വിദ്യാഭ്യാസം വരേണ്യവര്‍ഗത്തിന്റെ കുത്തകയും സാമാന്യജനങ്ങള്‍ക്കു കിട്ടാക്കനിയുമായിരുന്ന കാലത്ത്, ശരാശരിക്കാര്‍ക്കും ''ചണ്ഡാലര്‍ക്കു''പോലും പ്രവേശനം നല്കി വിദ്യാലയങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ചാവറയച്ചന്‍ കേരളത്തില്‍ നവോത്ഥാനത്തിനു നാന്ദികുറിച്ചു. ഇന്ത്യയുടെ മുന്‍പ്രസിഡന്റ് ഡോ. എസ്. രാധാകൃഷ്ണന്‍ പറഞ്ഞത്, ''കേരളത്തിലെ ജാതീയവിവേചനങ്ങളെയും അനാചാരങ്ങളെയും തകര്‍ക്കാന്‍ വിദ്യാഭ്യാസത്തിലൂടെ വിപ്ലവം സൃഷ്ടിച്ച നവോത്ഥാനനായകനാണു ചാവറയച്ചന്‍'' എന്നാണ്. പൊന്നരുളിക്കവിറ്റുപോലും, പള്ളിയോടു ചേര്‍ന്നു പള്ളിക്കൂടം ആരംഭിക്കണമെന്ന ചാവറയച്ചന്റെ 1864 ലെ കല്പനപ്രകാരം കേരളത്തിലങ്ങോളമിങ്ങോളം ആയിരക്കണക്കിനു വിദ്യാലയങ്ങള്‍ ഉയര്‍ന്നു. മലയോരമേഖലയായ കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലും അനേകം വിദ്യാലയങ്ങളുണ്ടായി. കാടുംമേടും തെളിച്ച്, കാട്ടുമൃഗങ്ങളോടു മല്ലടിച്ച്, പ്രകൃതിക്ഷോഭങ്ങളെപ്പോലും അതിജീവിച്ച്, ചോരനീരാക്കി കഷ്ടപ്പെട്ടു പടുത്തുയര്‍ത്തിയിട്ടുള്ളതാണ് ആ വിദ്യാലയങ്ങള്‍. ആ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനഫലമായാണ് അവിടങ്ങളില്‍ ഇന്നു കാണുന്ന വിസ്മയകരമായ വികസനം ഉണ്ടായിട്ടുള്ളത്. ആ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ തുടര്‍ച്ചയും മകുടവുമാണ് മലമേല്‍ പണിത പ്രകാശഗോപുരംപോലെ തിളങ്ങിനില്‍ക്കുന്ന അമല്‍ജ്യോതി കോളജ്!
മലയോരമേഖലയുടെ വികസനത്തിനാവശ്യമായ കാര്യങ്ങള്‍ ചെയ്യാന്‍ ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരുകള്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കാതെ വന്നപ്പോഴാണ് കാഞ്ഞിരപ്പള്ളി രൂപത ഉന്നതവിദ്യാഭ്യാസത്തിനു മതിയായ പ്രാധാന്യം കൊടുത്ത് അമല്‍ജ്യോതി കോളജ് പടുത്തുയര്‍ത്തിയത്. സുമനസ്സുകളായ നാട്ടുകാരുടെ സഹകരണവും സഹായവും കാഞ്ഞിരപ്പള്ളിരൂപതയുടെ ആസ്തിയില്‍നിന്നുള്ള വിഹിതവുമായിരുന്നു ഇതിന്റെ മൂലധനം.
വേമ്പനാട്ടുകായലിന്റെ തീരത്ത് കൊച്ചിനഗരത്തിന്റെ ഹൃദയഭാഗത്തു സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍സ്ഥാപനമായ മഹാരാജാസിന്റേതുപോലെയോ, തിരുവനന്തപുരം നഗരമധ്യത്തിലുള്ള യൂണിവേഴ്‌സിറ്റി കോളജിന്റേതുപോലെയോ ഉള്ള ഒരു ലൊക്കേഷനിലല്ല ഈ ഉന്നതവിദ്യാഭ്യാസസ്ഥാപനം സ്ഥിതി ചെയ്യുന്നത്. ഒരു മലമണ്ടയിലാണ് ഈ പ്രകാശഗോപുരം! സില്‍വല്‍ ലൈനിലൂടെയോ ഗോള്‍ഡന്‍ ലൈനിലൂടെയോ ഒന്നും ഇവിടെ എത്തിപ്പെടാനാവില്ല. തോടും പുഴയും കടന്ന്, ഊടുവഴികളിലൂടെയും ഇടവഴികളിലൂടെയും നടന്ന്, കുന്നും മലയും താണ്ടി വേണം ഇവിടെ കയറിപ്പറ്റാന്‍!
വിശാലമായ 60 ഏക്കര്‍ വരുന്ന കാമ്പസില്‍ 16.5 ലക്ഷം ചതുരശ്ര സ്‌ക്വയര്‍മീറ്റര്‍ വിസ്തൃതിയില്‍ തീര്‍ത്തിട്ടുള്ള ഈ ബഹുനിലസമുച്ചയത്തില്‍ 13 ഡിപ്പാര്‍ട്ടുമെന്റുകളിലായി 3275 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണ്ട്. 10 വൈദികരും 7 സമര്‍പ്പിതരും ഉള്‍പ്പെടെ 390 അധ്യാപകര്‍ ഇവിടെ സേവനം അനുഷ്ഠിക്കുന്നു. 1300 പേര്‍ക്കുള്ള ജെന്‍സ് ഹോസ്റ്റലും 1200 പേര്‍ക്കുള്ള ലേഡീസ് ഹോസ്റ്റലും ഇവിടെയുണ്ട്. അച്ചന്മാരെന്നും കന്യാസ്ത്രീകളെന്നും കേള്‍ക്കുമ്പോള്‍ കലിതുള്ളുന്ന ചാനല്‍താരങ്ങളും രാഷ്ട്രീയനേതാക്കളും തങ്ങളുടെ ആണ്‍മക്കളെ കോളജിലോ ഹോസ്റ്റലിലോ ചേര്‍ക്കേണ്ടിവരുമ്പോള്‍ ആദ്യം അന്വേഷിക്കുന്നത് അവിടെ അച്ചന്മാരാരെങ്കിലും ഉണ്ടോ എന്നാണ്, പെണ്‍മക്കളെയാക്കുമ്പോള്‍ കന്യാസ്ത്രീകളുണ്ടോ എന്നും! വിദ്യാഭ്യാസക്കച്ചവടക്കാരെന്ന് മൈക്കുവച്ചുകെട്ടി പ്രസംഗിച്ച് ആക്ഷേപിക്കുന്ന വമ്പന്മാരും കൊമ്പന്മാരും ഫോണ്‍വിളിച്ച് ഒരു അഡ്മിഷനുവേണ്ടി കേഴാന്‍ ഒരു ഉളുപ്പും കാണിക്കാറില്ല. സ്വാനുഭവത്തില്‍നിന്നാണ് ഇതു പറയുന്നത് എന്നുകൂടി സൂചിപ്പിച്ചുകൊള്ളട്ടെ. റിസോര്‍ട്ടുകളും ഷോപ്പിങ് കോംപ്ലക്‌സുകളും നിര്‍മിച്ച് പണം ഉണ്ടാക്കുന്നതിനുപകരം തലമുറകള്‍ക്കു പ്രകാശം പകരുന്ന ഈ വിദ്യാലയകേന്ദ്രം പടുത്തുയര്‍ത്തിയതാണോ ആ രൂപത ചെയ്ത അപരാധം!
'എ' ഗ്രേഡോടെ 'നാക്' അക്രെഡിറ്റേഷന്‍ നേടി ഒന്നാം സ്ഥാനത്തെത്തുന്ന കേരളത്തിലെ ആദ്യത്തെ എന്‍ജിനീയറിങ് കോളജാണ് അമല്‍ജ്യോതി! പ്രൈം ഡിപ്പാര്‍ട്ടുമെന്റുകള്‍ക്ക് പ്രശസ്തമായ എന്‍.ബി.എ. അക്രെഡിറ്റേഷന്‍ കരസ്ഥമാക്കുന്ന ആദ്യത്തെ ന്യൂജനറേഷന്‍ എന്‍ജിനീയറിങ് കോളജും അമല്‍ജ്യോതിതന്നെ. ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്റെ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഈ കോളജിന് 2015 മുതല്‍ എ.പി.ജെ. അബ്ദുള്‍കലാം ടെക്‌നിക്കല്‍ യൂണിവേഴ്‌സിറ്റിയുമായും അഫിലിയേഷന്‍ ഉണ്ട്. 2001-2014 കാലഘട്ടംമുതല്‍ എം.ജി. യൂണിവേഴ്‌സിറ്റിയുമായും അഫിലിയേഷനുണ്ട്. ഇതിനെല്ലാമുപരി, ലോകനിലവാരമുള്ള ഇന്‍ഫ്രാസ്ട്രക്ച്ചര്‍, ടോപ്ഫ്‌ളൈറ്റി ഫാക്കല്‍ട്ടി, ഉന്നതവിജയശതമാനം, അതിപ്രശസ്തമായ പ്ലെയ്‌സ്‌െമന്റ് റെക്കോര്‍ഡ്, തനിമയേറിയ സ്റ്റുഡന്റ് പ്രോജക്ട്‌സ്, മികവുറ്റ സ്റ്റാര്‍ട്ടപ്പ് എന്നിങ്ങനെ അഭിമാനകരമായ ഒട്ടേറെ കാര്യങ്ങള്‍ ഇവിടെയുണ്ട്. ഈ വകകാര്യങ്ങള്‍ ഏതെങ്കിലും ചാനലില്‍ പറഞ്ഞുകേള്‍ക്കാനോ ഏതെങ്കിലും പത്രത്തില്‍ വായിച്ചറിയാനോ കഴിഞ്ഞിട്ടില്ല!
എന്നാല്‍, ശ്രദ്ധ സതീഷ് എന്ന വിദ്യാര്‍ഥിനിയുടെ ആത്മഹത്യ ചര്‍ച്ചചെയ്യാത്ത ചാനലോ എഴുതിക്കാണിക്കാത്ത പത്രമോ കേരളത്തിലില്ലപോലും! കേരളത്തില്‍ ഒരു ആഭ്യന്തരകലാപം പൊട്ടിപ്പുറപ്പെട്ട പ്രതീതിയായിരുന്നു! ആ കുട്ടിയുടെ അതിദാരുണമായ അന്ത്യത്തിലുള്ള ദുഃഖമോ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യമോ അതിന്റെ കാരണങ്ങളോ ഒന്നുമല്ലായിരുന്നു ചര്‍ച്ചാവിഷയം. ഏറ്റവും കൂടുതല്‍ വാര്‍ത്താപ്രാധാന്യം ഇത് കത്തോലിക്കാസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമായിപ്പോയി എന്നതായിരുന്നു. എത്രയോ പെണ്‍കുട്ടികള്‍ എത്രയോ സ്ഥാപനങ്ങളില്‍ ആത്മഹത്യ ചെയ്തിട്ടുണ്ട്! ഈ സംഭവം നടക്കുന്നതിനു രണ്ടാഴ്ചമുമ്പ്, സംസ്ഥാനനഗരിയില്‍ ബാലരാമപുരം മദ്രസയില്‍ ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തത് കേവലം വാര്‍ത്തയായി തേഞ്ഞുമാഞ്ഞുപോയി. സര്‍ക്കാര്‍ അനുമതിപോലുമില്ലാത്ത ഒരു സ്ഥാപനത്തിലാണ് സംഭവം നടന്നത് എന്നുമോര്‍ക്കണം. ഒരനക്കവും ഒരിടത്തുമുണ്ടായില്ല. ഒരു സമരവും പൊട്ടിപ്പുറപ്പെട്ടില്ല. ഒരു പ്രതിഷേധപ്രകടനംപോലുമുണ്ടായില്ല. അവിടെ തൊട്ടാല്‍ പൊള്ളുമെന്ന കാര്യം എല്ലാവര്‍ക്കും അറിയാം. ഏതായാലും, അമല്‍ജ്യോതിയിലെ സമരം ഒത്തുതീര്‍പ്പായതിനാലും അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാലും വിശദാംശങ്ങളിലേക്കു കടക്കുന്നില്ല.
ഇതിനു സമാന്തരമായി അരങ്ങേറിയ മറ്റൊരു സമരം കണ്ടില്ലെന്നു വയ്ക്കാനാവില്ല. ആ സമരം ഇപ്പോഴും കത്തിപ്പടര്‍ന്നുകൊണ്ടാണിരിക്കുന്നത്. സമരം അമല്‍ജ്യോതിപോലെതന്നെയുള്ള ഒരു ഉന്നതവിദ്യാഭ്യാസകേന്ദ്രത്തിലാണ്. മഹാരാജാസ് കോളജ് എന്ന പേരുകേട്ട ഉന്നതവിദ്യാഭ്യാസകേന്ദ്രത്തില്‍! അമല്‍ജ്യോതിക്കു പറയാനുള്ളത് സവിശേഷതകളാണെങ്കില്‍ മഹാരാജാസിനു പറയാനുള്ളത് ദുര്‍വിശേഷങ്ങളാണ്! അവിടെ വിദ്യാര്‍ഥികള്‍ക്ക് അരുതുകളില്ല, അതിരുകളില്ല. ക്ലാസില്‍ കയറണ്ടാ, ഹാജര്‍ ആവശ്യമില്ല, പരീക്ഷ എഴുതണ്ടാ; എങ്കിലും ജയിക്കാം. ജയിച്ചില്ലേലും ജോലി ഉറപ്പാ! അവിടെ അഡ്മിഷന് എസ്.എഫ്.ഐ. കോട്ടാ ഉണ്ട്; ആ കോട്ടായില്‍ത്തന്നെ ജോലിയും കിട്ടും! ഒരു വിദ്യാര്‍ഥിക്ക് ഇതില്‍ കൂടുതല്‍ എന്താണു വേണ്ടത്?
ദ്വിഭാഷിയുടെ സഹായംകൂടാതെ, ഇംഗ്ലീഷുകാരുമായി സംസാരിക്കുന്നതിന് ഇംഗ്ലീഷ് പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഒരു ക്ലാസ്മുറി മാത്രമായി 1845 ല്‍ തിരുക്കൊച്ചി രാജകുടുംബത്തിന്റെ വകയായി എളിയതോതില്‍ ഒരു സ്ഥാപനമുണ്ടായി. ആ സ്ഥാപനം 1875 ല്‍ ഒരു കോളജ് ആയി ഉയര്‍ത്തപ്പെട്ടു. 1925 മുതല്‍ മഹാരാജാസ് കോളജ് എന്ന പേരിലാണത് അറിയപ്പെടുന്നത്. ഈ ഉന്നതവിദ്യാകേന്ദ്രത്തില്‍നിന്ന് ഉന്നതവിജയം നേടി ജീവിതത്തിന്റെ വിവിധ തുറകളില്‍ പ്രശോഭിച്ചിട്ടുള്ള എത്രയോ മഹാവ്യക്തികളാണുള്ളത്! ഇന്നിപ്പോള്‍ ആ കോളജിന്റെ അവസ്ഥ തികച്ചും ലജ്ജാകരം എന്നല്ലാതെ എന്തു പറയേണ്ടൂ. സുപ്രസിദ്ധി കുപ്രസിദ്ധിയായി തലകീഴ്മറിഞ്ഞിരിക്കുന്നു! അമല്‍ജ്യോതിയില്‍ ശ്രദ്ധ സതീഷ് എന്ന ഒരു പെണ്‍കുട്ടിയെ കേന്ദ്രീകരിച്ചാണു വിവാദം ഉണ്ടായതെങ്കില്‍ മഹാരാജാസില്‍ ആര്‍ഷോ, വൈശാഖ്, വിദ്യ എന്നീ മൂന്നു വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് വിവാദം ഉണ്ടായിരിക്കുന്നത്. ഇവരിലേക്കോ കേസിന്റെ നാള്‍വഴികളിലേക്കോ അതുണ്ടാക്കിയ വിവാദങ്ങളിലേക്കോ കടക്കുന്നില്ല.
ഒരു ഉന്നതവിദ്യാഭ്യാസസ്ഥാപനത്തിന് ഇതില്‍ കൂടുതല്‍ എന്തപമാനമാണുണ്ടാകാനുള്ളത്? ഇതിലും നിര്‍ഭാഗ്യകരവും ലജ്ജാവഹവുമാണ് ഇവര്‍ക്കു സംരക്ഷണവലയം തീര്‍ക്കുന്ന രാഷ്ട്രീയപ്പാര്‍ട്ടിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളും നടപടികളും. ജൂഡീഷ്യറി ഒഴികെ ഭരണസംവിധാനംമുഴുവന്‍ ഈ വിദ്യാര്‍ഥികള്‍ക്കു പിന്തുണ നല്‍കുന്ന സ്ഥിതിവിശേഷം എത്രയോ ഭയാനകമാണ്. ഈ കുറ്റകൃത്യങ്ങള്‍ക്കു വിദ്യാര്‍ഥികള്‍ക്കൊപ്പം നില്‍ക്കുന്ന അധ്യാപകര്‍ എന്തു സന്ദേശമാണ് നല്കുന്നത്? വെറും തൊഴിലാളി യൂണിയന്‍ നേതാക്കളായി തരംതാഴുന്ന അധ്യാപകര്‍ ആ പേരിനുതന്നെ അപമാനമാണ്.
അമല്‍ജ്യോതി കോളജിലെ കുട്ടികളെയോര്‍ത്ത് ഉന്നതവിദ്യാഭ്യാസമന്ത്രി വിലപിച്ചത് വിദ്യാര്‍ഥികളെ വരിഞ്ഞുമുറുക്കി ശ്വാസംമുട്ടിക്കുന്ന അന്തരീക്ഷം സൃഷ്ടിച്ചുവെന്നാണ്. ഇംഗ്ലീഷ് ഭാഷയില്‍ ബിരുദാനന്തരബിരുദവും പിഎച്ച്.ഡി.യുമെടുത്തു കോളജ് അധ്യാപികയും വൈസ് പ്രിന്‍സിപ്പലുംവരെയായ മന്ത്രിയുടെ ഇംഗ്ലീഷ് പ്രസംഗം ഇന്ന് പള്ളിക്കൂടംപിള്ളേരെല്ലാം കാണാതെ പഠിച്ചു പറയാന്‍ തുടങ്ങിയിരിക്കുന്നു: ""Whereever I go, I will take my house on my head...''