•  16 May 2024
  •  ദീപം 57
  •  നാളം 10
നോവല്‍

മഴനിലാവ്

കഥാസാരം: ഒരു നിര്‍ധന നമ്പൂതിരിക്കുടുംബത്തിലെ അഞ്ചുപെണ്‍മക്കളില്‍ മൂത്ത അംഗമാണ് ഇന്ദുലേഖ. അവള്‍ക്കു ദൂരെ ഒരു സ്‌കൂളില്‍ റ്റീച്ചറായി ജോലി കിട്ടി. സ്‌കൂള്‍ മാനേജര്‍ ആനന്ദന്റെ മകന്‍ അഭിഷേകുമായി ഇന്ദു സൗഹൃദത്തിലായി. അതു പ്രണയമാണെന്നു തെറ്റിദ്ധരിച്ച് ആനന്ദന്‍ അവളെ പിരിച്ചുവിട്ടു. പിന്നീട് ചതിയില്‍പ്പെടുത്തി അപമാനിച്ചു നാടുകടത്തി. അമേരിക്കയില്‍പോയ അഭിഷേക് തിരിച്ചെത്തിയപ്പോഴാണ് കാര്യങ്ങള്‍ അറിഞ്ഞത്. അയാള്‍ ഇന്ദുവിനെ അന്വേഷിച്ചിറങ്ങി. തിരുവല്ലയില്‍ വൈദികര്‍ നടത്തുന്ന ഒരു അനാഥാലയത്തില്‍ കുഞ്ഞുങ്ങളെ നോക്കി ഇന്ദു കഴിയുന്നുവെന്നു വിവരം കിട്ടി. അഭിഷേക് പോയി കണ്ടു. നാട്ടിലേക്കു വരാന്‍ ഇന്ദു കൂട്ടാക്കിയില്ല. ഇതിനിടയില്‍ ആനന്ദന്‍ ഒരപകടത്തില്‍ നടുവൊടിഞ്ഞ് ആശുപത്രിയിലായി. ചെയ്തുപോയ തെറ്റുകളില്‍ പശ്ചാത്താപം  തോന്നിയ ആനന്ദന്‍ ഇന്ദുവിനെ കണ്ടു മാപ്പുചോദിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചു. ഓര്‍ഫനേജിന്റെ ചുമതലക്കാരനായ ഫാ. ജോസഫ് മണപ്പള്ളിയുടെ നിര്‍ദേശം മാനിച്ച് ഇന്ദു ആശുപത്രിയില്‍ എത്തി. കണ്ണീരോടെ ആനന്ദന്‍ മാപ്പു ചോദിച്ചു. ഇന്ദു ക്ഷമിക്കുകയും ആനന്ദിനുവേണ്ടി പ്രാര്‍ഥിക്കാമെന്നു വാക്കുകൊടുക്കുകയും ചെയ്തു. ഇനിയുള്ള ജീവിതം തന്റെ വീട്ടില്‍ ആയിക്കൂടെ എന്ന ആനന്ദന്റെ ചോദ്യത്തിന് ഓര്‍ഫനേജില്‍ താന്‍ സന്തോഷത്തോടെയാണ് കഴിയുന്നതെന്നു പറഞ്ഞ് ഇന്ദു തിരിച്ചുപോയി (തുടര്‍ന്നു വായിക്കുക)

രുമാസത്തെ ആശുപത്രിവാസത്തിനുശേഷം ആനന്ദനെ ഡിസ്ചാര്‍ജു ചെയ്യുമ്പോള്‍ ഡോക്ടര്‍ ജോര്‍ജ് കുര്യന്‍ പറഞ്ഞു:
''ഇനി വീട്ടില്‍പോയി ആറുമാസം ഫിസിയോതെറാപ്പി ചെയ്താല്‍ മതി. ദൈവം മനസ്സുവച്ചാല്‍ ആനന്ദന് എഴുന്നേറ്റു നടക്കാന്‍ പറ്റും. പ്രാര്‍ഥനയും പുണ്യപ്രവൃത്തികളുമായി ഇനിയുള്ള ജീവിതം മുന്നോട്ടു കൊണ്ടുപോകുക. ബിസിനസ് കാര്യങ്ങളൊക്കെ ഇനി മക്കള്‍ നോക്കട്ടെ.'' 
''തീര്‍ച്ചയായും. ഇനിയുള്ള എന്റെ ജീവിതം പാവങ്ങള്‍ക്കു വേണ്ടിയായിരിക്കും ഡോക്ടര്‍.''
''വെരി ഗുഡ്. ഞാനും പ്രാര്‍ഥിക്കാം.''
ശുഭപ്രതീക്ഷ നല്‍കിയാണ് ഡോക്ടര്‍ ആനന്ദനെ വീട്ടിലേക്കു യാത്രയാക്കിയത്. 
വീട്ടില്‍വന്ന് ആനന്ദന്‍ പ്രാര്‍ഥനയും സല്‍പ്രവൃത്തികളുമായി ജീവിതം മുമ്പോട്ടു കൊണ്ടുപോയി. ബിസിനസ് കാര്യങ്ങളൊക്കെ  അഭിഷേകിനെ ഏല്പിച്ചു. കിട്ടുന്ന ലാഭത്തില്‍നിന്ന് ഒരു വിഹിതം പാവങ്ങള്‍ക്കായി ചെലവഴിച്ചു. മദ്യപാനം പൂര്‍ണമായി നിറുത്തി. പരസ്ത്രീബന്ധങ്ങള്‍ ഉപേക്ഷിച്ചു. പഴയ ആനന്ദന്‍ മരിച്ചുപോയിട്ട് ഒരു പുതിയ മനുഷ്യന്‍ ഉയിര്‍ത്തെഴുന്നേറ്റപോലെയാണ് ശ്രീദേവിക്കും അഭിഷേകിനും തോന്നിയത്. ഭര്‍ത്താവില്‍ വന്ന മാറ്റം ശ്രീദേവിയെ ഏറെ സന്തോഷിപ്പിച്ചു. പറയുന്നതെന്തും അനുസരിക്കുന്ന ഒരു കുട്ടിയെപ്പോലെ ആനന്ദന്‍ ആളാകെ മാറിയിരുന്നു.
ഇടയ്ക്കിടെ മണപ്പള്ളിയച്ചനെ വിളിച്ചു പ്രാര്‍ഥനാസഹായം ചോദിക്കും. ഇന്ദുവിനെ വിളിച്ചു ക്ഷേമാന്വേഷണം നടത്തും. എന്നും പത്തുമിനിറ്റുനേരം ബൈബിള്‍ വായിക്കും. ക്രിസ്തുവിന്റെ ക്രൂശിതരൂപത്തിലേക്കു നോക്കി ഹൃദയമുരുകി പ്രാര്‍ഥിക്കും.
ഫിസിയോ തെറാപ്പി തുടങ്ങി നാലാംമാസം ആനന്ദനു മെല്ലെ എണീല്‍ക്കാമെന്ന സ്ഥിതിയായി. ശ്രീദേവിയും അഭിഷേകും കൈപിടിച്ചു മുറിയില്‍ സാവധാനം നടത്തിക്കും. ആറുമാസമായപ്പോഴേക്കും പരസഹായമില്ലാതെ വടികുത്തി നടക്കാമെന്ന സ്ഥിതിയിലേക്കെത്തി. 
''ഇനി ആയുര്‍വേദചികിത്സ കൂടി ഒന്നു പരീക്ഷിച്ചോളൂ. നമ്മുടെ പരമ്പരാഗത ചികിത്സാരീതിയല്ലേ. ഫലം ചെയ്യും.''
ഡോക്ടര്‍ ജോര്‍ജ് കുര്യന്‍ പ്രസിദ്ധമായ ഒരു ആയുര്‍വേദ ചികിത്സാകേന്ദ്രത്തിലേക്ക് ആനന്ദനെ റഫര്‍ ചെയ്തു.
മുപ്പതുദിവസത്തെ ഉഴിച്ചിലും പിഴിച്ചിലും തിരുമ്മലുമൊക്കെ കഴിഞ്ഞതോടെ ആനന്ദന് വടിയുടെ സഹായമില്ലാതെയും നടക്കാവുന്ന അവസ്ഥയായി. ആ സന്തോഷവാര്‍ത്ത അഭിഷേക് ഇന്ദുവിനെ ഫോണില്‍ വിളിച്ചറിയിച്ചു.
''ഞാന്‍ പറഞ്ഞിരുന്നല്ലോ, ക്രിസ്തുവില്‍ വിശ്വാസമര്‍പ്പിച്ചു മുമ്പോട്ടുപോയാല്‍ എല്ലാം ശരിയാകുമെന്ന്. ഞാനും എന്നും പ്രാര്‍ഥിക്കുന്നുണ്ടായിരുന്നു.'' ഇന്ദു പറഞ്ഞു.
''ഞാനും അമ്മയും അച്ഛനും ഒരുമിച്ച് എന്നും രാത്രിയില്‍ ക്രിസ്തുവിന്റെ ക്രൂശിതരൂപത്തിനു മുമ്പിലിരുന്നു പ്രാര്‍ഥിക്കുന്നുണ്ട്.''
ക്ഷേമാന്വേഷണങ്ങള്‍ക്കുശേഷം അഭിഷേക് തുടര്‍ന്നു:
''അച്ഛന് ഇന്ദുവിനെ ഒരിക്കല്‍ ക്കൂടിയൊന്നു കണ്ടാല്‍കൊള്ളാമെന്നുണ്ട്. കാറയച്ചാല്‍ വരുമോ?''
''മണപ്പള്ളി അച്ചന്‍ അനുവദിക്കുമെങ്കില്‍ തീര്‍ച്ചയായും വരും.''
''ഞാന്‍ അച്ചനെ വിളിച്ച് അനുമതി വാങ്ങാം''
അഭിഷേക് മണപ്പള്ളി യച്ചനെ ഫോണില്‍ വിളിച്ചു പരിചയപ്പെടുത്തിയശേഷം ആവശ്യം അറിയിച്ചു.
''അഭിഷേകിന്റെ അച്ഛന് അവളെ കാണാന്‍ ആഗ്രഹമുണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പറഞ്ഞുവിടാം. കാര്‍ അയച്ചോളൂ.'' 
അടുത്തദിവസം കാറില്‍ ഇന്ദു ആനന്ദന്റെ വീട്ടുമുറ്റത്ത് വന്നിറങ്ങി. ഹൃദ്യമായ സ്വീകരണമായിരുന്നു അവള്‍ക്കു കിട്ടിയത്.
രാത്രി അത്താഴം കഴിച്ചു വര്‍ത്തമാനം പറഞ്ഞിരിക്കുന്നതിനിടയില്‍ ആനന്ദന്‍ പറഞ്ഞു: 
''ഒരിക്കല്‍ എനിക്ക് വെറുപ്പും ദേഷ്യവും തോന്നിയ ഒരാളായിരുന്നു ഇന്ദു. ഇന്ന് എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായി മാറിയിരിക്കുന്നു. ദൈവത്തിന്റെ ഓരോ പദ്ധതികള്‍ നോക്കൂ. എന്റെ മനസ്സിനെ വിശുദ്ധീകരിക്കാനായിരിക്കാം ഈശ്വരന്‍ ഒരപകടം ഉണ്ടാക്കി എന്നെ ചലിക്കാനാവാത്തവിധം കിടത്തിയതെന്നു ഞാന്‍ ഇപ്പോള്‍ വിചാരിക്കുന്നു.''
''ഇനി അതൊന്നും ഓര്‍ത്ത് മനസ്സ് വിഷമിപ്പിക്കണ്ട. എല്ലാം കലങ്ങിത്തെളിഞ്ഞില്ലേ!'' ശ്രീദേവി പറഞ്ഞു. 
''ഞാന്‍, എന്റെ ഒരാഗ്രഹം പറയട്ടേ?'' ഇന്ദുവിനെ നോക്കി ആനന്ദന്‍ ചോദിച്ചു.
എന്ത് എന്ന ഭാവത്തില്‍ ഇന്ദു ആനന്ദനെ നോക്കി.
''എന്റെ മരുമകളായി ഇനിയുള്ള കാലം ഈ വീട്ടില്‍ താമസിച്ചൂടേ?'' 
ആനന്ദന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് ഇന്ദുവിനു മനസ്സിലായി. അഭിഷേകിന്റെ ഭാര്യയായി ഈ കുടുംബത്തിലേക്കു വന്നുകൂടേ എന്ന്. ഇന്ദു അഭിഷേകിനെ നോക്കി. വരാം എന്ന മറുപടി കേള്‍ക്കാന്‍ അയാളുടെ മനസ്സും കൊതിക്കുന്നതായി മുഖഭാവത്തില്‍നിന്നു മനസ്സിലായി. ശ്രീദേവിക്കും അതേ ഭാവമാണ്. 
''ഞാന്‍ മുമ്പൊരിക്കല്‍ സൂചിപ്പിച്ചല്ലോ, ഒരു സഹോദരന്റെ സ്ഥാനത്തുമാത്രമേ ഞാനിന്നോളം അഭിഷേകിനെ കണ്ടിട്ടുള്ളൂ എന്ന്. എന്റെ പ്രയാസങ്ങളില്‍ എന്നെ ആശ്വസിപ്പിച്ച ഒരു നല്ല സുഹൃത്ത്. അതു തെറ്റിദ്ധരിച്ചതുകൊണ്ടാണല്ലോ ആനന്ദന്‍സാര്‍ എന്നെ പിരിച്ചുവിട്ടു നാടുകടത്തിയത്. ഇനിയും മറിച്ചൊരു തീരുമാനം എടുക്കാന്‍ എന്റെ മനസ്സ് ഇപ്പം അനുവദിക്കുന്നില്ല.''
''ഒരു നല്ല സുഹൃത്തായി മാത്രമേ ഞാനും ഇന്ദുവിനെ കണ്ടിരുന്നുള്ളൂ.'' അഭിഷേക് തുടര്‍ന്നു: ''അതുകൊണ്ടാണല്ലോ ഞാന്‍ അമേരിക്കയിലായിരുന്നിട്ടും ഇന്ദുവിനെ കോണ്ടാക്ട് ചെയ്യാതിരുന്നത്. നാട്ടിലെത്തി കുറച്ചുദിവസം കഴിഞ്ഞപ്പോള്‍ എന്റെ വിവാഹംപോലും നിശ്ചയിച്ചിരുന്നതാണ്. ഇന്ദുവുമായി ഞാന്‍ പ്രണയമാണെന്ന് ആരോ തെറ്റിദ്ധരിപ്പിച്ചതിന്റെ പേരില്‍ പെണ്ണിന്റെ വീട്ടുകാര്‍  ആ കല്യാണത്തില്‍നിന്നു പിന്മാറി.''
അതൊരു പുതിയ അറിവായിരുന്നു ഇന്ദുവിന്. അവള്‍ക്കു വിഷമം തോന്നി. താന്‍ കാരണം നല്ലൊരു മനുഷ്യന്റെ വിവാഹം മാറിപ്പോയല്ലോ.
''ഞാന്‍ കാരണം ഒരുപാടു വേദനിച്ചു അല്ലേ?''
''ഏയ്, കല്യാണം മാറിപ്പോയത് ഒരു വേദനയായി എനിക്കു തോന്നിയില്ല. ദൈവം വിധിച്ചതേ എനിക്കു കിട്ടൂ എന്നു വിശ്വസിക്കുന്ന കൂട്ടത്തിലാ ഞാന്‍. എന്റെ മനസ്സിന്റെ വിശുദ്ധി കാണാന്‍ കഴിയാത്ത ഒരു പെണ്ണിനെ എനിക്കു ഭാര്യയായി കിട്ടിയിട്ടും കാര്യമില്ലല്ലോ. കല്യാണമെന്നൊക്കെ പറയുന്നത് ഹൃദയങ്ങളുടെ ഒരു ചേര്‍ച്ചകൂടിയല്ലേ?''
''എല്ലാം ഒത്തിണങ്ങിയ നല്ലൊരു പെണ്‍കുട്ടിയെ അഭിഷേകിനു ഭാര്യയായി കിട്ടാന്‍ ഞാന്‍ പ്രാര്‍ഥിക്കാം.''
''ഇന്ദുവിന്റെ പ്രാര്‍ഥന ദൈവം കേള്‍ക്കട്ടെ.'' അഭിഷേക് ചിരിച്ചു.
കല്യാണത്തെക്കുറിച്ചുള്ള ആ സംസാരം അവിടെ അവസാിച്ചു.
ഉറങ്ങാന്‍ നേരമായപ്പോള്‍ മുകളിലത്തെ നിലയില്‍ ഇന്ദുവിന് കിടക്ക ഒരുക്കിക്കൊടുത്തു ശ്രീദേവി. 
പിറ്റേന്നു ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ അഭിഷേക് പറഞ്ഞു:
''നാട്ടില്‍പോയി അനിയത്തിമാരെ ഒന്നു കണ്ടൂടേ? ചേച്ചിയെ കാണാന്‍ അവര്‍ക്കൊക്കെ ആഗ്രഹമുണ്ട്. ഫോണ്‍ വിളിക്കുമ്പോഴൊക്കെ അതു പറയും. ഇന്ദുവിനെ കണ്ടകാര്യം ഞാനിതുവരെ അവരോടു പറഞ്ഞിട്ടില്ല.''
''പോയി ഒന്നു കാണു മോളെ.'' ആനന്ദനും നിര്‍ബന്ധിച്ചു. ''ആള് ജീവിച്ചിരിപ്പുണ്ടെന്ന സന്തോഷമെങ്കിലും അവര്‍ക്കു കിട്ടട്ടെ. കാറില്‍ പോകാം. ഞാന്‍ ഡ്രൈവറെ കൂട്ടി വിടാം.''
''എനിക്ക് മണപ്പള്ളിയച്ചനോട് അനുവാദം ചോദിക്കണം.''
''ചോദിച്ചോളൂ.''
മണപ്പള്ളിയച്ചനെ ഫോണില്‍ വിളിച്ച് അവള്‍ അനുമതി വാങ്ങി.
ദീര്‍ഘമായ യാത്രയ്‌ക്കൊടുവില്‍ ഇന്ദുവിന്റെ വീടിനു മുമ്പില്‍ ആ വാഹനം വന്നുനിന്നു. ഡോര്‍ തുറന്ന് ഇറങ്ങി അവള്‍ സാവധാനം മുറ്റത്തേക്കു നടന്നു.
ഇന്ദു ഓര്‍ത്തു. വീട് ഉപേക്ഷിച്ചു പോയിട്ട് ഒരു വര്‍ഷത്തിലേറെയായിരുന്നു. ഒരുപാടു മാറ്റമൊന്നും വന്നിട്ടില്ല. 
മുറ്റത്തരികില്‍ പണ്ട് താന്‍ നട്ടുവളര്‍ത്തിയ  റോസച്ചെടി നിറയെ പൂവിട്ടു നില്പുണ്ട്. വരാന്തയിലേക്കു കയറിയതും ശബ്ദം കേട്ടിട്ടാവണം സീതാലക്ഷ്മി വാതില്‍ തുറന്നു പുറത്തേക്കിറങ്ങി വന്നു.  കണ്ണുകളെ വിശ്വസിക്കാനായില്ല അവള്‍ക്ക്. ജീവിച്ചിരിപ്പുണ്ടാവില്ലെന്നു കരുതിയ ചേച്ചി കണ്‍മുമ്പില്‍.
''ചേച്ചീ...''
ഓടിച്ചെന്നു കെട്ടിപ്പിടിച്ചു. സന്തോഷാധിക്യത്തില്‍ കണ്ണുകള്‍ നിറഞ്ഞു. പിന്നാലെ പാര്‍വതിയും നന്ദിനിയും ശ്രീക്കുട്ടിയും അങ്ങോട്ടുവന്നു. അപ്രതീക്ഷിതമായുള്ള ചേച്ചിയുടെ വരവ് അവരെയെല്ലാം അദ്ഭുതപരതന്ത്രരാക്കി.
പാര്‍വതിയെ ചേര്‍ത്തുപിടിച്ച് ഇന്ദു കവിളില്‍ ഒരു മുത്തം നല്‍കിയിട്ടു ചോദിച്ചു: 
''നന്നായി പഠിക്കുന്നുണ്ടോ മോളേ?''
''ഉം.'' അവള്‍ തലയാട്ടി.
''എവിടായിരുന്നു ചേച്ചി ഇത്ര നാളും?'' ശ്രീക്കുട്ടിയാണതു ചോദിച്ചത്.
''പറയാം. എനിക്കിത്തിരി വെള്ളം കുടിക്കണം മോളേ.''
ഇന്ദു അകത്തേക്കു കയറി കലത്തില്‍നിന്നു വെള്ളമെടുത്തു കുടിച്ചു. എന്നിട്ടു വന്നു കിടപ്പുമുറിയിലെ കട്ടിലില്‍ ഇരുന്നു. അമ്മ കിടന്ന കട്ടിലിലേക്കു നോക്കി ഒന്നു നെടുവീര്‍പ്പിട്ടു. 
സീതയും ശ്രീക്കുട്ടിയും പാര്‍വതിയും നന്ദിനിയും അവള്‍ക്കരികില്‍ നിന്നു.
''നമ്മുടെ അമ്മ എങ്ങനെയാ മോളേ മരിച്ചേ?'' അതു ചോദിക്കുമ്പോള്‍ ഇന്ദുവിന്റെ കണ്ഠം ഇടറിയിരുന്നു.
''അറ്റാക്കായിരുന്നു. രാവിലെ എണീറ്റുനോക്കിയപ്പോള്‍ മരിച്ചു കിടക്ക്വായിരുന്നു.'' സീതയും കരഞ്ഞുപോയി.
''എന്നെ ഒരുപാടു ശപിച്ചു കാണും അല്ലേ?''
''ഇല്ല ചേച്ചി. അവസാനനാളില്‍ ചേച്ചിയെ കാണണമെന്നു പറഞ്ഞു കരയുമായിരുന്നു. അന്നത്തെ ദേഷ്യത്തില്‍ ഞാനും അമ്മയുമൊക്കെ എന്തോ പറഞ്ഞുപോയി. ക്ഷമിക്കണംട്ടോ ചേച്ചി.'' 
സീത ഇന്ദുവിന്റെ കരം പുണര്‍ന്നു ക്ഷമ ചോദിച്ചു.
''സാരമില്ല മോളേ. എന്റെ ഭാഗത്തും തെറ്റുണ്ടല്ലോ.'' ഒന്നു നിറുത്തിയിട്ട് ഇന്ദു ചോദിച്ചു: ''ഇപ്പം എങ്ങനെയാ ജീവിക്കാനുള്ള കാശ്?''
''അഭിഷേക് അങ്കിള്‍ തരും. ചോദിക്കാതെതന്നെ അക്കൗണ്ടിലേക്കു പൈസ ഇടും. എല്ലാ ദിവസവും വിളിക്കുകയും ചെയ്യും. ചേച്ചി വരുമെന്നു പറഞ്ഞ് ആശ്വസിപ്പിക്കുമായിരുന്നു. അങ്കിള്‍ വന്നില്ലായിരുന്നെങ്കില്‍ ഞങ്ങള്‍ വിഷം കഴിച്ചു മരിച്ചേനെ ചേച്ചി.''
''അങ്കിള്‍ ഇവിടെ വന്നിട്ടുണ്ടോ?''
''രണ്ടു പ്രാവശ്യം. ആദ്യം വന്നപ്പോള്‍ അമ്മയുണ്ടായിരുന്നു. സ്‌കൂളിന്റെ മാനേജരാന്നു പരിചയപ്പെടുത്തിയപ്പം അമ്മ പൊട്ടിത്തെറിച്ചു കുറെ ചീത്തവിളിച്ചു. പിന്നെയാ അറിഞ്ഞത് സഹായിക്കാന്‍ വന്നതാന്ന്. ഒരു ലക്ഷം രൂപയുടെ ചെക്ക് തന്നപ്പോള്‍ ഞങ്ങള്‍ അന്തംവിട്ടുപോയി. അമ്മയ്ക്ക് ആരാധനയായിരുന്നു പിന്നീട് ആ മനുഷ്യനോട്. എപ്പഴും പറയുവായിരുന്നു അതുപോലൊരു മകന്‍ എനിക്കുണ്ടായിരുന്നെങ്കില്‍ എന്ന്. അമ്മ മരിച്ചപ്പോഴും അങ്കിള്‍ ഇവിടെ എത്തി  സഹായിച്ചു. അങ്കിള്‍ തന്ന കാശുകൊണ്ടാ കടമെല്ലാം വീട്ടിയത്. ഇപ്പോ കടക്കാരുടെ ശല്യമില്ലാതെ സമാധാനത്തോടെയാ ഞങ്ങള്‍ ജീവിക്കുന്നത്. അച്ഛന്‍ സ്വര്‍ഗത്തിലിരുന്ന പറഞ്ഞയച്ചതാകും ചേച്ചീ അങ്കിളിനെ ഇങ്ങോട്ട്.''
''ചേച്ചിയെ കാണാത്തതുകൊണ്ടുള്ള ഒരു ദുഃഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഞങ്ങള്‍ക്ക്.'' പാര്‍വതി പറഞ്ഞു.
''ചേച്ചി എവിടായിരുന്നെന്നു പറഞ്ഞില്ലല്ലോ?'' ശ്രീക്കുട്ടി ചോദിച്ചു.
''അതിപ്പം അറിയണ്ട. സമയമാവുമ്പം ഞാന്‍ പറയാം.''
ഇന്ദു എണീറ്റു പുറത്തേക്കിറങ്ങി. അമ്മയെ ദഹിപ്പിച്ച സ്ഥലത്തുപോയി കുറച്ചുനേരം നിന്നു. മൗനമായി അമ്മയോടു ക്ഷമ ചോദിച്ചു. തിരിച്ചു വീട്ടിലേക്കു വന്നപ്പോള്‍ സീത ചായയും പലഹാരങ്ങളും എടുത്തു മേശയില്‍ നിരത്തിയിരുന്നു.
''ഇതൊരുപാട് പലഹാരങ്ങളുണ്ടല്ലോ മോളേ.''
''ഒന്നിനും ഒരു പിശുക്കു കാണിക്കണ്ടാന്ന് അഭിഷേക് അങ്കിള്‍ പറഞ്ഞിരുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും ഇപ്പം നല്ല വെലകൂടിയ ഡ്രസ് ഉണ്ട് ചേച്ചീ. അഭിഷേക് അങ്കിള്‍ നിര്‍ബന്ധിച്ചിട്ടാ വാങ്ങീത്.''
ഇന്ദു ഒന്നും മിണ്ടിയില്ല. ചായയും പലഹാരങ്ങളും കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ പാര്‍വതി പറഞ്ഞു:
''ചേച്ചി ഇനി എങ്ങും പോകണ്ടാട്ടോ. ഞങ്ങള്‍ക്കു കൂട്ടായി  ഈ വീട്ടില്‍ ഇനി കാണണം.''
''എനിക്കു പോകാതിരിക്കാന്‍ പറ്റില്ല മോളേ.''
''എങ്ങോട്ട്?''
''അതിപ്പം പറയാന്‍ പറ്റില്ല.''
''പോകണ്ട ചേച്ചീ.''
പാര്‍വതിയും ശ്രീക്കുട്ടിയും കരയുന്നതു കണ്ടപ്പോള്‍ ഇന്ദുവിന്റെ മനസ്സ് നൊന്തു. 

(തുടരും)

Login log record inserted successfully!