്‍ എത്തിച്ചുകൊടുത്തു.
ആശുപത്രിയില്‍നിന്നു പുറത്തുവന്നപ്പോള്‍ അവളെക്കുറിച്ചുള്ള കാര്യങ്ങള്‍ മുഴുവന്‍ മനസ്സിലാക്കി, അവളുടെ വീട്ടുകാരുടെ സമ്മതത്തോടുകൂടി അമ്മയെയും മകനെയും സ്‌നാനപ്പെടുത്തുകയും ചെയ്തു. ആ കുഞ്ഞിനെ സ്‌കൂളില്‍ ചേര്‍ത്തതും പഠിക്കാനുള്ള സൗകര്യങ്ങള്‍ ചെയ്തുകൊടുത്തതും കുഞ്ഞച്ചനാണ്.
കുഞ്ഞച്ചന്‍ തനിക്കുള്ള ശബ്ദംകൊണ്ട് അവരോടു സംസാരിക്കുകയും അവരെ അനുഗ്രഹിക്കുകയും ചെയ്തു. അവര്‍ക്ക് എന്തെങ്കിലും ആഹാരം കൊടുത്തുവിടണമെന്ന് മറിയക്കുട്ടിയെ പറഞ്ഞേല്പിച്ചു.
''എന്നാ പൊയ്‌ക്കോ പൊയ്‌ക്കോ...'' കുഞ്ഞച്ചന്‍ പറഞ്ഞു.
അമ്മയും മകനും കുഞ്ഞച്ചനു സ്തുതിചൊല്ലി പിന്‍വാങ്ങി.
പുറത്ത് മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. ജാലകത്തിലൂടെ കടന്നുവന്ന കാറ്റ് കുഞ്ഞച്ചനെ സ്‌നേഹപൂര്‍വ്വം തലോടി. സണ്ണി കുഞ്ഞച്ചനെ കിടക്കയിലേക്കു ചായ്ച്ചു. കുഞ്ഞച്ചന്‍ കണ്ണുകള്‍ ചാരി. 
അപ്പോള്‍ കുഞ്ഞച്ചന്‍ എന്തുകൊണേ്ടാ ഇങ്ങനെ ചിന്തിച്ചു: ജാലകം കടന്നെത്തുന്ന കാറ്റില്‍ മരിച്ചുപോയവരുടെ ആത്മാക്കളുടെ ഇലയനക്കങ്ങളുണേ്ടാ....? ഉണെ്ടന്ന് കുഞ്ഞച്ചനു തോന്നി. അവയൊക്കെയും തന്റെ ശരീരത്തെ സ്‌നേഹപൂര്‍വ്വം തലോടുന്നു. കുശലം പറയുന്നു.
ഒരര്‍ദ്ധമയക്കത്തിന്റെ നീലവെളിച്ചത്തില്‍ കുഞ്ഞച്ചന്റെ സ്വപ്നദര്‍ശനങ്ങളുടെ നദി രണ്ടായി പിരിയുന്നു.
അപ്പോള്‍ കുഞ്ഞച്ചന്‍ പള്ളിമുറിയിലായിരുന്നു. രോഗബാധിതനായി. എഴുന്നേറ്റുനില്‍ക്കാന്‍പോലുമാകാതെ...
കുഞ്ഞന്നാമ്മ മരിച്ചു. വിവരമറിഞ്ഞപ്പോള്‍ കുഞ്ഞച്ചനു കരള്‍ പിളരുന്നതുപോലെ തോന്നി. ഒരു വസന്തകാലം കഴിഞ്ഞിരിക്കുന്നു. കാലത്തിന്റെ രഥചക്രങ്ങള്‍ ഏതോ ചതുപ്പില്‍ പുതഞ്ഞുപോകുന്നു.
ജ്യേഷ്ഠന്റെ ഭാര്യയായി കുഞ്ഞന്നാമ്മ തേവര്‍പറമ്പിലേക്കു വന്നുകയറുമ്പോള്‍ കുഞ്ഞച്ചന്‍ തീരെ കുഞ്ഞായിരുന്നു. അന്നുമുതല്‍ കുഞ്ഞന്നാമ്മ കുഞ്ഞച്ചന് മറ്റൊരമ്മയായിരുന്നു.
കുഞ്ഞന്നാമ്മയെയും വഹിച്ചുകൊണ്ടുള്ള ശവസംസ്‌കാരയാത്ര പള്ളിയിലെത്തിയപ്പോള്‍, കുഞ്ഞച്ചനെ ഒരു കസേരയിലിരുത്തി മുറിയുടെ വരാന്തയിലേക്കെത്തിച്ചു. ശവമഞ്ചം കൊണ്ടുവന്ന് താഴ്ത്തി ഏടത്തിയെ കാട്ടിക്കൊടുത്തു. ഒരുനിമിഷം. ഒരു വാള്‍വന്ന് കുഞ്ഞച്ചനെ പിളര്‍ന്നു കളഞ്ഞു. പിന്നെ ഏടത്തി യാത്രയായി. എല്ലാം വെടിഞ്ഞ് കാലത്തിന്റെ മറുതീരത്തേക്ക്. 
അഷ്ടദിക്കുകളും നടുങ്ങുമാറുച്ചത്തില്‍ ഉന്നതങ്ങളില്‍നിന്ന് ഒരിടിമുഴക്കമുണ്ടായി. കുഞ്ഞച്ചന്‍ മയക്കംഞെട്ടി. സ്വപ്നദര്‍ശനങ്ങള്‍ എവിടെയോ ചിന്നി. തെല്ലൊരു വേപഥുവോടെ കണ്ണുതുറക്കുമ്പോള്‍ കുഞ്ഞച്ചന്‍ കണ്ടത് മറ്റൊരദ്ഭുതക്കാഴ്ച.
തനിക്കുമുന്നില്‍ പാലാ രൂപയുടെ സഹായമെത്രാന്‍ ജോസഫ് പള്ളിക്കാപറമ്പില്‍. അഭിവന്ദ്യ തിരുമേനിയുടെ സന്ദര്‍ശനം കുഞ്ഞച്ചനെ അതീവ സന്തോഷവാനാക്കി. അദ്ദേഹം തിരുമേനിയുടെ കഴുത്തില്‍ കിടന്നിരുന്ന കുരിശ് ചുംബിച്ചു. കുറെ നേരം സംസാരിച്ചിരുന്നതിനുശേഷം തിരുമേനി യാത്ര പറഞ്ഞു.
''എന്റെ ഒരാഗ്രഹം സാധിച്ചു.'' അടുത്തുനിന്നിരുന്ന പി.റ്റി. അഗസ്റ്റിനോട് കുഞ്ഞച്ചന്‍ പറഞ്ഞു.
പുറത്ത് മഴ തോര്‍ന്നിരുന്നു. കനം കുറഞ്ഞ വെയില്‍ പരന്നു. കുഞ്ഞച്ചന്‍ ജാലകത്തിലൂടെ കാഴ്ച പുറത്തേക്കു നട്ടു. പുറംകാഴ്ച അസ്പഷ്ടമായിരുന്നു. പിന്നെ മെല്ലെമെല്ലെ ജപമാല രഹസ്യങ്ങളിലൂടെ വീണ്ടുമൊരു മയക്കത്തിലേക്ക്...
ഒച്ചിഴയുന്നതുപോലെയായിരുന്നു ദിനരാത്രങ്ങള്‍. കുഞ്ഞച്ചന്റെ ദിനരാത്രങ്ങള്‍ അര്‍ദ്ധമയക്കങ്ങളുടേതായിരുന്നു. ഉറക്കം സുഖകരമാകുന്നില്ല. ഡോക്ടര്‍മാര്‍ പറഞ്ഞതനുസരിച്ച് ഉറക്കഗുളികകള്‍ കൊടുത്തു.
പക്ഷേ, അപ്പോള്‍ ക്ഷീണവും ശാരീരികമായ അസ്വസ്ഥതകളും കലശലായി. അപ്പോഴും കുഞ്ഞച്ചന്‍ ആശ്വാസംകൊണ്ടു. 
''ദൈവം സ്‌നേഹിക്കുന്നവനെ വേദനിപ്പിക്കുന്നു. ദൈവം വേദനിപ്പിക്കുന്നവനെ നിത്യതയിലേക്കുള്ള പാഠങ്ങള്‍ പഠിപ്പിക്കുന്നു.'' കുഞ്ഞച്ചന്‍ പ്രാര്‍ത്ഥനയെ മുറുകെപ്പിടിച്ചു. തുന്നലില്ലാതെ നെയ്‌തെടുത്ത വിശ്വാസത്തിന്റെ ഒരങ്കി കുഞ്ഞച്ചന്‍ സ്വമേധയാ എടുത്തണിഞ്ഞു.
ദിവസങ്ങള്‍ക്കുശേഷം കടല്‍ കമിഴ്ത്തിയതുപോലെ മഴപെയ്ത ഒരു ദിവസമാണ് മഴ നീന്തി അവര്‍ വന്നത്. കുഞ്ഞച്ചന്റെ പ്രിയ സുഹൃത്തുക്കള്‍ ഫാ. മറ്റത്തില്‍ ദേവസ്യാ അച്ചനും ഫാ. മൂങ്ങാമറ്റത്തില്‍ അവിരാ അച്ചനും.
തന്റെ ആത്മമിത്രങ്ങളുടെ ആഗമനം കുഞ്ഞച്ചനെ തരളിതനാക്കി. കുഞ്ഞച്ചന്റെ കണ്‍കോണുകളില്‍ നീര്‍നിറഞ്ഞു. 
സണ്ണി പാലുമായി വന്ന് കട്ടിലില്‍ ഇരുന്ന് പതിവുപോലെ താങ്ങിയെഴുന്നേല്പിച്ച് പാല്‍ കുടിക്കുവാന്‍ കൊടുത്തു. രണ്ടുകവിള്‍. മതിയെന്ന് ആംഗ്യം കാണിച്ചു. സണ്ണി സാവധാനം കുഞ്ഞച്ചനെ കട്ടിലില്‍ കിടത്തി. പൊടുന്നനെ കുഞ്ഞച്ചനില്‍ ചില ഭാവവ്യത്യാസങ്ങള്‍ കണ്ടു തുടങ്ങി. മുഖം വിവര്‍ണ്ണമാകുന്നു. നെഞ്ചിന്‍കൂട് ഉയര്‍ന്നു താഴുന്നു. തൊണ്ടയില്‍ കഫം കുറുകുന്നു... കുഞ്ഞച്ചന്‍ അന്ത്യത്തോടടുക്കുന്നു.
കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി ആ വൈദികര്‍ രണ്ടുപേരും ചേര്‍ന്ന് കുഞ്ഞച്ചന് അന്തിമാശീര്‍വാദം നല്‍കി.
''ദൈവമേ, നിന്റെ മഹാദയ എന്നില്‍ നിറയ്ക്കണമേ...'' കുഞ്ഞച്ചന്‍ മനസ്സില്‍ ഉദീരണം ചെയ്തു.
മഴ തോര്‍ന്നിരുന്നു. എങ്കിലും പോക്കുവെയിലില്‍ നൂല്‍മഴ പൊഴിഞ്ഞുകൊണ്ടിരുന്നു. ആകാശം ശലഭമഴ പെയ്യിച്ചു.
അപ്പോള്‍ കുഞ്ഞച്ചന്റെ ശിരസ്സിനു മുകളില്‍നിന്ന് ആകാശവും ഓര്‍മ്മകളില്‍നിന്ന് കാലവും പാദങ്ങള്‍ക്കടിയില്‍നിന്ന് ഭൂമിയും ചിന്നിപ്പോയി.

 

(അവസാനിച്ചു)

Login log record inserted successfully!