•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

കെ.എസ്.ആര്‍.ടി.സിയെ ആരു രക്ഷിക്കും?

ആനവണ്ടിയെ രക്ഷിക്കാന്‍ ഇനി ആര്‍ക്കു സാധിക്കും?
കെഎസ്ആര്‍ടിസിയെപ്പോലെ  ഇത്രയേറെ നികുതിപ്പണം ചെലവായിപ്പോയ ഒരു  പൊതുഗതാഗതസംവിധാനം ഇന്ത്യയില്‍ വേറേ കാണുമോ?    
കടക്കെണിയില്‍ മുങ്ങിത്താഴ്ന്ന കെഎസ്ആര്‍ടിസിയെ കരകയറ്റാന്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലംസര്‍ക്കാര്‍ ചെലവഴിച്ച തുക എത്ര ആയിരം കോടി വരുമെന്ന് സര്‍ക്കാരിനുപോലും കണക്കുണ്ടാവില്ല. 2016 നുശേഷം 7454 കോടി രൂപ സര്‍ക്കാര്‍ നല്‍കി എന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. ശമ്പളവും പെന്‍ഷനും നല്‍കാനായിമാത്രം ഈ സര്‍ക്കാര്‍ 3400 കോടി നല്‍കിയെന്ന് ധനമന്ത്രി കെ. എന്‍. ബാലഗോപാല്‍ നിയമസഭയില്‍ പറഞ്ഞു. നടപ്പുസാമ്പത്തികവര്‍ഷം ചെലവിട്ടത് 1325.77 കോടിയാണ്. അടുത്ത സാമ്പത്തിക വര്‍ഷത്തേക്കു വകയിരുത്തിയത് 131 കോടി.
ഇത്രയൊക്കെ സഹായിച്ചിട്ടും  കെഎസ്ആര്‍ടിസി കരകയറിയില്ലെന്നു മാത്രമല്ല, കൂടുതല്‍ ആഴത്തിലേക്കു താഴുകയും ചെയ്തു. പൊതുജനത്തിന്റെ നികുതിപ്പണം  ഒഴുക്കി എത്രകാലം ഈ വെള്ളാനയെ സംരക്ഷിച്ചു  നിര്‍ത്താനാകും? അതേസമയം, റോഡ് ടാക്‌സ്,  ഇന്‍ഷുറന്‍സ്, ഫിറ്റ്‌നസ് പരിശോധന തുടങ്ങിയ  പ്രതികൂലഘടകങ്ങള്‍ ഏറെയുണ്ടായിട്ടും അതിനെയെല്ലാം   അതിജീവിച്ചു  സ്വകാര്യബസ് സര്‍വീസ് ഇവിടെ നല്ല ലാഭത്തിലാണു പോകുന്നതുതാനും.    
കെഎസ്ആര്‍ടിസി നഷ്ടത്തില്‍നിന്നു നഷ്ടത്തിലേക്കു  കൂപ്പുകുത്തിക്കൊണ്ടിരുന്ന സമയത്താണ്  എങ്ങനെയെങ്കിലും ഈ സ്ഥാപനത്തെ ഒന്ന് എഴുന്നേല്പിച്ചു  നിറുത്താന്‍ സര്‍ക്കാര്‍ ടോമിന്‍ ജെ തച്ചങ്കരിയെ 2018  ഏപ്രിലില്‍  കോര്‍പ്പറേഷന്റെ  സിഎംഡിയായി നിയമിച്ചത്. തച്ചങ്കരി വന്ന്  ആദ്യം ചെയ്തത്  ഒരു  ശസ്ത്രക്രിയയാണ്. എന്തു ശസ്ത്രക്രിയ നടത്തിയാലും വേണ്ടില്ല,  മുടങ്ങാതെ ശമ്പളം കിട്ടണം എന്ന ഒറ്റ ആഗ്രഹമേ  തൊഴിലാളികള്‍ക്കുണ്ടായിരുന്നുള്ളൂ.  
6000 വണ്ടികള്‍ക്ക് 40000 ജീവനക്കാരുണ്ടായിട്ടും  ജീവനക്കാരില്ലെന്നു പറഞ്ഞു ദിവസവും 200 ബസുകള്‍ ഓട്ടം മുടക്കുന്നതു ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തച്ചങ്കരി ജീവനക്കാരുടെ ഡ്യൂട്ടി പരിഷ്‌കരിച്ചു വണ്ടികളെല്ലാം റോഡിലിറക്കി. ജീവനക്കാരുടെ കുറവുമൂലം ബസുകള്‍ മുടങ്ങുന്നത് ഒഴിവാക്കാന്‍ വര്‍ക്ക് അറേഞ്ചുമെന്റ്  അടിസ്ഥാനത്തില്‍ കണ്ടക്ടര്‍മാരെയും ഡ്രൈവര്‍മാരെയും സ്ഥലം മാറ്റി. ആളില്ലാതെ ഒന്നിനുപിറകേ ഒന്നായി  ബസുകള്‍ ഓടിക്കുന്നവര്‍ക്കു പിഴയിട്ടു. അഴിച്ചുപണിയിലൂടെ ദിവസവരുമാനം എട്ടരക്കോടിയിലേക്കെത്തിക്കുക എന്നതായിരുന്നു  ലക്ഷ്യം.
കെഎസ്ആര്‍ടിയില്‍ മുപ്പതു ശതമാനത്തോളം പേര്‍ ഈ പണിക്കു കൊള്ളാത്തവരാണെന്ന് തച്ചങ്കരി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. അവശത ഭാവിച്ചു പലരും ജോലിചെയ്യാതെ വെറുതെയിരുന്നു ശമ്പളം വാങ്ങുന്നു. ദീര്‍ഘകാലമായി ജോലിക്കെത്താത്തവരും കാരണംകാണിക്കല്‍ നോട്ടീസിനു മറുപടി നല്കാത്തവരുമായ 907 ജീവനക്കാരെ അദ്ദേഹം പിരിച്ചുവിട്ടു. ഇതോടെ പണിചെയ്യാത്ത യൂണിയന്‍നേതാക്കളുടെ നെറ്റി ചുളിഞ്ഞു. 
അദര്‍ഡ്യൂട്ടിയുടെ പേരില്‍ ജോലി ചെയ്യാതിരുന്ന യൂണിയന്‍ നേതാക്കളെ ബസില്‍ ഡ്യൂട്ടിക്ക് ഇടുകകൂടി ചെയ്തപ്പോള്‍  അവരുടെ ദേഷ്യം വൈരാഗ്യമായി മാറി. പണിയെടുക്കാതെ പോക്കറ്റിലെത്തിക്കൊണ്ടിരുന്ന പണത്തിന്റെ വരവുനിലച്ചതാണ് യൂണിയന്‍ നേതാക്കന്മാരെ ചൊടിപ്പിച്ചത്. 
തച്ചങ്കരി നടത്തിയ പരിശോധനയില്‍ ചില ഡിപ്പോകളില്‍ ആവശ്യത്തിലധികം തൊഴിലാളികള്‍  ഉണ്ടെന്നു കണ്ടു. കോട്ടയം ഡിപ്പോയില്‍ തച്ചങ്കരി നേരിട്ടു പരിശോധനയ്ക്കു ചെന്നപ്പോള്‍ അവിടെ ആകെ 97 ബസുകളേ യഥാര്‍ഥത്തില്‍ ഓടുന്നുള്ളൂ. പക്ഷേ, ബുക്കില്‍ കാണിച്ചിരിക്കുന്നത് 140 എന്ന്. ജീവനക്കാര്‍  അവരുടെ സൗകര്യത്തിനുവേണ്ടി ഓരോ സ്ഥലത്തും പോസ്റ്റിങ് വാങ്ങിക്കും. ആ പോസ്റ്റിങ് അവിടെ വേണമെങ്കില്‍ അത്രയും വണ്ടി അവിടെ ഉണ്ടെന്നു കാണിക്കണം. അതുകൊണ്ട്, അവര്‍ ഇല്ലാത്ത വണ്ടി ഉണ്ടെന്നു കാണിച്ച് ഒരു പേപ്പര്‍ ഷെഡ്യൂള്‍ ഉണ്ടാക്കും. ഇതുപോലെ,  പല ഡിപ്പോയിലും ആവശ്യമുള്ളതിലേറെ  തൊഴിലാളികള്‍ ഉണ്ടെന്നു തച്ചങ്കരി കണ്ടെത്തി. അവരെയെല്ലാം സ്ഥലം മാറ്റി.
മെക്കാനിക്കല്‍ ജീവനക്കാര്‍ ഡ്യൂട്ടിസമയത്തു കിടന്നുറങ്ങുന്നതും കൃത്യസമയത്ത് ഡ്യൂട്ടിക്കെത്തേണ്ട കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ വൈകിയെത്തുന്നതും പലയിടത്തും സമയം തെറ്റി ഷെഡ്യൂളുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതുമെല്ലാം മിന്നല്‍പ്പരിശോധനയില്‍ കണ്ടെത്തി കുറ്റക്കാര്‍ക്കെതിരേ  തച്ചങ്കരി  നടപടിയെടുത്തു.
കെഎസ്ആര്‍ടിസിയുടെ ഓര്‍ഡിനറി ബസ് ഒരു കിലോമീറ്റര്‍ ഓടുന്നതിന് 65 രൂപ ചെലവാകുമ്പോള്‍ ബസ് വാടകയ്‌ക്കെടുത്ത് ഓടിച്ചാല്‍ കിലോമീറ്ററിന് 45 രൂപയേ ചെലവു  വരൂ എന്നു  മനസ്സിലാക്കിയ തച്ചങ്കരി  ബസ്സുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വീസ് നടത്താന്‍ ഒരുക്കങ്ങള്‍ നടത്തിയപ്പോഴാണ് അത് കോര്‍പ്പറേഷനെ സ്വകാര്യവത്കരിക്കാനുള്ള നീക്കമാണെന്നു പറഞ്ഞു യൂണിയനുകള്‍  എതിര്‍ത്തുതോല്പിച്ചത്.
കെഎസ്ആര്‍ടിസിയുടെ 24 ഓണ്‍ലൈന്‍ റിസര്‍വേഷന്‍ കൗണ്ടറുകള്‍  കുടുംബശ്രീയെ ഏല്പിച്ച തീരുമാനത്തെ മിന്നല്‍പ്പണിമുടക്കിലൂടെയാണ്  ജീവനക്കാര്‍  തോല്‍പ്പിച്ചത്.  ഒടുവില്‍   ആ  തീരുമാനം പിന്‍വലിക്കേണ്ടിവന്നു. ആ സമരത്തില്‍ ഒരുകോടി രൂപയുടെ നഷ്ടമാണ്  അന്നു കോര്‍പറേഷനുണ്ടായതെന്ന് സിഎംഡി പറഞ്ഞു.
കൊറിയര്‍ സര്‍വീസ് നടത്തിപ്പിന് പുതിയ ലേലത്തിലൂടെ 1.34 കോടിയുടെ അധികവരുമാനത്തിനും തച്ചങ്കരി വഴിയൊരുക്കി.  മുമ്പത്തേതിനേക്കാള്‍ നാലിരട്ടി വര്‍ധന. സിംഗിള്‍ ഡ്യൂട്ടി ഏര്‍പ്പെടുത്തിയും  സര്‍വീസ് വെട്ടിക്കുറച്ചും ജീവനക്കാരെ സ്ഥലംമാറ്റിയും പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നപ്പോള്‍ കോര്‍പറേഷന്റെ  വരുമാനം  കൂടി. ജീവനക്കാര്‍ക്ക് എല്ലാ മാസവും ഒന്നാം തീയതി ശമ്പളം കിട്ടാന്‍ തുടങ്ങി.
2019 ജനുവരി 27 ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ഒരു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയായിരുന്നു:  ''കാല്‍നൂറ്റാണ്ടു കാലത്തെ ചരിത്രം പഴങ്കഥയാകുന്നു. കെഎസ്ആര്‍ടിസി സ്വന്തം വരുമാനത്തില്‍നിന്ന് ജീവനക്കാര്‍ക്കു ശമ്പളം നല്‍കുകയാണ്. സര്‍ക്കാര്‍  ധനസഹായവും ബാങ്കുവായ്പയും ഇല്ലാതെ ശമ്പളം നല്‍കാന്‍ കഴിയില്ലെന്ന ചരിത്രമാണ് ഭരണത്തിന്റെ ആയിരം ദിവസങ്ങള്‍ക്കുള്ളില്‍ തിരുത്തിയത്.''
തൊഴിലാളികള്‍ക്കു കൃത്യസമയത്തു ശമ്പളം കിട്ടിത്തുടങ്ങിയപ്പോള്‍ അവര്‍ സിഎംഡിയെ വിശ്വാസത്തിലെടുത്തു. ജീവനക്കാരുടെ കൂറും വിശ്വാസവും  സിഎംഡിയിലേക്കു വഴിമാറുന്നെന്നു കണ്ടപ്പോള്‍ യൂണിയന്‍നേതാക്കന്മാര്‍   അപകടം  മണത്തു. 
തച്ചങ്കരിയെ ഓടിക്കാന്‍ സിപിഎമ്മിന്റെ സമുന്നതനേതാവായ ആനത്തലവട്ടം ആനന്ദനെത്തന്നെ സിഐടിയു രംഗത്തിറക്കി. തച്ചങ്കരിയുടെ പരിഷ്‌കാരങ്ങള്‍ക്കെതിരേയുള്ള,   യൂണിയനുകളുടെ  സമരപ്രഖ്യാപനകണ്‍വന്‍ഷനില്‍ ആനത്തലവട്ടം പറഞ്ഞത് ഇങ്ങനെ:
''തൊഴിലാളികള്‍ സമരം ചെയ്ത് അധികാരികളെ മുട്ടുകുത്തിച്ചിട്ടുണ്ട്. അന്ന് തച്ചങ്കരി ജനിച്ചിട്ടില്ല.  തച്ചങ്കരി ഒരു കല്പന പുറപ്പെടുവിച്ചു. ഡ്യൂട്ടിസമയത്തു യൂണിയന്‍ യോഗം കൂടാന്‍ പാടില്ല, മുദ്രാവാക്യം വിളിക്കാന്‍ പാടില്ല എന്നൊക്കെ. എന്നാല്‍, ഇതാ അതെല്ലാം ചെയ്യുന്നു. നിങ്ങളുടെ ഉത്തരവിതാ കാറ്റില്‍ പറത്തിയിരിക്കുന്നു. നിങ്ങള്‍ കല്പന പുറപ്പെടുവിച്ചാല്‍ ഒരു കൊടിച്ചിപ്പട്ടി അനുസരിക്കുമോ? ആത്മാഭിമാനം ഉണ്ടെങ്കില്‍ ആ കസേരയില്‍നിന്നിറങ്ങിപ്പോ ''
ഒടുവില്‍ യൂണിയനുകളുടെ സമ്മര്‍ദത്തിനു  വഴങ്ങി പിണറായി ഡബിള്‍ ബെല്ലടിച്ചു തച്ചങ്കരിയെ ഇറക്കിവിട്ടു. അധികം വൈകാതെ വീണ്ടും ആനവണ്ടി  കട്ടപ്പുറത്ത്.
കോര്‍പ്പറേഷന്‍ ആസ്ഥാനത്ത്  തച്ചങ്കരിക്കൊരുക്കിയ യാത്രയയപ്പുസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞ വാചകങ്ങള്‍ അന്വര്‍ഥമാണ്: ''ഒരു ഉദ്യോഗസ്ഥനും തന്നെ അയച്ച സ്ഥാപനത്തെ സ്വന്തമെന്നു കരുതി സ്‌നേഹിക്കാന്‍ പാടില്ല. അങ്ങനെ സ്‌നേഹിക്കുമ്പോഴാണ് ആശയും നിരാശയും സ്വപ്നങ്ങളും മോഹഭംഗങ്ങളും ബാക്കിയാവുന്നത്. ''
കെഎസ്ആര്‍ടിസിയുടെ പുനഃസംഘടന സംബന്ധിച്ചു പഠനം നടത്തി റിപ്പോര്‍ട്ടു നല്‍കിയ സുശീല്‍ഖന്ന ജീവനക്കാരുടെ എണ്ണം കുറയ്ക്കണമെന്നു ശിപാര്‍ശ ചെയ്തിരുന്നു. ഒരു ബസിന് 7.2 ജീവനക്കാര്‍ എന്ന നില  ദേശീയശരാശരിയായ 5.2 എന്ന നിലയിലേക്കു  കുറയ്ക്കണമെന്നാണു നിര്‍ദേശിച്ചത്. കെഎസ്ആര്‍ടിസിയെ മൂന്നു മേഖലയായി വിഭജിക്കണമെന്നും  സര്‍വേയിലൂടെ പഠനം നടത്തി സര്‍വീസുകള്‍ പുനഃക്രമീകരിക്കണമെന്നും റിപ്പോര്‍ട്ടിലുണ്ട്. പ്രഫഷനല്‍ യോഗ്യതയുള്ളവരെ എക്സിക്യുട്ടീവ് ഡയറക്ടര്‍മാരായി നിയമിക്കണം, വര്‍ക്ക്‌ഷോപ്പുകള്‍ നവീകരിക്കണം, ബസുകളുടെ അറ്റകുറ്റപ്പണിക്കു പരമാവധി ഒരുദിവസമേ എടുക്കാവൂ  എന്നും സുശീല്‍ഖന്ന നിര്‍ദേശിച്ചിരുന്നു. ഇതൊന്നും പക്ഷേ, നടപ്പായില്ല.
പൊതുജനാരോഗ്യം, പൊതുവിദ്യാഭ്യാസം  എന്നിവപോലെതന്നെ പൊതുപണം ചെലവഴിച്ചു ലാഭം നോക്കാതെ ജനങ്ങള്‍ക്കു ലഭ്യമാകേണ്ട സേവനമാണ് പൊതുഗതാഗതവും എന്നാണ് ഒരുവിഭാഗം ജീവനക്കാരുടെ അഭിപ്രായം. കെഎസ്ആര്‍ടിസിയെ ഒരു സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കി മാറ്റി, പൊതുഗതാഗതത്തെ പൊതുജനസര്‍വീസായി കാണണമെന്നാണ്  അവരുടെ പക്ഷം. ജനങ്ങള്‍ക്കു കുറഞ്ഞ ചെലവില്‍  യാത്രാസൗകര്യം കിട്ടാനും തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും  പെന്‍ഷന്‍ മുടങ്ങാതെ ലഭിക്കാനും  ഇതേ മാര്‍ഗമുള്ളൂ എന്നവര്‍ പറയുന്നു. 2000 ല്‍ വാട്ടര്‍ ട്രാന്‍സ്പോര്‍ട്ട് സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റാക്കിയതിനെത്തുടര്‍ന്ന് ജീവനക്കാര്‍ക്കു ശമ്പളവും പെന്‍ഷനും മുടങ്ങാതെ കിട്ടുന്നത്  ഉദാഹരണമായി അവര്‍  ചൂണ്ടിക്കാട്ടുന്നു.
പര്‍ച്ചേസിങ്ങിലും മറ്റും നടത്തുന്ന  വെട്ടിപ്പുകള്‍  കെഎസ്ആര്‍ടിസിയെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്നും  വരുമാനമുണ്ടാക്കിക്കൊണ്ടിരിക്കുന്ന അന്തര്‍സംസ്ഥാന സര്‍വീസുകള്‍പോലും സ്വകാര്യബസ്‌ലോബികള്‍ക്ക് അടിയറവു വച്ചിരിക്കയാണെന്നും യൂണിയന്‍ നേതാക്കള്‍  കുറ്റപ്പെടുത്തുന്നു.  പുതിയ  ബസുകള്‍ വാങ്ങുക, ഷെഡ്യൂളുകള്‍ വര്‍ദ്ധിപ്പിക്കുക, ദേശസാത്കൃതറൂട്ടുകള്‍ സംരക്ഷിക്കുക, അന്തര്‍സംസ്ഥാന സര്‍വീസുകളില്‍ ആധുനികബസുകള്‍ ഓടിക്കുക,  വര്‍ക്ക്‌ഷോപ്പുകള്‍ ആധുനികവത്കരിക്കുക തുടങ്ങിയ നടപടികള്‍ സ്വീകരിച്ചാല്‍ വരുമാനം വര്‍ധിപ്പിക്കാമെന്നാണ് അവരുടെ കണ്ടെത്തല്‍.
പ്രതിമാസം 30 കോടിയില്‍ കൂടുതല്‍ ധനസഹായം നല്‍കാന്‍ കഴിയില്ലെന്നാണ് ഇപ്പോള്‍  സര്‍ക്കാര്‍ നിലപാട്. ശമ്പളം  നല്‍കാനാകില്ലെങ്കില്‍ കെഎസ്ആര്‍ടിസി പൂട്ടൂ എന്നാണ് ഹൈക്കോടതി പറഞ്ഞത്. ഖജനാവില്‍നിന്നു മാസംതോറും പണം നല്‍കുന്നതല്ലാതെ കെഎസ്ആര്‍ടിസികൊണ്ട്  പൊതുസമൂഹത്തിന് എന്തു പ്രയോജനമെന്ന ചോദ്യമാണ്  കോടതിയുയര്‍ത്തിയത്. പൊതുജനത്തിനു  ബാധ്യതയുണ്ടാക്കി  എന്തിന് ഇങ്ങനെയൊരു സ്ഥാപനം  മുമ്പോട്ടു കൊണ്ടുപോകുന്നു എന്നു പൊതുസമൂഹവും ചോദിക്കുന്നു. കടത്തിന്റെ പലിശയിനത്തില്‍മാത്രം പ്രതിമാസം 22 കോടി രൂപയാണ് കെഎസ്ആര്‍ടിസിക്ക് ഇപ്പോള്‍  അടയ്‌ക്കേണ്ടിവരുന്നത് എന്നോര്‍ക്കുക.
അതേസമയം, മുഴുവന്‍ ശമ്പളവും ഒന്നാംതീയതി കൊടുക്കാന്‍ നിവൃത്തിയില്ലാത്ത സാഹചര്യത്തില്‍  ടാര്‍ഗെറ്റ് നിശ്ചയിച്ചുകൊണ്ടുള്ള ഒരു ഫോര്‍മുല മുമ്പോട്ടുവച്ചിരിക്കയാണ് മാനേജിങ് ഡയറക്ടര്‍ ബിജു പ്രഭാകര്‍. 100% ടാര്‍ഗറ്റ് നേടുന്ന ഡിപ്പോകളിലെ മുഴുവന്‍ ജീവനക്കാര്‍ക്കും അഞ്ചാം തീയതിക്കുതന്നെ മുഴുവന്‍ ശമ്പളം. 90 ശതമാനമെങ്കില്‍ ശമ്പളത്തിന്റെ 90 ശതമാനം. 100 ശതമാനത്തിനു മുകളില്‍ ടാര്‍ഗറ്റ് തികയ്ക്കുന്ന ഡിപ്പോകളില്‍  കുടിശ്ശിക അടക്കം മുഴുവന്‍  ശമ്പളം. ഇതുപക്ഷേ, യൂണിയനുകള്‍ തള്ളിയിരിക്കയാണ്.
'എന്നെ തല്ലണ്ടമ്മാവാ, ഞാന്‍ നന്നാവില്ല' എന്നു  ശഠിക്കുന്ന കുട്ടിയെ പിന്നെയും പിന്നെയും തല്ലിയിട്ട് എന്തു പ്രയോജനം? അടിക്കുന്ന വഴിയേ പോകുന്നില്ലെങ്കില്‍  പോകുന്ന വഴിയേ പോട്ടെന്നു വയ്ക്കണം. ശസ്ത്രക്രിയയ്ക്കു സമ്മതിക്കാത്തിടത്തോളംകാലം ഇനി നയാപ്പൈസ ധനസഹായമായി കൊടുക്കില്ലെന്നു സര്‍ക്കാര്‍ ഉറച്ച നിലപാടെടുക്കണം. യൂണിയന്‍ നേതാക്കളെ വരച്ച വരയില്‍ നിറുത്താനുള്ള  ആര്‍ജവം സര്‍ക്കാര്‍ കാണിച്ചേ പറ്റൂ. ഗുളികകൊണ്ട്  രോഗം മാറിയില്ലെങ്കില്‍ ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കുകതന്നെ വേണം. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)