ആര്‍.വി. തോമസ് പുരസ്‌കാരം മാത്യു ടി. തോമസ് എം.എല്‍.എയ്ക്കു സമ്മാനിച്ചു
പാലാ: രാജ്യത്ത് ജനാധിപത്യ വ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. പാലായില്‍ ആര്‍.വി. തോമസ് പുരസ്‌കാരസമര്‍പ്പണം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭൂരിപക്ഷത്തിന്റെ മേധാവിത്വത്തില്‍ എല്ലാം തീരുമാനിക്കപ്പെടുകയാണ്. വിയോജിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ്. വിയോജിക്കാനുള്ള അവകാശമാണ് ഭരണഘടനയുടെ അന്തഃസത്ത. അതു ചോര്‍ത്തിക്കളയുന്ന പ്രവര്‍ത്തനമാണ് രാജ്യത്തു നടക്കുന്നത്. വിയോജിച്ച് അഭിപ്രായം പറയുന്നവര്‍ ജയിലിലാകുകയാണ്. പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ നടക്കാതെയാണ് രാജ്യത്ത് തീരുമാനങ്ങളെടുക്കുന്നത്. ജനപ്രതിനിധികള്‍ക്ക് അഭിപ്രായം പറയുവാന്‍ സാധിക്കുന്നില്ല. കാഷ്മീര്‍ സംസ്ഥാനത്തെ രണ്ടായി വിഭജിച്ചത് സര്‍ക്കാരിന്റെ ഉത്തരവിലൂടെയാണ്. ഇതു സംബന്ധിച്ചു പാര്‍ലമെന്റില്‍ ചര്‍ച്ചകള്‍ പോലും നടന്നില്ല. ഫെഡറലിസവും ഇല്ലാതാവുന്നു. ഭൂരിപക്ഷത്തിന്റെ ആധിപത്യത്തില്‍ എല്ലാം ചെയ്യുന്നവരെ ജനം തിരുത്തുന്ന കാലം വരും. അടിയന്തരാവസ്ഥ അതു തെളിയിച്ചതാണ്. സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരെ ഇല്ലാതാക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണു രാജ്യത്തുടനീളം. ഇതിനായി ശാസ്ത്രത്തെയും ചരിത്രത്തെയും കടന്നാക്രമിച്ച് നുണപ്രചാരണം നടത്തുകയാണ്. കേരളം ഇതിനെല്ലാം അപവാദമാണെന്നും സ്പീക്കര്‍ പറഞ്ഞു.
ആര്‍.വി. തോമസ് പുരസ്‌കാരം മാത്യു ടി. തോമസ് എം.എല്‍.എ. യ്ക്ക് സ്പീക്കര്‍ സമ്മാനിച്ചു. പാലാ രൂപത മെത്രാന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അനുഗ്രഹപ്രഭാഷണം നടത്തി. ലോകായുക്ത ജസ്റ്റിസ് സിറിയക്  ജോസഫ് ആര്‍.വി. സ്മാരക പ്രഭാഷണം നടത്തി. മാണി സി. കാപ്പന്‍ എം.എല്‍.എ., ഡോ. സിറിയക് തോമസ് എന്നിവര്‍ പ്രസംഗിച്ചു.
							
 *
                    
                    