മലയാളനിരൂപണത്തിന്റെ ജനപ്രിയമുഖമായിരുന്ന എം. കൃഷ്ണന്‍നായര്‍ ജനിച്ചിട്ട് മാര്‍ച്ച് 3 ന് നൂറു വര്‍ഷം പൂര്‍ത്തിയാകുന്നു.
നിരൂപണത്തിലെ നമ്പ്യാരായിരുന്നു എം കൃഷ്ണന്‍നായര്‍. ''ഒരുത്തര്‍ക്കും ലഘുത്വത്തെ  വരുത്തുവാന്‍ മോഹമില്ല, ഒരുത്തനും പ്രിയമായി പറവാനും ഭാവമില്ല'' എന്നതായിരുന്നു  നിരൂപണത്തെ സംബന്ധിച്ച അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.
അതിവിപുലമായ തന്റെ വായനാലോകത്തിന്റെ വെളിച്ചത്തില്‍ മുപ്പത്തിയേഴുവര്‍ഷക്കാലം (1969 മുതല്‍ 2006 ഫെബ്രുവരിയില്‍  മരണത്തിന് ഒരാഴ്ചമുമ്പുവരെ) അദ്ദേഹമെഴുതിയ 'സാഹിത്യവാരഫലം' എന്ന പ്രതിവാരസാഹിത്യപംക്തി വിശ്വസാഹിത്യത്തിന്റെ വാതായനങ്ങള്‍ മലയാളിക്കു മുമ്പില്‍ തുറന്നിട്ടു. പണ്ഡിതപാമരഭേദമില്ലാതെ, ചുമട്ടുതൊഴിലാളികള്‍മുതല്‍ കോളജധ്യാപകര്‍വരെ സാഹിത്യവാരഫലത്തിന്റെ പുതിയ ലക്കത്തിനായി കാത്തിരുന്നു. അനുചിതമായ  ആടയാഭരണങ്ങളാല്‍ അദ്ദേഹം ഭാഷയെ ദുര്‍ഗ്രഹമാക്കിയില്ല. സര്‍വര്‍ക്കും ഗ്രഹിക്കാനാവുന്നതും തികച്ചും വായനക്ഷമവുമായിരുന്നു കൃഷ്ണന്‍നായരുടെ എഴുത്തുരീതി.
സി.വി. കുഞ്ഞിരാമന്‍ പത്രാധിപരായിരുന്ന  'നവജീവന്‍'  ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിക്കപ്പെട്ട 'വിമര്‍ശനം' എന്ന ലേഖനത്തിലൂടെയാണ് കൃഷ്ണന്‍ നായരുടെ എഴുത്തുജീവിതത്തിനു തുടക്കമാകുന്നത്.   കോഴിക്കോട് പി.കെ. ബ്രദേഴ്സ് പ്രസാധനം ചെയ്ത 'ആധുനികമലയാളകവിത' ആയിരുന്നു പ്രസിദ്ധീകൃതമായ ആദ്യപുസ്തകം. തിരുവനന്തപുരത്ത് സംസ്‌കൃതകോളജില്‍ അധ്യാപകനായിരുന്ന കാലത്ത് കെ. ബാലകൃഷ്ണന്റെ 'കൗമുദി'യില്‍ തുടര്‍ച്ചയായി പ്രസിദ്ധീകരിച്ചിരുന്ന ലേഖനങ്ങളുടെ സമാഹാരമായിരുന്നു ഇത്. മലയാളനാട് വാരികയുടെ തുടക്കംമുതല്‍ കൃഷ്ണന്‍നായര്‍ 'സാഹിത്യവാരഫലം' എഴുതിത്തുടങ്ങി. ഈ പംക്തിയാണ് അദ്ദേഹത്തെ പ്രശസ്തനാക്കുന്നത്. മലയാളനാട് നിലച്ചപ്പോള്‍ കലാകൗമുദിയിലും തുടര്‍ന്ന് സമകാലിക മലയാളത്തിലും സാഹിത്യവാരഫലം പ്രസിദ്ധീകരിക്കപ്പെട്ടു. പ്രസിദ്ധീകരണം മാറിയെങ്കിലും സാഹിത്യവാരഫലത്തിന്റെ പ്രശസ്തിക്കോ ജനപ്രീതിക്കോ യാതൊരു കോട്ടവും ഉണ്ടായില്ല.
ജീവിതത്തില്‍ ശാന്തശീലനും സൗമ്യസ്വഭാവിയുമായിരുന്ന കൃഷ്ണന്‍നായര്‍ എഴുത്തില്‍, വിശേഷിച്ചും സാഹിത്യവാരഫലത്തിന്റെ രചനയില്‍ ഒരു  സിംഹസ്വരൂപന്‍തന്നെയായിരുന്നു. തനിക്കു മോശമെന്നു തോന്നിയ കൃതികളെ, അതിപ്രശസ്തരായവരുടേതുള്‍പ്പെടെ നിര്‍ദാക്ഷിണ്യം അദ്ദേഹം കടിച്ചുകീറി. കലാശൂന്യമായ ഒരു രചനയെ സമൂഹദ്രോഹമായാണ് അദ്ദേഹം കണ്ടത്. 'മലയാളഭാഷയെന്ന രമ്യഹര്‍മ്യത്തിനു മുന്നില്‍ വച്ച കക്കൂസാണ് ഈ കഥ' എന്നെഴുതുമ്പോള്‍ എഴുത്തുകാരന്‍ ആരാണെന്നത് അദ്ദേഹത്തിനു പ്രശ്‌നമായിരുന്നില്ല. കര്‍ത്താവിലേക്കല്ല, കൃതിയിലേക്കു മാത്രമായിരുന്നു കൃഷ്ണന്‍നായരുടെ നോട്ടം. അതുകൊണ്ടുതന്നെ  പ്രശസ്തരും അപ്രശസ്തരുമായ നിരവധി ശത്രുക്കളും അദ്ദേഹത്തിനുണ്ടായി.
ക്ഷുദ്രകൃതികളെ കഠിനമായി വിമര്‍ശിക്കുന്നതുപോലെതന്നെ മികച്ചവയെ കൈയയച്ചു പ്രശംസിക്കാനും അദ്ദേഹം മടികാണിച്ചില്ല.
മലയാളകൃതികളെ  പ്രശസ്തങ്ങളായ  ഇതര ലോകഭാഷാകൃതികളുമായി താരതമ്യംചെയ്തു വിലയിരുത്തുന്നത്  കൃഷ്ണന്‍നായരുടെ രചനാലോകത്തിന്റെ സവിശേഷതയായിരുന്നു. 'ചെമ്മീന്‍ നല്ല പ്രേമകഥയാണെങ്കിലും ജാപ്പനീസ് എഴുത്തുകാരന്‍ യുക്കിയോ മിഷിമയുടെ' ദി സൗണ്ട് ഓഫ് ദി വേവ്‌സ്' എന്ന നോവലിന് ഉത്കൃഷ്ടത കൂടും' എന്നദ്ദേഹം എഴുതി. കേസരി ബാലകൃഷ്ണപിള്ള വിശ്വസാഹിത്യകൃതികളെ മലയാളിക്കു പരിചയപ്പെടുത്തുന്നതു കണ്ടാണ് താനും ആ വഴിക്കു തിരിഞ്ഞതെന്നു കൃഷ്ണന്‍നായര്‍ എഴുതിയിട്ടുണ്ട്. ഏതായാലും, കൃഷ്ണന്‍ നായര്‍ നടന്ന വഴി സാഹിത്യപ്രണയികളുടെ പ്രിയവഴിയായി മാറി.
വിക്ടര്‍ യൂഗോയുടെ പാവങ്ങള്‍, താരാശങ്കര്‍ ബാനര്‍ജിയുടെ ആരോഗ്യനികേതനം, ടോള്‍സ്റ്റോയിയുടെ ഇവാന്‍ ഇലിയച്ചിന്റെ മരണം എന്നിവ കൃഷ്ണന്‍നായര്‍ വീണ്ടും വീണ്ടും വായിച്ചിരുന്ന പുസ്തകങ്ങളായിരുന്നു. പാവങ്ങളുടെ അനവധി താളുകള്‍ അദ്ദേഹത്തിനു മനഃപാഠമായിരുന്നുവത്രേ. ഔറീലിയേസിന്റെ മെഡിറ്റേഷന്‍സ് ആയിരുന്നു അദ്ദേഹം ഏറെ ഇഷ്ടപ്പെട്ടിരുന്ന മറ്റൊരു പുസ്തകം.
പ്രമുഖ പാശ്ചാത്യപ്രസാധകരായ പെന്‍ഗ്വിന്റെയും ഫേബറിന്റെയുമൊക്കെ കാറ്റലോഗുകള്‍ നോക്കി, പുതിയ പുസ്തകങ്ങള്‍ ഓര്‍ഡര്‍ ചെയ്തു വരുത്തി, വിശദമായി വായിച്ച് കൈരളിയിലെ  സാഹിത്യാസ്വാദകര്‍ക്ക് കൃഷ്ണന്‍നായര്‍ പരിചയപ്പെടുത്തി. ജോര്‍ജ് പെരേസിന്റെയും  ജെറോം വെയ്ഡ്മാന്റെയും മാര്‍സല്‍ പ്രൂസ്റ്റിന്റെയുമൊക്കെ വിഖ്യാതരചനകള്‍ മലയാളി പരിചയപ്പെടുന്നത് സാഹിത്യവാരഫലത്തിലൂടെയാണ്.
എഴുത്തച്ഛന്‍, ഉണ്ണായിവാരിയര്‍, കുമാരനാശാന്‍, വള്ളത്തോള്‍ എന്നിവരായിരുന്നു കൃഷ്ണന്‍നായരെ സംബന്ധിച്ചിടത്തോളം മലയാളത്തിലെ മഹാകവികള്‍. ശേഷമുള്ളവരും നല്ല കവികളായിരിക്കാം, എന്നാല്‍, മഹാകവികളല്ലെന്ന് അദ്ദേഹമെഴുതി. തകഴിയുടെ 'വെള്ളപ്പൊക്കത്തില്‍', കാരൂരിന്റെ 'മരപ്പാവകള്‍', ബഷീറിന്റെ 'പൂവന്‍പഴം' തുടങ്ങിയവയായിരുന്നു കൃഷ്ണന്‍നായര്‍ക്ക് മലയാളത്തില്‍ ഏറ്റവും പ്രിയമുണ്ടായിരുന്ന കഥകള്‍.
കഥാകാരനെന്ന നിലയില്‍ തകഴിയെ ആദരിച്ചിരുന്നെങ്കിലും തകഴിയുടെ നോവലുകളോട് വലിയ മമത അദ്ദേഹത്തിനുണ്ടായിരുന്നില്ല. 'തകഴിയെ വിശ്വസാഹിത്യകാരനാക്കിയേ ചിലരടങ്ങൂ' എന്ന് തകഴിയുടെ സ്തുതിപാഠകരായിരുന്ന നിരൂപകരെ അദ്ദേഹം പരിഹസിച്ചു. 'സമൂഹത്തിന്റെ ഉപരിതലത്തെ ആവിഷ്‌കരിക്കുന്ന പുരാവൃത്തരചയിതാവ് മാത്രമാണു തകഴി'യെന്നുപോലും പറയാന്‍ കൃഷ്ണന്‍നായര്‍ മടികാണിച്ചില്ല. പലപ്പോഴും സാഹിത്യവാരഫലത്തില്‍ കൃഷ്ണന്‍നായര്‍ നടത്തിയ പരാമര്‍ശങ്ങള്‍ വലിയ വിവാദങ്ങളായി മാറിയിട്ടുണ്ട്. കവി ഡി. വിനയചന്ദ്രനുമായി ഉണ്ടായ സാഹിത്യയുദ്ധമാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. സാഹിത്യവാരഫലത്തില്‍ കൃഷ്ണന്‍നായര്‍ തനിക്കു നേരേ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്കു മറുപടിയെന്നോണം 'അഭിനവഗുപ്തനും കാക്കാലന്റെ കുരങ്ങും' എന്ന തലക്കെട്ടില്‍ വിനയചന്ദ്രന്‍ ഇറക്കിയ നോട്ടീസാണു വിവാദമായത്. പൊതുവിടങ്ങളില്‍ വ്യാപകമായി വിതരണം ചെയ്യപ്പെട്ട ഈ നോട്ടീസ്തന്നെ വ്യക്തിപരമായി അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നു കാണിച്ച് കൃഷ്ണന്‍നായര്‍ മുഖ്യമന്ത്രിക്കു പരാതി നല്‍കി. തുടര്‍ന്ന്, അന്വേഷണവും ആരോപണപ്രത്യാരോപണവുമൊക്കെയായി ഈ വിവാദം ഏറെ നാള്‍ നീണ്ടുനിന്നു. പി. വല്‍സലയുടെ ഗൗതമന്‍ എന്ന നോവല്‍ ജെ.എം. കുറ്റ്‌സേയുടെ ലൈഫ് ആന്റ് ടൈംസ് ഓഫ് മൈക്കല്‍ കെ എന്ന നോവലിന്റെ മോഷണമാണെന്ന കൃഷ്ണന്‍നായരുടെ കണ്ടെത്തലും വലിയ വിവാദങ്ങള്‍ക്കു വഴിവച്ചു. സുഗതകുമാരിയുടെ അമ്പലമണികള്‍ സരോജിനി നായിഡുവിന്റെ ദി ബെല്ലിന്റെ പകര്‍പ്പാണെന്ന ആരോപണമായിരുന്നു വിവാദമായ മറ്റൊന്ന്.
സാഹിത്യകൃതികളുടെ അപഗ്രഥനത്തിനും താരതമ്യത്തിനും പുറമേ, സാഹിത്യവാരഫലത്തില്‍ നിരീക്ഷണങ്ങളായും ചോദ്യോത്തരങ്ങളായും കൃഷ്ണന്‍നായര്‍ നടത്തിയ നര്‍മോപഹാസങ്ങള്‍ക്കും ആരാധകര്‍ ഏറെയുണ്ടായിരുന്നു. 'സ്‌നേഹംകൊണ്ട്  ഭര്‍ത്താവ്  ഭാര്യയെ പൊക്കിയെടുക്കുമ്പോള്‍ അയാള്‍ക്കു പെട്ടെന്നുണ്ടാകുന്ന ഒരു രോഗം' എന്നായിരുന്നു'ഹെര്‍ണിയ'യെക്കുറിച്ചുള്ള കൃഷ്ണന്‍നായരുടെ നിരീക്ഷണം! സ്വന്തം പേരിനൊപ്പം പ്രഫസര്‍ എന്ന് ഒരിക്കലും ചേര്‍ക്കാതിരുന്ന കൃഷ്ണന്‍നായര്‍ പ്രഫസര്‍ എന്ന വാക്കിനു നല്‍കുന്ന നിര്‍വചനം ഇങ്ങനെ: ''നടത്തത്തിന്റെ സവിശേഷതകൊണ്ടും വേഷത്തിന്റെ ഉജ്ജ്വലത കൊണ്ടും അജ്ഞത മറയ്ക്കാന്‍ സാമര്‍ഥ്യമുള്ളയാള്‍. പെന്‍ഷന്‍ പറ്റിയാലും അക്ഷരശൂന്യരെ അനുധാവനം ചെയ്യുന്ന വാക്ക്.'' ഇതൊക്കെ വായിക്കുന്ന ഒരാള്‍ ചിരിക്കാതിരിക്കുന്നതെങ്ങനെ? ഈ ചിരിയും ചിരിക്കുള്ളിലെ ചിന്തയുമായിരുന്നു സാഹിത്യവാരഫലത്തിന്റെ അദ്ഭുതാവഹമായ ജനപ്രീതിക്കു കാരണം. വിശ്വമഹാകൃതികളെ വായനക്കാര്‍ക്കു പരിചയപ്പെടുത്തുമ്പോള്‍ കൃഷ്ണന്‍നായര്‍ സ്ഥിരമായി പറയുന്ന വാക്യമിതായിരുന്നു; ''ഈ പുസ്തകം വായിക്കൂ, നിങ്ങള്‍ മറ്റൊരാളായിത്തീരും.'' മലയാളിയുടെ വായനാലോകത്തെത്തന്നെ മറ്റൊന്നാക്കി മാറ്റിയ മഹാപ്രതിഭയുടെ ഓര്‍മകള്‍ക്കു മുന്നില്‍ ഹൃദയാദരപൂര്‍വം കൂപ്പുകൈ.
							
 ജിന്‍സ് കാവാലി
                    
									
									
									
									
									
                    