•  16 May 2024
  •  ദീപം 57
  •  നാളം 10
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്തവളാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ സ്‌കൂളില്‍ റ്റീച്ചറായി ജോലികിട്ടി. ട്രെയിനില്‍ സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകനെ അവള്‍ പരിചയപ്പെട്ടു. പിന്നീട് അവര്‍ നല്ല സുഹൃത്തുക്കളായി. അവര്‍ തമ്മില്‍ പ്രണയമാണെന്ന് സഹപ്രവര്‍ത്തകയായ സ്‌നേഹലത മാനേജരെ തെറ്റിദ്ധരിപ്പിച്ചു. കോപാകുലനായ മാനേജര്‍ ഇന്ദുവിനെ പിരിച്ചുവിട്ടു. അത് വീട്ടിലറിയിക്കാതെ ഇന്ദു തിരുവല്ലയില്‍ ഒരു ക്രൈസ്തവവീട്ടില്‍ വീട്ടുജോലിക്കു നിന്നു. ആ വീട്ടിലെ സ്ഥിരം സന്ദര്‍ശകയായ, അയല്‍ക്കാരി സാറാകുര്യന് അവളില്‍ സംശയംതോന്നി. ഗൃഹനാഥയായ ത്രേസ്യായെ അവര്‍ അത് അറിയിച്ചു.
(തുടര്‍ന്നു വായിക്കുക)


ചാണ്ടിക്കുഞ്ഞും ത്രേസ്യായും ഗേറ്റു തുറന്ന് വീട്ടിലേക്കു കയറിച്ചെല്ലുമ്പോള്‍ ഇന്ദു അടുക്കളയില്‍ അപ്പം ചുടുന്ന തിരക്കിലായിരുന്നു. ഡോര്‍ബെല്‍ ശബ്ദംകേട്ട് ഇന്ദു ഓടിച്ചെന്ന് വാതില്‍തുറന്നു. അവളെ സൂക്ഷിച്ചൊന്നു നോക്കിയിട്ട് ത്രേസ്യാ ചോദിച്ചു:
''നീ എന്നാ എടുക്ക്വായിരുന്നു?''
''അപ്പം ചുടുവായിരുന്നു.''
നീട്ടിയൊന്നു മൂളിയിട്ട് ത്രേസ്യാ വേഷം മാറാന്‍ കിടപ്പുമുറിയിലേക്കു പോയി. വേഷം മാറി, കുറച്ചുനേരം ആലോചിച്ചുനിന്നിട്ട് അവര്‍ അടുക്കളയിലേക്കു ചെന്നു. കിഴങ്ങുകറിയുണ്ടാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇന്ദു.
''കറിയുണ്ടാക്കാന്‍ തുടങ്ങുന്നേയുള്ളോ? നീ ഇതുവരെ എന്തെടുക്ക്വായിരുന്നു ഇവിടെ?''
''അതിന് നേരം ഒരുപാടൊന്നും ആയില്ലല്ലോ!'' ഇന്ദുവിനു ദേഷ്യം വന്നു.
''എന്നോടു തര്‍ക്കുത്തരം പറയുന്നോടീ? വിശന്നിട്ടു നിക്കാന്‍ വയ്യ. ഞങ്ങളു പള്ളീല്‍ പോയനേരത്ത് നീയിവിടെ ആരെ സ്വപ്നം കണ്ടിരിക്ക്വായിരുന്നു?''
ഇന്ദു മിണ്ടിയില്ല. ത്രേസ്യാ പിന്നെയും ഓരോന്നു പറഞ്ഞുകൊണ്ടിരുന്നു. സഹിക്കെട്ട് ചാണ്ടിക്കുഞ്ഞ് വന്നു ത്രേസ്യായോടു ദേഷ്യപ്പെട്ടു. അപ്പോള്‍ ചാണ്ടിക്കുഞ്ഞിനോടായി ശകാരം. പിന്നെ ചവിട്ടിക്കുലുക്കി മുറിയിലേക്കു പോയി. 
തിടുക്കത്തില്‍ കറി ഉണ്ടാക്കി ഇന്ദു അപ്പവും കറിയും ടേബിളില്‍ നിരത്തി. എന്നിട്ടു രണ്ടുപേരെയും കഴിക്കാന്‍ വിളിച്ചു.
ഭക്ഷണം കഴിക്കുന്നതിനിടയില്‍ ത്രേസ്യാ ചോദിച്ചു:
''നീ വീട്ടില്‍ പറയാതെയാണോ ഇങ്ങോട്ടു പോന്നത്?''
അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഇന്ദു ഞെട്ടിയെങ്കിലും അതു മുഖത്തു പ്രകടിപ്പിക്കാതെ അവള്‍ പറഞ്ഞു:
''അല്ല.''
''നിന്റെ വീട്ടിലെ ഫോണ്‍ നമ്പരൊന്നു പറഞ്ഞേ. ഞാനൊന്നു വിളിച്ചുചോദിക്കട്ടെ.''
''വീട്ടില്‍ ഫോണില്ല.'' പെട്ടെന്ന് അങ്ങനെ പറയാനാണവള്‍ക്കു തോന്നിയത്.
''ഫോണില്ലേ? ഇക്കാലത്ത് ഫോണില്ലാത്ത ഏതെങ്കിലും വീടുണ്ടോടീ? നീ പറയുന്നത് പച്ചക്കള്ളമാ.'' ഇന്ദു മിണ്ടിയില്ല. 
''നീയിവിടെ വന്നിട്ട് വീട്ടിലേക്ക് ഇതുവരെ വിളിച്ചിട്ടേയില്ലേ?''
''അയല്‍പക്കത്തേക്കു വിളിച്ച് അറിയിച്ചിരുന്നു.''
''എന്നാ അയല്‍പക്കത്തെ ആ നമ്പരിങ്ങു താ. ഞാനൊന്നു വിളിച്ചുചോദിക്കട്ടെ.''
ത്രേസ്യാ വിടാതെ പിടികൂടിയിരിക്കുകയാണെന്നു കണ്ടപ്പോള്‍ ഇന്ദുവിനു സംശയമായി. ഇവര്‍ സത്യം അറിഞ്ഞോ? ഇന്ദുവിന്റെ മുഖത്തെ അമ്പരപ്പു കണ്ടപ്പോള്‍ ത്രേസ്യാ ചോദിച്ചു:
''സത്യം പറയെടീ. നീ വീട്ടീന്നു വഴക്കുണ്ടാക്കി പോന്നതല്ലേ?''
''അല്ല.''
''നാട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത വല്ല പ്രശ്‌നോം ഉണ്ടാക്കിപ്പോന്നതാണോ?''
''അല്ല.''
''വീട്ടീന്ന് ഇറക്കിവിട്ടതാണോ?''
''അല്ല.''
''പിന്നെ എങ്ങനെയാ ഇവിടെ വന്നതെന്നു പറ. ഇനി നുണ പറഞ്ഞു പിടിച്ചുനില്‍ക്കാന്‍ നോക്കണ്ട. രാവിലെ നീ ഫോണില്‍ സംസാരിക്കുന്നതൊക്കെ ഞാന്‍ കേട്ടു.''
പിടിച്ചുനില്‍ക്കാനുള്ള പഴുതുകളൊക്കെ അടഞ്ഞപ്പോള്‍ ഇന്ദു സത്യം തുറന്നുപറഞ്ഞു. 
ത്രേസ്യാ അതിശയത്തോടെ അവളെ നോക്കി.
''നീ ഇവിടെ വന്നപ്പോഴേ നിന്റെ വീട്ടിലേക്കൊന്നു വിളിച്ചു ചോദിക്കാതിരുന്നത് ഞങ്ങടെ തെറ്റ്. കണ്ടപ്പം ഒരു പാവമാന്നു തോന്നി. അതുകൊണ്ടാ ഒന്നും അന്വേഷിക്കാതെ ഇവിടെ നിറുത്തിയത്.''
''ജോലി പോയീന്നറിഞ്ഞാല്‍ അച്ഛന്‍ ചങ്കുപൊട്ടി മരിക്കും. അതുകൊണ്ടാ ഞാന്‍ വീട്ടില്‍ പറയാതെ പോന്നത്. എന്റെ ശമ്പളംകൊണ്ടു വേണം അമ്മച്ചീ എന്റെ വീടു കഴിയാന്‍. അഞ്ചു പെണ്‍മക്കളാ. ഒരുപാടു കടമുണ്ട്. എന്നെ പറഞ്ഞയയ്ക്കരുത് അമ്മച്ചി. വേറൊരു ജോലി കിട്ടുന്നതുവരെ എന്നെ ഇവിടെ നില്‍ക്കാന്‍ അനുവദിക്കണം. ഞാന്‍ കാലുപിടിക്കാം.'' ഇന്ദു കെഞ്ചി.
''നീ രാവിലെ ആര്‍ക്കാ ഫോണ്‍ ചെയ്തത്?''
''എന്റെകൂടെ പഠിപ്പിച്ചിരുന്ന ഒരു റ്റീച്ചറിനാ.''
''അതോ വല്ല ആണുങ്ങള്‍ക്കുമാണോ? നീ പറഞ്ഞതൊന്നും വിശ്വസിക്കാന്‍ പറ്റില്ല.''
''ഒന്നു മിണ്ടാതിരി ത്രേസ്യേ. ഇവളു പറഞ്ഞത് സത്യാണോന്നു നമുക്കന്വേഷിക്കാല്ലോ.''
ചാണ്ടിക്കുഞ്ഞ് ഇന്ദുവിന്റെ നേരേ തിരിഞ്ഞിട്ടു തുടര്‍ന്നു: ''നീ വിളിച്ച ആ റ്റീച്ചറിന്റെ നമ്പരിങ്ങു പറഞ്ഞേ.''
ചാണ്ടിക്കുഞ്ഞ് എണീറ്റ് കൈകഴുകിയിട്ട് മുറിയില്‍ പോയി മൊബൈല്‍ ഫോണ്‍ എടുത്തുകൊണ്ടുവന്നു. ഇന്ദു നമ്പര്‍ പറഞ്ഞുകൊടുത്തു. ചാണ്ടിക്കുഞ്ഞ് ആ നമ്പരില്‍ വിളിച്ചപ്പോള്‍ ഇന്ദു പറഞ്ഞതെല്ലാം സത്യമാണെന്നു ബോധ്യപ്പെട്ടു. അദ്ദേഹത്തിന് സഹതാപം തോന്നി. പാവം പെണ്ണ്.
''നിങ്ങളിത്ര ശുദ്ധഹൃദയനാണല്ലോ. ഇതിവളും അവളും തമ്മിലുള്ള ഒത്തുകളിയായിരിക്കും.'' ത്രേസ്യായ്ക്ക് ഒട്ടും അവളെ വിശ്വസിക്കാനായില്ല.
''ഞാന്‍ പറഞ്ഞതൊക്കെ സത്യാ അമ്മച്ചി. യേശുവിന്റെ രൂപംതൊട്ട് ഞാന്‍ സത്യം ചെയ്യാം.'' ത്രേസ്യായുടെ മുമ്പില്‍ അവള്‍ കൈകൂപ്പി.
''കള്ളികള്‍ക്ക് എന്ത് യേശുവും കൃഷ്ണനും? നീ പഠിച്ച കള്ളിയാ.''
''എന്നാ ഞാന്‍ പൊയ്‌ക്കൊള്ളാം. ഇത്രയും ദിവസം നിന്നതിന്റെ കാശു തന്നാല്‍ മതി.'' ഇന്ദു കൈ ഉയര്‍ത്തി മിഴി തുടച്ചു.
''വേറൊരാളെ കിട്ടുന്നതുവരെ ഇവളിവിടെ നില്‍ക്കട്ടെ ത്രേസ്യേ. ഒരു ജോലിക്കാരിയെ കിട്ടാനുള്ള ബുദ്ധിമുട്ട് നിനക്കറിയാവുന്നതല്ലേ?'' ചാണ്ടിക്കുഞ്ഞ് ഇന്ദുവിന്റെ പക്ഷത്തായിരുന്നു.
''ഇവളുടെ വീട്ടുകാര് മകളെ കാണാനില്ലാന്നു പറഞ്ഞു പോലീസില്‍ വല്ല പരാതീം കൊടുത്താല്‍ നമ്മള്‍ തൂങ്ങണ്ടേ മനുഷ്യനേ?''
''ആരും പരാതി പറയില്ലമ്മച്ചീ. സാവകാശം ഞാന്‍ അനിയത്തിയെ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞുബോധ്യപ്പെടുത്തിക്കൊള്ളാം. ഒരിക്കലും ഞാന്‍ നിങ്ങളെ ചുറ്റിക്കില്ല.''
''പറയുന്ന പണിയെല്ലാം ചെയ്തു നില്‍ക്കാന്‍ പറ്റ്വോ ഇവിടെ?'' ത്രേസ്യാ രൂക്ഷമായി നോക്കി. 
''ഉം.''
''ഇനി തര്‍ക്കുത്തരം എങ്ങാനും പറഞ്ഞാ അപ്പം പിടിച്ചു നിന്നെ ഞാന്‍ പോലീസിലേല്‍പ്പിക്കും.''
''ഉം.''
അനുസരണയോടെ നില്‍ക്കുന്ന ഒരു വേലക്കാരിയെ കിട്ടിയല്ലോ എന്ന ആശ്വാസമായി ത്രേസ്യായ്ക്ക്. വഴക്കുപറയാനും കുറ്റപ്പെടുത്താനും ഒരാളെ കിട്ടി. ഇനി തിരിച്ച് ഇവള്‍ ഒന്നും തന്നോടു പറയില്ല. ചാണ്ടിക്കുഞ്ഞിനും സന്തോഷമായി. ഒരു മകളോടെന്നപോലുള്ള സ്‌നേഹമായിരുന്നു അയാള്‍ക്കവളോട്.
കാപ്പികുടി കഴിഞ്ഞിട്ട് ഇന്ദു മുഷിഞ്ഞ വസ്ത്രങ്ങളെല്ലാം അലക്കാന്‍ എടുത്തു വാഷിങ് മെഷീനിലിട്ടു. അതുകഴിഞ്ഞ് ഉച്ചയ്ക്കത്തേക്കുള്ള ചോറും കറികളും ഉണ്ടാക്കുന്ന ജോലിയിലായി. ശ്വാസം അടക്കിപ്പിടിച്ചുകൊണ്ടാണവള്‍ പോത്തിറച്ചി നുറുക്കിയത്. അതിന്റെ മണമടിച്ചപ്പോള്‍ ഛര്‍ദിക്കാന്‍ വന്നു.
ഉച്ചയ്ക്ക് ഇറച്ചിക്കറിയും കൂട്ടി കുശാലായി ഉണ്ടിട്ട് ത്രേസ്യാ തൊട്ടടുത്തു താമസിക്കുന്ന പ്രൊഫസര്‍ സാറാ കുര്യന്റെ വീട്ടില്‍പോയി. സാറായോട് അവര്‍ ഇന്ദുവിന്റെ ചരിത്രം മുഴുവന്‍ പറഞ്ഞു.
''ഞാന്‍ പറഞ്ഞില്ലായിരുന്നോ എന്തോ ചുറ്റിക്കളി ഉണ്ടെന്ന്. ദേ ഞാനൊരു കാര്യം പറഞ്ഞേക്കാം.'' സാറാ ത്രേസ്യായുടെ നേരെ കൈചൂണ്ടി തുടര്‍ന്നു: ''അവളു ജോലി പോയതിലുള്ള മാനസികപ്രയാസം സഹിക്കാന്‍ കഴിയാതെ വല്ല ഫാനിലോ മറ്റോ കെട്ടിത്തൂങ്ങിയാല്‍ നിങ്ങളു സമാധാനം പറയേണ്ടിവരും. വീട്ടിലറിയിക്കാതെ വന്ന പെണ്ണാണെന്ന് ഓര്‍മവേണം. ദുര്‍ബുദ്ധി തോന്നാന്‍ ഒരു നിമിഷം മതി.''
അതു നേരാണല്ലോന്ന് ത്രേസ്യായ്ക്കു തോന്നി. വല്ലതും സംഭവിച്ചാല്‍ ഒന്നാംപ്രതി താനാകും. താന്‍ പീഡിപ്പിച്ചു എന്ന് കത്തെഴുതി വച്ചിട്ട് മരിച്ചാല്‍ ജാമ്യംപോലും കിട്ടാത്ത കേസാവും.
''എന്നാ അവളെയങ്ങു  പറഞ്ഞുവിടാം. അല്ലേ സാറേ?''
''തനിയെ പറഞ്ഞുവിട്ടാലും പ്രശ്‌നമാ. പോകുന്നവഴി വല്ല ട്രെയിനിനും തല വച്ചാലോ? അപ്പഴും ത്രേസ്യാമ്മച്ചി കുടുങ്ങും.''
''അപ്പം എന്തു ചെയ്യും?''
''പോലീസിലറിയിക്കുന്നതാ നല്ലത്. അവരു വന്നു പിടിച്ചോണ്ടു പോയി വീട്ടിലാക്കിക്കൊള്ളും. അതാവുമ്പം നമുക്കു തലവേദന ഇല്ല.''
''പോലീസിലറിയിക്കാന്‍ ചാണ്ടിക്കുഞ്ഞ് സമ്മതിക്കുമെന്നു തോന്നുന്നില്ല. ആ മനുഷ്യന് അവളോടു   സഹതാപമാ.''
''എന്റെ സ്റ്റുഡന്റാ ഇവിടുത്തെ എസ്സൈ. ഞാന്‍ വിളിച്ച് അവനോടു കാര്യം പറയാം. അവന്‍ വന്നു പിടിച്ചോണ്ടുപോയി എന്താന്നുവച്ചാല്‍ ചെയ്യട്ടെ. നമ്മുടെ തലേന്ന് ഒഴിവാകുമല്ലോ.''
''എന്നാ അങ്ങനെ ചെയ്യ്. ചാണ്ടിക്കുഞ്ഞ് അറിയണ്ട.'' ത്രേസ്യാ സ്വരം താഴ്ത്തി പറഞ്ഞു.
സാറാ മൊബൈല്‍ എടുത്ത് സബ് ഇന്‍സ്‌പെക്ടര്‍ ഗോപിനാഥിന്റെ നമ്പര്‍ ഡയല്‍ ചെയ്തു. ഗോപിനാഥിനെ ലൈനില്‍ കിട്ടി. കാര്യങ്ങള്‍ കേട്ടതും അടുത്ത ദിവസം വരാമെന്നു പറഞ്ഞിട്ട് ഗോപിനാഥ് ഫോണ്‍ കട്ട് ചെയ്തു. 


(തുടരും)

 

Login log record inserted successfully!