•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

നിങ്ങള്‍ എന്തു വായിച്ചു? എത്രത്തോളം വളര്‍ന്നു?

വായിച്ചുവളരുകയെന്നത് നമുക്കു പൈതൃകമായി ലഭിച്ചിട്ടുള്ള വരദാനമാണ്. ജീവിതച്ചെലവു വെട്ടിച്ചുരുക്കിയും  ദൈനംദിനാവശ്യങ്ങള്‍ മാറ്റിവച്ചും നിലവാരമുള്ള പുസ്തകങ്ങളും ആനുകാലികപ്രസിദ്ധീകരണങ്ങളും  സ്വന്തമാക്കുന്ന ഒരു പതിവ് കുടുംബബങ്ങളില്‍ നിലനിന്നിരുന്നു.  മാത്രമല്ല, വായനശാലകളിലും നാല്ക്കവലകളിലും ചായക്കടകളിലും മറ്റും അരങ്ങേറിയിരുന്ന അന്തിച്ചര്‍ച്ചകളില്‍ പുകള്‍പെറ്റ എഴുത്തുകാരെക്കുറിച്ചും അവരുടെ സാഹിത്യസൃഷ്ടികളെക്കുറിച്ചുമുള്ള വിലയിരുത്തലുകളും വിമര്‍ശനങ്ങളും കാലഘട്ടങ്ങളെക്കുറിച്ചുള്ള അറിവിന്റെ വാതായനങ്ങള്‍ മലര്‍ക്കെത്തുറന്നിടാന്‍ വളരെയേറെ സഹായിച്ചിട്ടുണ്ട്.

മനുഷ്യനില്‍ കുടികൊള്ളുന്ന മാനസികവും ആത്മീയവും ബൗദ്ധികവുമായ നല്ല ഭാവങ്ങളെ പരിപോഷിപ്പിക്കാന്‍ ഗ്രന്ഥപാരായണംപോലെ മറ്റൊരു മാര്‍ഗവുമില്ല. വായനശാലകളില്‍  സമ്മേളിക്കാറുള്ള സായാഹ്നസദസ്സുകളിലൂടെ പ്രതിഭാശാലികളായി, സര്‍ഗപ്രതിഭകളായി  ചരിത്രത്തില്‍ പാദമുദ്ര പതിപ്പിച്ചു കടന്നുപോയവരാണ് ഉള്ളൂര്‍, വള്ളത്തോള്‍, കുമാരനാശാന്‍, ജി. ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, തകഴി തുടങ്ങിയ സാഹിത്യനായകര്‍. അതിനാല്‍, വായനയോടു നാം നിസ്സംഗത കാണിക്കരുത്. നല്ല പുസ്തകങ്ങള്‍ തിരഞ്ഞെടുത്തു വായിക്കണം. കൈയില്‍ കിട്ടുന്നതെല്ലാം വായിക്കുന്നതു നല്ല പ്രവണതയല്ല. അറിവില്ലായ്മയെക്കാള്‍ വലിയ ആഘാതമാണ് തെറ്റായ അറിവുകളിലൂടെ ലഭ്യമാകുന്നത്.
ഒരു പുസ്തകം വായിക്കുന്ന വ്യക്തി ആ കാലഘട്ടവും അന്നത്തെ സംസ്‌കാരവുമായി താദാത്മ്യം പ്രാപിക്കുന്നു. പഴമയില്‍നിന്നു പുതുമയിലേക്കും പുതുമയില്‍നിന്നു പഴമയിലേക്കും അനായാസം കടന്നുപോകാനുള്ള പാലമാണ് വായന. ഇന്നലെകളെയും നാളെകളെയും  ഇന്നില്‍ കോര്‍ത്തിണക്കി ത്രികാലങ്ങളില്‍ ജീവിക്കാനുള്ള ശക്തിസ്രോതസ്സ് വായനയില്‍ നിക്ഷിപ്തമാണ്. അറിവിന്റെ ആത്മാവായ വായനയിലൂടെ വിവേകവും വിജ്ഞാനവും ധര്‍മവും നര്‍മവുമൊക്കെ നാമറിയാതെ നമ്മിലേക്ക് ഒഴുകിയിറങ്ങുന്നു. പുരോഗതിയുടെ പുത്തന്‍ചാലുകള്‍ കീറിക്കൊണ്ടുള്ള മാറ്റങ്ങളുടെ ഒരു ലോകത്താണ് നാമിന്നു ജീവിക്കുന്നത്. അതില്‍ മര്‍മപ്രധാനമായിട്ടുള്ളത്  വിവരസാങ്കേതികവിദ്യയുടെ വളര്‍ച്ചയാണ്. ഈ വളര്‍ച്ച വായനസംസ്‌കാരത്തിന്റെ കടയ്ക്കല്‍ കോടാലി വയ്ക്കുന്നില്ലേ എന്നുകൂടി ആഴത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്റര്‍നെറ്റിന്റെ ഉപയോഗം വ്യാപകമായതോടെ ഗ്രന്ഥശാലകള്‍മാത്രമല്ല, സ്‌കൂള്‍, കോളജ് ലൈബ്രറികള്‍ പോലും അനിശ്ചിതാവസ്ഥയിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നത് ഒരു യാഥാര്‍ഥ്യംതന്നെയാണ്. ദൂരവും സമയവും കൈപ്പിടിയിലൊതുക്കിയെന്ന് അഭിമാനിക്കുമ്പോഴും പിന്നിലേക്കു തിരിഞ്ഞുനോക്കാന്‍ നാം മറക്കരുത്.
ദൃശ്യശ്രാവ്യമാധ്യമങ്ങളെക്കാള്‍ ഹൃദയത്തോടു പറ്റിച്ചേരുന്നത് മനസ്സിരുത്തിയുള്ള പരന്ന വായനയാണ്. കൂടുതല്‍ കാലം മനസ്സില്‍ തങ്ങിനില്‍ക്കുന്നതും മനനം ചെയ്യാനുള്ള ഉള്‍പ്രേരണ ലഭിക്കുന്നതും വായനയില്‍നിന്നാണ്. വായനപോലെ ചെലവു കുറഞ്ഞതും ആനന്ദം പകരുന്നതുമായ മറ്റൊരു വിനോദവുമില്ല. അതിനു വേണ്ടുന്നത് ഒന്നുമാത്രം: കുട്ടിക്കാലംമുതല്‍ വായനശീലം വളര്‍ത്താന്‍ മാതാപിതാക്കള്‍ ശ്രദ്ധാലുക്കളായിരിക്കണം!
നാം വായിക്കുന്ന ഓരോ പുസ്തകവും ഓരോ സൃഷ്ടിയാണ്; ഗ്രന്ഥകര്‍ത്താക്കള്‍  സ്രഷ്ടാക്കളും. ശാസ്ത്രസാങ്കേതികവിദ്യകള്‍ മനുഷ്യബുദ്ധിയെ വികസിപ്പിച്ച് അദ്ഭുതാവഹങ്ങളായ കണ്ടുപിടിത്തങ്ങള്‍ നടത്തുമ്പോള്‍ കലാസാഹിത്യാദികള്‍ മനുഷ്യമനസ്സിലെ സര്‍ഗാത്മകതകളെ തൊട്ടുണര്‍ത്തി വിസ്മയങ്ങള്‍ വിരിയിക്കുന്ന സൃഷ്ടികള്‍ നടത്തുന്നു. മതഗ്രന്ഥങ്ങളും ഇതിഹാസങ്ങളും പുരാണങ്ങളുമെല്ലാം അതിജീവനത്തിന്റെ ഊര്‍ജസംഭരണിയായി, സത്യാന്വേഷണത്തിന്റെ കണ്ടെത്തലുകളായി, നന്മതിന്മകളുടെ തിരിച്ചറിവായി, ജീവിതയാത്രയിലെ പാഥേയമായി, ഇരുള്‍വഴികളിലെ  വിളക്കുമരമായി നിലകൊള്ളുന്നു. ഈ ആനുകൂല്യങ്ങളെല്ലാം  വായന എന്ന പുണ്യത്തെ ഹൃദയത്തോടു ചേര്‍ത്തുവയ്ക്കുന്നവര്‍ക്കുള്ളതാണ്.
ഓരോ പുസ്തകത്തിന്റെയും ഉള്ളടക്കം എത്രയോ സര്‍ഗപ്രതിഭകളുടെ, ദാര്‍ശനികരുടെ, ചിന്തകരുടെ നീണ്ട നാളുകളുടെ  അനുഭവങ്ങളുടെയും അപഗ്രഥനങ്ങളുടെയും ഉള്‍ക്കാഴ്ചകളുടെയും ചൂളയില്‍ ചുട്ടെടുത്ത, വാക്കുകളുടെ സമാഹാരമാണ്! അതുകൊണ്ടുതന്നെ, ഓരോ ഗ്രന്ഥത്തിന്റെയും വില അമൂല്യമാണ്. ഒപ്പം, ഓരോ ഗ്രന്ഥശാലയും  ഓരോ വിദ്യാലയമാണെന്നു നാം മനസ്സിലാക്കണം. മിസ്റ്റിക് കവിയായ ജി. ശങ്കരക്കുറുപ്പിന്റെ കവിതാശകലങ്ങള്‍ക്കിവിടെ പ്രസക്തിയേറുന്നു: 
''ജീവിതം എനിക്കൊരു ചൂളയായിരുന്നപ്പോള്‍
ഭൂവിനാവെളിച്ചത്താല്‍ വെണ്മ ഞാനുളവാക്കി!'' 
നല്ല എഴുത്തുകാര്‍ക്കും നല്ല പുസ്തകങ്ങള്‍ക്കും മരണമില്ല. യൂറോപ്പിലെ ക്രിസ്ത്യന്‍ മിഷനറിമാരാണ് ലോകത്താദ്യമായി പുസ്തകങ്ങള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ വായിച്ചിട്ടുള്ളതും  വിറ്റഴിച്ചിട്ടുള്ളതുമായ പുസ്തകം ബൈബിളാണ്. 700 കോടിയോളം പ്രതികള്‍ ഇതിനോടകം വിറ്റഴിക്കപ്പെട്ടിട്ടുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. കണക്കില്‍പ്പെടാത്തത് വേറെയും.
ഒരു വീട്ടില്‍ ഒരാളെങ്കിലും വായനശീലമുള്ളയാളാണെങ്കില്‍ അവരിലൂടെ പ്രസരിക്കുന്ന നല്ല ചിന്തകളും ബോധ്യങ്ങളും അറിവും നെറിവും മറ്റുള്ളവരിലേക്കുകൂടി വന്നുചേരുക സ്വാഭാവികംതന്നെ. വായനക്കാരാണ് വായനയ്ക്ക് വസന്തവും സുഗന്ധവും പകരുന്നത്. ശാസ്ത്രസാങ്കേതികവിദ്യകളുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയും ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ അതിപ്രസരവും വഴി ലോകമിന്ന് ഓരോ വ്യക്തിയുടെയും വിരല്‍ത്തുമ്പിലാണ്. കമ്പ്യൂട്ടര്‍ ഗെയിമുകള്‍,  കാര്‍ട്ടൂണ്‍ ചാനലുകള്‍, ഇന്റര്‍നെറ്റ് വായനകള്‍, മൊബൈല്‍ വാട്‌സാപ്പ്, ഫെയ്‌സ്ബുക്ക് എന്നിവയില്‍ ജീവിതം തളച്ചിട്ടിരിക്കുന്ന ആബാലവൃദ്ധം ജനങ്ങള്‍ ഇന്നിന്റെ നേര്‍ക്കാഴ്ചകളായി മാറിക്കഴിഞ്ഞിരിക്കുന്നു. അടിവേരുകളാണല്ലോ ഒരു വൃക്ഷത്തെ താങ്ങിനിര്‍ത്തുന്നത്. മൂലം മറന്നാല്‍ മൂല്യച്യുതി എന്നാണല്ലോ ചൊല്ല്. പിന്നിലേക്കു തിരിഞ്ഞുനോക്കുവാനുംകൂടി നാം മറക്കരുത്.
ക്രാന്തദര്‍ശിയും മഹാപ്രതിഭയുമായ പി. എന്‍.  പണിക്കരുടെ ചരമദിനമായ ജൂണ്‍ 19 വായനദിനമായി കേരളീയരായ അക്ഷരസ്‌നേഹികള്‍ ആചരിച്ചുപോരുന്നു. 'വായിച്ചു വളരുവിന്‍, ശക്തരും പ്രബുദ്ധരുമാകുവിന്‍' എന്ന സന്ദേശവുമായി തിരുവനന്തപുരം മുതല്‍ കാസര്‍കോടുവരെ നഗ്നപാദനായി ചുറ്റിസ്സഞ്ചരിച്ച് ഗ്രന്ഥശാലാപ്രസ്ഥാനത്തെ ജനകീയമാക്കുകയും സാക്ഷരകേരളത്തിന് അടിസ്ഥാനമിടാന്‍ അക്ഷീണം പരിശ്രമിക്കുകയും ചെയ്ത ധീരയോദ്ധാവാണ് പി. എന്‍. പണിക്കര്‍. ആ ദീപ്തസ്മരണയ്ക്കുമുമ്പില്‍ പ്രണാമമര്‍പ്പിക്കുന്നതോടൊപ്പം വായനയുടെ ഈ ആചാര്യന്റെ സന്ദേശങ്ങളോടു നീതി പുലര്‍ത്താനും കൂടി നമുക്കു കടമയുണ്ടെന്ന തിരിച്ചറിവിലേക്കു നടന്നടുക്കാം!...

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)