•  16 May 2024
  •  ദീപം 57
  •  നാളം 10
നോവല്‍

പലായനം

പുതിയ നോവല്‍  ആരംഭിക്കുന്നു   
 
മാലന്മാര്‍ ചുമക്കുന്ന മഞ്ചലിനുള്ളിലാണ് താണ്ടമ്മ. മഞ്ചലിന്റെ കിളിവാതിലിലൂടെ പുറംലോകത്തേക്ക് അവള്‍ കണ്ണുപായിച്ചു. ചെമ്മണ്ണുപാതയുടെ ഇരുവശങ്ങളിലിലും തെങ്ങിന്‍തോപ്പാണ്. നിറയെ കുലകളുമായി വരിവരിയായി നില്ക്കുന്ന ആരോഗ്യമുള്ള തൈത്തെങ്ങുകള്‍. രണ്ടുനാഴിക പിന്നിട്ടിട്ടുണ്ടാവും, ഈ തെങ്ങിന്‍തോട്ടം കാണാന്‍ തുടങ്ങിയിട്ട്. 
അവള്‍ പിന്നോട്ടു നോക്കി. കാളവണ്ടിയില്‍ ചാക്കുകള്‍ അട്ടിയിട്ടിരിക്കുന്നു. നല്ല ചമ്പാവിന്‍നെല്ല് പുഴുങ്ങിയുണങ്ങിയ അരിയാണ്. എട്ടുചാക്ക് അരിയുണ്ട്. അതിനു മുകളില്‍ പുതുതായി വാങ്ങിയ വാര്‍പ്പും നെല്ലു പുഴുങ്ങാനുള്ള ചെമ്പും. ഓട്ടുരുളികള്‍ ചെറുതും വലുതുമായി ആറേഴെണ്ണമുണ്ട്. ചെമ്പുപാത്രങ്ങള്‍ വേറെയും. ഓട്ടുപാത്രങ്ങള്‍ക്കിടയില്‍ നാലോ അഞ്ചോ കിണ്ടികള്‍, കോളാമ്പികള്‍, മൊന്തകള്‍, ഓട്ടുഗ്ലാസുകള്‍, പരന്ന കിണ്ണങ്ങള്‍ ചെറുതും വലുതും എന്നിവയും അടുക്കിയിട്ടുണ്ട്. എല്ലാം 'പൊറുതി' തുടങ്ങാന്‍ പോകുന്ന കൊട്ടാരത്തില്‍ തറവാട്ടിലേക്കുള്ളതാണ്. പുതുമണവാട്ടിക്ക് അപ്പന്റെ വക സമ്മാനം. വരന്റെ കുടുംബത്തിലേക്കു ചേക്കേറുന്ന മകള്‍ക്ക്  ഒന്നിനും കുറവുവരാന്‍ പാടില്ല.
കാതിലെ മേക്കാമോതിരത്തില്‍ (കുണുക്ക്) അവളുടെ മാര്‍ദവമേറിയ പേലവാംഗുലികള്‍ തൊട്ടു. കാതില്‍ കുണുക്കിടാന്‍ അയല്‍ക്കാരന്‍ തട്ടാന്‍ കുത്തിയ ദ്വാരത്തില്‍ നേരിയ വേദനയുണ്ട്. പേരമ്മ തൊടിയില്‍നിന്നു പറിച്ചെടുത്ത എന്തോ പച്ചില പിഴിഞ്ഞെടുത്ത നീര് പുരട്ടിയിരിക്കുന്നു.
അവള്‍ പിണ്ടിമാലയില്‍ കൊരുത്ത മിന്നില്‍  കൈ തൊട്ടു. മിന്നില്‍ കുരിശിന്റെ ആകൃതിയില്‍ ചെറിയ മൊട്ടുകള്‍. ആ കെട്ടുതാലിയാണ് കൊട്ടാരത്തില്‍ ഇയ്യോബുമായി തന്നെ ബന്ധിക്കുന്നത്. നാലു നാളുകള്‍ക്കുമുന്നേ ഇയ്യോബ് നാട്ടുകാരുടെയും ബന്ധുമിത്രാദികളുടെയും സാന്നിധ്യത്തില്‍ തന്റെ കഴുത്തില്‍ ചാര്‍ത്തിയ കെട്ടുതാലി. നന്നായി പിരിച്ചെടുത്ത പട്ടുചരടില്‍ കോര്‍ത്ത ആ മിന്ന് തന്റെ കഴുത്തില്‍ കെട്ടുമ്പോള്‍ ഇയ്യോബിന്റെ കൈ വിറച്ചിരുന്നുവോ? ആ രംഗമോര്‍ത്തപ്പോള്‍ അവളുടെ ചുണ്ടില്‍ ഒരു മന്ദസ്മിതം പൂവുപോലെ വിരിഞ്ഞു.
അവള്‍ മഞ്ചലിന്റെ കിളിവാതിലിലൂടെ മുന്നോട്ടു നോക്കി. തൊട്ടുമുന്നിലെ ചുവന്ന പട്ടുവിരിച്ച വില്ലുവണ്ടിയില്‍ ഇയ്യോബുണ്ട്. സാക്ഷാല്‍ ഇയ്യോബ് ഇട്ടിമാത്തുതരകന്‍. വില്ലുവണ്ടി വലിക്കുന്ന കാളകളുടെ കഴുത്തിലെ കൂട്ടമണികള്‍ കിലുങ്ങുന്ന താളാത്മകശബ്ദം അവളുടെ കാതുകളില്‍ ഇമ്പമോടെ പതിച്ചു.
വധൂഗൃഹത്തിലെ വിരുന്നു കഴിഞ്ഞ് തങ്ങളെ കൂട്ടിക്കൊണ്ടുപോകാന്‍ വന്ന ഇയ്യോബിന്റെ മൂത്തപെങ്ങളും ഭര്‍ത്താവും വില്ലുവണ്ടിയില്‍ ഒപ്പമുണ്ട്. പെട്ടെന്ന് കൂട്ടമണിശബ്ദം നിലച്ചു. യാത്രാസംഘം നിന്നു. അമാലന്മാര്‍ തണല്‍നോക്കി മഞ്ചല്‍ താഴ്ത്തി. ഇയ്യോബിന്റെ മൂത്ത അളിയന്‍ പൊറിഞ്ചു വില്ലുവണ്ടിയില്‍നിന്ന് ചാടിയിറങ്ങി. കൊട്ടാരത്തില്‍ ഇട്ടിമാത്തു തരകന്റേതാണ് തെങ്ങിന്‍തോപ്പ്. അവിടെ കാര്യസ്ഥന്‍ തേങ്ങ ഇടീക്കുന്നുണ്ട്. പത്തിലധികം പരവന്മാര്‍ കച്ചത്തോര്‍ത്തിനു പിന്നില്‍ കൊടുവാള്‍ ഉറപ്പിച്ച് ത്‌ളാപ്പില്‍ കാല്‍ തിരുകി തെങ്ങില്‍  കയറി കുലകള്‍ വെട്ടിയിടുന്നുണ്ട്.
പൊറിഞ്ചുവിനെക്കണ്ട് കാര്യസ്ഥന്‍ രാമന്‍നായര്‍ രണ്ടാംമുണ്ട് അരയില്‍ കെട്ടി ഭവ്യതയോടെ മുന്നില്‍ വന്നുനിന്നു. പൊറിഞ്ചു എന്തോ മന്ത്രിച്ചു. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മുഖം ചെത്തിയ ഇളനീര്‍ യാത്രാസംഘത്തിന്റെ അടുത്തെത്തി. താണ്ടമ്മയ്ക്കു തുണ വന്ന കുഞ്ഞുപെണ്ണ് ഒരു കരിക്ക് മഞ്ചലിനുള്ളിലേക്കു കൊടുത്തു. അപ്പോഴാണ് ശ്രദ്ധിച്ചത്. ചെറുപുഞ്ചിരിയുമായി ഇയ്യോബ് മഞ്ചലിന്റെ വാതിലിനരികില്‍ നില്‍ക്കുന്നു.
'കരിക്കു കുടിച്ച് തളര്‍ച്ച മാറ്റിക്കോളൂ' അയാള്‍ അകത്തേക്കു നോക്കി മൊഴിഞ്ഞു. കാര്യസ്ഥന്‍ കൊണ്ടുവന്നു കൊടുത്ത ഒരു ഇളനീര്‍ ഇയ്യോബ് കുടിച്ച് ദാഹമകറ്റി. വെയില്‍ ചാഞ്ഞിട്ടുണ്ട്. എങ്കിലും ചൂടിനു കുറവില്ല. അമാലന്മാര്‍ കരിക്കു നെറുകേവെട്ടി അതിന്റെ ഉള്ളിലെ കാമ്പുതിന്ന് ക്ഷീണം തീര്‍ത്തു.
സംഘം വീണ്ടും യാത്ര ആരംഭിച്ചു. അമാലന്മാര്‍ മഞ്ചല്‍ ഉയര്‍ത്തിയപ്പോള്‍ തൊട്ടടുത്തുവച്ചിരുന്ന ആഭരണപ്പെട്ടി മറിഞ്ഞുവീഴാതെ താണ്ടമ്മ പിടിച്ചു. 150 പവന്റെ ആഭരണങ്ങള്‍ ആ പെട്ടിയിലുണ്ട്. താണ്ടമ്മയുടെ അമ്മ പ്ലമേനാമ്മ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ റീജന്റ് റാണി സേതു ലക്ഷ്മിഭായ് തമ്പുരാട്ടിയെ മുഖം കാണിക്കാന്‍ ചെന്നപ്പോള്‍ തമ്പുരാട്ടി സമ്മാനിച്ചതാണ് പിച്ചളകൊണ്ടു ചിത്രപ്പണി ചെയ്ത് ഈട്ടിയില്‍ തീര്‍ത്ത ആ ആഭരണപ്പെട്ടി. അപ്പന്‍ സഖറിയാ തരകന് 'പട്ടുംവളയും' ലഭിച്ചു.
പ്ലമേനാമ്മ ഉദയംപേരൂരെ വില്ലാര്‍വട്ടം രാജകുടുംബത്തില്‍പ്പെട്ടതാണ്. താണ്ടമ്മ അങ്ങനെ തായ്‌വഴിയാല്‍ രാജകുടുംബത്തിലുള്‍പ്പെടുന്നു.
അമ്മവഴിയില്‍ കിട്ടിയതാണ് താണ്ടമ്മയുടെ സൗന്ദര്യവും നിറവും. തേച്ചുമിനുക്കിയ കുതിരപ്പവന്റെ നിറമാണ് അവള്‍ക്ക്. ചുരുണ്ടു സമൃദ്ധമായ മുടി. അതങ്ങു നിതംബം മറഞ്ഞുകിടക്കും. ഇളയമ്മാവന്മാര്‍ അസൂയയോടെ താണ്ടമ്മയുടെ മുടിയെപ്പറ്റി പറയും. കാച്ചിയ എണ്ണ ചെറുപ്പംമുതല്‍ തേച്ചുപിടിപ്പിച്ചതിന്റെ ഗുണമാണ്, ഈ ഇടതൂര്‍ന്നു തഴച്ച മുടി എന്നാണ് ഇളയമ്മമാരുടെ വായ്ത്താരി. ശുദ്ധമായ വെളിച്ചെണ്ണയില്‍ കറ്റാര്‍വാഴപ്പോളയും തുളസിയിലയും മറ്റു ചില ആയുര്‍വേദമരുന്നുകളും ഇട്ടുകാച്ചിയ എണ്ണ അമ്മ ചെറുപ്പംമുതല്‍ തേയ്പിക്കുന്നതാണ്. ഈ എണ്ണക്കൂട്ട് അന്ത്രപ്പേര്‍ കുടുംബത്തിനു മാത്രം അറിയാവുന്ന രഹസ്യം. 
മാളികയില്‍ കുഞ്ഞിത്തൊമ്മന്‍ അന്ത്രപ്പേര്‍ നാട്ടിലെ പ്രമാണിയാണ്. അമ്പലപ്പുഴ ഉദയവര്‍മമഹാരാജാവില്‍നിന്ന് 'മഹാദാനം' കിട്ടിയ തറവാട്. മഹാരാജാവ് ഒരുനാള്‍ കുമാരനല്ലൂര്‍ കോവിലകത്തേക്കു പള്ളിയോടത്തില്‍ യാത്ര ചെയ്യുകയായിരുന്നു. പെട്ടെന്നാണ് കാറ്റും പിശറും കനത്ത മഴയും വന്നത്. കാറ്റ് ചുഴലിക്കാറ്റായി രൂപം മാറി. വീശിയടിച്ച കാറ്റില്‍ പള്ളിയോടം മറിയും എന്ന ഭയമായി വലിക്കാര്‍ക്ക്. കാറ്റിനു ശക്തി കൂടുകയാണ്. അവര്‍ തിരുമനസ്സിനെ വിവരം ഉണര്‍ത്തിച്ചു. മഹാരാജാവിനും പരിഭ്രമമായി. നീന്തലറിയില്ല. നടുക്കായലില്‍ വീണു മരിക്കാനാണോ വിധി? പത്മനാഭാ!
പുറംകായലില്‍ ചൂണ്ടയിട്ടുകൊണ്ടിരുന്നു മാളികയില്‍ കാരണവര്‍ ഒരു വള്ളം കിടന്നുലയുന്നതും വലിക്കാര്‍ പരിഭ്രമചിത്തരാകുന്നതും കണ്ടു. ഇടയ്ക്ക് ഒരു നിലവിളിയും കാരണവര്‍ കേട്ടു.  പിന്നെ ഒന്നും ആലോചിച്ചില്ല. വള്ളംതുഴയലില്‍ വിദഗ്ധനായ കാരണവര്‍ തിടുക്കത്തില്‍ തുഴഞ്ഞ് പള്ളിയോടത്തിനടുത്തെത്തി. കാറ്റിനു വീണ്ടും ശക്തി വര്‍ധിക്കുകയാണ്. പള്ളിയോടത്തിന്റെ നിയന്ത്രണം കാരണവര്‍ ഏറ്റെടുത്തു. ചുഴിയില്‍നിന്നു വിദഗ്ധമായി പള്ളിയോടം പുറത്തെടുത്തു. കാറ്റും മഴയും ശമിച്ചിട്ടില്ല. നേരേ മാളികത്തറവാട്ടിലേക്കു തുഴഞ്ഞു.
മാളികയുടെ മുകള്‍നിലയില്‍ ക്ഷീണിതനായ മഹാരാജാവ് വിശ്രമിച്ചു. കാറ്റും കോളും മഴയും ശമിപ്പപ്പോഴേക്കും നേരം ഇരുട്ടിയിരുന്നു. ഇന്നിനി രാത്രിയാത്ര വേണ്ടന്നായി കാരണവര്‍. മഹാരാജാവ് അന്നുരാത്രി മാളികയില്‍ തങ്ങി. 
സല്‍ക്കാരപ്രിയനായ കാരണവരുടെ ആതിഥേയത്വം മഹാരാജാവിനെ സന്തുഷ്ടനാക്കി. പോകാന്‍നേരം ചമ്പക്കുളത്തുള്ള പതിനായിരപ്പറനിലവും തൊട്ടടുത്ത കായലും കരമൊഴിവായി ചാര്‍ത്തിക്കൊടുത്തു. തന്റെ ജീവന്‍ രക്ഷിച്ച ആളല്ലേ? അങ്ങനെയാണ് സമ്പന്നരായ മാളികയില്‍ കുടുംബം അതിസമ്പന്നരായിത്തീര്‍ന്നത്. കാരണവര്‍ക്ക് എവിടെ നിന്നോ 'നിധി കിട്ടിയ' സംഭവവും ആളുകള്‍ പറയുന്നുണ്ട്.
അമ്മ തനിക്കുവേണ്ടി പ്രത്യേകം കാച്ചിയ എണ്ണ അഞ്ച് അളവുകള്‍ കൊള്ളുന്ന ഒരു ചീനഭരണിനിറയെ ഒരു വാല്യക്കാരന്‍ തലച്ചുമടായി പിന്നാലെ വരുന്നുണ്ട്. അവനൊപ്പം മറ്റൊരു വാല്യക്കാരന്‍ തന്റെ വസ്ത്രങ്ങള്‍ നിറച്ച കാല്‍പ്പെട്ടിയുമായി വിയര്‍ത്തുകുളിച്ചു വരുന്നു. ഇളനീര്‍ കുടിക്കാന്‍ നേരം ഇരുവരും തങ്ങളുടെ ചുവടുകള്‍ വഴിയിരികിലെ ചുമടുതാങ്ങിയില്‍ ഇറക്കിവച്ചു. അപ്പോള്‍ ചുമടുതാങ്ങിയില്‍ 'കൊട്ടാരത്തില്‍ ബംഗ്ലാവു വക' എന്നു കല്ലില്‍ കൊത്തിയിരിക്കുന്നത് താണ്ടമ്മയുടെ ശ്രദ്ധയില്‍പ്പെട്ടു.
ഇയ്യോബുമൊത്ത് നാലുനാള്‍ വീട്ടിലുണ്ടായിരുന്നെങ്കിലും 'നേരേ ചൊവ്വേ' സംസാരിക്കാനൊത്തില്ല. ഓര്‍ത്തപ്പോള്‍ താണ്ടമ്മയുടെ ചുണ്ടില്‍ ഒരു നേരിയ മന്ദസ്മിതം വിരിഞ്ഞു.
ആദ്യരാത്രി അത്താഴം കഴിഞ്ഞ് കൈകഴുകി പൂമുഖത്തിരുന്ന അപ്പച്ചന്റെ കാതില്‍ പേരമ്മയാണ് ആ രഹസ്യം പറഞ്ഞത്. പെണ്ണിന് 'തൊട്ടുകൂടായ്മ' ആണ്. പുതുപ്പെണ്ണ് ആ രാത്രി പേരമ്മയ്‌ക്കൊപ്പമാണ് കിടന്നത്. ഇയ്യോബ് അപ്പച്ചനുമായി നാട്ടുവിശേഷങ്ങള്‍ പറഞ്ഞ് ഏറെനേരമിരുന്നു. തെക്കിനിയിലെ മാളികപ്പുരയില്‍ പാനീസ് വിളക്കിന്റെ പ്രകാശം രാവേറെ ചെല്ലുന്നതുവരെ കണ്ടു. ആ രാത്രി താണ്ടമ്മയ്ക്ക് ഉറക്കം വന്നില്ല. തുടര്‍ന്നുള്ള മൂന്നു രാവുകളിലും പേരമ്മ തന്നെ ഗുരുനാഥയും കൂട്ടും. പേരമ്മയുടെ പഴംപുരാണങ്ങളും പൊങ്ങച്ചക്കഥകളും കേട്ടു മുഷിഞ്ഞു. ഇതിനു മുമ്പും പേരമ്മ എത്രയോ തവണ പറഞ്ഞുകേട്ട കഥകള്‍. അവള്‍ക്കു മടുപ്പും വിരസതയും തോന്നി. ഉറക്കത്തില്‍ കണ്ട മധുരസ്വപ്നങ്ങളായിരുന്നു ഏക ആശ്വാസം.
പകല്‍സമയത്ത് ഇയ്യോബിനോട് എന്തെങ്കിലും സംസാരിക്കാന്‍ തുനിയുമ്പോഴേക്കും പുതുമണവാളനെ കാണാന്‍ അയല്‍പക്കത്തെ പെണ്ണുങ്ങള്‍ അല്ലെങ്കില്‍ ഗൃഹനാഥന്മാര്‍ എത്തിക്കഴിഞ്ഞിരിക്കും. ഇടയ്ക്ക് ചില ബന്ധുവീടുകളില്‍ വിരുന്നും. എന്തായാലും ഇയ്യോബിന്റെ വില്ലുവണ്ടി നാട്ടാര്‍ക്ക് ഒരു നല്ല കാഴ്ചവസ്തുവായി.
താണ്ടമ്മ മനോരാജ്യത്തില്‍നിന്ന് ഞെട്ടിയുണര്‍ന്നു. പല്ലക്കിന്റെ ചലനം നിലച്ചിരിക്കുന്നു. അമാലന്മാര്‍ പല്ലക്ക് നിലത്തിറക്കി. കൊട്ടാരത്തില്‍ ബംഗ്ലാവിന്റെ പടിപ്പുരമാളികയില്‍ എത്തിയിരിക്കുന്നു. പുതുപ്പെണ്ണിനെ കാണാന്‍ തോട്ടം തൊഴിലാളികള്‍ പാതയുടെ ഇരുവശങ്ങളിലും വേണ്ടത്ര അകലം പാലിച്ച് കൂട്ടംകൂടി നില്പുണ്ട്. കാര്യസ്ഥന്മാര്‍ അവരെ നിയന്ത്രിച്ച് ഓടിനടക്കുന്നു. 
 
 
     (തുടരും)
 
Login log record inserted successfully!