•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

നീ എന്തിനാണ് എന്നെ അടിക്കുന്നത്?

ര്‍ത്താവിന്റെ മഹത്ത്വം അന്വേഷിച്ചിറങ്ങുന്നവരും കര്‍ത്താവിനെ മഹത്ത്വപ്പെടുത്താനാഗ്രഹിക്കുന്നവരും തിരുസ്സഭയിലെത്താതിരിക്കില്ല. ''സര്‍വാധിപനാം'' എന്ന വിശുദ്ധകുര്‍ബാനയിലെ കീര്‍ത്തനത്തിനുമുമ്പ് വൈദികന്‍ ഇങ്ങനെ  പ്രാര്‍ഥിക്കുന്നുണ്ട്: ''ഞങ്ങളുടെ കര്‍ത്താവായ ദൈവമേ, അങ്ങു നല്കിയിട്ടുള്ളതും എന്നാല്‍, കൃതജ്ഞത  പ്രകാശിപ്പിക്കാന്‍ കഴിയാത്തതുമായ എല്ലാ സഹായങ്ങള്‍ക്കും അനുഗ്രഹങ്ങള്‍ക്കുമായി സകല സൗഭാഗ്യങ്ങളും നന്മകളും നിറഞ്ഞ് മുടിചൂടി നില്ക്കുന്ന സഭയില്‍ ഞങ്ങള്‍ അങ്ങയെ നിരന്തരം സ്തുതിക്കുകയും മഹത്ത്വപ്പെടുത്തുകയും ചെയ്യട്ടെ.'' ഈ സഭ എല്ലാവര്‍ക്കുംവേണ്ടിയുള്ളതാണെങ്കിലും ആരുടെയും സ്വന്തമല്ല. സാര്‍വത്രികമായ രക്ഷ ലക്ഷ്യംവയ്ക്കുന്നതുകൊണ്ട് സഭയ്ക്ക് സാര്‍വത്രികമായ ഒരു മാനമുണ്ട്.
ക്രിസ്തുവിനെ മാനിക്കുന്നവര്‍ക്കു തിരുസ്സഭയെ മാനിക്കാതിരിക്കാന്‍ കഴിയില്ല. ''സഭ ക്രിസ്തുവിന്റെ ശരീരമാണ്'' (എഫേ. 1:23). ഈ ശരീരമാകുന്ന തിരുസ്സഭയുടെ ശിരസ്സ്  മിശിഹായുമാണ് (കൊളോ. 1:18). കൈത്താക്കാലത്തെ പ്രാര്‍ഥനയില്‍ പുരോഹിതന്‍ ഇങ്ങനെ പ്രാര്‍ഥിക്കുന്നുണ്ട്: ''ഞങ്ങളുടെ കര്‍ത്താവേ, ശ്ലീഹന്മാരാകുന്ന അടിത്തറമേല്‍ പണിയപ്പെട്ട അങ്ങയുടെ സഭയെ ദയാപൂര്‍വം കടാക്ഷിക്കണമേ.'' അതുകൊണ്ടുതന്നെ, തിരുസ്സഭയെ ബഹുമാനിക്കുന്നത് ഒരു വിശ്വാസിയുടെ അന്തസ്സാണെങ്കില്‍, ആ തിരുസ്സഭയെ സംരക്ഷിക്കേണ്ടത് അവന്റെ വിളിയാണ്.
കൃപാവരത്തിന്റെ നീര്‍ച്ചാലുകളായ കൂദാശകള്‍ പരികര്‍മം ചെയ്യപ്പെടുന്നത് തിരുസ്സഭയിലൂടെമാത്രമാണ്. അതാണ് നാം വിശുദ്ധകുര്‍ബാനയില്‍ ഇപ്രകാരം പ്രാര്‍ഥിക്കുന്നത്: ''കര്‍ത്താവായ ദൈവമേ, തിരുസ്സഭയെ സ്ഥാപിക്കുകയും സ്വര്‍ഗീയസൗന്ദര്യത്താല്‍ അവളെ അലങ്കരിക്കുകയും ചെയ്ത അങ്ങയെ ഞങ്ങള്‍ സ്തുതിക്കുന്നു'' (പള്ളിക്കൂദാശക്കാലം). തിരുസ്സഭയെ നയിക്കാനോ അവിടെ കൂദാശകള്‍ പരികര്‍മം ചെയ്യാനോ ഉള്ള യോഗ്യതയൊന്നും ഒരാള്‍ക്കും ഇല്ല. ഇവിടെ ദൈവം തന്റെ  കൃപയാല്‍ ഒരാളെ തന്റെ ശുശ്രൂഷയ്ക്കായി യോഗ്യനാക്കുകയാണെന്നത് കൈത്താക്കാലത്തിന്റെ പ്രാര്‍ഥനയില്‍ സഭതന്നെ വ്യക്തമാക്കുന്നുണ്ട്. 'രക്ഷയുടെ ഉറവിടമായ ദിവ്യരഹസ്യങ്ങള്‍ യോഗ്യതയോടെ പരികര്‍മം ചെയ്യാന്‍ ബലഹീനരായ ഞങ്ങളെ ശക്തരാക്കണമേ' എന്നു പ്രാര്‍ഥിക്കുന്നത് കാര്‍മികന്റെ ബലഹീനതയും അവനെ വിളിച്ച കര്‍ത്താവിന്റെ ബലവുമാണു വ്യക്തമാക്കുന്നത്.
ഈശോമിശിഹാ നമ്മെ രക്ഷിക്കാന്‍, ഈ ലോകത്തെ രക്ഷിക്കാന്‍ സ്വന്തം രക്തം മൂലധനമായി കൊടുത്തു സ്ഥാപിച്ചതാണീ സഭ. 'തിരുസ്സഭയെ കളങ്കമേശാത്ത വധുവാക്കിത്തീര്‍ക്കാന്‍ കാല്‍വരിയില്‍ ജീവാര്‍പ്പണം ചെയ്ത മിശിഹായേ...' എന്ന പള്ളിക്കൂദാശക്കാലത്തെ പ്രാര്‍ഥനയില്‍ നിറഞ്ഞുനില്ക്കുന്ന ചൈതന്യവും ക്രിസ്തു തന്റെ സഭയ്ക്കു നല്കിയ ജീവന്‍തന്നെയാണ്. തിരുസ്സഭയെ അത്രയേറെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത കര്‍ത്താവിന്റെ മനസ്സറിയാതെ ജീവിച്ചാല്‍ അതു ദൈവാനുഗ്രഹത്തിന്റെ വഴിയാവില്ലല്ലോ. സഭയില്‍ വീഴുന്ന ഓരോ കല്ലും ക്രിസ്തുവിനെ വേദനിപ്പിക്കുന്നുണ്ടെന്ന സത്യം ഒരുവനില്‍ ഉണ്ടാകുമ്പോള്‍ മാത്രമേ പൗലോസ്ശ്ലീഹായെപ്പോലെ, 'ഞങ്ങളാകട്ടെ, ക്രിസ്തുവിന്റെ മനസ്സ് അറിയുന്നു' (1 കോറി. 2:16) എന്നു പറയാന്‍ നമുക്കാവൂ.
തിരുസ്സഭ ദൈവശക്തിയുടെ സ്രോതസ്സാണ്. മനുഷ്യാത്മാക്കളുടെ വിശുദ്ധീകരണം നടക്കുന്നതിവിടെയാണ്. തിരുസ്സഭ നിലകൊള്ളുന്നത് ആത്മാക്കളുടെ രക്ഷയ്ക്കും ദൈവരാജ്യം വളര്‍ത്താനുംവേണ്ടിയാണ്. സ്വര്‍ഗത്തിന്റെ ഈ നിയോഗം ഒരാള്‍ ഹൃദയത്തിലേറ്റുവാങ്ങി തന്നാലാവുംവിധം ആ നിയോഗത്തിന്റെ പൂര്‍ത്തീകരണത്തിനായി യത്‌നിക്കുമ്പോഴാണ് ആ വ്യക്തിയുടെ ജീവിതം സുകൃതസമ്പന്നമായിത്തീരുന്നത്. തിരുസ്സഭയില്‍ അംഗമായിട്ടുള്ള ഓരോരുത്തരും തങ്ങള്‍ക്കു ദൈവം നല്കിയ വിളിയെ മനസ്സിലാക്കണം. രക്തസാക്ഷികളുടെ ചുടുനിണത്താല്‍ പരിപോഷിപ്പിക്കപ്പെട്ട സഭയുടെ വളര്‍ച്ചയ്ക്കായി എന്തെങ്കിലും ചെയ്യാനാവുക ഒരാള്‍ തന്റെ ദൈവവിളിയില്‍ ജീവിക്കുമ്പോള്‍ മാത്രമാണ്.
സഭയും ക്രിസ്ത്യാനിയും ക്രിസ്തുവുമെല്ലാം ഒന്നാണെന്ന സത്യം ക്രിസ്തു തന്നെ സാവൂളിനു വെളിപ്പെടുത്തിക്കൊടുത്തതാണല്ലോ (നടപടി 9:4). അതുകൊണ്ട്, എന്റെ വാക്കുകൊണ്ടോ പ്രവൃത്തികൊണ്ടോ ഒരാളുടെ വിശ്വാസം നഷ്ടപ്പെടാനോ കളങ്കപ്പെടാനോ  ഇടയാകരുത്. തിരിച്ചറിവില്ലാതെ തിരുസ്സഭയെ മുറിവേല്പിക്കുമ്പോള്‍ ക്രിസ്തു തന്നെ വേദനിപ്പിച്ച പടയാളിയോടു ചോദിച്ച ചോദ്യം നമ്മുടെ അന്തരംഗങ്ങളില്‍ പ്രതിധ്വനിക്കണം: ''നീ എന്തിനാണ് എന്നെ അടിക്കുന്നത്?'' (യോഹ. 18:23).
ഇനിയെങ്കിലും നമുക്ക് സഭാത്മകമായി ജീവിക്കാം. നശ്വരമായ ഈ ലോകത്തില്‍ സ്വാര്‍ഥതാത്പര്യങ്ങള്‍ക്കുവേണ്ടി ജീവിച്ച് സഭയുടെ സൗന്ദര്യം നമുക്ക് ഒരിക്കലും തല്ലിക്കെടുത്താതിരിക്കാം. ദൈവത്തെ മഹത്ത്വപ്പെടുത്താതെ നേടുന്ന നേട്ടമൊന്നും നേട്ടമല്ല എന്നു മനസ്സിലാക്കാനുള്ള തിരിച്ചറിവും ബോധ്യവും ഉണ്ടാകാന്‍ നമുക്കു പ്രാര്‍ഥിക്കാം. കത്തോലിക്കാസഭയുടെ ഔദ്യോഗികമതബോധനഗ്രന്ഥത്തില്‍ പഠിപ്പിക്കുന്നതുപോലെ, 'സഭയ്ക്കാണ് ദൈവത്തിന്റെ കൃപ  നല്കപ്പെട്ടിരിക്കുന്നത്. അതിലാണ് ക്രിസ്തുവുമായുള്ള സംസര്‍ഗം നിക്ഷിപ്തമായിരിക്കുന്നത്. എവിടെ സഭയുണ്ടോ, അവിടെ ദൈവത്തിന്റെ ആത്മാവുണ്ട്. എവിടെ ദൈവത്തിന്റെ ആത്മാവുണ്ടോ, അവിടെ സഭയും സര്‍വകൃപാവരവുമുണ്ട്' (797). ഈ സഭയെ ക്രിസ്തുവിനെപ്പോലെ സ്‌നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യാം. അതിനുള്ള കൃപ ഈ നോമ്പുകാലത്ത് ദൈവം നമുക്കു നല്കട്ടെ.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)