•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

മഴക്കാടുകളുടെ കാവല്‍ക്കാരി

ബ്രസീലിയ ക്കാരന്‍ ഭൂമാഫിയത്തലവന്‍ വിറ്റാല്‍ മിറോ, താന്‍ ആസൂത്രണം ചെയ്തു നടപ്പാക്കിയ  ക്രൂരമായ ഒരു കൊലപാതകത്തിന് ഇപ്പോള്‍ മുപ്പതു വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുകയാണ്. അയാള്‍ ചെയ്ത കുറ്റം  73  വയസ്സുള്ള ഒരു കത്തോലിക്കാകന്യാസ്ത്രീയെ  കൊന്നതാണ്. ഈ പാതകത്തിനു മറ്റു മൂന്നുപേര്‍കൂടി പങ്കാളികളായിരുന്നു. 2005 ഫെബ്രുവരി പന്ത്രണ്ടിനായിരുന്നു മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അരങ്ങേറിയത്.
യു.എസിലെ ഓഹിയോവില്‍ ജനിച്ച ഡൊറോത്തി സ്റ്റാങ്  നോട്ടര്‍ഡാം സന്ന്യാസസമൂഹത്തിലെ അംഗമായിരുന്നു. നീണ്ട 23 വര്‍ഷമായി അവര്‍ ഭൂരഹിതരായ കര്‍ഷകരുടെ  ജീവന്‍ സംരക്ഷിക്കുകയായിരുന്നു. വടക്കന്‍ ബ്രസീലിലെ ആമസോണ്‍  മഴക്കാടുകളുടെ സംരക്ഷികയായിരുന്നു അവര്‍. 2005 ഫെബ്രുവരി മാസത്തില്‍  ആ പാവം കന്യാസ്ത്രീ  തന്റെ ബൈബിള്‍ നെഞ്ചോടുചേര്‍ത്തു നടക്കുമ്പോള്‍  തൊട്ടടുത്തുനിന്നാണ് അക്രമികള്‍ നിറയൊഴിച്ചത്. വിറ്റാല്‍മിറോയ്ക്ക് മഴക്കാടുകള്‍ വെട്ടി നിരപ്പാക്കി ഭൂമി കൈയേറണമായിരുന്നു. അതിന് സിസ്റ്റര്‍ ഒരു തടസ്സമായി നിന്നപ്പോള്‍ അവരെ വകവരുത്താന്‍ തീരുമാനിക്കുകയായിരുന്നു.
അനീതിക്കെതിരേ എപ്പോഴും ശബ്ദമുയര്‍ത്തിയ ആളായിരുന്നു ഡൊറോത്തി. വനത്തിലെ തടിമോഷ്ടാക്കള്‍ക്കും ഭൂമി സ്വന്തമാക്കാന്‍ നടക്കുന്നവര്‍ക്കും എന്നും കണ്ണിലെ കരടായിരുന്നു സിസ്റ്റര്‍. പലപ്പോഴും  അവരുമായിട്ടൊക്കെ വിവാദങ്ങളില്‍ ഏര്‍പ്പെടേണ്ടിവന്നു. കൊന്നുകളയും എന്നു  ചിലരൊക്കെ  ഭീഷണി മുഴക്കുമായിരുന്നു. പക്ഷേ, സിസ്റ്റര്‍ അതൊന്നും കാര്യമാക്കിയിരുന്നില്ല.
മഴക്കാടുകളുടെ കാവല്‍ക്കാരി  
1970  മുതല്‍  ഈ മഴക്കാടുകളെ  ആശ്രയിച്ചുമാത്രം ജീവിച്ചുപോന്ന കുറെ പാവം കര്‍ഷകരെ  സംരക്ഷിക്കുകയെന്നത് സിസ്റ്റര്‍ തന്റെ ദിവ്യദൗത്യമായി ഏറ്റെടുത്തു. ഈ പാവങ്ങള്‍  മഴക്കാടുകള്‍ നശിപ്പിക്കാതെ കൊച്ചുകൊച്ചുപ്ലോട്ടുകളില്‍ എന്തെങ്കിലുമൊക്കെ കൃഷി ചെയ്തും കന്നുകാലികളെ വളര്‍ത്തിയും ഉപജീവനം പോക്കുകയായിരുന്നു. വനത്തില്‍നിന്നു കിട്ടുന്ന തേനും അവക്കാഡോ പഴങ്ങളും ബ്രസീല്‍ നട്‌സും നാരങ്ങയും കശുവണ്ടിയും വാനിലയും അവര്‍ ശേഖരിച്ചു വില്‍ക്കും. അങ്ങനെ ഏറെ യാതനകള്‍ അനുഭവിച്ചുകഴിഞ്ഞ ആ ദരിദ്രകുടുംബങ്ങള്‍ക്ക് എന്നും താങ്ങും തണലുമായിരുന്നു സിസ്റ്റര്‍.  അവരുടെ ഇരുള്‍കമ്പളം വിരിച്ച ജീവിതത്തില്‍ ഒരു കൊച്ചുനെയ്ത്തിരിയായിരുന്നു അവര്‍. അവരുടെ പരിരക്ഷയ്ക്കായി തന്നാലാവുന്നതെല്ലാം ചെയ്യാന്‍ സിസ്റ്റര്‍ പ്രതിജ്ഞാബദ്ധയായിരുന്നു. 'ഈ മഴക്കാടുകള്‍ ഇല്ലെങ്കില്‍  നമുക്കു ജീവിതമില്ല' എന്നവര്‍ എപ്പോഴും പറയുമായിരുന്നു. അങ്ങനെ പ്രതീക്ഷയുടെ ഒരു വര്‍ണമഴവില്ലു  നാട്ടുകാര്‍ക്കായി  അവള്‍ തുറന്നുകാട്ടി.
ഇതിനിടയില്‍  ക്രിമിനല്‍സംഘങ്ങള്‍ കൂടുതല്‍  ശക്തിപ്രാപിച്ചു. വലിയ തോതില്‍ മരംമുറിക്കലും ആക്രമണങ്ങളും പതിവായി. വലിയ ഭൂമാഫിയകള്‍ക്ക് എങ്ങനെയും കാടുകള്‍ നശിപ്പിച്ചു സര്‍ക്കാര്‍ ഒത്താശയോടെ ഈ ഭൂമി പതിച്ചെടുക്കാനും  ഭൂരഹിതരായ  കര്‍ഷകരെ നിഷ്‌കാസനം ചെയ്യാനുമായിരുന്നു പദ്ധതി. അതിനൊക്കെ  എതിര്‍പ്പിന്റെ കാഹളം മുഴക്കി മുന്നില്‍ നേതൃത്വം വഹിച്ചുകൊണ്ടു സിസ്റ്റര്‍ ഡൊറോത്തി ഉണ്ടായിരുന്നു.
'ഡോട്ട്' എന്ന ഓമനപ്പേരിലായിരുന്നു സിസ്റ്റര്‍ ഡൊറോത്തി  അറിയപ്പെട്ടിരുന്നത്. പാവപ്പെട്ടവരുടെ കണ്ണിലുണ്ണിയായിരുന്നു അവര്‍. അവരെ വിശ്വാസത്തിന്റെ വഴിയില്‍ ഉറപ്പിച്ചുനിര്‍ത്താനും  യേശുവിന്റെ സ്‌നേഹത്തില്‍ ചേര്‍ത്തുനിര്‍ത്താനും ആ സിസ്റ്ററിനു കഴിഞ്ഞു. 'മഴക്കാടുകള്‍ മരിച്ചാല്‍ നമ്മുടെ ജീവിതം അവസാനിക്കും' എന്നെഴുതിയ ടീഷര്‍ട്ടും ധരിച്ചാണ്  അവര്‍ നടന്നത്.
ഭീഷണികള്‍ക്കു നടുവിലും ഒരു ഒളിച്ചോട്ടത്തിന് സിസ്റ്റര്‍ ഒരിക്കലും തയ്യാറായില്ല. ഈ പാവങ്ങളെ ഉപേക്ഷിച്ചുപോയാല്‍ അവര്‍ക്കു തുണയായി ആരാണുള്ളത്? അവരുടെ ജീവിതമാര്‍ഗം ഇല്ലാതായാല്‍ അവര്‍ എവിടേക്കു പോകും? എന്നീ ചിന്തകള്‍ സിസ്റ്ററെ എപ്പോഴും വേട്ടയാടുമായിരുന്നു. മണ്ണില്‍ തൊഴിലെടുത്ത് അന്തസ്സോടെ ജീവിക്കാനുള്ള മൗലികവും പരിപാവനവുമായ അവകാശം അവര്‍ക്കുണ്ട്. ഭാവിയെക്കുറിച്ചു നല്ല പ്രതീക്ഷകള്‍ വച്ചുപുലര്‍ത്താനും മക്കളുടെ ജീവിതം മെച്ചപ്പെടുത്താനും ഒക്കെ ആഗ്രഹങ്ങളുമുണ്ട്. അതിനെ തകര്‍ക്കാന്‍ ആരും നോക്കേണ്ട. അതുപോലെ, മഴക്കാടുകള്‍ നശിപ്പിക്കാന്‍ ആര്‍ക്കും അവകാശമില്ല.
പാവങ്ങളുടെ ജീവിതത്തിലേക്ക് ഇറങ്ങിച്ചെന്ന്  അവരുടെ ജീവരക്ഷയുടെ ഭാഗമാകാന്‍ കഴിയുന്നത്  ഏതൊരു വ്യക്തിയുടെയും സൗഭാഗ്യമാണ്, പുണ്യമാണ്. ചില വ്യക്തിത്വങ്ങള്‍ അങ്ങനെയാണ്. ചില നല്ല ആശയങ്ങള്‍ ഒരു കൊടുങ്കാറ്റായി അവര്‍ക്കുള്ളില്‍ ഉദിക്കും.  മഹത്തായ ലക്ഷ്യങ്ങള്‍ക്കായി ജീവന്‍ ഉഴിഞ്ഞുവയ്ക്കും. അവര്‍ വിശുദ്ധിയുടെ പടവുകള്‍  കയറും.
ശോകം, ദാരുണം 
ഒരു ദിവസം അതിരാവിലെ സിസ്റ്റര്‍ ഡൊറോത്തി ഒരു കുടുംബയോഗത്തില്‍ സംബന്ധിക്കാനായി  കുറച്ചകലേക്കു നടന്നുപോവുകയായിരുന്നു. ആമസോണിലെ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെക്കുറിച്ചും അവിടെ സംസാരിക്കാനുണ്ടായിരുന്നു. ഒരു കൃഷിക്കാരനും പിറകേ നടന്നിരുന്നു. പക്ഷേ, സമയം വൈകിയിരുന്നതുകൊണ്ടു സിസ്റ്റര്‍ ഡൊറോത്തി വേഗം നടക്കുകയായിരുന്നു. രണ്ട് ആയുധധാരികള്‍  അവളുടെ പിന്നാലെ കൂടി. കുറച്ചു ദൂരം നടന്നപ്പോള്‍ ആയുധധാരികള്‍  സിസ്റ്ററിനെ തടഞ്ഞുനിര്‍ത്തി ചോദിച്ചു: ''നിങ്ങളുടെ കൈയില്‍ എന്തെങ്കിലും ആയുധമുണ്ടോ?''   
സിസ്റ്റര്‍  മറുപടി പറഞ്ഞു: ''എനിക്ക് ആകെയുള്ള ആയുധം ഈ വിശുദ്ധഗ്രന്ഥമാണ്.'' ഇതും പറഞ്ഞ് അവള്‍ സുവിശേഷഭാഗ്യങ്ങളില്‍നിന്നു വായിക്കാന്‍ തുടങ്ങി. 'ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍,  സ്വര്‍ഗരാജ്യം അവരുടേതാണ്...' അവള്‍ വീണ്ടും രണ്ടടികൂടി മുന്നോട്ടുവച്ചപ്പോള്‍  അവരില്‍ ഒരുവന്‍  'സിസ്റ്ററേ' എന്ന് വിളിച്ചു. തിരിഞ്ഞുനോക്കിയപ്പോള്‍ മറ്റൊരുവന്‍ തോക്കുംചൂണ്ടി നില്‍ക്കുന്നതാണ് കണ്ടത്. വിറ്റാല്‍മിറോ നിര്‍ദേശം നല്‍കിയപ്പോള്‍  അയാള്‍ സിസ്റ്ററിന്റെ അടിവയര്‍ ഭാഗത്തേക്കു നിറയൊഴിച്ചു. അവര്‍ മൂക്കുംകുത്തി താഴെവീണു. അപ്പോള്‍ വീണ്ടും  നട്ടെല്ലിലേക്കും പിന്നീട് തലയിലേക്കും വെടിവച്ചു. അവര്‍ അവിടെക്കിടന്നു ചോര വാര്‍ന്നു പിടഞ്ഞുമരിച്ചു. തീരാത്ത രോദനവുമായി ആ നാട്ടുകാര്‍  ആ മൃതശരീരം ഏറ്റുവാങ്ങി.
വീണ്ടും ആ ഗ്രാമീണര്‍ ഇരുട്ടില്‍ തപ്പിത്തടയുന്നവരായി. അവരുടെ അത്താണി നഷ്ടപ്പെട്ടിരിക്കുന്നു. അന്തിക്ക് അത്താഴംപോലും ഭാവിയില്‍  ഉണ്ടാവുമോ എന്ന അനിശ്ചിതത്തിലായി അവര്‍. ചുറ്റിലും ഇരുട്ടു മൂടിയിരിക്കുന്നു. എല്ലാ നാട്ടുവഴികളും ശൂന്യമായി, ഏകാന്തമായി, വലിയ ഏതോ ചുഴിയില്‍ അകപ്പെട്ടതുപോലെ അവര്‍ക്കു തോന്നി. ഇനി സമാധാനത്തോടെ ജീവിക്കുവാന്‍ അവര്‍ക്കു സാധിക്കുമോ? എല്ലാറ്റിനും ഒരര്‍ഥം തോന്നിത്തുടങ്ങിയപ്പോള്‍,  മഴവില്ലുകള്‍ കാണാന്‍ അവര്‍ പഠിച്ചുതുടങ്ങിയപ്പോള്‍ ഇതാ ഒരു വലിയ ദുരന്തം അവരെ പിടിച്ചുലച്ചിരിക്കുന്നു. സിസ്റ്ററിന്റെ സാന്നിധ്യവും ആ വാക്കുകളും അവര്‍ക്ക് എന്തൊരു ആശ്വാസമായിരുന്നു. 
സിസ്റ്റര്‍ ഒരു യുഎസ്  പൗരന്‍ ആയിരുന്നതുകൊണ്ട്  വളരെ ഗൗരവതരമായിത്തന്നെ  അധികൃതര്‍ക്ക് കേസു കൈകാര്യം ചെയ്യേണ്ടിവന്നു. ഒടുവില്‍ ഭൂമാഫിയക്കാരന്‍  വിറ്റാല്‍മിറോയെയും അവരുടെ ആജ്ഞാനുവര്‍ത്തികളെയും  കോടതി ശിക്ഷിച്ചു.
പാവങ്ങള്‍ക്കുവേണ്ടി രക്തസാക്ഷിത്വം വരിച്ച സിസ്റ്റര്‍ ഡൊറോത്തി സ്റ്റാങ്ങിനെ  വിശുദ്ധയായി പ്രഖ്യാപിക്കാനുള്ള  നടപടികള്‍ തിരുസ്സഭ ആരംഭിച്ചുകഴിഞ്ഞു. താമസിയാതെതന്നെ അവളെ വിശുദ്ധയായി വന്ദിക്കുവാന്‍ നമുക്കിടയാകുമെന്നു പ്രത്യാശിക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)