•  16 May 2024
  •  ദീപം 57
  •  നാളം 10
നോവല്‍

പലായനം

ല്യാണത്തലേന്ന്. പന്തലില്‍ കൊട്ടാരത്തില്‍ തറവാട്ടിലെ അടുത്ത ബന്ധുക്കളും അയല്‍ക്കാരും ഒത്തുകൂടിയിട്ടുണ്ട്. ഇട്ടി ഇയ്യോബ് തരകന്റെ അന്തംചാര്‍ത്തലും മധുരം വയ്പുമാണ് ചടങ്ങ്. പന്തലില്‍ അവിടവിടെയായി കെട്ടിത്തൂക്കിയിരിക്കുന്ന പെട്രോമാക്‌സുകളുടെ ധൂസരപ്രകാശത്തില്‍ ചിലര്‍ വെളിച്ചത്തിലും ചിലര്‍ നിഴലിലുമാണ്. 
പന്തലിന്റെ തെക്കേവശത്ത് ഒരു സ്റ്റൂളിട്ട് വെള്ളവിരിച്ച് അതിലിരുത്തിയിരിക്കുകയാണ് നവവരന്‍ ഇയ്യോബ് തരകനെ. സ്റ്റൂളിലല്ല, ആചാരപ്രകാരം കൊരണ്ടിയിട്ട് വെള്ളവിരിച്ച് അതിലിരുത്തുകയാണു വേണ്ടതെന്ന അഭിപ്രായം ചില പ്രായംചെന്ന കാരണവന്മാര്‍ പറഞ്ഞു. പക്ഷേ, ഇയ്യോബിന് അങ്ങനെ ചമ്രംപടിഞ്ഞിരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. 
ആചാരപ്രകാരം നവവരനെ  മൂത്ത അളിയന്‍ പൊറിഞ്ചു വാണ് പൂമുഖത്തുനിന്നു കൈപിടിച്ച് പന്തലിലേക്ക് ആനയിച്ച് സ്റ്റൂളില്‍ക്കൊണ്ടിരുത്തിയത്. ഒപ്പം മൂത്തസഹോദരി ഏലിക്കുട്ടിയുമുണ്ട്... സദസ്യരോടായി പൊറിഞ്ചു ഉച്ചത്തില്‍ ചോദിച്ചു:
''കൊട്ടാരത്തില്‍ ഇട്ടിമാത്തുതരകന്‍ മകന്‍ ഇയ്യോബ് തരകന് ചന്തം ചാര്‍ത്തട്ടെ.''
പന്തലില്‍ ആരോ പറഞ്ഞു:
''കേട്ടില്ലച്ചായാ.''
പൊറിഞ്ചു ആവര്‍ത്തിച്ചു. വീണ്ടും ആരോ മന്ത്രിച്ചു. ''ഞങ്ങളു കേട്ടില്ലച്ചായാ.''
പൊറിഞ്ചു കുറേക്കൂടി ഉച്ചത്തില്‍ വിളിച്ചുകൂവി: 
''ആവാം, അച്ചായാ ആവാം.''
''അമ്പിട്ടനെവിടെ?''
പന്തലിന്റെ വടക്കേകോണില്‍നിന്ന് കേളൂക്ഷുരകന്‍ എണീറ്റ് ക്ഷുരകപ്പെട്ടിയുമായി വന്നു. അനുവാദത്തിനായി സദസ്സിനെ നോക്കി വണങ്ങി. എന്നിട്ട് സദസ്സിനോടായി -
''എന്നാ അടിയന്‍ അന്തംചാര്‍ത്ത് തൊടങ്ങട്ടെ മാളോരേ.''
സദസ്സ് പറഞ്ഞു: ''ഒവ്വവ്വ്.''
കേളു തന്റെ പെട്ടിതുറന്ന് ക്ഷൗരക്കത്തി നിവര്‍ത്ത് ഉരകല്ലില്‍ ശ്രദ്ധാപൂര്‍വം തേച്ചെടുത്തു. ഇയ്യോബിന്റെ മുഖം നനച്ച് സോപ്പുപുരട്ടി ഒരിക്കല്‍ക്കൂടി സദസ്സിനെ നമിച്ച് ക്ഷൗരം നടത്തി.
കേളു ജോലി പൂര്‍ത്തിയാക്കി. ഇയ്യോബിന്റെ രണ്ടാമത്തെ അളിയന്‍ കുഞ്ഞുതോമ കോടിമുണ്ടും കസവുകവണിയും വെറ്റിലയില്‍ പഴുത്ത അടയ്ക്കയും ഒരു പൊന്‍പണവും കേളുവിനു സമ്മാനിച്ചു. വീണ്ടും സദസ്സിനെ വണങ്ങി കേളു വേദിയില്‍നിന്നിറങ്ങി. അയാളുടെ കാതിലെ മുത്തുപതിച്ച സ്വര്‍ണക്കടുക്കന്‍ തിളങ്ങി.
പാചകപ്പുരയില്‍നിന്ന് അപ്പോള്‍ മൊരിഞ്ഞ മൂരിയിറച്ചിയുടെയും ആട്ടിറച്ചിയുടെയും അടുപ്പില്‍ തിളച്ചുമറിയുന്ന മീന്‍കറിയുടെയും മണം പന്തലിലേക്ക് ഓടിക്കയറി.
പരിചയസമ്പന്നരായ വിളമ്പുകാര്‍ പന്തലില്‍ തയ്യാറായി നില്ക്കുകയാണ്. ആളുകള്‍ എണീറ്റ്, മുറ്റത്തിനു വെളിയില്‍ ചെമ്പില്‍ നിറച്ചുവച്ചിരിക്കുന്ന വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന പുതിയ ചിരട്ടകളില്‍ വെള്ളം കോരി കൈയും മുഖവും കഴുകി പന്തലിലേക്കു തിടുക്കത്തില്‍ വന്നു.
പിന്നെ സദ്യയുടെ ബഹളമായി. വിളമ്പുകാര്‍ ഇലയിടുന്നു. വിളമ്പുകാര്‍ ഇലയിടുന്നു. തൊട്ടുപിന്നാലെ ഉപ്പുവിളമ്പി ഒരാള്‍. രണ്ടുപേര്‍ വല്ലത്തില്‍ കൊണ്ടുവന്ന ചോറ് ഒരാള്‍ പ്ലേറ്റുകൊണ്ട് കോരി ഇലയിലിടുന്നു. ഇളംപന്നിയുടെ ഇറച്ചിക്കറി പിന്നാലെ ചോറിലൊഴിച്ച് ഒരാള്‍. നാലുപന്തിയിലും ഒരേസമയം വിളമ്പുകാര്‍ ആവശേത്തോടെ ഓടിനടക്കുന്നുണ്ട്. ആട്ടിറച്ചിയും മീന്‍കറിയും കാളയിറച്ചി വരട്ടിയതും കാളനും വിളമ്പുന്ന തിരക്കിലാണു മറ്റു ചിലര്‍.
ഇയ്യോബിന്റെ അഞ്ച് അളിയന്മാരും ചില നാട്ടുപ്രമാണിമാരും ഓരോരുത്തരുടെയും ഇല നിരീക്ഷിച്ച് കുറവുള്ളതു വിളമ്പാന്‍ വിളമ്പുകാര്‍ക്കു നിര്‍ദേശം കൊടുത്ത് തിരക്കുകൂട്ടുന്നുണ്ട്. 
മധുരമുള്ള സ്വപ്നങ്ങളോടെയാണ് ഇയ്യോബ് അന്ന് ഉറങ്ങാന്‍ കിടന്നത്. ആ രാത്രി അയാള്‍ക്കുറങ്ങാന്‍ കഴിഞ്ഞില്ല. രാവേറെചെല്ലുവോളം അയാള്‍ മധുരമേറിയ മനോരാജ്യങ്ങളില്‍ മുഴുകി കിടക്കയില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു.
കലവറയ്ക്കുവേണ്ടി കെട്ടിയിരിക്കുന്ന ചെറിയ പന്തലില്‍നിന്ന് ഇപ്പോഴും ശബ്ദകോലാഹലം കേള്‍ക്കുന്നുണ്ട്. നാട്ടിലെ ചെറുപ്പക്കാരെല്ലാം ഒത്തുകൂടിയിട്ടുണ്ട്, നാളത്തെ വിരുന്നിനുള്ള സദ്യവട്ടം ഒരുക്കാന്‍.
അമ്പതുകിലോവീതം തൂക്കം വരുന്ന രണ്ടു മൂരിക്കിടാങ്ങളെ കൊന്നിട്ടുണ്ട്. 50 കോഴി, 50 താറാവ്, 15 കിലോ വീതം വരുന്ന നാലു പന്നിക്കുട്ടന്മാര്‍, രണ്ടു മുട്ടനാടുകള്‍. എല്ലാം തറവാട്ടിലെ തൊഴുത്തുകളിലും കൂടുകളിലും നിന്നാണ്. മീന്‍മാത്രമാണ് പുറത്തുനിന്നു വാങ്ങിയത്.
അവയൊക്കെ നുറുക്കുകയും അടുപ്പത്തു കയറ്റുന്ന പാചകവിദഗ്ധരായ കോക്കിമാരെ സഹായിക്കുകയുമാണ് ചെറുപ്പക്കാര്‍. നാട്ടാര്‍ക്കാകെ ഒരു പെരുന്നാളാണ് കൊട്ടാരത്തില്‍ ഇയ്യോബ് തരകന്റ കല്യാണം. 
മാളികപ്പുരയുടെ വരാന്തയിലെ നേര്‍ത്ത ഇരുട്ടില്‍ ചില അടക്കംപറച്ചിലുകള്‍ കേള്‍ക്കാം. അല്പം 'വീശുന്നവര്‍' ഒത്തുകൂടിയിരിക്കുന്നതാണ്. വാറ്റുചാരായമാണ്. എവിടെനിന്നു സംഘടിപ്പിച്ചെന്നറിയില്ല. കൊട്ടാരത്തില്‍ തറവാട്ടുകാര്‍ മദ്യപരല്ല. അതുകൊണ്ട് ഇതു കിട്ടുന്നിടം അറിയില്ല. അവര്‍ക്ക് 'കലവറക്കാര്‍' സ്‌പെഷ്യല്‍ പന്നിപ്പെരളനും മൂരിയിറച്ചി വറുത്തതും കൊടുത്തിട്ടുണ്ട്. വര്‍ത്തമാനം കേട്ട് ജനാലയില്‍ക്കൂടി നോക്കിയപ്പോള്‍ കണ്ടതാണ്. 
ആള്‍ബഹളം കേട്ടാണ് ഇയ്യോബ് ഉണര്‍ന്നത്. നേരം നന്നേ വെളുത്തിരിക്കുന്നു. ഇയ്യോബ് ധൃതിയില്‍ പ്രഭാതകൃത്യങ്ങള്‍ പൂര്‍ത്തിയാക്കിവന്ന് പുതിയ ബനിയനും അണ്ടര്‍ വെയറും ധരിച്ചു. പൗഡര്‍ ഇടുന്നതിനിടയില്‍ മൂത്ത അളിയന്‍ പൊറിഞ്ചു കടന്നുവന്നു.
''നമ്മള് തെരക്കി വന്നിരിക്കണ്. പുതുമണാളനെ അവ്‌ടെ പലരും അന്വേഷിക്കുന്നൊണ്ട്.''
''ഞാം വരണ്. അളിയനതിന്റെ കുടുക്കൊന്നിട്ടേ.''
കൈനീളന്‍ വെള്ളഷര്‍ട്ടു ധരിച്ചുകൊണ്ട് ഇയ്യോബ് ആവശ്യപ്പെട്ടു.
സ്വര്‍ണച്ചെയിനില്‍ കോര്‍ത്ത സ്വര്‍ണബട്ടണുകള്‍ പൊറിഞ്ചു മേശപ്പുറത്തുനിന്നെടുത്ത് ഇയ്യോബിന്റെ ഷര്‍ട്ടിന്റെ ബട്ടണ്‍ദ്വാരങ്ങളിലൂടെ കോര്‍ത്തു. മുഖത്തു പൗഡറിട്ടുമിനുക്കി. മുടി ചീര്‍പ്പൂകൊണ്ടു ചീകി. 
പിന്നീട് പുതിയ തോല്‍ച്ചെരുപ്പില്‍ കാല്‍ തിരുകി ഇയ്യോബ് മുറിക്കു വെളിയിലിറങ്ങി.
വരാന്ത താണ്ടി പൂമുഖത്തു ചെന്നപ്പോള്‍ അളിയന്മാരെല്ലാം ഒരുങ്ങി നില്പുണ്ട്. എല്ലാവര്‍ക്കും വെള്ളക്കുപ്പായങ്ങള്‍. കസവുകവിണി നീളത്തില്‍ മടക്കി കഴുത്തില്‍ വലത്തുനിന്ന് ഇടതുവശംവഴി വളച്ച് പിന്നിലോട്ടിറങ്ങുന്നു. 
സഹോദരിമാര്‍ ആറുപേരും കാതില്‍ കുണുക്കിട്ട് കൈനിറയെ വളകള്‍ ധരിച്ച് കഴുത്തില്‍ നാലോ അഞ്ചോ മാലകളിട്ട് ഒരുങ്ങിയിരിക്കുന്നു. അവരുടെ വീതിക്കസവുള്ള കവിണികള്‍ ഞൊറിഞ്ഞ് വലതുവശത്തെ തോളിലൂടെ പിന്നോട്ടിട്ട് ഇടതുവശത്തുമ്പ് ഇടത്തെ എളിയില്‍ കച്ചമുറിയുടെ അകത്തേക്ക് ഉറപ്പിച്ചുകുത്തി. ഞൊറിവുകള്‍ മാറിപ്പോകാതിരിക്കാന്‍ സ്വര്‍ണത്തില്‍ തീര്‍ന്ന ബ്രൂച്ച് കുത്തിയിട്ടുണ്ട്. മുടി നടുവേ പകുത്തു പിന്നില്‍ കെട്ടി വച്ചിരിക്കയാണ്. 
രണ്ടാമത്തെ അളിയന്‍ ഇയ്യോബിനെക്കൂട്ടി അവിരാതരകന്റെ അറയിലെത്തി. എന്നിട്ട് ഉച്ചത്തില്‍ വലിയ തരകനോടു പറഞ്ഞു:
''വല്യപ്പച്ചാ! ഇയ്യോബ് സ്തുതി വാങ്ങാന്‍ വന്നതാ.''
''ങ്‌ഹേ!''
കുഞ്ഞുതോമാ ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചു. 
തൊമ്മി വലിയ തരകനെ എണീല്‍ക്കാന്‍ സഹായിച്ചു.
ഇയ്യോബ് തലകുനിച്ച് വല്യപ്പച്ചനു സ്തുതിചൊല്ലി.
''നന്നായ് വരും.'' വലിയ തരകന്‍ ഇയ്യോബിന്റെ തലയില്‍ തന്റെ രണ്ടുകരങ്ങളും വച്ച് അനുഗ്രഹിച്ചു. ഇയ്യോബ് വല്യപ്പച്ചന്റെ രണ്ടു കൈകളും കൂട്ടിപ്പിടിച്ച് അതില്‍ ചുംബിച്ചു.
എന്തോ, ഇയ്യോബിനു ഗദ്ഗദം വന്ന് കണ്ണുനിറഞ്ഞു. വലിയ തരകന്റെ കണ്ണുകളിലും നനവുണ്ടായി.
''വല്യപ്പച്ചാ പോയ്‌വരാം.''
ഇയ്യോബ് യാത്രപറഞ്ഞിറങ്ങി. തിരികെ പൂമുഖത്തു ചെല്ലുമ്പോള്‍ ഇട്ടിമാത്തു തരകനും ആണ്ടമ്മയും ഒരുങ്ങിവന്നിട്ടുണ്ട്. മാത്തുത്തരകന്‍ തന്റെ കസവു കവിണി തലയില്‍ തലപ്പാവുപോലെ കെട്ടിയിരിക്കുന്നു. അത് കൊട്ടാരത്തില്‍ തറവാടിന്റെ അവകാശമാണ്. വിശേഷാവസരങ്ങളില്‍ കൊട്ടാരത്തില്‍ തറവാട്ടിലെ ആണുങ്ങള്‍ക്ക് അങ്ങനെ ധരിക്കാനുള്ള അവകാശം ശ്രീമൂലം തിരുനാള്‍ നല്കിയതാണ്.
എല്ലാവരും പ്രാര്‍ഥനാമുറിയിലേക്കു കടന്നു. തിരുക്കുടുംബത്തിന്റെ മുന്നില്‍ ഹൃദയം തുറന്നു പ്രാര്‍ഥിച്ചു.
തിരികെ പൂമുഖത്തുവന്ന് മൂപ്പുമുറയ്ക്ക് എല്ലാവര്‍ക്കും സ്തുതി ചൊല്ലി. അപ്പനും അമ്മയും സഹോദരിമാരും അവരുടെ ഭര്‍ത്താക്കന്മാരും ഇയ്യോബിന്റെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു.
''രാഹുകാലം കഴിഞ്ഞു. ഇനി ഇറങ്ങാം.'' ആരോ വിളിച്ചു പറഞ്ഞു.
കുഞ്ഞുതോമ്മാ കസവുകവിണികൊണ്ട് തീര്‍ത്ത ഒരു തലപ്പാവ് ഇയ്യോബിനെ അണിയിച്ചു. ആ കിരീടത്തില്‍ മുത്തുമണികളും സ്വര്‍ണപ്പതക്കവും കോര്‍ത്തുവച്ചിരുന്നു.
ഒരിക്കല്‍ക്കൂടി കിഴക്കോട്ടു നോക്കി പ്രാര്‍ഥിച്ചിട്ട് ഇയ്യോബ് പടിക്കെട്ടുകളിറങ്ങി.
ആചാരപ്രകാരം ഒരു ഓലക്കുട അവന്റെ ശിരസ്സിനു മുകളില്‍ ഒരാള്‍ പിടിച്ചിരുന്നു. പടിപ്പുരമാളികയ്ക്കു പുറത്ത് വില്ലുവണ്ടി തയ്യാറായി നില്പുണ്ട്.
പന്തലില്‍ കൂടിനിന്ന അയല്‍ക്കാരും മതിലിനു പുറത്ത് കുടിയാന്മാരും ചെറുമരും മറ്റു പണിക്കാരും കല്യാണച്ചെറുക്കന്റെ ആഘോഷമായ 'ഒരുങ്ങിപ്പുറപ്പാട്' കാണാന്‍ കാത്തുനിന്നിരുന്നു. 

(തുടരും) 

Login log record inserted successfully!