•  16 May 2024
  •  ദീപം 57
  •  നാളം 10
നോവല്‍

പലായനം

ടക്കല്ലുകള്‍ക്കു മുകളില്‍ പൂമുഖത്ത് സാക്ഷാല്‍ ഇട്ടിമാത്തൂത്തരകനും ഭാര്യ ആണ്ടമ്മയും ഇയ്യോബിന്റെ സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും മക്കളും വരവേല്‍ക്കാന്‍ നില്പുണ്ട്. അമ്മായിയമ്മ മരുമകളുടെ കഴുത്തില്‍ ഒരു സ്വര്‍ണക്കൊന്ത ഇട്ടു സ്വീകരിച്ച് കൈപിടിച്ചു.
''വലതുകാല്‍വച്ചു കേറ് മോളേ.'' കൂട്ടത്തില്‍ പ്രായം ചെന്ന ആരോ വിളിച്ചുപറഞ്ഞു. താണ്ടമ്മ വളരെ സാവകാശം വലതുകാല്‍ ഉയര്‍ത്തി അമ്മായിയമ്മയുടെ കരംഗ്രഹിച്ച് അകത്തേക്കു പ്രവേശിച്ചു. താണ്ടമ്മ തങ്ങളുടെ നാട്ടാചാരമനുസരിച്ചു രണ്ടുകൈകളും കൂട്ടിപ്പിടിച്ച് സ്തുതിചൊല്ലി അമ്മായിയമ്മയെ ആശ്ലേഷിച്ചു കവിളില്‍ ഉമ്മ കൊടുത്തു. മരുമകളുടെ ചുംബനം ആണ്ടമ്മയ്ക്ക് അത്ര ഇഷ്ടപ്പെട്ടില്ല. ഇതെവിടത്തെ ആചാരം? എങ്കിലും ഇഷ്ടക്കേട് പുറത്തു കാണിച്ചില്ല.
താണ്ടമ്മ അടുത്തതായി മാത്തൂത്തരകനു കുനിഞ്ഞു സ്തുതിചൊല്ലി അപ്പച്ചന്റെ കവിളിലും മുത്തം കൊടുത്തു. ആണ്ടമ്മയുടെ നെഞ്ചില്‍ ഒരു വെള്ളിടി വെട്ടി.
തുടര്‍ന്ന് അവിടെ കൂടിനിന്ന നാത്തൂന്‍മാര്‍ക്കും അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും സ്തുതി ചൊല്ലി. എല്ലാവര്‍ക്കും കൊടുത്തു, ലോഭമില്ലാതെ ഓരോ ഉമ്മയും ആശ്ലേഷവും. 
''ഇവള് ഇവിടം കലക്കും.''
ആണ്ടമ്മ മനസ്സില്‍ മന്ത്രിച്ചു.  ആണ്ടമ്മയുടെ കുടുംബവീട് മീനച്ചിലാണ്. ശങ്കൂരിക്കല്‍ എന്നു വച്ചാല്‍ ശങ്കരപുരി തറവാട്. മീനച്ചില്‍ കര്‍ത്താക്കന്മാര്‍ എണ്ണ തൊടീക്കാന്‍ കുറവിലങ്ങാട്ടുനിന്നു കൊണ്ടുവന്ന പുരാതന ക്രൈസ്തവകുടുംബം. പാലയൂരില്‍ തോമാശ്ലീഹാ ജ്ഞാനസ്‌നാനപ്പെടുത്തിയ നാല് ഇല്ലക്കാരില്‍പ്പെടുന്നു, അവര്‍ എന്നാണു പാരമ്പര്യം.
ഈ പാരമ്പര്യം ചിലപ്പോള്‍ വഴക്കു കൂടുമ്പോള്‍ അവര്‍ പറയാറുമുണ്ട്.
''നിയ്യ് ശങ്കൂരിക്കലെ ആണെങ്കി ഞാന് പകലോമറ്റത്തെയും. ഞങ്ങ്‌ടെ കാരണവരന്മാരും കുറവിലങ്ങാടുനിന്ന് തിരുവല്ലായിലും പിന്നെ ചങ്ങനാശ്ശേരിയിലും എത്തീതാ. അതോണ്ട് നിയ്യ് കുടുംബമഹിമയൊന്നും വെളമ്പണ്ട.''
അപ്പോള്‍ നാവടക്കും ആണ്ടമ്മ. പിന്നീട് എന്തെങ്കിലും പിറുപിറുത്തുകൊണ്ട് നേരേ അടുക്കളക്കെട്ടിലേക്കു പോകും.
ആണ്ടമ്മയ്ക്ക് അല്പം നിറക്കുറവുണ്ട്; ഇട്ടിമാത്തൂനെ അപേക്ഷിച്ച്. അതിന്റെ ഒരു ജാള്യം പലപ്പോഴും അവരുടെ സംസാരത്തിലും പ്രതിഫലിക്കും. കെട്ടിവന്ന കാലം മുതലുള്ളതാണ്.
ഇനിയിപ്പോ ഈ അറുപതാം വയസ്സില് അതൊക്കെ പറഞ്ഞിട്ടെന്തുകാര്യം എന്നാണ് ആണ്ടമ്മയുടെ ചിന്ത.
''വാ മോളേ! വല്യപ്പച്ചനെ കാണാം.''
ഇട്ടിമാത്തൂത്തരകന്‍ മരുമകളെയും മകനെയും കൂട്ടി തെക്കേ അറയിലേക്കു നടന്നു. വിശാലമായ പൂമുഖവും കടന്ന്, നീണ്ട ഇടനാഴി താണ്ടി അവര്‍ വലിയ തരകന്റെ അറയുടെ മുന്നിലെത്തി, മെല്ലെ ചാരിയ വാതില്‍പ്പാളി സാവകാശം തുറന്ന് അകത്തു പ്രവേശിച്ചു. മുറിയില്‍നിന്നു കാച്ചിയ എണ്ണയുടെയും പലതരം കുഴമ്പിന്റെയും സമ്മിശ്രഗന്ധം. പഴക്കത്തിന്റെയും കെട്ടിക്കിടക്കുന്ന വായുവിന്റെയും ചൂര് താണ്ടമ്മയുടെ മൂക്കിലേക്ക് അടിച്ചു കയറി.
ചൂരല്‍ മെടഞ്ഞ ഒരു ചാരുകസേരയില്‍ വിശ്രമിക്കുകയാണ് വലിയ തരകന്‍. സഹായി തൊമ്മി രാമച്ചവിശറിക്കൊണ്ട് മെല്ലെ വീശുന്നുണ്ട്. താണ്ടമ്മയെക്കണ്ട് തൊമ്മി ഭവ്യതയോടെ മാറിനിന്നു. 
''വല്യപ്പച്ചന് കേഴ്‌വിക്കൊറവൊണ്ട് ഒറക്കെ പറയണം.'' മാത്തുത്തരകന്‍ മരുമകളോടായി പറഞ്ഞു.
''അപ്പാ ഇതാരാ വന്നിരിക്കണതെന്നു നോക്കിക്കേ! ഇയ്യോബിന്റെ പെണ്ണാ. താണ്ടമ്മ.'' മാത്തൂത്തരകന്‍ ഉറക്കെ വിളിച്ചു കൂവി.
''ങേഹേ! നീയെന്താ പറഞ്ഞേ.'' 
വലിയ മുഴക്കമുള്ള ശബ്ദം.
താണ്ടമ്മ ചാരുകസേരയിലേക്കു നോക്കി. ഇപ്പോഴും നല്ല പവന്‍നിറം. തന്റെ അപ്പനെപ്പോലെ കഷണ്ടിയല്ല. തല നിറയെ പഞ്ഞിക്കെട്ടുപോലെ നരച്ച കുറ്റിത്തലമുടി. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകള്‍.
''അപ്പന്റെ കണ്ണിനു കാഴ്ചക്കൊറവൊണ്ട്. അപ്പന് കഴിഞ്ഞ മേടത്തില് തൊണ്ണൂറ്റിനാലായി.''
''അപ്പാ, മ്മടെ ഇയ്യോബിന്റെ പെണ്ണ്.''
താണ്ടമ്മ മുന്നോട്ടു കടന്നുവന്ന് വലിയ തരകനു സ്തുതി ചൊല്ലി. കവിളത്ത് ഉമ്മയും കൊടുത്തു. പുകയിലയുടെ മണമടിച്ചപ്പോള്‍ അവള്‍ക്ക് ഓക്കാനം വന്നു. എന്നിരിക്കിലും അവള്‍ അത് പുറത്തു കാണിച്ചില്ല.
വലിയ തരകന്‍ തന്റെ ദുര്‍ബലമായ കരംകൊണ്ട് താണ്ടമ്മയുടെ മുതുകില്‍ തലോടി. എന്നിട്ട് വെടിപൊട്ടുന്ന ശബ്ദത്തില്‍ പറഞ്ഞു:
''നിയ്യ് ഈ തറവാടിന്റെ വെളക്കാ മോളേ! എനി നീയ്യ് വേണം ഇയ്യോബിനെ നേര്‍ക്കു നടത്താന്‍. നിയ്യ് നന്നായി വരും.''
വലിയ തരകന്‍ അവളുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. താണ്ടമ്മ തല കുനിച്ച് അനുഗ്രഹം ഏറ്റുവാങ്ങി.
''വല്യപ്പച്ചാ! ന്നാ ഞങ്ങള് ഇങ്ങോട്ട്...'' ഇയ്യോബ് വലിയ തരകന്റെ ചെവിയില്‍ ചുണ്ടുചേര്‍ത്തു വിളിച്ചുകൂവി.
''നിങ്ങള് വരിന്‍.'' 
ഇട്ടിമാത്തൂത്തരകനു പിന്നാലെ ഇയ്യോബും താണ്ടമ്മയും ചെന്നു.
തോഴിയായി വന്ന കുഞ്ഞുപെണ്ണ് ആഭരണപ്പെട്ടിയുമായി കാത്തുനില്‍ക്കുന്നു. ഇട്ടിമാത്തുത്തരകന്‍ വരുന്നതു കണ്ട് കുഞ്ഞുപെണ്ണ് ഒതുങ്ങിനിന്നു.
ഇയ്യോബും താണ്ടമ്മയും തരകനും മുറ്റത്തിനു വെളിയില്‍ കാത്തുനിന്ന ചെറുമിക്കൂട്ടത്തിനരികിലെത്തി. കാര്യസ്ഥന്‍ കൊണ്ടുവച്ച കോടിമുണ്ടും ചുട്ടിത്തോര്‍ത്തും ഓരോന്നുവീതം എല്ലാവര്‍ക്കും കൊടുത്തു. ഇയ്യോബ് മുണ്ടും താണ്ടമ്മ ചുട്ടിത്തോര്‍ത്തും. അടിയാര്‍ ഭവ്യതയോടെ അവ ഏറ്റുവാങ്ങി.
''എനി... ല്ലാരും അപ്പൊറത്തു ചെന്ന് ചോറു തിന്നു പോയാ മതി.''
''ശെരിയെമ്പ്രാ... ന്നാല് അടിയങ്ങള്... അങ്ങോട്ട്...'' 
കൂട്ടത്തിലെ മൂപ്പന്‍ താണു വണങ്ങി.
പുതിയ കൊച്ചമ്പ്രാട്ടിയെ മുഖം കാണിക്കാന്‍ കാത്തുനിന്നവര്‍ സന്തോഷത്തോടെ ബംഗ്ലാവിന്റെ പിന്നാമ്പുറത്തേക്കു കലപില കൂട്ടി നീങ്ങി. കൊച്ചുപിച്ചടക്കം എല്ലാവര്‍ക്കും കിട്ടി മുണ്ടും തോര്‍ത്തും. അതിന്റെ സന്തോഷം അവരുടെ മുഖത്തു കാണാം. അവര്‍ തൊടിയില്‍നിന്നു വാഴയില മുറിച്ചെടുത്ത് പര്യമ്പുറത്തുചെന്നു. തോര്‍ത്തു വിരിച്ച് ഇല അതില്‍ വച്ചു. 
പുത്തന്‍ചൂരല്‍കൊട്ടകളില്‍ ചൂടുചോറ്. വലിയ മണ്‍ചട്ടികളില്‍ പുഴമീന്‍ കറി, വലിയ പാണ്ടിക്കലങ്ങളില്‍ കാളയിറച്ചിയും പന്നിപ്പെരളനും എരിശേരിയും. വാല്യക്കാര്‍ ഉത്സാഹപൂര്‍വം വിളമ്പി. വീട്ടിലിക്കുന്ന കാര്‍ന്നോന്മാര്‍ക്കുംകൂടി വാങ്ങി പൊതികെട്ടി എല്ലാവരും കുടിലിലേക്കു മടങ്ങി.
താണ്ടമ്മയുടെകൂടെ വന്നവര്‍ക്കും കിട്ടി മുണ്ടും തോര്‍ത്തും. ഒപ്പം ഒരു നേര്യതും. അവര്‍ക്ക് ഉരപ്പുരയുടെ ഇളംതിണ്ണയില്‍ ഇലയിട്ടു ഭക്ഷണം വിളമ്പി. 
ആ സമയം അകത്തളത്തിലെ വലിയ മേശയില്‍ തറവാട്ടിലെ ആണുങ്ങള്‍ ഊണു കഴിച്ചു. പെണ്ണുങ്ങള്‍ വിളമ്പി. ഇയ്യോബിനൊപ്പം താണ്ടമ്മയെയും ഇരിക്കാന്‍ ക്ഷണിച്ചു. എത്ര വിളിച്ചിട്ടും അവള്‍ മടിച്ചുനിന്നു. പുറപ്പെടാന്‍നേരം അമ്മ പറഞ്ഞ വാക്കുകള്‍ അവള്‍ ഓര്‍ത്തു. വേണ്ട അതു ശരിയല്ല. 
താണ്ടമ്മയുടെകൂടെ വന്ന സംഘം മൂന്നുമണിക്കുള്ള കാപ്പി കുടി കഴിഞ്ഞാണ് തിരികെ പ്പോയത്. ചക്കരക്കാപ്പിയും കൊഴുക്കട്ട പുഴുങ്ങിയതും കണ്ണന്‍ പഴവും. 
പോകാന്‍നേരം കുഞ്ഞുപെണ്ണ് അറയുടെ വാതില്‍ക്കല്‍ തല കാണിച്ചു. താണ്ടമ്മ ഇറങ്ങി വന്നു. അഞ്ചുവയസ്സുമുതലുള്ള തോഴിയും കൂട്ടുകാരിയുമാണ്. എന്തു രഹസ്യമുണ്ടെങ്കിലും കുഞ്ഞുപെണ്ണിനോടു പറയും. ഇന്നലെവരെ താണ്ടമ്മയെ എണ്ണ തേപ്പിക്കുന്നതും ഇഞ്ചയിട്ടു പുറം തേച്ചുകൊടുക്കുന്നതും കാലിലെയും കൈയിലെ വിരലുകള്‍ വൃത്തിയാക്കി മൈലാഞ്ചി ഇട്ടുകൊടുക്കുന്നതും കുഞ്ഞുപെണ്ണായിരുന്നു. അപ്പന്‍ ചങ്ങനാശേരിച്ചന്തയില്‍നിന്നു മടങ്ങുമ്പോള്‍ വഴിയില്‍നിന്നു കിട്ടിയ മൂന്നുവയസ്സുകാരി. 
താണ്ടമ്മ കുഞ്ഞുപെണ്ണിനൊപ്പം മുറ്റത്തേക്കു വന്നു. പോകാന്‍നേരം കൂട്ടുകാരിയുടെ കൈയില്‍പിടിച്ചു. താണ്ടമ്മ തന്റെ കൈയില്‍ കിടന്ന ഒരു സ്വര്‍ണക്കാപ്പ് ഊരി നിര്‍ബന്ധിച്ച് അവളുടെ കൈയിലിട്ടു. പടിപ്പുരയ്ക്കു സമീപം ചെന്നപ്പോള്‍ അവള്‍ ഒന്നു തിരിഞ്ഞുനോക്കി. താണ്ടമ്മയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. അവള്‍ പുറംകൈകൊണ്ട് കണ്ണുതുടച്ചു. 

(തുടരും)

Login log record inserted successfully!