•  3 Jul 2025
  •  ദീപം 58
  •  നാളം 17
ലേഖനം

ജോക്കോവിച്ചിനെ കാത്ത് റെക്കോര്‍ഡുകള്‍ ബാക്കി

ള്‍ ഇംഗ്ലണ്ട് ക്ലബിന്റെ ഗ്രാസ് കോര്‍ട്ടില്‍ ജൂലൈ മൂന്നിന് വിമ്പിള്‍ഡണ്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങുമ്പോള്‍ പ്രധാന ചോദ്യം നൊവാക് ജോക്കോവിച്ച് ഗ്രാന്‍സലാം കിരീടങ്ങളുടെ എണ്ണം രണ്ടു ഡസന്‍ തികയ്ക്കുമോ എന്നതായിരിക്കും. ജൂണില്‍ ഫ്രഞ്ച് ഓപ്പണ്‍ ജയിച്ച് ജോക്കോവിച്ച് ഇരുപത്തിമൂന്നാം ഗ്രാന്‍സ്ലാം ടൂര്‍ണമെന്റ്  സ്വന്തമാക്കിയപ്പോള്‍ത്തന്നെ ചരിത്രം പിറന്നു. അതുവരെ കൂടുതല്‍ ഗ്രാന്‍സ്ലാം കിരീടങ്ങള്‍ എന്ന റെക്കോര്‍ഡ് ജോക്കോവിച്ചും റാഫേല്‍ നദാലും പങ്കുവയ്ക്കുകയായിരുന്നു. (22 വീതം കിരീടങ്ങള്‍).
റൊളാങ് ഗാരോയില്‍ 14 തവണ കിരീടം നേടിയ, ക്ലേ കോര്‍ട്ട് രാജാവ് നാദാല്‍ ഇക്കുറി പരിക്കുമൂലം മത്സരിക്കാതിരുന്നപ്പോള്‍ ജോക്കോവിച്ചിന് കാര്യങ്ങള്‍ എളുപ്പമായി. ഫൈനലില്‍ സെര്‍ബിയയുടെ മുപ്പത്താറുകാരന്‍ ജോക്കോവിച്ച് കാസ്പര്‍ മൂദിനെ തുടര്‍ച്ചയായ സെറ്റുകള്‍ക്കാണു പരാജയപ്പെടുത്തിയത് (7-6, 6-3, 7-5). പക്ഷേ, ഇതിലപ്പുറം നൊവാക് ജോക്കോവിച്ചിന്റെ ജയത്തിലൊരു പ്രത്യേകതയുണ്ട്. മൂന്നാം തവണയാണ് ജോക്കോവിച്ച് ഫ്രഞ്ച് ഓപ്പണ്‍ ജയിക്കുന്നത്. അതുവഴി നാല് ഗ്രാന്‍സ്ലാം ടൂര്‍ണമെന്റുകളും മൂന്നു തവണയെങ്കിലും വിജയിച്ച ഏക കളിക്കാരനായി ജോക്കോവിച്ച്. വ്യത്യസ്ത പ്രതലങ്ങളില്‍ പ്രതിഭ തെളിയിക്കുക എളുപ്പമല്ല എന്നതുതന്നെ  ജോക്കോവിച്ചിന്റെ നേട്ടത്തിന്റെ തിളക്കം വര്‍ധിപ്പിക്കുന്നു. 
ഫ്രഞ്ച് ഓപ്പണിലും വിമ്പിള്‍ഡണിലും തുടരെ ജയിക്കുമ്പോഴും യു.എസ്. ഓപ്പണില്‍ കാലിടറുന്ന ബോണ്‍ ബോര്‍ഗിനെയും, മറിച്ച് ഫ്രഞ്ച് ഓപ്പണില്‍ പലപ്പോഴും പതറുന്ന പീറ്റ് സാംപ്രസ്സിനെയും റോജന്‍ ഫെഡറിനെയും ഫ്രഞ്ച് ഓപ്പണിലെ അതിപ്രാഗല്ഭ്യം മറ്റിടങ്ങളില്‍ കാഴ്ചയവയ്ക്കാന്‍ വിഷമിക്കുന്ന റാഫേല്‍ നാദാലിനെയുമൊക്കെ നാം കണ്ടതാണ്. കൊവിഡ് പ്രതിരോധവാക്‌സിന്‍ എടുക്കില്ല എന്നു വാശിപിടിച്ച് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ കളിക്കാന്‍ അവസരം നഷ്ടപ്പെട്ട കാലത്തുനിന്നുള്ള തിരിച്ചുവരവുകൂടിയാണ് ജോക്കോവിച്ചിന്റേത്.
നദാലും ജോക്കോവിച്ചും 22-22 സമനില പാലിച്ചപ്പോഴും നദാലിന്റെ 22 ല്‍ പതിനാലും ഫ്രഞ്ച് ഓപ്പണ്‍ വിജയങ്ങളായിരുന്നു. ജോക്കോവിച്ച് 10 തവണ ഓസ്‌ട്രേലിയന്‍ ഓപ്പണും ഏഴുതവണ വിമ്പിള്‍ഡണും മൂന്നുതവണവീതം യു.എസ്., ഫ്രഞ്ച് ഓപ്പണുകളും വിജയിച്ചുകഴിഞ്ഞു. 2008 ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വിജയിച്ചുകൊണ്ട് തുടക്കമിട്ട ഗ്രാന്‍സ്‌ലാം ടൂര്‍ണമെന്റ് വിജയങ്ങള്‍ ഒന്നരപ്പതിറ്റാണ്ട് പിന്നിട്ടിട്ടും തുടരുന്നു എന്നത് കായികക്ഷമതയും അതിലുപരി പ്രായത്തെ വെല്ലുന്ന പ്രതിഭയും വിളിച്ചറിയിക്കുന്നു. പൂര്‍ണസമര്‍പ്പണത്തിന്റെ വിജയം. 
നാല് ഗ്രാന്‍ഡ്‌സ്‌ലാം ടൂര്‍ണമെന്റുകളും ഒരേ കലണ്ടര്‍ വര്‍ഷം വിജയിച്ച് 'ഗ്രാന്‍ഡ്‌സ്‌ലാം' സ്വന്തമാക്കാന്‍ ഓസ്‌ട്രേലിയയുടെ റോഡ് ലെവറിനുശേഷമാര്‍ക്കും പുരുഷവിഭാഗത്തില്‍ സാധിച്ചിട്ടില്ല. ലെവര്‍ ഈ നേട്ടം കൈവരിച്ചതാകട്ടെ 1969 ലും. ഇത്തവണയും ജോക്കോവിച്ചിന് അങ്ങനെയൊരു അവസരം ബാക്കിയുണ്ട്. 2021 ല്‍ കഷ്ടിച്ചാണ് ഗ്രാന്‍സ്ലാം നേട്ടം ജോക്കോവിച്ചിനെ കൈവിട്ടത്. ഓസ്‌ട്രേലിയന്‍, ഫ്രഞ്ച്, വിമ്പിള്‍ഡണ്‍ വിജയങ്ങള്‍ക്കുശേഷം യു.എസ്. ഓപ്പണ്‍ ഫൈനലില്‍ കടന്ന ഈ സൂപ്പര്‍ താരം ദാനില്‍ മെദ്‌ബെദെവിനോടു കീഴടങ്ങുകയായിരുന്നു. ഒരുപക്ഷേ, മെദ്‌വെദെവ് പോലും ചിന്തിച്ചിരിക്കും ജോക്കോവിച്ചിന്റെ ചരിത്രമെഴുതാനുള്ള അവസാന ചുവടിനാണല്ലോ താന്‍ വിലങ്ങുതടിയായതെന്ന്. 
നാലാം വയസ്സില്‍ പിതാവ് വാങ്ങിത്തന്ന റാക്കറ്റുമായി ടെന്നീസ് കളിച്ചുതുടങ്ങിയ ജോക്കോവിച്ച് പതിന്നാലാം വയസ്സില്‍ മൂന്നു യൂറോപ്യന്‍ ജൂനിയര്‍ കിരീടങ്ങള്‍ ചൂടി. ലോകജൂനിയര്‍ ചാമ്പ്യന്‍ഷിപ്പില്‍ റണ്ണര്‍അപ്പുമായി ഒടുവില്‍ മുപ്പത്താറാംവയസ്സില്‍ ലോക ഒന്നാം റാങ്ക് തിരികെപ്പിടിക്കാന്‍ കഴിഞ്ഞുവെന്നത്  ചരിത്രം. യു.എസ്.താരം പീറ്റ് സാംപ്രസിനെ ആരാധിക്കുന്ന ജോക്കോവിച്ച് വനിതാ പരിശീലനക ജലേന ജന്‍സിക്കിനു കീഴിലാണ് ബാല്യകാലത്ത് പരിശീലനം നടത്തിയിരുന്നതെന്നതും ശ്രദ്ധേയമാണ്.
സെര്‍ബിയന്‍, ഇറ്റാലിയന്‍, ജര്‍മന്‍, ഇംഗ്ലീഷ് ഭാഷകള്‍ സംസാരിക്കും. ഭിന്നശേഷിക്കാരായ കുട്ടികളെയും മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളെയും സഹായിക്കുന്നതിന് 2007 മുതല്‍ നൊവാക് ജോക്കോവിച്ച് ഫൗണ്ടേഷനും നടത്തുന്നു. കൊവിഡ് കാലത്തെ വാക്‌സിന്‍ വിരുദ്ധ സമീപനം ഒഴിച്ചാല്‍ കാര്യമായ വിവാദങ്ങളിലൊന്നും എത്തിപ്പെട്ടിട്ടില്ല. പക്ഷേ, മറ്റു പല താരങ്ങളെയുംപോലെ ആരാധകരെ ആകര്‍ഷിക്കാന്‍ ജോക്കോവിച്ചിനു പലപ്പോഴും സാധിച്ചിട്ടില്ല. അതുകൊണ്ടാണ് റോജര്‍ ഫെഡറല്‍ വിരമിച്ചപ്പോള്‍ ഉടലെടുത്ത ശൂന്യത അവശേഷിക്കുന്നതായി ടെന്നീസ് പ്രേമികള്‍ക്കു തോന്നുന്നത്.
ദാനില്‍ മെഡ്‌വെദേവിനെയും  കാര്‍ലോസ് അല്‍ക്കാരസിനെയും പിന്‍തള്ളി വീണ്ടെടുത്ത ജോക്കോവിച്ചിന് എതിരാളിയായി പരുക്കു ഭേദപ്പെട്ട് സ്പാനിഷ് താരം റാഫേല്‍ നദാല്‍ മടങ്ങിയെത്തിയേക്കാം. പക്ഷേ, ഇനി വിമ്പിള്‍ഡനും പിന്നാലെ യു.എസ്. ഓപ്പണുമാണു ബാക്കിയുള്ളതെന്നത് കണക്കിലെടുക്കുമ്പോള്‍ കലണ്ടര്‍ ഗ്രാന്‍ഡ്‌സലാമിന് ജോക്കോവിച്ചിന് അവസരം ബാക്കിയുണ്ട്. കരിയര്‍ ഗ്രാന്‍സ്ലാം തന്നെ അപൂര്‍വമായൊരു കാലഘട്ടത്തില്‍ ജോക്കോവിച്ച് കലണ്ടര്‍ വര്‍ഷ ഗ്രാന്‍സ്ലാം സാധ്യമാക്കിയാല്‍ അതൊരു സംഭവമായും ഡോണ്‍ ബഡ്ജിനും റോഡ് ലെവറിനുമൊപ്പം കസേര ലഭിക്കും. 
വനിതാവിഭാഗത്തില്‍, 1988 ല്‍ സ്റ്റെഫിഗ്രാഫ് കലണ്ടര്‍ വര്‍ഷ ഗ്രാന്‍സ്ലാമിനുപിന്നാലെ സോള്‍ ഒളിമ്പിക്‌സിലും സ്വര്‍ണം നേടി ഗോള്‍ഡന്‍ സ്ലാം എന്ന അപൂര്‍വനേട്ടം കരസ്ഥമാക്കിയശേഷം വീണ്ടുമൊരു ഗ്രാന്‍സ്‌ലാമിനെക്കുറിച്ച് ടെന്നീസ് ലോകം ചിന്തിക്കുന്നു. ഇക്കുറി കൈവിട്ടാല്‍ പിന്നെ എളുപ്പമല്ല. മാത്രമല്ല, നാല് മേജര്‍ കിരീടങ്ങള്‍ ഒരു വര്‍ഷം വിജയിക്കാന്‍ പോന്നൊരു സൂപ്പര്‍ താരം ഇനിയെന്നു വളര്‍ന്നു വരാന്‍?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)