ഒരിക്കലും മരിക്കാത്ത ഓര്‍മകള്‍ സമ്മാനിച്ചിട്ടാണ് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ നിത്യവിശ്രമത്തിനായി കടന്നുപോയത്. ഒരോ ദിവസം കഴിയുന്തോറും അദ്ദേഹത്തെക്കുറിച്ചുള്ള വിസ്മയവും അദ്ദേഹത്തോടുള്ള ആദരവും കൂടിവരികയാണ്. ഈ നൂറ്റാണ്ടു കണ്ട മഹാനായ ഒരു പാപ്പായാണ് ബെനഡിക്ട് പതിനാറാമന്‍. അദ്ദേഹത്തിന്റെ മരണത്തോടെ ഒരു ബെനഡിക്ടയിന്‍ യുഗം അവസാനിക്കുകയായിരുന്നു. വന്ദ്യപിതാവ് ഒരു യുഗപുരുഷനായി മാറുകയും ചെയ്തു. അദ്ദേഹത്തിന്റെ 96-ാമത് ജന്മവാര്‍ഷികമാണ് ഏപ്രില്‍ 16.
സമാനതകളില്ലാത്ത ജീവിതം
ജീവിതത്തിലും മരണത്തിലും സംസ്‌കാരശുശ്രൂഷയിലും വ്യതിരിക്തതകളുള്ള അതുല്യവ്യക്തിത്വമായിരുന്നു ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പാ. പിതാവ് ജനിച്ചതും മരിച്ചതും ഒരു ശനിയാഴ്ചയായിരുന്നു. ജനിച്ചത് 1927 ഏപ്രില്‍ 16; ആ വര്‍ഷത്തെ പെസഹാ ആഴ്ചയിലെ വലിയ ശനിയാഴ്ചയായിരുന്നു. അദ്ദേഹം ചരമം പ്രാപിച്ച 2022 ഡിസംബര്‍ 31 ശനിയാഴ്ചയായിരുന്നു എന്നത് ഒരു ദൈവപരിപാലനയായി കാണുന്നു. ജനിച്ചു മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ അദ്ദേഹത്തിനു മാമ്മോദീസാ നല്കി. അതും തിരുസ്സഭയില്‍ മാമ്മോദീസായെ പ്രത്യേകമായി അനുസ്മരിച്ചാഘോഷിക്കുന്ന വലിയ ശനിയാഴ്ചയാണെന്നതും ഒരു ദൈവനിയോഗമായിരിക്കാം. ജനനദിവസംതന്നെ സ്വീകരിച്ച പരിശുദ്ധ മാമ്മോദീസായുടെ വരപ്രസാദം  അവസാനശ്വാസംവരെ അദ്ദേഹത്തെ ശക്തിപ്പെടുത്തി. 
കാല്‍നൂറ്റാണ്ടോളം വത്തിക്കാനിലെ വിശ്വാസതിരുസംഘത്തിന്റെ മേധാവിയായി ശുശ്രൂഷ ചെയ്തുവെന്നത് കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിങ്ങറിനുമാത്രം അവകാശപ്പെട്ട ഒരു സവിശേഷതയാണ്. വത്തിക്കാനിലെ വിവിധങ്ങളായ ശുശ്രൂഷകളിലൂടെ പരിശുദ്ധ സിംഹാസനത്തെ ഇത്രമാത്രം അടുത്തറിഞ്ഞ മറ്റൊരു വ്യക്തി ഉണ്ടാവില്ല. മാര്‍പാപ്പായായിരിക്കവേ സ്ഥാനത്യാഗം ചെയ്തതും തിരുസ്സഭയുടെ കഴിഞ്ഞ 600 വര്‍ഷങ്ങളിലെ ചരിത്രത്തിലെ അപൂര്‍വതകളിലൊന്നാണ്. ഈ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ ഒരു കരിസ്മാറ്റിക് സംഭവമായിരുന്നു ഇത്. വന്ദ്യപിതാവിനെ സംസ്‌കരിച്ചത് തന്റെ മുന്‍ഗാമിയായ വി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായെ ആദ്യം സംസ്‌കരിച്ച കബറിടത്തില്‍ത്തന്നെയാണെന്നതും ഒരു വ്യത്യസ്തതതന്നെയാണ്. ജോണ്‍ പോള്‍ മാര്‍പാപ്പായുടെ വിശ്വസ്തമിത്രവും സന്തതസഹചാരിയും മനസ്സാക്ഷിസൂക്ഷിപ്പുകാരനും അദ്ദേഹത്തിന്റെ പ്രധാനാചാര്യശുശ്രൂഷയുടെ കാലഘട്ടം മുഴുവനും സത്യവിശ്വാസപ്രബോധനത്തിന്റെ ഉറങ്ങാത്ത കാവല്‍ക്കാരനും സംരക്ഷകനുമായിരുന്നു കര്‍ദിനാള്‍ റാറ്റ്‌സിങ്ങര്‍. ബെനഡിക്ട് പിതാവിന്റെ സംസ്‌കാരശുശ്രൂഷയും അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം വളരെ ലളിതമായിട്ടാണു നടത്തപ്പെട്ടത്. മുന്‍ഗാമിയായ മാര്‍പാപ്പയുടെ സംസ്‌കാരശുശ്രൂഷകള്‍ക്കു പിന്‍ഗാമിയായ മാര്‍പാപ്പാതന്നെ കാര്‍മികത്വം വഹിച്ചതും ഒരു വേറിട്ട അനുഭവമായിരുന്നു.
ഈശോയെ പ്രണയിച്ച ജീവിതം
'കര്‍ത്താവേ, നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു''എന്നതായിരുന്നു ബെനഡിക്ട് പിതാവിന്റെ നാവില്‍നിന്നുതിര്‍ന്ന അവസാനമൊഴികള്‍. വന്ദ്യപിതാവിന്റെ ജീവിതത്തിന്റെ സാരാംശവും ഇതുതന്നെയായിരുന്നു. ഈശോയെ തന്റെ ജീവിതത്തില്‍ ഏറ്റവും വലിയ നിധിയും അമൂല്യനിക്ഷേപവുമായി അദ്ദേഹം തിരിച്ചറിഞ്ഞു. അതു ജീവിച്ചു; ആ സത്യം ലോകത്തോടു സധീരം പ്രഘോഷിച്ചു. ''എല്ലാറ്റിനുമുപരി മിശിഹാ'' എന്ന സെന്റ് ബെനഡിക്ടിന്റെ ജീവിതനിയമവും ഈശോ മാനവകുലത്തിന്റെ മുഴുവന്‍ ഏകരക്ഷകനാണെന്നുള്ള പഠനവും ഈ വലിയ ഇടയന്റെ ഉറച്ച നിലപാടും അദ്ദേഹത്തിന്റെ ശക്തമായ പ്രബോധനവുമായിരുന്നു. ഏകരക്ഷകനായ ഈശോയുടെ അനന്യത നന്നായി വെളിവാക്കുന്ന അടിസ്ഥാനപ്രബോധനമാണ്, പിതാവ് വിശ്വാസതിരുസംഘത്തിന്റെ മേധാവിയായിരുന്ന കാലത്ത് മഹാജൂബിലിവര്‍ഷത്തില്‍ പുറപ്പെടുവിച്ച പ്രഖ്യാപനമായ ''കര്‍ത്താവായ ഈശോ''എന്ന  പ്രമാണരേഖ. പിതാവ് മാര്‍പാപ്പ ആയിരുന്നകാലത്ത് എഴുതി പ്രസിദ്ധീകരിച്ച ''നസ്രായനായ ഈശോ'' എന്ന മൂന്നു വാല്യങ്ങളുള്ള കൃതി മിശിഹാവിജ്ഞാനീയത്തിലെ ഒരു ഉറവിടപഠനവും വിശുദ്ധ സുവിശേഷങ്ങളുടെ ഒരു ഉത്തമ വ്യാഖ്യാനവുമാണ്. ബെനഡിക്ട് പതിനാറാമന്‍ പാപ്പാ ജീവിതംകൊണ്ടും പ്രബോധനംകൊണ്ടും മിശിഹാകേന്ദ്രീതവ്യക്തിത്വത്തിന്റെ ഉടമയായിരുന്നു.
എന്നും സത്യത്തിന്റെ സഹപ്രവര്‍ത്തകന്‍
ഒഴുക്കിനെതിരേ നീന്തിയ വ്യക്തിത്വമാണ് ബെനഡിക്ട് മാര്‍പാപ്പാ. പരിശുദ്ധസഭയുടെ വിശ്വാസ-ധാര്‍മിക പ്രബോധനങ്ങള്‍ വെള്ളം ചേര്‍ക്കാതെ അദ്ദേഹം പഠിപ്പിച്ചു. സര്‍വകലാശാലകളില്‍ അധ്യാപകനായിരുന്നപ്പോഴും മ്യൂണിക് അതിരൂപതയുടെ ആര്‍ച്ചുബിഷപ് ആയിരുന്നപ്പോഴും പിന്നീട് വിശ്വാസതിരുസംഘത്തിന്റെ അധ്യക്ഷനായിരുന്നപ്പോഴും എല്ലാറ്റിനുമുപരി തിരുസ്സഭയെ നയിച്ച വര്‍ഷങ്ങളിലും ഒരു തികഞ്ഞ യാഥാസ്ഥിതികനെപ്പോലെ ബെനഡിക്ട് പിതാവ് സഭയുടെ പരമ്പരാഗതപ്രബോധനങ്ങളെ ശക്തിയുക്തം പഠിപ്പിച്ചു. വേദപുസ്തകത്തിന്റെ സമഗ്രവ്യാഖ്യാനരീതി, ഈശോ മിശിഹായുടെ അനന്യത, കത്തോലിക്കാ തിരുസ്സഭയുടെ ശ്രേഷ്ഠത, സഭ ദൈവജനവും ദൈവഭവനവുമാണെന്ന ചിന്താധാര, സഭാകൂട്ടായ്മയുടെ ദര്‍ശനം, ശ്ലൈഹിക പിന്‍തുടര്‍ച്ചയുടെ ചരിത്രപരത, ആരാധനക്രമത്തിന്റെ പരമോന്നതസ്ഥാനം, ആരാധനക്രമകാര്യങ്ങളിലെ നിഷ്ഠ, വൈദികബ്രഹ്‌മചര്യം, പുരുഷശുശ്രൂഷാപൗരോഹിത്യം, സഭാശുശ്രൂഷകരുടെ ഭാഗത്തുനിന്നുണ്ടായ ലൈംഗികദുരുപയോഗങ്ങളിലെ സീറോ സഹിഷ്ണുത, ആണ്‍-പെണ്‍ പരസ്പരപൂരകത്വത്തിലും ആത്മസമര്‍പ്പണത്തിലും അധിഷ്ഠിതമായ കൗദാശികവിവാഹ-കുടുംബസങ്കല്പങ്ങള്‍, സ്വവര്‍ഗകൂടിത്താമസങ്ങളുടെ ക്രമരഹിതഭാവം, ഭിന്നലൈംഗികാഭിമുഖ്യമുള്ളവരോടുള്ള പ്രത്യേക അജപാലനകരുതല്‍, മനുഷ്യജീവന്റെ ശ്രേഷ്ഠത, സമഗ്രപരിസ്ഥിതിസ്‌നേഹം, വത്തിക്കാന്‍ കാര്യാലയത്തിലെ സാമ്പത്തികസുതാര്യത, സഭയും രാഷ്ട്രങ്ങളും തമ്മിലുള്ള ആരോഗ്യകരമായ ബന്ധം, യൂറോപ്പിന്റെ ക്രൈസ്തവവേരുകള്‍ തുടങ്ങിയവയൊക്കെ അവയില്‍ ഏറെ പ്രധാനപ്പെട്ടവയാണ്. കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിങ്ങറുടെ നേതൃത്വത്തില്‍ എഡിറ്റ് ചെയ്ത് പ്രസിദ്ധീകരിച്ച 'കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം' സത്യവിശ്വാസപ്രബോധനത്തിലെ ഒരു ആധികാരിക റഫറന്‍സ് ഗ്രന്ഥമാണ്. പ്രതിസന്ധികളുടെ ശക്തമായ കാറ്റ് സഭാനൗകയെ ഉലച്ചപ്പോഴും ദൈവകൃപയില്‍ ആശ്രയിച്ച് അടിപതറാതെ ഈ വലിയ അമരക്കാരന്‍ സഭയെ ശരിയായ ദിശയില്‍ നയിച്ചു; തന്റെ അജഗണത്തെ സത്യത്തിന്റെ പച്ചയായ പുല്‍ത്തകിടിയിലേക്കും പ്രശാന്തമായ ജലാശയത്തിലേക്കും നയിച്ചു. അദ്ദേഹത്തിന്റെ പ്രഥമാചാര്യശുശ്രൂഷാകാലത്ത് പ്രസിദ്ധീകരിച്ച 'ദൈവം സ്‌നേഹമാകുന്നു', 'പ്രത്യാശയില്‍ രക്ഷ', 'സത്യത്തില്‍ സ്‌നേഹം' എന്നീ ചാക്രികലേഖനങ്ങളും 'സ്‌നേഹത്തിന്റെ കൂദാശ', 'വിശ്വാസത്തിന്റെ വാതില്‍' തുടങ്ങിയ ഇതര പ്രബോധനങ്ങളും ഇതിന്റെ നിദര്‍ശനങ്ങളാണ്. പരിശുദ്ധ ഫ്രാന്‍സിസ് പിതാവിന്റെ പ്രഥമ ചാക്രികലേഖനമായ 'വിശ്വാസത്തിന്റെ വെളിച്ചം' എന്ന പ്രബോധനത്തിലും ബെനഡിക്ട് പിതാവിന്റെ ചിന്തകളും ഉണ്ടായിരുന്നു. വന്ദ്യപിതാവ് വിശ്രമജീവിതം നയിച്ചിരുന്ന കാലത്ത് കര്‍ദിനാള്‍ റോബര്‍ട്ട് സറായുമൊത്തു രചിച്ച ''ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴത്തില്‍നിന്ന്''എന്ന ഗ്രന്ഥവും സഭയുടെ പരമ്പരാഗതപ്രബോധനങ്ങളെ അടിവരയിടുന്നതാണ്. 
പീഡകള്‍ സഹിച്ച് കുരിശില്‍ മരിച്ച് മൂന്നാംദിനം മഹത്ത്വത്തോടെ ഉയിര്‍ത്തെഴുന്നേറ്റ ഈശോയില്‍ മിഴികള്‍ ഉറപ്പിച്ച ജീവിതമായിരുന്നു ബെനഡിക്ട് പിതാവിന്റേത്. നമുക്കു നോക്കി ധ്യാനിക്കാനും നോക്കി നടക്കാനും ഒരു മുഖമുണ്ട്. അത് ഉത്ഥിതനായ മിശിഹായുടേതാണെന്ന് അദ്ദേഹം പലപ്പോഴും പഠിപ്പിച്ചിരുന്നു. ചരിത്രപുരുഷനായ ഈശോയും ഉയിര്‍ത്തെഴുന്നേറ്റ് നമ്മുടെ വിശ്വാസത്തിന്റെ നാഥനും കര്‍ത്താവുമായിത്തീര്‍ന്ന മിശിഹായും ഒരാള്‍തന്നെയാണെന്ന്  അദ്ദേഹം വ്യക്തമായി പഠിപ്പിച്ചു. ഉത്ഥിതനായ മിശിഹായിലുള്ള വിശ്വാസമാണ് ജീവിതപ്രതിസന്ധികളിലും ആചാര്യശുശ്രൂഷയുടെ വ്യത്യസ്തമേഖലകളിലും അദ്ദേഹത്തെ ഉറപ്പിച്ചുനിറുത്തിയത്. ദൈവജനവും ദൈവഭവനവും മിശിഹായുടെ മൗതികശരീരവുമായ സഭ സ്വര്‍ഗീയമഹത്ത്വം ലക്ഷ്യമാക്കി സ്വര്‍ഗോന്മുഖമായി യാത്ര ചെയ്യുന്ന തീര്‍ഥാടകസമൂഹമാണെന്നതും പിതാവിന്റെ വ്യക്തമായ പ്രബോധനമായിരുന്നു. ഈ തീര്‍ത്ഥാടനസ്വഭാവം വ്യക്തമാക്കുന്നതാണ് കിഴക്കോട്ടു തിരിഞ്ഞു പ്രാര്‍ഥിക്കുന്ന സാര്‍വത്രികസഭയുടെ ശ്ലൈഹികപൈതൃകമെന്ന് അദ്ദേഹം ഉറച്ചുവിശ്വസിക്കുകയും പഠിപ്പിക്കുകയും ചെയ്തിരുന്നു. കിഴക്കോട്ടു തിരിയുക എന്നാല്‍, കര്‍ത്താവിലേക്കു തിരിയുക എന്നാണ് അര്‍ഥമെന്ന് ബെനഡിക്ട് മാര്‍പാപ്പാ പഠിപ്പിക്കുന്നു. ഈ ദൈവോന്മുഖഭാവവും യുഗാന്ത്യവിചിന്തനവുമാണ് ക്രൈസ്തവജീവിതത്തിനും മനുഷ്യജീവിതത്തിനും ആഴവും അര്‍ഥവും നല്‍കുന്നതെന്ന് അദ്ദേഹം പഠിപ്പിക്കുന്നു. ''നാം ഉയിര്‍പ്പിന്റെ മക്കളാണ്; 'ഹല്ലേലൂയാ' എന്നത് നമ്മുടെ പൊതുപ്രാര്‍ത്ഥനാഗീതമാണ്'' എന്ന സെന്റ് അഗസ്റ്റ്യന്റെ വാക്കുകള്‍ ഇവിടെ ഓര്‍ക്കുന്നത് ഉചിതമെന്നു കരുതുന്നു.
വിശുദ്ധനായ ആത്മീയാചാര്യന്‍
അറിവും വിശുദ്ധിയും ഒന്നുപോലെ സമ്മേളിച്ച ജീവിതമാണ് ബെനഡിക്ട് പിതാവിന്റേത്. രണ്ട് ഗവേഷണപ്രബന്ധങ്ങളുടെയും അറുപതോളം ദൈവശാസ്ത്രഗ്രന്ഥങ്ങളുടെയും, നൂറുകണക്കിനു ലേഖനങ്ങളുടെയും രചയിതാവാണദ്ദേഹം. 'നവ ആഗസ്തീനോസ്', 'നവ തോമസ് അക്വിനാസ്' എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടാന്‍മാത്രം ദൈവവചനവും വിശ്വാസരഹസ്യങ്ങളും ആഴത്തില്‍ പഠിക്കുകയും പഠിപ്പിക്കുകയും ശരിയായി വ്യാഖ്യാനിക്കുകയും അവയൊക്കെ വരുംതലമുറയ്ക്കായി എഴുതിപ്പകരുകയും ചെയ്ത, ഈ നൂറ്റാണ്ടുകണ്ട ഏറ്റവും വലിയ ദൈവശാസ്ത്രപണ്ഡിതനും ജീനിയസ്സുമാണ് അദ്ദേഹം.  അദ്ദേഹത്തിന്റെ സ്ഥാനത്യാഗം വിശുദ്ധമായ ജീവിതത്തിന്റെ ഒരു പ്രകാശനമായിരുന്നു. പരമാചാര്യശുശ്രൂഷയില്‍നിന്നു പിന്മാറിയപ്പോഴും പിതാവ് പറഞ്ഞത്, താന്‍ കുരിശിനെ ഉപേക്ഷിക്കുകയല്ല; മറിച്ച്, ഈശോയുടെ കുരിശിനോട് കൂടുതല്‍ താദാത്മ്യപ്പെടുകയാണ് എന്നാണ്. തന്റെ  വിശ്രമകാലമാകട്ടെ തികഞ്ഞ സന്ന്യാസചൈതന്യത്തില്‍ ചെലവഴിച്ചു. ലോകത്തില്‍നിന്ന് മറഞ്ഞിരുന്ന് അതിഥികളെപ്പോലും ഒഴിവാക്കിക്കൊണ്ട് നിരന്തരമായ പ്രാര്‍ഥനയിലും വചനവായനയിലും വചനമനനത്തിലും പൂര്‍ണമായും സമയം ചെലവഴിച്ചു. ''മണവാളന്റെ വിശ്വസ്തനായ തോഴന്‍'' (യോഹ. 3: 29) എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പാ തന്റെ ചരമപ്രസംഗത്തില്‍ ബെനഡിക്ട് പിതാവിനെ വിശേഷിപ്പിച്ചത്. സ്വര്‍ഗീയമണവാളന്റെ സന്നിധിയില്‍, വിശ്വസ്ത തോഴനായ ബെനഡിക്ട് മാര്‍പാപ്പാ ശക്തനായ ഒരു മധ്യസ്ഥനായി എപ്പോഴുമുണ്ട് എന്ന് നമുക്ക് ഉറപ്പോടെ വിശ്വസിക്കാം.
							
 ഡോ. ഡൊമിനിക്  വെച്ചൂര്‍
                    
									
									
									
									
									
                    