•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

രാഷ്ട്രം രാഷ്ട്രപിതാവിനെ വിസ്മരിച്ചുവോ?

2007 ജൂണ്‍ 15 ന്, മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്‌ടോബര്‍ രണ്ട്, ഐക്യരാഷ്ട്രസഭ ''അന്താരാഷ്ട്ര അഹിംസാദിന''മായി പ്രഖ്യാപിച്ചു. മരണമടഞ്ഞ് ആറുപതിറ്റാണ്ടുകള്‍ക്കുശേഷം മഹാത്മജിക്കു ലഭിച്ച അന്താരാഷ്ട്രബഹുമതിയായിരുന്നു, ആ പ്രഖ്യാപനം. ഇനി ലോകം ഒരുപക്ഷേ, മഹാത്മാഗാന്ധിയെക്കുറിച്ചു പഠിക്കുന്നത് ആ പ്രഖ്യാപനത്തില്‍നിന്നു ചരിത്രത്തിലൂടെ പിറകോട്ടു സഞ്ചരിച്ചായിരിക്കും. അതെങ്ങനെയായാലും മഹാത്മജിയുടെയും അദ്ദേഹത്തിന്റെ സമരായുധമായിരുന്ന അഹിംസയുടെയും മഹത്ത്വം ലോകം വീണ്ടും വീണ്ടും തിരിച്ചറിയാന്‍ ഈ ദിനാചരണം പ്രയോജനപ്പെടും.അഹിംസാതത്ത്വത്തെക്കുറിച്ച് വിദ്യാഭ്യാസ പരിപാടികളിലൂടെ വളരുന്ന തലമുറയെയും ബോധവത്കരണപരിപാടികളിലൂടെ പൊതുസമൂഹത്തെയും ബോധ്യപ്പെടുത്താന്‍ അഹിംസാദിനം ഉപയോഗപ്പെടുത്തണമെന്ന് ഇതു സംബന്ധിച്ച യു.എന്‍. പ്രഖ്യാപനം പ്രത്യേകം നിര്‍ദേശിക്കുന്നുണ്ട്. ഈ പശ്ചാത്തലത്തില്‍, മഹാത്മജി ഇന്ന് ഇന്ത്യന്‍ ജനജീവിതത്തില്‍ എത്രത്തോളം അനുസ്മരിക്കപ്പെടുന്നു, അനുകരിക്കപ്പെടുന്നവെന്ന ആലോചന പ്രസക്തമാണ്.

എല്ലാവര്‍ഷവും ജനുവരി 30 നും ഒക്‌ടോബര്‍ രണ്ടിനും ഗാന്ധിജിയെ നാം ഓര്‍മിക്കാതിരിക്കുന്നില്ല. എന്നാല്‍, അദ്ദേഹം നമുക്കു സമ്മാനിച്ച മൂല്യങ്ങള്‍ മുറുകെപ്പിടിക്കാന്‍ ഒട്ടു മിക്കവരും, പ്രത്യേകിച്ചു രാജ്യത്തെ ഭരണവിഭാഗം തയ്യാറാകുന്നില്ല എന്നതല്ലേ സത്യം? ഗാന്ധിജിയുടെ ത്യാഗവും അധികാരവിമുഖതയും മൂല്യബോധവും പ്രായോഗികമാക്കാനാവാത്ത സാങ്കല്പികതത്ത്വങ്ങളാണെന്ന വീക്ഷണമാണ് അവരില്‍ ഭൂരിഭാഗംപേര്‍ക്കുമുള്ളത്. അതുകൊണ്ടാണ് അക്രമത്തിനും അധികാരമത്സരത്തിനും അഴിമതിക്കും വിധേയമായി ഇന്ത്യന്‍ജനജീവിതം ആകെ ഇരുണ്ടുപോയിരിക്കുന്നത്.
കൊടിയ യുദ്ധത്തിന്റെയും നമ്മുടെ സങ്കല്പങ്ങള്‍ക്കുപോലും ഉള്‍ക്കൊള്ളാനാവാത്ത ഭീകരമായ മനുഷ്യക്കുരുതിയുടെയും കഥ പറയുന്ന ഇതിഹാസം 
മഹാഭാരതമാണ്, ''അഹിംസാ പരമോധര്‍മഃ'' എന്ന മഹത്തായ ആശയം നമുക്കു സമ്മാനിച്ചതും അഹിംസയുടെ മഹത്ത്വത്തെക്കുറിച്ചു ദീര്‍ഘമായി സംസാരിക്കുന്നതും. ജഗത്ഗുരു ശ്രീബുദ്ധന്‍ തന്റെ ജീവിതവീക്ഷണത്തിന്റെ അധിഷ്ഠാനമായി പ്രതിഷ്ഠിച്ചതും ജനഹൃദയങ്ങളില്‍ നിറയ്ക്കാന്‍ ആഗ്രഹിച്ചതും അഹിംസാതത്ത്വമാണ്. അതു മനുഷ്യര്‍ക്കിടയിലെ ഹിംസയെ മാത്രമല്ല സര്‍വജീവജാലങ്ങളുടെയും ഹിംസയെ നിരാകരിക്കുന്നവിധം പ്രവിശാലവുമായിരുന്നു. അമ്പേറ്റുവീണ അരയന്നത്തോടും കാലൊടിഞ്ഞ ആട്ടിന്‍കുട്ടിയോടും അദ്ദേഹം പ്രകടിപ്പിച്ച കരുണ ഈ സാര്‍വജനീനസ്‌നേഹത്തിന്റെ സൂചകങ്ങളായിരുന്നു.
ഈ അഹിംസാതത്ത്വത്തിന് ആധുനികമായ വ്യാഖ്യാനം നല്കി സ്വജീവിതത്തില്‍ പ്രായോഗികമാക്കുകയാണ് മഹാത്മാഗാന്ധി ചെയ്തത്. മറ്റുള്ളവര്‍ക്കായി സ്വയം കത്തിയെരിയുന്ന മഹാത്യാഗമായി അദ്ദേഹം അഹിംസയെ പുനഃപ്രതിഷ്ഠിച്ചു. തനിക്കുള്ളതെല്ലാം മറ്റുള്ളവര്‍ക്കു സമ്മാനിച്ചുകൊണ്ട് സ്വയം ശൂന്യവത്കരണത്തിന്റെ ജ്വലിക്കുന്ന പ്രതീകമായി മഹാത്മജി ഒരു പ്രകാശഗോപുരംപോലെ ഉയര്‍ന്നുനിന്നു. അതുകൊണ്ടാണ്, അദ്ദേഹത്തിന്റെ ഭൗതികാവശേഷിപ്പുകള്‍ ഒരു കണ്ണടയും ഊന്നുവടിയും തേഞ്ഞ രണ്ടു ചെരുപ്പുകളും ഒരു ഭഗവദ്ഗീതയും ബൈബിളും ഖുറാനും മാത്രമായിപ്പോയത്. 'ആത്മാവില്‍ ദാരിദ്ര്യം' എന്ന മഹത്തായ ആശയത്തെ സ്വന്തം ജീവിതംകൊണ്ടു സാക്ഷാത്കരിക്കാന്‍ മഹാത്മജിയെപ്പോലെ മറ്റാര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ എന്നു സംശയം.
ജീവനെടുക്കാതിരിക്കല്‍ മാത്രമല്ല അഹിംസയെന്ന് ഗാന്ധിജി പഠിപ്പിച്ചു. അന്യന്റെ സത്കീര്‍ത്തി നഷ്ടപ്പെടുത്തുന്നതും അകാരണമായി അന്യരെ വേദ
നിപ്പിക്കുന്നതും അദ്ദേഹത്തിന്റെ വീക്ഷണത്തില്‍ ഹിംസതന്നെയായിരുന്നു. അതില്‍നിന്നെല്ലാം വിട്ടുനില്ക്കാന്‍ കഴിയുമ്പോഴേ നമുക്ക് അഹിംസയുടെ വക്താക്കളും പ്രയോക്താക്കളുമായിരിക്കാന്‍ കഴിയൂ. അത് ഒരു പടികൂടിക്കടന്ന്, അന്യജീവനുതകി സ്വജീവിതം ധന്യമാക്കുന്നിടത്തോളം വികസിക്കുന്നു അഹിംസയുടെ ഗാന്ധിയന്‍തലങ്ങള്‍. മറ്റൊരു വ്യക്തിയിലെ കര്‍മോത്സുകതയെ, നന്മയുടെ വെളിച്ചത്തെ കെടുത്തി തളര്‍ത്തുന്നതും ഹിംസയുടെ ഗാന്ധിയന്‍നിര്‍വചനത്തില്‍ വരും.
 ഇതൊക്കെ ആര്‍ക്കും അനുകരിക്കാവുന്ന ഗാന്ധി
യന്‍പാഠങ്ങള്‍തന്നെ. അതിനുള്ള മനസ്സും സന്നദ്ധതയും വേണമെന്നേയുള്ളൂ. അത്രയൊക്കെ ചെയ്യുന്നതുകൊണ്ടും ഒരാള്‍ ഗാന്ധിജിയുടെ പകര്‍പ്പായി മാറുമെന്നു കരുതണ്ട. ഗാന്ധിജിയിലേക്കുള്ള ദൂരം അത്രയും കുറയുമെന്നേയുള്ളൂ. എത്ര ശ്രമിച്ചാലും ആര്‍ക്കും മറ്റൊരു മഹാപുരുഷന്റെ പകര്‍പ്പായിരിക്കാന്‍ കഴിയില്ല. മഹാത്മാക്കള്‍ നൂറ്റാണ്ടുകള്‍ക്കിടയില്‍ വല്ലപ്പോഴുമൊരിക്കല്‍ ജന്മമെടുക്കുന്ന അനുകരണീയമാതൃകകളാണ്. ഗാന്ധിജിയും അങ്ങനെതന്നെ.
മഹാപുരുഷന്മാര്‍ ഒരു കാലത്തിന്റെയോ ദേശത്തിന്റെയോ പരിമിതിക്കുള്ളില്‍ ഒതുങ്ങുന്നവരല്ല. അവര്‍ പുതിയകാല ത്തിന്റെ സ്രഷ്ടാക്കളാണ്. നിലവിലുള്ള വ്യവസ്ഥിതിയെയും ജീവിതവീക്ഷണത്തെയും അവര്‍ പുതുക്കിപ്പണിയുന്നു. ഗാന്ധിജിയും അതുതന്നെയാണു ചെയ്തത്. ദേശീയ പ്രസ്ഥാനം എന്ന സമഗ്രനവീകരണപരിപാടിയിലൂടെ അദ്ദേഹം ഇന്ത്യയെ പുതുക്കിപ്പണിതു. ഇന്ത്യന്‍ജനതയുടെ ആശയാദര്‍ശങ്ങളെ അടിമുടി നവീകരിച്ചു. ഈ നവീകരണയത്‌നത്തിന്റെ സദ്ഫലങ്ങളിലൊന്നുമാത്രമായിരുന്നു, ഇന്ത്യയുടെ രാഷ്ട്രീയസ്വാതന്ത്ര്യം. ഈ പരിവര്‍ത്തനപ്രക്രിയയുടെ ആഴവും പരപ്പും കൃത്യമായി മനസ്സിലാക്കിയതുകൊണ്ടാണ് രവീന്ദ്രനാഥടാഗോര്‍ 
ഗാന്ധിജിയെ ''മഹാത്മാവ്'' എന്നു വിശേഷിപ്പിച്ചത്, സുഭാഷ് ചന്ദ്രബോസ്, ഗാന്ധിജി ഇന്ത്യന്‍ജനതയുടെ പ്രിയപ്പെട്ട ബാപ്പു(പിതാവ്)
വാണെന്നു പ്രഖ്യാപിച്ചത്. ഒരു പിതാവു തന്റെ എല്ലാ മക്കളെയും ഒരുപോലെ സ്‌നേഹിക്കുന്നതുപോലെ എല്ലാ ഇന്ത്യക്കാരെയും ഗാന്ധിജി സ്വന്തം മക്കളെയെന്നതുപോലെ സ്‌നേഹിച്ചു.
 സ്വാതന്ത്ര്യത്തിന്റെ സദ്ഫലങ്ങള്‍ രാജകൊട്ടാരംമുതല്‍ ഓലക്കുടില്‍വരെ എല്ലാ ജനങ്ങള്‍ക്കും അനുഭവവേദ്യമാകണമെന്ന് ആഗ്രഹിച്ചു. രാജ്യത്തെ ഏറ്റവും ദരിദ്രനായ വ്യക്തിക്കും ജീവിതം ധനാത്മകമായി അനുഭവപ്പെടാത്തിടത്തോളംകാലം വികസനം യാഥാര്‍ഥ്യമാകില്ലെന്നു സിദ്ധാന്തിച്ചു. അഹിംസയുടെ വിശ്വവിശാലമായ സുരക്ഷാകവചത്തിനുള്ളില്‍ എല്ലാ ഇന്ത്യക്കാരും ഒരുപോലെ ആശ്വാസം കൊള്ളണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.
ഈ ആഗ്രഹത്തിന്റെ സാക്ഷാത്കാരമായിട്ടാണ് അദ്ദേഹം തന്റെ ആദര്‍ശരാഷ്ട്രത്തിനു രാമരാജ്യം എന്നു പേരിട്ടത്. രാമരാജ്യം എന്നാല്‍ ഹിന്ദുരാജ്യമെന്നല്ല അര്‍ഥമെന്ന് അദ്ദേഹം വ്യക്തമായിപ്പറഞ്ഞിട്ടുണ്ട്. നാമേവരും സ്‌നേഹത്തിലും സമാധാനത്തിലും വര്‍ണവര്‍ഗഭേദമില്ലാതെ ഒരുമിച്ചുകഴിയുന്ന രാഷ്ട്രസംവിധാനമാണ് ഗാന്ധിജിയുടെ രാമരാജ്യം. അതു ജനാധിപത്യത്തിന്റെ ഏറ്റവും ഉന്നതമായ കര്‍മവേദിയായിരിക്കും. രാജ്യത്തെ വിഭവങ്ങള്‍ എല്ലാവര്‍ക്കും തുല്യമായി ലഭിക്കുന്ന വ്യവസ്ഥിതി. അവിടെ ഏറ്റക്കുറച്ചിലുകളില്ല. അടിമയും ഉടമയുമില്ല. ചൂഷണമില്ല. ഒരിടത്തു സമൃദ്ധിയും മറ്റൊരിടത്തു ദാരിദ്ര്യവുമെന്ന അസമത്വം ഉണ്ടാവില്ല. അദ്ദേഹം സ്വപ്‌നംകണ്ട സ്വാതന്ത്ര്യാനന്തരഭാരതത്തിന്റെ രൂപരേഖ ഇതായിരുന്നു.
ഇതൊക്കെ യാഥാര്‍ഥ്യമാക്കാന്‍ കഴിയാത്ത വെറും സ്വപ്നങ്ങളല്ലേ എന്നു ചിലര്‍ ചോദിച്ചെന്നുവരാം. യാഥാര്‍ഥ്യമാക്കാനുള്ള കഠിനശ്രമത്തിനൊടുവില്‍ പരാജയപ്പെടുന്നവര്‍ക്കേ ഈ ചോദ്യം ചോദിക്കാന്‍ അവകാശമുള്ളൂ. ഇന്ത്യ പ്രതിജ്ഞാബദ്ധതയോടെ ഇതിനുള്ള ശ്രമം നടത്തിയിട്ടില്ല എന്നതാണു യാഥാര്‍ഥ്യം. കൈവന്ന രാഷ്ട്രീയസ്വാതന്ത്ര്യംപോലും അധികാരം കൈയാളുന്ന ചുരുക്കം ചില ശക്തികളിലൊതുങ്ങിപ്പോയി. വികസനത്തിനുവേണ്ട എല്ലാ യത്‌നങ്ങളും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും ദൂഷിതവലയത്തില്‍ കുടുങ്ങി  ലക്ഷ്യം കാണാതെപോയി. അധികാരത്തിനുവേണ്ടിയുള്ള തത്ത്വദീക്ഷയില്ലാത്ത രാഷ്ട്രീയചാഞ്ചാട്ടങ്ങള്‍ അധികാരവിനിയോഗത്തെ ജനാധിപത്യമൂല്യങ്ങളുടെ ശവപ്പറമ്പാക്കി. നേതൃത്വതലത്തില്‍ ആവിഷ്‌കരിക്കപ്പെടുന്ന വികസനസംരംഭങ്ങളൊന്നും അതു നടപ്പിലാക്കേണ്ട ഉദ്യോഗസ്ഥവര്‍ഗത്തിന്റെ ആത്മാര്‍ഥതയില്ലായ്മയും ജനവിരുദ്ധതയുംമൂലം ഉണങ്ങിയ മണ്ണിലൊഴുകിവീണ ഇത്തിരി വെള്ളംപോലെ ലക്ഷ്യത്തിലെത്താതെ വറ്റിപ്പോയി. 
ഇതോടൊപ്പം, വര്‍ഗീയതയുടെയും തീവ്രവാദത്തിന്റെയും ആസുരശക്തികള്‍ രാഷ്ട്രത്തിന്റെ സ്വാസ്ഥ്യവും സമാധാനവും കരണ്ടുകൊണ്ടിരിക്കുന്നു. അഹിംസയല്ല, ഹിംസയാണ് വര്‍ത്തമാനകാലത്തിനു പ്രിയങ്കരം. ഗാന്ധിജിയെ മറന്ന ഒരു ജനതയ്ക്ക്, രാഷ്ട്രപിതാവിനെ വിസ്മരിക്കുന്ന ഒരു രാഷ്ട്രത്തിന്, വികസനത്തിന്റെയും സമാധാനത്തിന്റെയും ആകാശങ്ങള്‍ കീഴടക്കാനാവില്ല. ആധുനികേന്ത്യയുടെ ദുരന്തം ഇതല്ലാതെ മറ്റെന്താണ്?
മഹാത്മാഗാന്ധിയെ മാതൃകയാക്കിയ അമേരിക്കയിലെ മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും ദക്ഷിണാഫ്രിക്കയിലെ നെല്‍സണ്‍ മണ്ടേലയും ലോകനേതാക്കളായി ആദരിക്കപ്പെടുന്നുണ്ട്. എന്നാല്‍, അത്തരമൊരു ഗാന്ധിയന്‍ നേതൃത്വമാതൃക ഇന്നും ഇന്ത്യയ്ക്ക് അന്യമാണ്. അതിര്‍ത്തിഗാന്ധിയെന്നു വിശേഷിപ്പിക്കപ്പെട്ട പഠാന്‍ നേതാവ് ഖാന്‍ അബ്ദുള്‍ ഗാഫര്‍ഖാനെ നമ്മള്‍ മാനിക്കുകയല്ല, അപമാനിക്കുകയാണു ചെയ്തത്. ഇനിയുമൊരു ഗാന്ധിയെ വേണ്ട എന്നാണ് ഇന്ത്യയുടെ ഭാവമെന്നു തോന്നുന്നു. എങ്കില്‍ ഗുരുത്വദോഷത്തില്‍നിന്നു നമുക്കൊരിക്കലും മുക്തി ലഭിക്കാനിടയില്ല എന്നു നമ്മള്‍ ഭയപ്പെടേണ്ടിയിരിക്കുന്നു. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)