•  16 May 2024
  •  ദീപം 57
  •  നാളം 10
കാഴ്ചയ്ക്കപ്പുറം

സ്ത്രീകള്‍ നയിക്കുന്ന പായ്ക്കപ്പലുകള്‍

മൂഹത്തിലെ ഭൂരിപക്ഷം കുടുംബങ്ങളും പുരുഷകേന്ദ്രീകൃതംതന്നെയാണ്. പുരുഷന്‍ എന്ന അച്ചുതണ്ടിനെ ചുറ്റിയാണ് എല്ലാ കുടുംബങ്ങളും ഭ്രമണം ചെയ്യുന്നത്. എപ്പോഴെങ്കിലും ഈ അച്ചുതണ്ടിന്റെ ഭ്രമണംനിലയ്ക്കുകയോ ഭ്രമണത്തിനിടയില്‍ അവിചാരിതമായ സംഭവവികാസങ്ങള്‍ നേരിടുകയോ ചെയ്യുമ്പോള്‍ കുടുംബം ഒന്നാകെ നിശ്ചലമാകുന്നു.
പിന്നീട് ഈ കറക്കം മുന്നോട്ടു കൊണ്ടുപോകേണ്ടത് കുടുംബാംഗങ്ങള്‍ ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. അതില്‍ പ്രധാനം സ്ത്രീ തന്നെയാണ്. ഭാര്യ, അമ്മ, സഹോദരി  എന്നീ  വേഷങ്ങളില്‍ ജീവിതത്തിന്റെ പകര്‍പ്പുകള്‍ കൊണ്ടാടുന്നവര്‍ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു.
നടുക്കടലില്‍ തുഴ നഷ്ടപ്പെട്ടുപോയ ജീവിതവഞ്ചിയെ അവര്‍ പണിപ്പെട്ടു കരയ്ക്കടുപ്പിക്കുന്നു.
ഭര്‍ത്താവിന്റെ മരണംമുതല്‍ മദ്യപാനം, ഉത്തരവാദിത്വമില്ലായ്മവരെയുളള പല കാരണങ്ങള്‍ കൊണ്ടും സ്ത്രീകള്‍ക്ക് ഈ റോള്‍ ഏറ്റെടുക്കേണ്ടിവന്നേക്കാം. പുരുഷന്മാരുടെ അസാന്നിധ്യമാണ് മറ്റൊരു കാരണം.
ഏതായാലും, ജീവിതത്തിന്റെ അനിശ്ചിതത്വങ്ങളില്‍ മനസ്സു മടുക്കാതെയും നിരാശരാകാതെയും ജീവിതത്തോണി തുഴഞ്ഞുകൊണ്ട് മുന്നോട്ടുപോകാന്‍ സ്ത്രീകള്‍ക്കു പൊതുവെയൊരു കഴിവുണ്ട്. അത്തരം സ്ഥിതിവിശേഷത്തിലൂടെ കടന്നുപോയ ചില സ്ത്രീകഥാപാത്രങ്ങളൂടെ ജീവിതത്തിലൂടെയുള്ള സഞ്ചാരമാകട്ടെ ഇത്തവണ.
അധ്യാപകനായ വിജയന്‍മാഷിന്റെ കഥയില്‍നിന്നു തന്നെ തുടങ്ങാം. ഭാര്യ ശ്യാമളയും രണ്ടു പെണ്‍മക്കളും അടങ്ങുന്നതാണ് അയാളുടെ കുടുംബം. സുഖമായും സന്തോഷമായും ജീവിക്കാന്‍ കഴിയുന്ന ഭൗതികസാഹചര്യങ്ങളെല്ലാം അയാള്‍ക്കുണ്ട്. പക്ഷേ, അയാള്‍ നൂലൂപൊട്ടിയ പട്ടമാണ് എന്നതാണു വാസ്തവം. ഒരിക്കലും ഒരിടത്തും ഉറച്ചുനില്ക്കാന്‍ കഴിയാതെ അയാള്‍ പാറിപ്പറക്കുന്നു. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കാനുള്ള കഴിവില്ലായ്മയും വിമുഖതയുമാണ് അയാളുടെ ഈ അവസ്ഥയ്ക്കു കാരണം. കൃത്യമായി സ്‌കൂളില്‍പ്പോലും പോകാതെ സിനിമാസംവിധാനം എന്നൊക്കെപ്പറഞ്ഞു നടക്കുകയാണ് അയാളുടെ ശീലം.
എന്നാല്‍, സിനിമയെക്കുറിച്ച് അയാള്‍ക്കറിയാമോ അതൊട്ടില്ലതാനും. പറഞ്ഞുവരുമ്പോള്‍ത്തന്നെ ഭൂരിപക്ഷം വായനക്കാര്‍ക്കും ചിത്രം പിടികിട്ടിക്കാണും. ശ്രീനിവാസന്റെ എവര്‍ഗ്രീന്‍ സിനിമ ചിന്താവിഷ്ടയായ ശ്യാമള. 1998 ല്‍ പുറത്തിറങ്ങിയതാണ് ഈ ചിത്രം.
വിജയന്‍മാഷിനെ നന്നാക്കിയെടുക്കാനും നേര്‍വഴിക്കു നയിക്കാനുമുള്ള അച്ഛന്റെയും അമ്മായിയച്ഛന്റെയും ശ്രമങ്ങള്‍ക്കൊടുവില്‍ അവര്‍ക്കാര്‍ക്കും പിടികൊടുക്കാതെ ഭക്തിയുടെ മാര്‍ഗത്തിലൂടെ സഞ്ചരിച്ചു വീടുവിട്ടുപോവുകയാണ് അയാള്‍. തനിക്കും തന്റെ പെണ്‍മക്കള്‍ക്കും ആരുമില്ലാതാകുന്ന അവസ്ഥ ശ്യാമള തിരിച്ചറിയുന്നു. ഒരു ജോലി സമ്പാദിക്കാനുളള വിദ്യാഭ്യാസം അവള്‍ക്കില്ല.
തന്റെ ഉള്ളിലുണ്ടായിരുന്ന ചില കഴിവുകളെ ഉണര്‍ത്തിയെടുക്കാന്‍ ഇത്തരത്തിലുള്ള പ്രതികൂലസാഹചര്യങ്ങള്‍ അവളെ സഹായിക്കുന്നു. ചെറിയരീതിയില്‍ തുടങ്ങിയ തയ്യല്‍ പിന്നീട് തനിക്കുമാത്രമല്ല മറ്റുള്ളവര്‍ക്കുകൂടി വരുമാനം ഉണ്ടാക്കിയെടുക്കാന്‍ കഴിയുന്ന തയ്യല്‍യൂണിറ്റായി വികസിപ്പിച്ചെടുക്കാന്‍ ശ്യാമളയ്ക്കു കഴിയുന്നു. ഭര്‍ത്താവില്ലാതെയും സാമ്പത്തികസുരക്ഷിതത്വം കൈവരിക്കാന്‍ ശ്യാമളയ്ക്കു കഴിയുന്നുണ്ടെന്നു ചിത്രം പറയുന്നുണ്ട്. പുരുഷന്റെ തണലില്ലാതെയും ജീവിക്കാന്‍ ഓരോ സ്ത്രീയെയും പ്രചോദിപ്പിക്കുന്ന സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള.
ഇവിടെ ആശാന്റെ കവിതയിലെന്നതുപോലെ അതിചിന്ത വഹിച്ച് ഉദ്യാനത്തിലിരിക്കുകയല്ല ശ്യാമള. മറിച്ച്, തന്റെ സാധ്യതകളെ തിരഞ്ഞെടുക്കാനും അവയെ ക്രിയാത്മകമായി പ്രയോഗിക്കാനും കഴിയുന്നതെങ്ങനെയെന്നുള്ള പോസിറ്റീവായ ചിന്തകളാലാണ് ശ്യാമള മുന്നോട്ടുപോകുന്നത്. ഈ ചിന്തയില്‍നിന്നാണ് തനിക്കും മക്കള്‍ക്കുമുള്ള ജീവിതമാര്‍ഗം അവള്‍ കണ്ടെത്തുന്നതും.
ചിന്താവിഷ്ടയായ ശ്യാമളയോടു പ്രമേയപരമായി സാമ്യം പുലര്‍ത്തുന്ന ചിത്രമായിരുന്നു ഹരികുമാര്‍ സംവിധാനം ചെയ്ത ഓട്ടോറിക്ഷക്കാരന്റെ ഭാര്യ. എം. മുകുന്ദന്റെ കഥയെ ആസ്പദമാക്കിയുളള ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കിയതും അദ്ദേഹം തന്നെ.
സുരാജ് വെഞ്ഞാറമ്മൂടും ആന്‍ അഗസ്റ്റിനും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ അലസനായ ഓട്ടോഡ്രൈവര്‍ സജീവന്റെ കഥയാണു പറഞ്ഞത്. ഓട്ടോ ഓടിക്കാതെ ലൈനില്‍നിന്നു മാറി ഓട്ടോയ്ക്കുള്ളില്‍ ചുരുണ്ടുകൂടി കിടന്നുറങ്ങുന്ന സജീവന്‍ വിവാഹിതനായപ്പോഴും പ്രകൃതത്തില്‍ മാറ്റം വന്നില്ല. അയാള്‍ പലപ്പോഴായി പലയാവശ്യങ്ങള്‍ക്കായി കടം വാങ്ങിയവര്‍ വീട്ടില്‍ വന്ന് ബഹളംകൂട്ടിയതിന്റെ അപമാനം ഭാര്യ രാധികയാണ് ഏറ്റുവാങ്ങിയത്. താന്‍ എത്രപറഞ്ഞിട്ടും അലസതയില്‍നിന്നു ഭര്‍ത്താവുണരില്ലെന്നു മനസ്സിലാക്കിയ രാധിക സ്വപ്രയത്നത്താല്‍ ഡ്രൈവിങ് പഠിക്കുകയും ഭര്‍ത്താവിന്റെ ജോലി ഏറ്റെടുത്തു കുടുംബം നയിക്കുകയും ചെയ്യുന്നു. ഇത് ദാമ്പത്യബന്ധത്തില്‍ ആദ്യം ചില ഉലച്ചിലുകളൊക്കെ സൃഷ്ടിച്ചെങ്കിലും ഭാര്യയും ഭര്‍ത്താവും ഓട്ടോഡ്രൈവര്‍മാരായി മാറുന്നിടത്താണ് ചിത്രം സന്തോഷകരമായി പര്യവസാനിക്കുന്നത്.
ഭര്‍ത്താവിന്റെ തണലില്‍ അയാള്‍ക്കും മകള്‍ക്കുമായി ജീവിച്ച് സാധാരണപോലെയുള്ള ഒരു ജീവിതം നയിച്ചുവരികയായിരുന്ന യുഡി ക്ലര്‍ക്കായ നിരുപമയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു വഴിത്തിരിവുണ്ടായത് ഭര്‍ത്താവും മകളും വിദേശത്തേക്കു പോയതോടെയാണ്. അതോടെ വല്ലാത്തൊരു ശൂന്യതയില്‍ അവളുടെ ജീവിതം ഇരുണ്ടുപോയി. ഉറങ്ങിയും വായിച്ചും മതിവന്നപ്പോഴാണ് ഇതുവരെയായി കുടുംബം, ഭാര്യ തുടങ്ങിയവയില്‍ പരിമിതപ്പെട്ട് താന്‍ തന്റെ കഴിവുകളെ മുഴുവന്‍ കുഴിച്ചുമൂടിയിരിക്കുകയായിരുന്നുവെന്ന് അവളറിയുന്നത്.
എന്തുമാത്രം സാധ്യതകളും കഴിവുകളും ഉണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നു നീയെന്ന കൂട്ടുകാരിയുടെ പ്രോത്സാഹനവും സ്വന്തം കഴിവുകളെ ക്രിയാത്മകമായി രൂപപ്പെടുത്തേണ്ടതിനെക്കുറിച്ചുള്ള ചിന്തകളില്‍ അവളെ കൊണ്ടുചെന്നെത്തിക്കുകയായിരുന്നു. പിന്നീട് ആരും അവള്‍പോലും വിചാരിക്കാത്ത ഒരു വഴിയിലൂടെയായിരുന്നു ആ ജീവിതം മുന്നോട്ടുപോയത്. രാഷ്ട്രപതിയില്‍ നിന്നുപോലും അവാര്‍ഡ് ഏറ്റുവാങ്ങാന്‍ കഴിയുന്ന വിധത്തില്‍ നിരുപമയുടെ ജീവിതത്തിന്റെ ഗ്രാഫ് ഉയര്‍ന്നുനില്ക്കുന്നിടത്താണ് ചിത്രം അവസാനിക്കുന്നത്.
ഒരുപാട് സ്ത്രീകള്‍ക്ക് അവരുടെ ജീവിതവുമായി റിലേറ്റ് ചെയ്യാന്‍ കഴിയുന്നതിന്റെ പേരില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട, മഞ്ജുവാര്യര്‍ എന്ന അഭിനേത്രിയുടെ രണ്ടാംവരവിനു നിമിത്തമായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിന്റെ കഥയാണ് ഇപ്പറഞ്ഞത്. പ്രായത്തിന്റെയും പ്രാരബ്ധങ്ങളുടെയും പേരില്‍ ഒരു സ്ത്രീയും തന്റെ സ്വപ്‌നങ്ങളെ പാതിവഴിയിലോ പെരുവഴിയിലോ ഉപേക്ഷിച്ചുകളയരുതെന്നുള്ള സൗമ്യമായ ഓര്‍മപ്പെടുത്തലായിരുന്നു ഈ ചിത്രം.
ഒരു തയ്യല്‍ക്കാരനായി ജീവിതമാരംഭിക്കുകയും ഗള്‍ഫില്‍ ജീവിതകാലം മുഴുവന്‍ അധ്വാനിക്കുകയും ചെയ്തതിനുശേഷം പ്രവാസജീവിതം അവസാനിപ്പിച്ച് മടങ്ങിവന്ന അയാള്‍ക്ക് വലിയൊരു സ്വപ്നമുണ്ടായിരുന്നു. മികച്ച ഒരു ഫാഷന്‍ ഡിസൈനറാകുക. അയാളുടെ പെട്ടിനിറയെ പെണ്‍കുട്ടികള്‍ക്കുള്ള വിവിധ വേഷങ്ങളുടെ പുതുമയാര്‍ന്ന ഡിസൈനുകളായിരുന്നു. മകളെയും ചേര്‍ത്ത് അങ്ങനെയൊരു ബിസിനസ് ശൃംഖല വികസിപ്പിച്ചെടുക്കാനുള്ള ശ്രമത്തിനിടയില്‍ അവിചാരിതമായി അയാള്‍ ഒരുനാള്‍ മരണമടയുന്നു. വാപ്പച്ചിയെ അത്രമേല്‍ സ്‌നേഹിച്ച മകള്‍ക്ക് ആ മരണം വലിയൊരു ആഘാതമായിരുന്നെങ്കിലും തകര്‍ന്നും തളര്‍ന്നും നില്ക്കാതെ അവള്‍ ആ സ്വപ്നം സാക്ഷാത്കരിക്കാനുള്ള ശ്രമം തുടരുന്നു. വെല്ലുവിളികളിലൂടെ അവള്‍ വിജയത്തിലെത്തുന്നു. ഒരു യുവസംരംഭകയായി മകള്‍ മാറുന്നിടത്താണ് ഈ ചിത്രം അവസാനിക്കുന്നത്.
ഷാന്‍ മുരളി സംവിധാനം ചെയ്ത ഡിയര്‍ വാപ്പിയുടെ കഥയാണിത്. ലാലാണ് പ്രസ്തുത സിനിമയിലെ വാപ്പച്ചിയെ അവതരിപ്പിച്ചത്. അനഘ നാരായണന്‍ മകളായും വേഷമിടുന്നു.
ആണ്‍തുണയില്ലാത്ത കുടുംബത്തില്‍ തങ്ങളെ ആക്രമിക്കാന്‍ വരുന്ന എല്ലാ പ്രതികൂലങ്ങളെയും വ്യക്തികളെയും സധൈര്യം നേരിടുന്ന, ആണിനൊത്ത കരുത്തോടെ കുടുംബത്തെയും സഹോദരങ്ങളെയും നയിക്കുന്ന ഈ പുഴയുംകടന്ന് എന്ന സിനിമയിലെ അഞ്ജലിയും കന്മദത്തിലെ ഭാനുമതിയും ഈ ഗണത്തില്‍ പരാമര്‍ശവിഷയമാകേണ്ട കഥാപാത്രങ്ങളാണ്. മഞ്ജുവാര്യരാണ് രണ്ടു കഥാപാത്രങ്ങളെയും അവതരിപ്പിച്ചത്.  ആണിന്റെ പിന്തുണയും പിന്‍ബലവുമില്ലാതെതന്നെ ജീവിച്ചുകാണിക്കാന്‍ തനിക്കറിയാമെന്നാണ് ഈ രണ്ടു കഥാപാത്രങ്ങളും തങ്ങളുടെ ജീവിതത്തിലൂടെ തെളിയിക്കുന്നത്.
ഈ കഥാപാത്രങ്ങളെല്ലാം പറയുന്നത് സ്ത്രീയായതുകൊണ്ടുമാത്രം തങ്ങള്‍ ഒരിടത്തുനിന്നും പിന്തള്ളപ്പെട്ടുപോകേണ്ടവരല്ലെന്നും ഉറങ്ങിക്കിടക്കുന്ന തങ്ങളുടെ കഴിവുകളെ വിളിച്ചുണര്‍ത്തേണ്ടവയാണെന്നുമാണ്. പുരുഷന്റെ നിഴലില്‍ ഒതുങ്ങാതെയും സ്വന്തം വ്യക്തിത്വം പണയപ്പെടുത്താതെയും ആത്മധൈര്യത്തോടെ ജീവിക്കാന്‍ സഹായിക്കുന്ന ഭൗതികസാഹചര്യങ്ങള്‍ ഇവിടെയെല്ലാ സ്ത്രീകള്‍ക്കുമുണ്ട്. പക്ഷേ, അവരാരും അത് കണ്ണു തുറന്നുകാണുന്നില്ലെന്നുമാത്രം.
ചിന്താവിഷ്ടയായ ശ്യാമളയിലെ ശ്യാമള തന്റെ അനിയത്തി വിവാഹിതയാകുമ്പോള്‍ പറഞ്ഞുകൊടുക്കുന്ന ഒരു ഉപദേശമുണ്ട്. വിവാഹം കഴിഞ്ഞാലും പഠനം അവസാനിപ്പിക്കരുത്. സ്വന്തം കാലില്‍ നില്ക്കാനുള്ള കരുത്തുണ്ടാകണം.
അതേ, വിദ്യാഭ്യാസം ഒരു സ്ത്രീക്കു നല്കുന്ന ആത്മവിശ്വാസം തെല്ലും നിസ്സാരമല്ല. ലോകത്തെ മനസ്സിലാക്കാനും സാഹചര്യങ്ങളെ ഉള്‍ക്കൊള്ളാനും പ്രതികൂലങ്ങളെ നേരിടാനും അവള്‍ക്കു കരുത്തുണ്ടാകുന്നത് വിദ്യാഭ്യാസത്തിലൂടെയാണ്. വിദ്യാഭ്യാസമുള്ള ഒരാള്‍ക്കു തീര്‍ച്ചയായും ആത്മവിശ്വാസവുമുണ്ടായിരിക്കും.
അതുകൊണ്ട്, ആത്മധൈര്യത്തോടും വിശ്വാസത്തോടുംകൂടി സ്ത്രീകള്‍ മുന്നോട്ടിറങ്ങട്ടെ. ഭാര്യയായിപ്പോയതുകൊണ്ടോ അമ്മയായതുകൊണ്ടോ അവരുടെ സാധ്യതകള്‍ അവസാനിക്കുന്നില്ല. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ്, സുരക്ഷിതലാവണങ്ങള്‍ വിട്ടുപേക്ഷിച്ച് മുന്നിട്ടിറങ്ങുമ്പോള്‍ വിജയം അവളെ തേടിവരും. അപ്പോള്‍ അവള്‍ ആയിരിക്കുന്ന അവസ്ഥകള്‍പോലും അപ്രസക്തമാകും.

 

Login log record inserted successfully!