•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

മാലിന്യസംസ്‌കരണത്തിന്റെ കാണാപ്പുറങ്ങള്‍

 കേരളത്തിലെ നഗരവത്കരണത്തിന്റെ ഏറ്റവും മോശമായ മുഖം ഏതെന്നു ചോദിച്ചാല്‍ നിസ്സംശയം പറയാം, അതു മാലിന്യസംസ്‌കരണം തന്നെയാണ്. ഇപ്പോള്‍ പ്രശ്‌നവും ശ്രദ്ധയും ബ്രഹ്‌മപുരത്താണെങ്കിലും തിരുവനന്തപുരംമുതല്‍ കാസര്‍ഗോഡ് വരെയുള്ള എല്ലാ ജില്ലകളിലെയും എല്ലാ നഗരങ്ങളും ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ മാലിന്യസംസ്‌കരണത്തിന്റെ കാര്യത്തില്‍ കഷ്ടപ്പെടുകയാണ്. ഇതിന് ഒരു പരിഹാരമില്ലേ? എങ്ങനെയാണ് മറ്റു നഗരങ്ങള്‍ ഖരമാലിന്യപ്രശ്‌നത്തെ കൈകാര്യം ചെയ്യുന്നത്? എവിടെയാണ് നമുക്കു പിഴയ്ക്കുന്നത്?
ഖരമാലിന്യം ഒറ്റവസ്തുവല്ല 
നഗരത്തിലെ ഖരമാലിന്യത്തെ നമ്മള്‍ '"urban solid waste’'  എന്ന ഒറ്റപ്പദംകൊണ്ടാണു സൂചിപ്പിക്കുന്നതെങ്കിലും ഇത് ഒരു വസ്തുമാത്രമല്ല, അടുക്കളയില്‍
നിന്നു ബാക്കിവരുന്ന ഭക്ഷണം, വീട്ടില്‍നിന്നു പുറത്തുകളയേണ്ടിവരുന്ന ബാറ്ററി, സ്ട്രീറ്റ് ലൈറ്റിന്റെ ബള്‍ബ്, വെട്ടിക്കളയുന്ന ചില്ലകളും പുല്ലും, പൊളി
ച്ചുകളയുന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍, ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകള്‍ തുടങ്ങിയവയെല്ലാം ജനവാസമേഖലയില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യങ്ങളാണ്. ഇതുകൂടാതെ,ആശുപത്രികളില്‍നിന്നു വരുന്ന രക്തവും പഞ്ഞിയും ഉള്‍പ്പെടുന്ന മെഡിക്കല്‍ മാലിന്യങ്ങള്‍, എല്ലായിടത്തുംനിന്നുവരുന്ന പാക്കേജിങ് വസ്തുക്കള്‍ തുടങ്ങിവയെല്ലാം സംസ്‌കരിക്കപ്പെടേണ്ട മാലിന്യങ്ങളില്‍പ്പെടും. ഓരോ നഗരവും അവരുടെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുന്നതനുസരിച്ച് ഉത്പാദിപ്പിക്കുന്ന മാലിന്യങ്ങളുടെ സ്വഭാവവും അളവും കൂടിവരും.
ഇന്ത്യയിലെ ഏറ്റവും സമ്പന്നവും ഉപഭോഗത്തില്‍ മുന്നില്‍ നില്‍ക്കുന്നതുമായ കേരളത്തില്‍ മാലിന്യങ്ങള്‍ പുറത്തേക്കു കളയുന്ന കാര്യത്തിലും നമ്മള്‍ നമ്പര്‍ വണ്‍ തന്നെയായിരിക്കും, ഉറപ്പ്.
ഉറവിടമാലിന്യസംസ്‌കരണം ഒറ്റമൂലിയല്ല 
കേരളത്തിലെ ഖരമാലിന്യസംസ്‌കരണരംഗത്ത് എപ്പോഴും കേള്‍ക്കുന്ന വാക്കാണ് ഉറവിടമാലിന്യസംസ്‌കരണം എന്നത്. കേള്‍ക്കുമ്പോള്‍ നല്ല ആശയമാണെന്നൊക്കെ തോന്നും. പണ്ടൊക്കെ വെങ്ങോലയിലെ എന്റെ വീട്ടില്‍ ഒരു വളക്കുഴിയും ഒരു പൊട്ടക്കിണറും ഉണ്ടായിരുന്നു. അടുക്കളമാലിന്യമെല്ലാം വളക്കുഴിയിലെത്തും. 
പൊട്ടിയ ബള്‍ബ് പോലെയുള്ള സാധനങ്ങള്‍ പൊട്ടക്കിണറ്റിലും. വീട്ടില്‍നിന്നു പുറത്തുവരുന്ന മാലിന്യങ്ങളുടെ അളവും രൂപവും മാറിയതോടെ ഇതൊരു സാധ്യമായ കാര്യമല്ലാതായി. 
ഒരു നഗരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന മാലിന്യത്തില്‍ ബഹുഭൂരിഭാഗവും ഉറവിടത്തില്‍ സംസ്‌കരിക്കാന്‍ പറ്റില്ല. നമ്മുടെ വീട്ടിലെ ഫ്യൂസായ ബള്‍ബും കേടായ ഫ്രിഡ്ജും മാത്രമല്ല, പഴയ പേപ്പറും സാനിറ്ററി നാപ്കിനുംവരെ ഉറവിടത്തില്‍ സംസ്‌കരിക്കുക എന്നത് അസാധ്യമാണ്. ഉറവിടസംസ്‌കരണം ഒറ്റമൂലിയാണെന്ന തരത്തിലുള്ള ചിന്താഗതി മാറണം. 
ഉറവിടത്തില്‍ സംസ്‌കരിക്കുമ്പോള്‍
ഇതിനായി പഴയ തരത്തിലുള്ള ബയോ ഗ്യാസ് പ്ലാന്റ്, തുമ്പൂര്‍മൂഴി ഏറോബിക് കമ്പോസ്റ്റിങ്, മുറ്റത്തു കുഴിച്ചിടാവുന്ന പൈപ്പ് കമ്പോസ്റ്റിങ്, ഫ്‌ളാറ്റിനകത്തുപോലും ചെയ്യാവുന്ന ബാസ്‌കറ്റ് കമ്പോസ്റ്റ് എന്നിങ്ങനെ പല രൂപങ്ങളും സാങ്കേതികവിദ്യയുമുണ്ട്. ഉറവിടസംസ്‌കരണത്തിന്റെ കാര്യത്തില്‍ പ്രധാനമായി മനസ്സിലാക്കേണ്ട കാര്യം മാലിന്യസംസ്‌കരണം നടത്തുന്നത് ബാക്ടീരിയമുതല്‍ മണ്ണിരവരെയുള്ള ജീവികളാണ്. അവയ്‌ക്കെല്ലാം വളരാന്‍ കൃത്യമായ ജീവിതസാഹചര്യവും വേണം. അതില്ലാതായാല്‍ അവര്‍ പണിമുടക്കും. ഉദാഹരണത്തിന്, ഓക്‌സിജന്റെ അഭാവത്തിലാണ് ബയോ ഗ്യാസ് പ്ലാന്റുകളിലെ ബാക്ടീരിയ പ്രവര്‍ത്തിക്കുന്നത്. അപ്പോള്‍ ടാങ്കിലേക്കു ലീക്കുണ്ടായാല്‍ അവ പ്രവര്‍ത്തിക്കുകയില്ല. അധിക അമ്ലമോ അധികക്ഷാരമോ ഇല്ലാത്ത അന്തരീക്ഷത്തിലേ ഏറോബിക് ആയാലും അല്ലെങ്കിലും ജീവികള്‍ക്കു പ്രവര്‍ത്തിക്കാന്‍ സാധിക്കൂ. അപ്പോള്‍ വീട്ടില്‍ ചെറിയൊരു അച്ചാറുകുപ്പി പൊട്ടിയതെടുത്ത് ബയോഗ്യാസ് പ്ലാന്റിലിട്ടാല്‍പോലും പ്ലാന്റ് പണിമുടക്കും. ജൈവ സംസ്‌കരണത്തിനും ഒരു 'ലോഡിങ് റേറ്റ്' ഉണ്ട്. അതായത്, എത്ര ബാക്ടീരിയയ്ക്ക് എത്ര ഭക്ഷണം കഴിക്കാമെന്ന്. ശരാശരി നാലുപേര്‍ക്കു പാചകം ചെയ്യുമ്പോള്‍ ഉണ്ടാകുന്ന അടുക്കളമാലിന്യം മാത്രമുപയോഗിച്ചു നിലനിര്‍ത്തുന്ന ഒരു ജൈവസംസ്‌കരണശാലയില്‍ അതിഥികള്‍ വന്നിട്ടു ബാക്കിയായ നാലുപേരുടെ ഭക്ഷണംകൂടി കമഴ്ത്തിയാല്‍ത്തന്നെ പ്ലാന്റ് അപ്‌സെറ്റാകും. ഇക്കാര്യത്തില്‍ സാങ്കേതികജ്ഞാനമുള്ളവര്‍ക്കു കുറച്ചൊക്കെ മാനേജ് ചെയ്യാന്‍ സാധിക്കും. പക്ഷേ,  പരിസ്ഥിതിബോധംകൊണ്ടോ സര്‍ക്കാര്‍ സബ്‌സിഡികൊണ്ടോ മറ്റു മാര്‍ഗങ്ങള്‍ ഇല്ലാത്തതുകൊണ്ടോ ഉറവിടമാലിന്യസംസ്‌കരണം വീട്ടില്‍ത്തന്നെ ആകാമെന്നു വിചാരിച്ച ബഹുഭൂരിപക്ഷത്തിനും ഇതു ബുദ്ധിമുട്ടാണ്. ഒരിക്കല്‍ അപ്‌സെറ്റായ പ്ലാന്റുകള്‍ നന്നാക്കിക്കൊടുക്കാനുള്ള ടെക്‌നീഷ്യന്മാരും കുറവാണ്.
വലുപ്പം പ്രധാനം
ജൈവമാലിന്യസംസ്‌കരണത്തിനുള്‍പ്പെടെ എല്ലാ മാലിന്യസംസ്‌കരണത്തിലും വലുപ്പം പ്രധാനമാണ്. ഇതിന് മൂന്നു കാരണങ്ങളുണ്ട്. ഒന്ന്, ഒരു നഗരത്തിലെ പതിനായിരക്കണക്കിന് ആളുകളുടെ വീട്ടില്‍നിന്നും ഓഫീസില്‍നിന്നും ഹോട്ടലില്‍നിന്നുമെല്ലാം ജൈവമാലിന്യം ഒരിടത്ത് എത്തുമ്പോള്‍ മുമ്പു പറഞ്ഞ അച്ചാര്‍കുപ്പി പ്രശ്‌നവും അധികം വരുന്ന ബിരിയാണിപ്രശ്‌നവും മൊത്തം മാലിന്യത്തിന്റെ ചെറിയൊരു അംശമേ വരൂ. അതുകൊണ്ടുതന്നെ അത് മൊത്തം പ്രോസസ്സിനെ ബാധിക്കില്ല. രണ്ട്, ഒരു നഗരത്തിലെ മുഴുവന്‍ മാലിന്യവും ഒരുമിച്ച് സംസ്‌കരിക്കുമ്പോള്‍ ആ വിഷയത്തില്‍ പരിചയവും പ്രാവീണ്യവുമുള്ളവരെ അവിടെ ജോലിക്കു വയ്ക്കാം. അവര്‍ പ്ലാന്റിനെ വേണ്ടവിധത്തില്‍ പരിപാലിക്കും. സമയത്തിന് അറ്റകുറ്റപ്പണികള്‍ നടത്തും. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അതു പരിഹരിക്കുകയും ചെയ്യും. മൂന്ന്, ആയിരം വീടുകളിലെ മാലിന്യം ഒറ്റയ്‌ക്കൊറ്റയ്ക്കു സംസ്‌കരിക്കുന്നതിനെക്കാള്‍ ശരാശരി ചെലവു കുറവായിരിക്കും ഇവ ഒരുമിച്ചു സംസ്‌കരിക്കുമ്പോള്‍. ഇങ്ങനെ പല ഗുണങ്ങള്‍ കേന്ദ്രീകൃതസംസ്‌കരണത്തിനുണ്ട്.
വികേന്ദ്രീകരണം രാഷ്ട്രീയമാകുമ്പോള്‍: കേരളത്തിലെ ഖരമാലിന്യസംസ്‌കരണം ഇപ്പോള്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാണ്. കേരളത്തില്‍ ആയിരത്തില്‍പ്പരം തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളുണ്ട്. കേരളത്തിലെ വന്‍നഗരങ്ങളായ കൊച്ചിയും തിരുവനന്തപുരവുംപോലും ഇന്ത്യയിലെ വലിയ നഗരങ്ങളുടെ അടുത്തുപോലും വരില്ല. അപ്പോള്‍ ആയിരം പഞ്ചായത്തിലെ കാര്യം പറയാനുമില്ലല്ലോ. ശരാശരി ജനസംഖ്യ മുപ്പതിനായിരമാണ്. ഈ ചെറിയ ജനസംഖ്യവച്ച് ജൈവമാലിന്യസംസ്‌കരണംപോലും ഓരോ തദ്ദേശസ്ഥാപനത്തിന്റെ അതിര്‍ത്തിയില്‍ സംസ്‌കരിക്കുകയെന്നത് സാധ്യമല്ല. സാങ്കേതികമായ പരിമിതികള്‍ മാത്രമല്ല, ഇതു ചെയ്യാനുള്ള സാങ്കേതിക വിദഗ്ധരുടെ അഭാവം, ഇത്ര ചെറിയ സ്‌കെയിലില്‍ ഇതു ചെയ്യുമ്പോളുണ്ടാകുന്ന വലിയ ചെലവ് ഇതെല്ലാം കാരണമാണ് നമ്മുടെ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും ഒന്നും മാലിന്യസംസ്‌കരണം പച്ചപിടിക്കാത്തത്.
മാലിന്യത്തില്‍നിന്നു വൈദ്യുതി: കേന്ദ്രീകൃതവും വികേന്ദ്രീകൃതവുമായ മാലിന്യസംസ്‌കരണ പദ്ധതികള്‍  കേരളത്തില്‍ പരാജയപ്പെട്ടിരിക്കയാണ്. പുതിയൊരു ഒറ്റമൂലി കണ്ടെത്താന്‍ ജനം അക്ഷമരാണ്. ഇവിടെയാണ് മാലിന്യത്തില്‍നിന്നു വൈദ്യുതി (ംമേെല ീേ ലിലൃഴ്യ) എന്ന സാങ്കേതികവിദ്യ കേരളത്തിലേക്കെത്തുന്നത്.
മൂന്നു കാര്യങ്ങള്‍ ആദ്യമേ പറയാം.
1. ഒരു നഗരത്തില്‍നിന്നുണ്ടാകുന്ന എല്ലാ ഖരമാലിന്യങ്ങളും ശുദ്ധീകരിക്കുന്ന സംവിധാനമല്ല വേസ്റ്റ് റ്റു എനര്‍ജി. ഉദാഹരണത്തിന്, പഴയ കംപ്യുട്ടറോ മൊബൈല്‍ ഫോണോ ബള്‍ബോ ബാറ്ററിയോ ഒന്നും ഊര്‍ജമാക്കി മാറ്റാന്‍ സാധിക്കില്ല.
2. കത്തിച്ചുകളയാന്‍ സാധിക്കുന്ന മാലിന്യങ്ങളില്‍നിന്നാണ് ഊര്‍ജമുണ്ടാക്കാന്‍ പറ്റുന്നത്. ഓരോതരം മാലിന്യത്തില്‍നിന്നും ഓരോ അളവിലാണ് ഊര്‍ജം ലഭിക്കുന്നത്. പക്ഷേ, ശരാശരി എടുത്താല്‍ വൈദ്യുതി ഉണ്ടാക്കാനുള്ള ലാഭകരമായ ഒരു മാര്‍ഗമല്ല, ഖരമാലിന്യസംസ്‌കരണം.
3. കല്‍ക്കരിമുതല്‍ ന്യുക്ലിയര്‍വരെയുള്ള വൈദ്യുതിസ്ഥാപനങ്ങളില്‍നിന്നു ലഭിക്കുന്ന വൈദ്യുതിയെക്കാളും വളരെ ചെലവുള്ളതാണ് മാലിന്യത്തില്‍നിന്നു ലഭിക്കുന്ന വൈദ്യുതി. അപ്പോള്‍ മാലിന്യത്തില്‍നിന്ന് ഊര്‍ജമുണ്ടാക്കുന്ന പദ്ധതി ലാഭകരമാകണമെങ്കില്‍ രണ്ടു മാര്‍ഗങ്ങളേയുള്ളൂ, ഇത് മാലിന്യസംസ്‌കരണത്തിന്റെ ഭാഗമായിക്കണ്ട് സര്‍ക്കാര്‍ ഇത്തരം പ്ലാന്റുകള്‍ക്ക് വലിയ തോതില്‍ സബ്സിഡി നല്‍കണം. അല്ലെങ്കില്‍ പരിസ്ഥിതിസൗഹൃദമായ വൈദ്യുതിയായതിനാല്‍ ഉപഭോക്താക്കള്‍ വലിയ വില നല്‍കി ഇതു വാങ്ങണം.
കേരളത്തില്‍ ഇതിനു രണ്ടിനും ബുദ്ധിമുട്ടുകളുണ്ട്. ഒന്നാമത്, വേസ്റ്റ് റ്റു എനര്‍ജി പ്ലാന്റിന് സബ്‌സിഡി കൊടുക്കാനുള്ള പണം സര്‍ക്കാരിന്റെ കൈയിലില്ല. രണ്ട്, പരിസ്ഥിതിസൗഹൃദമായ ഊര്‍ജം കൂടുതല്‍ വിലയ്ക്കു വാങ്ങുന്ന ഒരു സംസ്‌കാരമോ സംവിധാനമോ ഇപ്പോള്‍ കേരളത്തിലില്ല. അതുകൊണ്ട്, മറ്റൊരു രീതിയാണ് സര്‍ക്കാര്‍ പ്ലാന്‍ ചെയ്തിരിക്കുന്നതെന്നാണ് എനിക്കു മനസ്സിലായത്. അതായത്, വേസ്റ്റ് റ്റു എനര്‍ജി പ്ലാന്റിലുണ്ടാക്കുന്ന വൈദ്യുതി മറ്റു വൈദ്യുതിനിലയങ്ങളില്‍നിന്നു കിട്ടുന്ന വൈദ്യുതിയെക്കാള്‍ വില കൊടുത്തു വാങ്ങാന്‍ വൈദ്യുതി ബോര്‍ഡിനോട് ആവശ്യപ്പെടുക. ഈ വില വൈദ്യുതി ബോര്‍ഡ് ഉപഭോക്താക്കളുടെ കൈയില്‍നിന്നു വാങ്ങുന്ന വിലയിലും അധികമാണ്. പ്രത്യക്ഷത്തില്‍ വലിയ കുഴപ്പമില്ലെന്നു തോന്നുന്ന ഈ സംവിധാനത്തിന് ഒരു കുഴപ്പമുണ്ട്. ഒരു നഗരത്തിലെ വേസ്റ്റ് റ്റു എനര്‍ജി പ്ലാന്റിലെ വൈദ്യുതി ഉയര്‍ന്ന വിലയ്ക്കു വാങ്ങുകയും അതിലും കുറഞ്ഞ വിലയ്ക്ക് കേരളത്തിലെ മൊത്തം ഉപഭോക്താക്കള്‍ക്കു വില്‍ക്കുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം സഹിക്കുന്നത് കേരളത്തിലെ മുഴുവന്‍ ഉപഭോക്താക്കളുമാണ്. അതായത്, കൊച്ചിയിലെ മാലിന്യസംസ്‌കരണത്തിന്റെ ഗുണമനുഭവിക്കുന്നത് കൊച്ചിക്കാര്‍ മാത്രമാകുമ്പോള്‍ അതിനു പണം കൊടുക്കുന്നതില്‍ കേരളത്തിലെ എല്ലാ ഉപഭോക്താക്കളും കാണും. ഇതില്‍ യാതൊരു തരത്തിലുള്ള ഖരമാലിന്യസംസ്‌കരണസൗകര്യങ്ങളും ലഭിക്കാത്ത കുഗ്രാമത്തിലെ പാവെപ്പട്ടവരും കാണും. ഇത് തീരെ ശരിയല്ല. നഗരവത്കരണത്തിന്റെ ചെലവു വഹിക്കേണ്ടത് നഗരവാസികള്‍ തന്നെയാണ്. കൊച്ചിയിലെ വേസ്റ്റ് റ്റു എനര്‍ജി പ്ലാന്റിലെ വൈദ്യുതി ഉയര്‍ന്ന നിരക്കില്‍ വാങ്ങാന്‍ വൈദ്യുതി ബോര്‍ഡ് ചെലവാക്കുന്ന മുഴുവന്‍ തുകയും കൊച്ചിയിലെ ഖരമാലിന്യം ഉണ്ടാക്കുന്നവരില്‍നിന്നുതന്നെ ഈടാക്കണം. അപ്പോഴാണ് ഖരമാലിന്യം നഗരത്തിന്റെ ഉത്തരവാദിത്വമാകുന്നത്. 
ഓരോ നഗരത്തിലെ ഖരമാലിന്യവും ഇരുപതോളം പ്രധാന പിരിവുകള്‍ ഉള്ളതാണെന്നു പറഞ്ഞല്ലോ. ഇതിലോരോന്നും സംസ്‌കരിക്കുന്നതിനു വ്യത്യസ്ത തരത്തിലുള്ള സംവിധാനങ്ങളാണു വേണ്ടത്. നമുക്കറിയാവുന്നതോ പരിചയമുള്ളതോ ആയ സാങ്കേതികവിദ്യകൊണ്ട് മാലിന്യം സംസ്‌കരിക്കുന്നതു നിര്‍ത്തി ലോകത്തെ ഏറ്റവും നല്ല സാങ്കേതികവിദ്യകള്‍തന്നെ ഓരോന്നിനും നാട്ടിലെത്തിക്കണം.
ഇനിയുള്ള കാലം മാലിന്യപ്രശ്‌നം നമ്മുടെ ഉറക്കം കെടുത്താന്‍ പോകുകയാണ്. മണ്ണിട്ടു മൂടിയ ജൈവമാലിന്യം അവിടെക്കിടന്നഴുകി മീതേ വാതകം നിറയുന്നു. അതു പുറത്തുവന്ന് ഹരിതവാതകമായി കാലാവസ്ഥാവ്യതിയാനത്തിന് ആക്കം കൂട്ടുകയും വല്ലപ്പോഴും അതിന് തീ പിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യും. ഇതൊക്കെ ലോകത്ത് പലയിടത്തും സംഭവിച്ചിട്ടുണ്ട്. പക്ഷേ, ഇതു മാത്രമല്ല അവിടുത്തെ പ്രധാന പ്രശ്‌നം. നമ്മുടെ മാലിന്യങ്ങളില്‍ ഖരലോഹങ്ങളും രാസവസ്തുക്കളും ധാരാളമുണ്ട്. മുകളില്‍നിന്നു വെള്ളമൊഴുകിയും ജൈവമാലിന്യങ്ങള്‍ അഴുകുമ്പോള്‍ ഉണ്ടാകുന്ന രാസമാറ്റങ്ങള്‍കൊണ്ടും ഈ രാസവസ്തുക്കള്‍ വെള്ളത്തില്‍ കലര്‍ന്ന് അടുത്തുള്ള കിണറ്റിലും കുളത്തിലും എത്തുന്നു. അത് പിന്നീട് കുടിവെള്ളത്തിലൂടെയും കഴിക്കുന്ന മത്സ്യങ്ങളിലൂടെയും നമ്മുടെ ശരീരത്തില്‍ എത്തുന്നു.
യൂറോപ്പിലും സിംഗപ്പൂരിലും പോയി നല്ല രീതിയിലുള്ള മാലിന്യസംസ്‌കരണം കണ്ടിട്ട് 'ഇതൊന്നും നാട്ടില്‍ എന്താണു നടക്കാത്തത്' എന്ന് ചോദിക്കുന്നവരുണ്ട്. ഇവിടെ നാം അറിയേണ്ട ഒരു കാര്യമുണ്ട്. ഖരമാലിന്യങ്ങള്‍ പരിസ്ഥിതിസൗഹൃദമായി സംഭരിക്കാനും ശേഖരിക്കാനും സംസ്‌കരിക്കാനും നവീനസാങ്കേതികവിദ്യകള്‍ വേണം. ഉന്നത സാങ്കേതികപരിശീലനം ലഭിച്ച ആളുകളെ അവിടെ ജോലിക്കു വയ്ക്കണം. അതിനു ധാരാളം പണച്ചെലവുണ്ട്. ഇപ്പോള്‍ കേരളത്തിലെ ആളുകള്‍ മുനിസിപ്പാലിറ്റി ടാക്‌സ് കൊടുക്കുന്ന പണംകൊണ്ടു സാധിക്കുന്ന കാര്യമല്ലത്.
സമൂഹത്തില്‍ പണമില്ല എന്നതല്ല കേരളത്തിലെ പരിസ്ഥിതിപ്രശ്‌നങ്ങള്‍ക്കു പ്രധാന കാരണം. പണം വേണ്ടിടത്തു ചെലവാക്കുന്നില്ല എന്നതാണ്. മുനിസിപ്പാലിറ്റി പത്തു ശതമാനം നികുതി വര്‍ധിപ്പിച്ചാല്‍ത്തന്നെ നമ്മള്‍ യുദ്ധത്തിനിറങ്ങും. വോട്ടു നഷ്ടപ്പെടുത്തേണ്ട എന്നു കരുതി സര്‍ക്കാര്‍ ഉടനടി അതു പിന്‍വലിക്കും.
വിദഗ്ധരുടെ സേവനം വേണം
കേരളത്തിലെ ഓരോ തദ്ദേശസ്വയംഭരണസ്ഥാപനത്തിലും ചുരുങ്ങിയത് ബിരുദാനന്തര ബിരുദമെങ്കിലുമുള്ള പരിസ്ഥിതിവിദഗ്ധരെ നിയമിക്കണം. പാറമടയുടെ പരിസ്ഥിതി ക്ലിയറന്‍സ് മുതല്‍ മറൈന്‍ പെര്‍മിറ്റ് വരെ, പുഴസംരക്ഷണംമുതല്‍ ജലസുരക്ഷവരെ, ഖരമാലിന്യസംസ്‌കരണം മുതല്‍ റിന്യുവബിള്‍ എനര്‍ജിയുടെ വ്യാപനംവരെ വിദഗ്ധര്‍ക്കു ചെയ്യാന്‍ സാധിക്കുന്നതിലും എത്രയോ അധികം ജോലി ഓരോ പഞ്ചായത്തിലുമുണ്ട്. ഓരോ ഗ്രാമത്തിലെയും വിഭവം ചൂഷണം ചെയ്യുന്നതിന് ഏര്‍പ്പെടുത്തുന്ന ചെറിയൊരു ടാക്സിലൂടെ, ഖരമാലിന്യസംസ്‌കരണത്തിന് ഏര്‍പ്പെടുത്തുന്ന ഫീയിലൂടെ, സോളാര്‍ പ്ലാന്റുകള്‍ വിറ്റഴിച്ചാലുണ്ടാകാവുന്ന ലാഭത്തിലൂടെ എങ്ങനെ വേണമെങ്കിലും ഇതിനുള്ള പണം നമുക്കു കണ്ടെത്താം. ഇങ്ങനെയൊക്കെയാണ് കേരളം ഇന്ത്യയ്ക്കു വഴികാട്ടേണ്ടത്, ഇങ്ങനെയാണ് നാം നമ്പര്‍ വണ്‍ ആകുന്നത്, ഇങ്ങനെയാണ് നാം ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ എത്തേണ്ടത്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)