•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാം?

കാലവര്‍ഷം കനക്കുംമുമ്പേ പകര്‍ച്ചപ്പനികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുകയാണ് നമ്മുടെ കൊച്ചുകേരളം. പ്രതിദിനം പതിനായിരത്തിലധികം രോഗികളാണ് പനി ബാധിച്ച് ആശുപത്രികളില്‍ എത്തിച്ചേരുന്നത്. ഡെങ്കിപ്പനി, എലിപ്പനി, ഇന്‍ഫ്‌ളുവന്‍സ, വൈറല്‍പനി തുടങ്ങിയവ നാട്ടിലെങ്ങും പടര്‍ന്നുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ നമ്മള്‍ എത്രത്തോളം മുന്‍കരുതല്‍ എടുക്കണമെന്നു നോക്കാം.
കൊതുകു പരത്തുന്ന രോഗങ്ങളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ഡെങ്കിപ്പനി. കൊതുകിനു വളരാനുതകുന്ന സാഹചര്യമാണ് കേരളത്തിലുള്ളത്. അതുകൊണ്ടുതന്നെ ഈ മഴക്കാലത്ത് ഡെങ്കിപ്പനി നാട്ടില്‍ വളരെ കൂടുതലാണ്. ഡെങ്കിവൈറസ് ആണ് ഡെങ്കിപ്പനിക്കു കാരണമാകുന്ന രോഗകാരി. അവയെ മനുഷ്യരിലേക്ക് എത്തിക്കുന്നത് ഈഡിസ് ഈജിപ്തി ഇനത്തില്‍പ്പെട്ട പെണ്‍കൊതുകുകളാണ്. ഇവ സാധാരണ പകല്‍സമയങ്ങളിലാണ് കടിക്കാറുള്ളത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചാല്‍ ഒരാഴ്ചയ്ക്കുള്ളില്‍ത്തന്നെ പനി, കടുത്ത തലവേദന, കണ്ണിനു ചുറ്റും വേദന, പേശീവേദന, നടുവേദന, ഛര്‍ദി, ക്ഷീണം തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടാകും. ഡെങ്കിപ്പനി ബാധിച്ചവരില്‍ പതുക്കെ പ്ലേറ്റ്‌ലെറ്റുകള്‍ കുറയാനുള്ള സാധ്യതയും ഉണ്ട്. ഇത് ഗണ്യമായി കുറഞ്ഞുകഴിഞ്ഞാല്‍ ഡെങ്കി ഹെമറാജിക് ഫിവര്‍, ഡെങ്കി ഷോക്ക് സിന്‍ഡ്രോം തുടങ്ങിയ സങ്കീര്‍ണമായ അവസ്ഥാന്തരങ്ങളിലേക്കു നയിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളാണ് ഡെങ്കിപ്പനിയെ ഒരു മാരകരോഗമാക്കി മാറ്റുന്നത്. രക്തപരിശോധനയിലൂടെ മാത്രമേ നമുക്കു രോഗനിര്‍ണയം നടത്താന്‍ കഴിയൂ. എന്താണോ ലക്ഷണങ്ങള്‍, അവയെയാണ് നമ്മള്‍ ചികിത്സിക്കുന്നതും.
എലിയുടെയും മറ്റു മൃഗങ്ങളുടെയും മൂത്രത്തിലൂടെ പുറത്തുവരുന്ന ലെപ്‌ടോസ്‌പൈറ എന്ന ഇനത്തില്‍പ്പെട്ട ബാക്ടീരിയ ഉണ്ടാക്കുന്ന അസുഖമാണ് എലിപ്പനി. മലിനജലവാഹികളായ ഓടകള്‍, വയലേലകളില്‍ കെട്ടിനിര്‍ത്തുന്ന നീര്‍ച്ചാലുകള്‍ തുടങ്ങി ജലം കെട്ടിനില്‍ക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളിലാണ് ഇവയുടെ സാന്നിധ്യം ഉണ്ടാവുക. ബാക്ടീരിയ കലര്‍ന്ന ജലവുമായി സ്പര്‍ശനത്തിലേര്‍പ്പെടുന്ന ശരീരഭാഗങ്ങളിലുള്ള ചെറിയ മുറിവുകളില്‍ക്കൂടിയോ പോറലുകളില്‍ക്കൂടിയോ ഈ രോഗാണു നമ്മുടെ ശരീരത്തിനുള്ളില്‍ പ്രവേശിക്കുന്നു. തുടര്‍ന്ന് 5-15 ദിവസങ്ങള്‍ക്കുള്ളില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യുന്നു. കടുത്ത പനി, തലവേദന, പേശിവേദന, വിറയല്‍, കടുത്ത ക്ഷീണം മുതലായവയാണ് ആദ്യലക്ഷണങ്ങള്‍. ചുരുക്കിപ്പറഞ്ഞാല്‍, ഒരു ജലദോഷപ്പനിയില്‍ തുടങ്ങി ചുരുങ്ങിയ നാള്‍ക്കുള്ളില്‍ ശരീരത്തിലെ ഒട്ടുമിക്ക അവയവങ്ങളെയും ബാധിച്ച് അതിസങ്കീര്‍ണമായ അവസ്ഥയിലേക്ക് ഇവ നമ്മളെ കൊണ്ടുപോകുന്നു. കരളിനെ ബാധിച്ചാല്‍ മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങള്‍ കാണിക്കുന്നു. വൃക്കകളെ ബാധിച്ചാല്‍ മൂത്രത്തിന്റെ അളവ് കുറയുകയും കാലിനും മുഖത്തും നീരു വരുകയും ചെയ്യുന്നു, ഹൃദയത്തെ ബാധിച്ചാല്‍ നെഞ്ചുവേദന, ശ്വാസംമുട്ടല്‍ തുടങ്ങിയ ലക്ഷണങ്ങള്‍ കാണാം. കൃത്യമായ സമയത്ത് രോഗനിര്‍ണയം നടത്തി ചികിത്സ ഉറപ്പാക്കിയില്ലെങ്കില്‍ മരണംവരെയും സംഭവിക്കാം. രക്തപരിശോധനയിലൂടെയാണ് രോഗനിര്‍ണയം നടത്തുന്നത്. രോഗംവരാന്‍ സാധ്യതയുള്ള സാഹചര്യങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് (കൃഷിക്കാര്‍, ഓട വൃത്തിയാക്കുന്നവര്‍ തുടങ്ങിയവര്‍) രോഗപ്രതിരോധത്തിനുവേണ്ടി ഡോക്‌സിഡൈക്ലിന്‍ ഗുളിക ലഭ്യമാണ്. സ്വയചികിത്സ നടത്താതെ തുടക്കത്തില്‍ത്തന്നെ രോഗം കണ്ടുപിടിച്ചാല്‍, പൂര്‍ണമായി ചികിത്സിച്ചു മാറ്റാവുന്ന രോഗമാണ് എലിപ്പനി.
ഇതിനോടൊപ്പം ഇന്‍ഫ്‌ളുവന്‍സ കേസുകളിലും വന്‍തോതില്‍ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. എച്ച് 1 എന്‍ 1, എച്ച് 3, എന്‍ 2 ഇന്‍ഫ്‌ളുവന്‍സ വൈറസുകളാണ്  ഇപ്പോള്‍ മനുഷ്യരില്‍ സീസണല്‍  ഇന്‍ഫ്‌ളുവന്‍സ ഉണ്ടാക്കുന്നത്. പനി, ക്ഷീണം, വിശപ്പില്ലായ്മ, ചുമ, മൂക്കൊലിപ്പ്, തൊണ്ടവേദന, ഓക്കാനം, ഛര്‍ദി, വയറിളക്കം എന്നിങ്ങനെയാണ് രോഗലക്ഷണങ്ങള്‍. മനുഷ്യരില്‍നിന്ന് ഈ വൈറസുകള്‍ ചുമ, തുമ്മല്‍ എന്നിവ വഴി ഉണ്ടാകുന്ന ശ്വസനതുള്ളികളിലൂടെയാണ് പകരുന്നത്. ഇന്‍ഫ്‌ളുവന്‍സ ചിലരില്‍ ന്യുമോണിയയിലേക്കു പരിണമിക്കുന്നു. അക്യൂട് റെസ്പിരേറ്ററി ഡിസ്ട്രഡ് സിന്‍ഡ്രം (എ.ആര്‍.ഡി.എസ്.), എന്‍സെഫലൈറ്റിസ്, മൈനിഞ്ചൈറ്റിസ്, മയോകാര്‍ഡൈറ്റിസ് തുടങ്ങിയ സങ്കീര്‍ണമായ അണുബാധയിലേക്കും നമ്മളെ നയിച്ചേക്കാം. മുതിര്‍ന്നവര്‍, കുട്ടികള്‍, മറ്റെന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ എന്നിവരെ ഇവ ഗുരുതരമായി ബാധിച്ചേക്കാം.
ഗ്രാമത്തില്‍നിന്നു വ്യത്യസ്തമായി, നഗരത്തിലെ സമ്പദ്‌സമൃദ്ധിയില്‍ ജനസാന്ദ്രതയ്ക്കു പുറമേ എപ്പോഴും ഭീഷണിയായി നില്‍ക്കുകയാണ് മാലിന്യസംസ്‌കരണം. ശരിയായ രീതിയിലുള്ള മാലിന്യസംസ്‌കരണം നടക്കാത്തതും രോഗവര്‍ധനയ്ക്കു കാരണമാകുന്നു. ജനകീയ പിന്തുണയോടുകൂടിയേ ഈ പ്രശ്‌നം മറികടക്കാന്‍ നമുക്കു സാധിക്കൂ. നല്ലൊരു നാളേക്കായി നമുക്ക് ഒരുമിച്ചു കൈകോര്‍ക്കാം.
 
എങ്ങനെ പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാം?
* വീടും പരിസരവും ശുചിയായി സൂക്ഷിക്കുക.
* കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള ഉറവിടങ്ങള്‍ നശിപ്പിക്കുക.
* കൊതുകുവല, മൊസ്‌കിറ്റോ റിപ്പെലെന്റ്‌സ് എന്നിവ ഉപയോഗിക്കുക.
* വീട്ടിലുള്ള വെള്ളത്തിലും ഭക്ഷണത്തിലും എലിമൂത്രവും വിസര്‍ജ്യവും കലരാത്ത രീതിയില്‍ മൂടിവയ്ക്കുക.
* ക്ലോറിനേറ്റ് ചെയ്ത് തിളപ്പിച്ചാറ്റിയ വെള്ളം ഉപയോഗിക്കുക.
* ചൂടുള്ള ഭക്ഷണം മാത്രം കഴിക്കുക.
* വെള്ളക്കെട്ടുകളില്‍ ഇറങ്ങി ജോലി ചെയ്യുന്നവര്‍ ബൂട്‌സ്, കയ്യുറകള്‍ എന്നിവ ഉപയോഗിക്കുക. അതുപോലെ, രോഗപ്രതിരോധത്തിനുവേണ്ടി ഡോക്‌സിസൈക്ലിന്‍ ഗുളിക കഴിക്കുക.
* വെള്ളവും സോപ്പും ഉപയോഗിച്ച് ഇടയ്ക്കിടെ കൈകള്‍ കഴുകുക.
* മാസ്‌ക് ഉപയോഗിക്കുകയും ആള്‍ക്കൂട്ടമുള്ള ഇടങ്ങള്‍ ഒഴിവാക്കുകയും ചെയ്യുക. 
* ഇടയ്ക്കിടെ മുഖവും മൂക്കും സ്പര്‍ശിക്കുന്നത്             ഒഴിവാക്കുക. 
* തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും മുഖവും മറയ്ക്കുക.
* ധാരാളം വെള്ളം കുടിക്കുകയും ശരീരത്തിലെ ജലാംശം നഷ്ടപ്പെടാന്‍ ഇടവരുത്താതിരിക്കുകയും ചെയ്യുക.
* പനി, ശരീരവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ സ്വയചികിത്സ നടത്താതെ ആശുപത്രികളില്‍ ചികിത്സ തേടുക.
* പൊതുസ്ഥലങ്ങളില്‍ തുപ്പാതിരിക്കുക.
* പൊതുസ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം നടത്താതിരിക്കുക.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)