•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

അവസാനിക്കാത്ത പകല്‍ക്കൊള്ളകള്‍

നിത്യോപയോഗസാധനങ്ങളുടെ  വിലക്കയറ്റംകൊണ്ടു പൊറുതിമുട്ടിയ ജനതയ്ക്കുമേല്‍ തീരാദുഃഖം അടിച്ചേല്പിച്ചുകൊണ്ട് ഗാര്‍ഹികാവശ്യത്തിനുള്ള ഗ്യാസ് സിലിണ്ടറിന് അന്‍പതു രൂപയും വാണിജ്യസിലിണ്ടറിന് 350 രൂപയും കൂട്ടാന്‍ 2023 മാര്‍ച്ച് ഒന്നിന് എണ്ണക്കമ്പനികള്‍ എടുത്ത തീരുമാനം ജനജീവിതം കൂടുതല്‍ ദുസ്സഹമാക്കും. ഇപ്പോള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സിലിണ്ടര്‍ ഏപ്രില്‍ ആദ്യവാരത്തോടെ റീഫില്‍ ചെയ്യുമ്പോഴാണ് അന്‍പതു രൂപയുടെ സമ്മാനം കൈപ്പറ്റാനുള്ള അവസരം ലഭിക്കുക.

ഇപ്പോഴത്തെ ഗ്യാസ് വിലവര്‍ധനവിന് എന്തെങ്കിലും ന്യായീകരണമുണ്ടോ? ക്രൂഡ് ഓയിലിന് 2013 മാര്‍ച്ച് ഒന്നാം തീയതി 102 ഡോളര്‍ വിലയുണ്ടായിരുന്നപ്പോള്‍ ഗാര്‍ഹികസിലിണ്ടറിന്റെ വില 411 രൂപയായിരുന്നു. 2023 മാര്‍ച്ച് ഒന്നിന് ക്രൂഡ് വില 75 ഡോളറിലേക്കു താഴ്ന്നപ്പോള്‍ ഗാര്‍ഹികസിലിണ്ടറിന് 1110 രൂപയായി
വില വര്‍ധിപ്പിച്ചു.
2020 ഏപ്രില്‍മാസം 742.50 രൂപ ഗാര്‍ഹികസിലിണ്ടറിനു വിലയുണ്ടായിരുന്ന സമയത്ത് ഓരോ ഉപയോക്താവിന്റെയും അക്കൗണ്ടിലേക്ക് 151 രൂപാ 48 പൈസ സബ്‌സിഡിയിനത്തില്‍ ലഭിച്ചിരുന്നു. മേയ് മാസംമുതല്‍ സബ്‌സിഡി നിര്‍ത്തലാക്കി. 2020 മേയില്‍ 591 രൂപയ്ക്കു ലഭിച്ചിരുന്ന ഗ്യാസിന് മൂന്നുവര്‍ഷം ആകുന്നതിനുമുമ്പേ ഇരട്ടിവില നല്‍കേണ്ട സ്ഥിതിയായി.സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന ഒന്‍പതുകോടിയോളം കുടുംബങ്ങള്‍ക്കായി അവതരിപ്പിച്ച ഉജ്ജ്വല യോജനപ്രകാരം കുറഞ്ഞ നിരക്കില്‍ പാചകവാതകകണക്ഷന്‍ എടുത്തവരില്‍ പലരും വരുമാനം കുറഞ്ഞതിനാല്‍ പാചകവാതകം വാങ്ങുന്നത് ഉപേക്ഷിച്ചു. 93.4 ദശലക്ഷം ഗുണഭോക്തൃകുടുംബങ്ങളില്‍ 9.2 ദശലക്ഷം കുടുംബങ്ങള്‍ ഒരിക്കല്‍പ്പോലും റീഫില്ലു ചെയ്തിട്ടില്ലെന്നും 10.8 ദശലക്ഷം കുടുംബങ്ങള്‍ ഒരിക്കല്‍മാത്രമാണ് റീഫില്ല് ചെയ്തതെന്നും  പെട്രോളിയം മന്ത്രാലയത്തിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.
ഉജ്ജ്വലകണക്ഷന്‍ ലഭിക്കാന്‍ 1600 രൂപയാണ് കുടുംബത്തിനു ചെലവുണ്ടാകുന്നത്. സിലിണ്ടര്‍ 1250 രൂപ, റെഗുലേറ്റര്‍ 150 രൂപ, ട്യൂബ് 100 രൂപ, സര്‍വീസ് ചാര്‍ജ് 75 രൂപ, പാസ് ബുക്ക് 25 രൂപാ. ഈ തുക കേന്ദ്രസര്‍ക്കാര്‍ കമ്പനികള്‍ക്കു നല്‍കുകയാണ്. സ്റ്റൗവിന് 990 രൂപയും റീഫില്ലിങ്ങിനായുള്ള 961.50 രൂപയും ചേര്‍ത്ത് 1952 രൂപാ ഉപഭോക്താവിന് ലോണ്‍ ക്രമപ്പെടുത്തിയിരിക്കുന്നു. ഉജ്ജ്വല ഉപഭോക്താക്കള്‍ എടുക്കുന്ന ഗ്യാസിനു ലഭിക്കുന്ന 200 രൂപ സബ്‌സിഡി
തുക മാസംതോറും ലോണ്‍ തിരിച്ചടവിലേക്കു വകമാറ്റുകയാണു ചെയ്യുന്നത്.
പെട്രോളിയും ഉത്പന്നങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്കു നല്‍കിയ തീരുമാനമല്ല ഇപ്പോഴത്തെ വിലക്കയറ്റത്തിനു കാരണം. പെട്രോളിനും ഡീസലിനും ഉണ്ടായിരുന്ന 3.56 രൂപയുടെ എക്‌സൈസ് നികുതി 32.90 രൂപയിലേക്കു വര്‍ധിപ്പിച്ച നടപടിയാണ് വിലക്കയറ്റത്തിന്റെ അടിസ്ഥാനകാരണം. 
അന്താരാഷ്ട്രമാര്‍ക്കറ്റിലെ വിലവ്യത്യാസം ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കു നല്‍കുമെന്നായിരുന്നു എണ്ണക്കമ്പനികള്‍ക്കു വിലനിശ്ചയ അധികാരം നല്‍കിയപ്പോള്‍ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനം. ഡീസല്‍ ലിറ്ററിന് 41 രൂപ 32 പൈസയില്‍നിന്ന് 93.18 ലേക്കുണ്ടായ വര്‍ധനവിലൂടെ നികുതിയില്‍മാത്രം ഉണ്ടായ വര്‍ധന 51.86 രൂപയുടേതാണ്. 2021 മേയ് മാസം ക്രൂഡ് വില ലിറ്ററിന് 1.11 രൂപ കുറഞ്ഞ മാസം  പെട്രോളിന് 3.63 രൂപ വില വര്‍ധിപ്പിച്ചു. മേയ് മാസത്തില്‍മാത്രം പതിനെട്ടു തവണ വില കൂട്ടി. അടുത്തവര്‍ഷം 2022 മേയില്‍ പെട്രോളിന് എട്ടു രൂപയും ഡീസലിന് ആറു രൂപയും കുറച്ചത് അടിസ്ഥാനവിലയില്‍നിന്നല്ല, അധികമായി ചുമത്തിയ എക്‌സൈസ് തീരുവയില്‍നിന്നാണ്.
അന്താരാഷ്ട്രമാര്‍ക്കറ്റിലെ വിലയും ഇന്ത്യയിലെ വിലയും തമ്മില്‍ ഒരു ബന്ധവുമില്ല. ആഭ്യന്തരസംസ്‌കരണച്ചെലവുമായോ ഡോളറിന്റെ വിനിമയനിരക്കുമായോ രാജ്യാന്തരവിലയുമായോ ബന്ധമില്ലാതെ ഇന്ധന, ഗ്യാസ് വില തീരുമാനിക്കുന്നതാണു പ്രശ്‌നം. വര്‍ഷത്തില്‍ രണ്ടു രൂപ വര്‍ധിപ്പിച്ചിരുന്ന 2005, 2006 കാലഘട്ടത്തില്‍ ബന്ദു നടത്തിയ കക്ഷികള്‍ അധികാരത്തിലെത്തിയപ്പോള്‍ അന്യായമായ വര്‍ധന അടിച്ചേല്പിക്കുന്നു എന്നതാണു വൈരുധ്യം. അമിതദേശീയവികാരവും, ജാതിമതവികാരവും പ്രചരിപ്പിച്ച് വിലവര്‍ധനവിനെ മറികടക്കാനുള്ള കഴിവ് കേന്ദ്രഭരണകര്‍ത്താക്കള്‍ക്ക് ഉണ്ടെന്നതാണ് ജനവികാരത്തെ തണുപ്പിച്ചു നിറുത്താന്‍ ഇടയാക്കുന്നത്.
ഇന്ധനസെസായാലും പാചകവാതകമായാലും ഓരോ വിലവര്‍ധനയും താങ്ങേണ്ടിവരുക സാധാരണക്കാരാണ്. മില്‍മാ പാലിന് ലിറ്ററിന് ആറു രൂപ കൂടിയതിന്റെ പേരില്‍ 10 രൂപയുടെ ചായവില 12-15 ആയി. ഇന്ധനസെസിന്റെ പേരില്‍ ഹോട്ടലുകളിലെ  ചെറുപലഹാരങ്ങള്‍ക്ക് വില 10, 12, 15, 20 എന്നിങ്ങനെയാണ്. ഒരേ പലഹാരങ്ങള്‍ക്ക് പല കടകളിലും പല വിലയാണ്. ഒരു പ്രദേശത്തും ഏകീകൃതവില നിലവിലില്ല. ഊണിന് 75 മുതല്‍ 100 രൂപ വരെയാണ്. പാചകവാതകവില കൂടിയതോടെ ഈ നിരക്കുകള്‍ ഇനിയും ഉയരാനാണ് സാധ്യത.
ഹോട്ടലുകളിലെ ഊണിന് അന്യായവില വാങ്ങുന്നുവെന്ന  ആക്ഷേപത്തെത്തുടര്‍ന്ന് സര്‍ക്കാര്‍ സഹായത്തോടെ തുടങ്ങിയതാണ് ജനകീയഹോട്ടലുകള്‍. 2018 ലാണ് ഇത്തരം ഹോട്ടലുകള്‍ തുടങ്ങിയത്. അന്നു വാണിജ്യസിലിണ്ടറിന് 990 രൂപയായിരുന്നു  വില. അതിപ്പോള്‍ 2124 രൂപയായി.  20 രൂപയുടെ ഊണിന് സര്‍ക്കാര്‍ 10 രൂപ സബ്‌സിഡി നല്‍കിയിരുന്നു. സര്‍ക്കാരിന്റെ സാമ്പത്തികപ്രതിസന്ധിയില്‍ കൂടുതല്‍ സബ്‌സിഡി പ്രതീക്ഷിക്കേണ്ടതില്ല. അപ്പോള്‍ ജനകീയഹോട്ടലുകളിലും വിലവര്‍ധന ഉണ്ടാകും.
2022 ജൂലൈയില്‍ പാചകവാതകവില കൂട്ടിയപ്പോള്‍ പറഞ്ഞ കാരണം യുക്രെയ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് അസംസ്‌കൃത എണ്ണയുടെ വില കുത്തനെ കൂടിയെന്നതാണ്. എന്നാല്‍, ഇപ്പോള്‍ അസംസ്‌കൃതഎണ്ണയുടെ വില വന്‍തോതില്‍ കുറഞ്ഞു. മാത്രമല്ല, റഷ്യയില്‍നിന്നു വളരെ വില കുറച്ച് ഇന്ത്യ എണ്ണ ഇറക്കുമതി ചെയ്യുകയാണ്.
വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാന്‍ഡ് എന്നിവിടങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കിയതിന്റെ പിന്നാലെയാണ് പാചകവാതകവില വര്‍ധന പ്രഖ്യാപിച്ചത്. ഇതിനുമുമ്പ് യുപി നിയമസഭാതിരഞ്ഞെടുപ്പ് പൂര്‍ത്തിയാക്കിയതിനു പിന്നാലെ കഴിഞ്ഞവര്‍ഷം മാര്‍ച്ച് 22 ന് പാചകവാതകത്തിന്റെയും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചിരുന്നു. ഗാര്‍ഹികസിലിണ്ടറിന് അന്ന് 50 രൂപയാണ് വര്‍ധിപ്പിച്ചത്. കേരളമുള്‍പ്പെടെ അഞ്ചു സംസ്ഥാനങ്ങളിലെ നിയമസഭാതിരഞ്ഞെടുപ്പുകളുടെ ഫലം വന്നയുടന്‍ 2021 മേയ് മുതല്‍ പെട്രോള്‍വില ദിവസേന വര്‍ധിപ്പിക്കുകയായിരുന്നു.
എണ്ണക്കമ്പനികളാണ് വില നിശ്ചയിക്കുന്നതെന്നും കേന്ദ്രസര്‍ക്കാരിന് വില നിശ്ചയത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നുമുള്ള നിലപാടിന്റെ പൊള്ളത്തരമാണ് ഇവിടെ വെളിവാകുന്നത്. തിരഞ്ഞെടുപ്പുദിവസങ്ങള്‍ക്കുമുമ്പ് വില വര്‍ധിപ്പിക്കാതെ വോട്ടു പെട്ടിയിലായതിനുശേഷം വില വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്കുമേല്‍ നിയന്ത്രണമുള്ള  അധികാരകേന്ദ്രത്തിനു കഴിയുന്നു എന്നതാണ് ഇത്തരത്തില്‍ തിരഞ്ഞെടുപ്പുദിവസത്തിനുശേഷം മാത്രം വില എല്ലാക്കാലത്തും വര്‍ധിപ്പിക്കുന്നത്.
നികുതികള്‍ വര്‍ധിപ്പിച്ച് ജനങ്ങളെ ശ്വാസം മുട്ടിക്കുന്നതു പോരാഞ്ഞിട്ട് എറണാകുളത്തെ ബ്രഹ്‌മപുരം മാലിന്യസംസ്‌കരണകേന്ദ്രത്തിലെ രൂക്ഷമായ പുകശല്യം ഒട്ടേറെപ്പേര്‍ക്ക് തലവേദനയും തൊണ്ടവേദനയും കണ്ണെരിച്ചിലും സമ്മാനിക്കുകയാണ്. രാവിലെ എട്ടുമണിയായപ്പോഴും വൈറ്റില, മരട്, കുണ്ടന്നൂര്‍ ഭാഗങ്ങളില്‍ തൊട്ടടുത്തുള്ള ആളെപ്പോലും കാണാനാകുന്നില്ല. ഇതു നാം സ്വയം വരുത്തിവച്ചതാണ്. കൊച്ചിയിലെ മുഴുവന്‍ മാലിന്യവും ഗ്യാസ് അതോറിട്ടി ഓഫ് ഇന്ത്യ (ഗയില്‍) അവരുടെ സ്വന്തം ചെലവില്‍ സംസ്‌കരിച്ച് അതില്‍നിന്നു ലഭിക്കുന്ന നാച്ചുറല്‍ ഗ്യാസ് പൊതു ഉടമസ്ഥതയിലുള്ള  ബസുകള്‍ക്കു നല്‍കാമെന്ന് 2021 ഓഗസ്റ്റുമാസം 26-ാം തീയതി നഗരസഭയെയും സര്‍ക്കാരിനെയും അറിയിച്ചതാണ്. ആറുമാസം കാത്തിരുന്നിട്ടും ആരും താത്പര്യം കാണിക്കാത്തതിനാല്‍ ഗയില്‍ ആ പദ്ധതിയില്‍നിന്നു പിന്മാറി. മധ്യപ്രദേശില്‍ ഗയില്‍പദ്ധതി പ്രഖ്യാപിക്കുകയും ഏഷ്യയിലെതന്നെ ഏറ്റവും വലിയ പ്ലാന്റ് സ്ഥാപിച്ച് നാനൂറു ബസുകള്‍ക്ക് നാച്ചുറല്‍ ഗ്യാസ് നല്‍കുന്ന നിലയിലേക്കു മാറുകയും ചെയ്തു. ഗയില്‍ കൊച്ചിയില്‍ വന്നാല്‍ മാലിന്യനീക്കത്തിന്റെ പേരില്‍ നടക്കുന്ന ഇടപാടുകള്‍ ഇല്ലാതാകുമെന്ന പേടിയിലാണ് ഗയിലിനെ ഓടിച്ചുവിട്ടത്. ജനങ്ങള്‍ക്കു ഗുണകരമാകുന്ന  പദ്ധതികള്‍ വേണ്ടെന്നു വയ്ക്കുകയും അടിക്കടി നികുതിവര്‍ധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യുന്നതിനല്ല ജനങ്ങള്‍ വോട്ടുകുത്തുന്നതെന്ന് ജനപ്രതിനിധികള്‍ ഓര്‍മിക്കണം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)