കേരളത്തിലെ വേനല്‍ക്കാലം ഫെബ്രുവരി മധ്യംമുതല്‍ മേയ് അവസാനംവരെയാണ്. ഈ കാലയളവില്‍ അന്തരീക്ഷോഷ്മാവും ഈര്‍പ്പവും വളരെ കൂടുതലായിരിക്കും. 35 ഡിഗ്രിക്കു മുകളിലായി അന്തരീക്ഷോഷ്മാവ് ഉയര്‍ന്നിരിക്കുന്ന അവസരമായിരിക്കും ഇത്. ചൂടുള്ള അന്തരീക്ഷം സൂക്ഷ്മാണുക്കള്‍ക്കു വളരാന്‍ സാഹചര്യമൊരുക്കുന്നു. ഈ അവസരത്തില്‍ ചില വേനല്‍ക്കാല പകര്‍ച്ചവ്യാധികളെക്കുറിച്ചു ചിന്തിക്കാം.
ചിക്കന്‍പോക്‌സ്
കുട്ടികളിലാണ് ചിക്കന്‍പോക്‌സ് കൂടുതലായി കണ്ടുവരുന്നത്. നേരിട്ടുള്ള സ്പര്‍ശനംവഴിയും രോഗാണു കലര്‍ന്ന വായു ശ്വസിക്കുന്നതുവഴിയുമൊക്കെ ഈ രോഗം പകരുന്നതാണ്. ആരോഗ്യമുള്ള ഒരാള്‍ക്ക് രോഗം പകര്‍ന്ന് രോഗലക്ഷണങ്ങള്‍ കാണാന്‍ രണ്ടാഴ്ച വേണ്ടിവരുന്നു. ശരാശരി 10 മുതല്‍ 21 വരെ ദിവസങ്ങളാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകാന്‍ വേണ്ടിവരുന്നത്.
പനി, തലവേദന, ക്ഷീണം എന്നിവയ്‌ക്കൊപ്പം പ്രത്യേകതതരം കുരുക്കളും രോഗികളുടെ ശരീരത്തില്‍ ഉണ്ടാകുന്നു. പകര്‍ച്ചവ്യാധി ആയതിനാല്‍ മറ്റുള്ളവരിലേക്കു പകരാതിരിക്കാന്‍ ഐസൊലേഷന്‍ വേണ്ടിവരുന്നു. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചുള്ള മരുന്നുകള്‍ക്കു പുറമേ രോഗം വന്ന് ഒരു നിശ്ചിതസമയത്തിനുള്ളില്‍ അല്ലെങ്കില്‍ രോഗിയുമായി സമ്പര്‍ക്കമുണ്ടായി നിശ്ചിതസമയത്തിനുള്ളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം ആന്റി വൈറല്‍ മരുന്നുകള്‍ കഴിക്കാവുന്നതാണ്. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതുമാണ്. ആന്റി വൈറസ് വാക്‌സിനേഷന്‍ ഇപ്പോള്‍ ലഭ്യമാണ്. ഡോക്ടറുടെ നിര്‍ദേശപ്രകാരം ഈ വാക്‌സിന്‍ എടുക്കാവുന്നതാണ്.
കണ്‍ജങ്റ്റിവൈറ്റിസ്(ചെങ്കണ്ണ്)
കണ്‍ജങ്‌റ്റൈവ എന്ന കണ്ണിന്റെ ഏറ്റവും പുറംപടലത്തിലുണ്ടാകുന്ന അണുബാധയാണ് കണ്‍ജങ്റ്റിവൈറ്റിസ്. പൊതുവെ വൈറസാണ് രോഗകാരിയെങ്കിലും ബാക്ടീരിയമൂലവും ഈ രോഗം ഉണ്ടാകാറുണ്ട്. കണ്ണിനു ചുവപ്പ്, കണ്ണില്‍നിന്നു വെള്ളം ഒഴുകുക, കണ്‍പോളകള്‍ക്കു വീര്‍പ്പ്, വെളിച്ചത്തിലേക്കു നോക്കുമ്പോള്‍ കണ്ണിനു വേദന, കണ്ണുകളില്‍ തരിപ്പ്, പീളകെട്ടല്‍ തുടങ്ങിയവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങള്‍.
രോഗം ബാധിച്ച കണ്ണുകളിലെ സ്രവത്തില്‍ക്കൂടിയാണ് ഈ രോഗം പടരുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഒരു നേത്രരോഗവിദഗ്ധനെ കാണണം. ബാക്ടീരിയയാണോ വൈറസാണോ രോഗകാരണം എന്നതിനനുസരിച്ചു ചികിത്സ വ്യത്യസ്തമാണ്. പകര്‍ച്ചവ്യാധിയായതിനാല്‍ രോഗമുള്ള വ്യക്തി പൊതുസ്ഥലങ്ങളില്‍നിന്നു മാറിനില്ക്കാന്‍ ശ്രമിക്കുക. രോഗി ഉപയോഗിക്കുന്ന വസ്തുക്കള്‍ മറ്റുള്ളവര്‍ ഉപയോഗിക്കാതിരിക്കുക. കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കുന്നവര്‍ രോഗമുള്ള സമയത്ത് കോണ്‍ടാക്ട് ലെന്‍സ് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. രോഗി നന്നായി വെള്ളം കുടിക്കുകയും നല്ല ആഹാരം കഴിക്കുകയും വേണം.
ഇന്‍ഫ്‌ളുവന്‍സ (ഫ്‌ളൂ)
ഇപ്പോള്‍ നാം കാണുന്ന പകര്‍ച്ചപ്പനികളില്‍ ഒട്ടുമിക്കതും ഇന്‍ഫ്‌ളുവന്‍സ എന്ന പകര്‍ച്ചപ്പനിയാണ്. സാധാരണ പകര്‍ച്ചപ്പനികളില്‍നിന്നു കുറച്ചുകൂടി ശക്തമായ ലക്ഷണങ്ങളാണ് ഈ രോഗത്തിനുള്ളത്. ഇതും ഒരു വൈറല്‍ ഇന്‍ഫെക്ഷനാണ്. രോഗബാധിതരുടെ ഉമിനീര്‍ അല്ലെങ്കില്‍ ഉച്ഛ്വാസവായുവില്‍നിന്നാണ് രോഗം പകരുന്നത്. ശക്തമായ പനി, തലവേദന, ശരീരവേദന, ക്ഷീണം, തുമ്മല്‍, കഫമില്ലാത്ത ചുമ തുടങ്ങി വളരെ ഗുരുതരമായ രീതിയില്‍ ശ്വാസംമുട്ടലുണ്ടായി ന്യുമോണിയവരെ ആകാന്‍ സാധ്യതയുള്ള ഒരു അസുഖമാണിത്. രോഗപ്രതിരോധശേഷിക്കുറവുള്ളവരിലാണ് ഈ രോഗം ഗുരുതരമായി കാണുന്നത്. ഇതും ഒരു പകര്‍ച്ചവ്യാധിയായതിനാല്‍ രോഗമുള്ള വ്യക്തി മറ്റുള്ളവരില്‍നിന്ന് അകലം പാലിക്കേണ്ടതാണ്. രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കണം. ആനുവല്‍ ഇന്‍ഫ്‌ളുവന്‍സാ വാക്‌സിന്‍ നമ്മുടെ നാട്ടില്‍ ലഭ്യമാണ്.
അഞ്ചാംപനി (മീസില്‍സ്)
അഞ്ചാംപനി ഒരു സാംക്രമികവൈറല്‍രോഗമാണ്. വായുവില്‍ക്കൂടിയും സ്രവങ്ങളില്‍ക്കൂടിയും അതിവേഗം പകരുന്ന രോഗം. കൂടുതലായും കുട്ടികളിലാണ് കാണപ്പെടുന്നത്. പനിയാണ് ആദ്യലക്ഷണം. അതോടൊപ്പം ചുമ, കണ്ണുകള്‍ക്കു ചുവപ്പ്, മൂക്കൊലിപ്പ് തുടങ്ങിയവയും ഉണ്ടാകും. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങി നാല് അല്ലെങ്കില്‍ അഞ്ചാമത്തെ ദിവസത്തോടെ ദേഹമാസകലം ചുവന്ന പാടുകള്‍ കാണപ്പെടും. പ്രതിരോധശേഷി കുറവുള്ള കുഞ്ഞുങ്ങള്‍ക്ക് ഛര്‍ദി, അതിസാരം തുടങ്ങി അപകടകരമായ നിര്‍ജലീകരണംവരെ ഉണ്ടാകാം. രോഗലക്ഷണങ്ങള്‍ക്കനുസരിച്ചു ചികിത്സ നല്കാം. കുട്ടികള്‍ക്കു പ്രതിരോധത്തിനായി ഒമ്പതുമാസം പൂര്‍ത്തിയാകുമ്പോള്‍ മീസില്‍സ് പ്രതിരോധകുത്തിവയ്പ്പ് എടുക്കേണ്ടതാണ്.
മുണ്ടിനീര്
വായുവില്‍ക്കൂടി പകരുന്ന മറ്റൊരു പകര്‍ച്ചവ്യാധിയാണ് മുണ്ടിനീര്. ഉമിനീര്‍ഗ്രന്ഥികളെ ബാധിക്കുന്ന ഈ രോഗം കുട്ടികളെയാണ് അധികവും ബാധിക്കുന്നത്. ഇത് വളരെ ഗുരുതരമാകുന്ന ഒരു രോഗമല്ലെങ്കിലും വളരെ വിരളമായി നാഡീവ്യൂഹത്തെയും അണ്ഡാശയം, വൃഷണങ്ങള്‍ എന്നിവയെയും ഇതു ബാധിച്ചേക്കാം. ഉമിനീര്‍വഴിയോ അടുത്ത സമ്പര്‍ക്കംവഴിയോ ആണ് സാധാരണയായി രോഗം പകരുന്നത്. ചെറിയ പനി, തലവേദന തുടങ്ങിയ പ്രാരംഭരോഗലക്ഷണങ്ങള്‍ക്കുശേഷം ഉമിനീര്‍ഗ്രന്ഥികളില്‍ വീക്കം ഉണ്ടാകുന്നു. സാധാരണയായി ഈ വീക്കം ഉണ്ടാകുന്നത് ചെവിയുടെ മുന്‍ഭാഗത്ത് താഴെയായി കവിളിലുള്ള ഉമിനീര്‍ഗ്രന്ഥികളിലാണ്. രോഗം കൂടുതല്‍ ഗുരുതരമാകുന്നത് മുതിര്‍ന്നവരിലാണ്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ രോഗബാധിതന്‍ മറ്റുള്ളവരുമായി സമ്പര്‍ക്കം കഴിവതും ഒഴിവാക്കേണ്ടതാണ്. ധാരാളം വെള്ളം കുടിക്കണം. വിശ്രമിക്കണം. രോഗലക്ഷണങ്ങള്‍ക്കനുസരിച്ച് ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കഴിക്കണം. മുണ്ടിനീരിന് പ്രതിരോധകുത്തിവയ്പു ലഭ്യമാണ്. എംഎംആര്‍ എന്ന കുത്തിവയ്പ് മുണ്ടിനീര്, അഞ്ചാംപനി, റുബെല്ല എന്നീ രോഗങ്ങള്‍ക്കെതിരേയുള്ളതാണ്.
വേനല്‍ക്കാലമായാല്‍ ശുദ്ധജലദൗര്‍ലഭ്യം ഒരു വലിയ സാമൂഹികപ്രശ്‌നമാണ്. ശുദ്ധജല ദൗര്‍ലഭ്യംകൊണ്ടും ആഹാരത്തില്‍ രോഗാണുക്കള്‍ കലരുമ്പോഴും ഉണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് ഇനി നോക്കാം.
വയറിളക്കരോഗങ്ങള്‍
വൈറസ് മൂലവും ബാക്ടീരിയമൂലവും വയറിളക്കരോഗങ്ങള്‍ ഉണ്ടാവാം. പനി, ഛര്‍ദി തുടങ്ങിയ ലക്ഷണങ്ങളുടെകൂടെ മലത്തില്‍ ചളി, രക്തം എന്നിവയും കണ്ടേക്കാം. റോട്ടാ വൈറസ് എന്ന വൈറസും കോളറ, ഷിഗെല്ല തുടങ്ങിയ ബാക്ടീരിയകളുമാണ് സാധാരണമായി വയറിളക്കരോഗങ്ങള്‍ക്കു പ്രധാനകാരണം. കഞ്ഞിവെള്ളത്തിനു സമാനമായ വയറിളക്കമാണ് പ്രധാനമായും കോളറയില്‍ കാണപ്പെടുന്നത്.
മഞ്ഞപ്പിത്തം
ഹൈപ്പറ്റൈറ്റിസ് - എയും ഹെപ്പറ്റെറ്റിസ് - ഇ യുമാണ് ജലത്തിലൂടെ പകരുന്ന മഞ്ഞപ്പിത്തരോഗങ്ങള്‍. പനി, ഛര്‍ദി, മൂത്രത്തിനും കണ്ണിനും കടുത്ത മഞ്ഞനിറം, ഭക്ഷണത്തോടുള്ള വിരക്തി തുടങ്ങിയവയാണ് ഇവ രണ്ടിന്റെയും ലക്ഷണങ്ങള്‍. ഹെപ്പറ്റൈറ്റിസ് - എ യ്ക്ക് പ്രതിരോധകുത്തിവയ്പ് ലഭ്യമാണ്.
ടൈഫോയ്ഡ്
സാല്‍മൊണെല്ല എന്ന ബാക്ടീരിയ പരത്തുന്ന ഒരു രോഗമാണ് ടൈഫോയ്ഡ്. വൃത്തിഹീനമായ ജലം, ആഹാരപദാര്‍ഥങ്ങള്‍ എന്നിവയിലൂടെയാണ് ടൈഫോയ്ഡ് പകരുന്നത്. പനി, ഛര്‍ദി തുടങ്ങിയവയാണ് പ്രധാനലക്ഷണങ്ങള്‍. ചികിത്സിച്ചില്ലെങ്കില്‍ വളരെ സങ്കീര്‍ണമായേക്കാവുന്ന ഒരു രോഗമാണിത്. ജലജന്യരോഗങ്ങളുടെയെല്ലാം പ്രധാനലക്ഷണങ്ങള്‍ പനി, ഛര്‍ദി, വയറിളക്കം തുടങ്ങിയവയാണ്. നിര്‍ജലീകരണം തടയുക എന്നതാണ് ചികിത്സയുടെ ആദ്യപടി.
ഉപ്പിട്ട കഞ്ഞിവെള്ളമോ, തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ അളവിനുള്ള ഉപ്പും പഞ്ചസാരയും ചേര്‍ത്തോ നല്കി പാനീയചികിത്സ തുടങ്ങാവുന്നതാണ്. എന്നാല്‍, രോഗത്തിനുള്ള ശരിയായ ചികിത്സ വൈകിപ്പിക്കരുത്. ഏതുരോഗമാണെങ്കിലും സ്വയം ചികിത്സ നടത്താന്‍ പാടുള്ളതല്ല.