•  16 May 2024
  •  ദീപം 57
  •  നാളം 10
നോവല്‍

പലായനം

മൂത്തനാത്തൂന്‍ ഏലിക്കുട്ടി രണ്ടു പവന്റെ മാല പുതുപ്പെണ്ണിന്റെ കഴുത്തിലിട്ടു. പൊറിഞ്ചു ഒരു പവന്റെ ഒരു മോതിരം  ഇയ്യോബിന്റെ മോതിരവിരലിലിട്ടു. പിന്നാലെ മൂപ്പുമുറയ്ക്കു മറ്റ് അഞ്ചു നാത്തൂന്മാരും രണ്ടു പവന്‍ വീതമുള്ള മാല താണ്ടമ്മയുടെ കഴുത്തിലണിയിച്ചു. അവരുടെ ഭര്‍ത്താക്കന്മാര്‍ ഇയ്യോബിനു മോതിരവും കൈമാറി.
പന്തലിലിരുന്ന വിരുന്നകാര്‍ എന്തോ കുശുകുശുത്തു.
''അത് ഇവ്ടത്തെ നാട്ടാചാരമല്ലേ?'' വിളിച്ചുവന്നവരിലാരോ അല്പം ഉറക്കെ പറഞ്ഞു.
''ശരി ശരി.''
''എനി ഇലയിടാം.'' പ്രമാണിയുടെ സ്വരം. ഇലയിടുന്നതിന്റെയും ഉപ്പുവിളമ്പുന്നതിന്റെയും ബഹളം. തുടര്‍ന്ന് വിഭവസമൃദ്ധമായ സദ്യ വിളമ്പി.
പൊന്നാര്യന്‍നെല്ലിന്റെ ചോറ്, എരിശേരി, പന്നിവരട്ടിയത്, കാളയിറച്ചിക്കറി, താറാവു റോസ്റ്റ്, കോഴി വറുത്തത്, ഇഞ്ചിക്കറി, ഉപ്പേരി, തോരന്‍, കുടംപുളിയിട്ടുവച്ച മീന്‍കറി, ഇഞ്ചിയും കറിവേപ്പിലയുമിട്ട് നേര്‍പ്പിച്ച മോര്. അവസാനം നല്ല പനംകള്ളില്‍ നിന്നെടുത്ത പാനിയും പൂവന്‍പഴവും. 
ആദ്യപന്തിയിലിരുന്നവര്‍ ഏമ്പക്കംവിട്ട് എണീറ്റപ്പോഴേക്കും രണ്ടാംപന്തിയിലിരിക്കാന്‍ നാട്ടുകാര്‍ തിരക്കുകൂട്ടി. ആറുപന്തി ഇരുന്നു കഴിഞ്ഞപ്പോഴേക്കും ക്ഷണിച്ചുവന്നവരുടെ തിരക്കു കുറഞ്ഞു.
അവിരാതരകനെ ഒരു കസേരയില്‍ പൂമുഖത്തുകൊണ്ടിരുത്തിയിട്ടുണ്ട്. സദ്യ കഴിച്ചവര്‍ നാലുംകൂട്ടി മുറുക്കി കുശലം പറഞ്ഞിരുന്നതിനുശേഷം പോകാന്‍ സമയം വലിയ തരകനെ കണ്ട് വണങ്ങാന്‍ എത്തി. എല്ലാവര്‍ക്കും പുഞ്ചിരി സമ്മാനിച്ച് വലിയ തരകന്‍.
ആ സമയം താണ്ടമ്മയ്‌ക്കൊപ്പം വിരുന്നുകാരായി വന്നവര്‍ 'വീടുകാണാന്‍' അകത്തുകൂടി നടന്നു. മുറികളുടെ വലുപ്പവും എണ്ണവും വാതിലുകളിലെ ചിത്രപ്പണിയും അടുക്കളക്കെട്ടിലെയും അകത്തളങ്ങളിലെയും സജ്ജീകരണങ്ങളും വലിയ ചീനഭരണികളും കണ്ട് അവര്‍ അദ്ഭുതം കൂറി.
''ഈ തറവാടിരിക്കുന്നത് പത്തേക്കറിലാ.' ഈ പറമ്പിലെ ഈട്ടിത്തടി വെട്ടി വിറ്റാത്തന്നെ കിട്ടും ആയിരങ്ങള്.''
''മൊത്തം നൂറേക്കറാ ഇവ്‌ടെത്തന്നെ ഒള്ളത്.''
കാര്യസ്ഥന്‍ രാമന്നായര് വിരുന്നുകാരോട് വിളമ്പി. വന്നവരില്‍ പലരും വാ പൊളിച്ചുനിന്നു. 
മൂന്നുമണിയായപ്പോള്‍ വിരുന്നുസംഘം തിരികെപ്പോയി.
ഇയ്യോബിന്റെ വില്ലുവണ്ടിയിലാണ് താണ്ടമ്മയും അവളുടെ അപ്പച്ചനും അമ്മച്ചിയും. കരിഗ്യാസ്‌വണ്ടിയില്‍ വന്ന വിരുന്നുസംഘം ഏറെ മുന്നോട്ടുപോയിരുന്നു. 
   *     *    *
സഖറിയാ തര്യനും പ്ലമേനാമ്മയും മകളുടെ 'വീടുകാണല്‍' ചടങ്ങിനു വരികയാണ്. അതിനു ചില ചിട്ടവട്ടങ്ങളുണ്ട്.  ബന്ധുവീട്ടിലേക്ക് പെണ്ണിന്റെ മാതാപിതാക്കള്‍ ആദ്യമായി ചെല്ലുമ്പോള്‍ ചില പലഹാരക്കൊട്ടകള്‍കൂടി കൊണ്ടുചെല്ലണം. അതനുസരിച്ച് പ്ലമേനാമ്മ തയ്യാറാക്കിയ കുറെ എണ്ണപ്പലഹാരങ്ങളുമുണ്ട്. താണ്ടമ്മയുടെ 'കൈപ്പുണ്യം' അമ്മയുടെ കൈയില്‍നിന്നു കിട്ടിയതാണല്ലോ.
നെയ്യപ്പം, അച്ചപ്പം, ചുരുട്ട്, കുഴലപ്പം, ശര്‍ക്കരവരട്ടി, കായ്‌വറുത്തത്, ചക്കവറുത്തത്, ചീപ്പപ്പം, അരിയുണ്ട, ജിലേബി, ലഡു, കണ്ണന്‍പഴം തേനില്‍ വിളയിച്ചത് എന്നിങ്ങനെ പന്ത്രണ്ടുകൂട്ടം പലഹാരങ്ങള്‍ ഓരോന്നും ഓരോ വള്ളിക്കൊട്ട വീതം. എല്ലാംകൂടി ഒരു കാളവണ്ടി നിറയെ ഉണ്ട്.
സഖറിയാ തര്യനെയും പ്ലമേനാമ്മയെയും മാത്തുത്തരകനും ആണ്ടമ്മയും ഇയ്യോബും ചേര്‍ന്നു സ്വീകരിച്ചു. താണ്ടമ്മയ്ക്കും സന്തോഷമായി. അപ്പച്ചനെയും അമ്മച്ചിയെയും ഇത്രനാള്‍ പിരിഞ്ഞു നിന്നിട്ടില്ല.
എല്ലാവരും വിഭവസമൃദ്ധമായ സദ്യകഴിച്ച് അല്പനേരം നാട്ടുവിശേഷങ്ങള്‍ പറഞ്ഞിരുന്നു. 
അറയില്‍പോയി വലിയ തരകനെ കണ്ടു. അവര്‍ വന്ന സമയം അവിരാ തരകന്‍ ഉച്ചമയക്കത്തിലായിരുന്നു. 
അവര്‍ മടങ്ങിപ്പോകാന്‍ ധൃതികൂട്ടി. എത്ര നിര്‍ബന്ധിച്ചിട്ടും അന്നവിടെ താമസിച്ച് പിറ്റേദിവസം പോകാമെന്ന ക്ഷണം സ്വീകരിച്ചില്ല, അവര്‍.
''ഇനിയൊരിക്കലാവാം ആണ്ടമ്മച്ചേച്ചീ.''
പ്ലമേനാമ്മ ആണ്ടമ്മയുടെ കൈകള്‍ രണ്ടും കൂട്ടിപ്പിടിച്ച് പറഞ്ഞു.
''എന്നാ ഞങ്ങളിറങ്ങട്ടെ അപ്പച്ചാ, ഇയ്യോബേ, മോളേ!''
സഖറിയാ തര്യന്‍ ചവിട്ടുകല്ലുകളിറങ്ങുന്നതിനിടയില്‍ പറഞ്ഞു.
 ''ഇയ്യോബേ നീയും മോളുംകൂടി അടുത്തയാഴ്ച അങ്ങോട്ടൊന്നിറങ്ങ്.''
''ശരി അപ്പച്ചാ.''
ഇയ്യോബ് തല കുലുക്കി.
അവര്‍ പടിപ്പുര മാളിക കടന്ന് കണ്ണില്‍നിന്നു മറഞ്ഞപ്പോള്‍ താണ്ടമ്മയുടെ കണ്ണുനിറഞ്ഞു. 
കൊട്ടാരത്തില്‍ തറവാട്ടിലെ കാരണവര്‍ ഇയ്യോ ലൂക്കാ തരകന്‍ ചങ്ങനാശേരിയില്‍നിന്നും പുതിയ കൃഷിസ്ഥലം കണ്ടെത്താന്‍ 18-ാം നൂറ്റാണ്ടില്‍ മല കയറിയതാണ്. പൂഞ്ഞാര്‍ കോവിലകം കൊട്ടാരംവക നൂറേക്കര്‍ സ്ഥലം പാട്ടത്തിനെടുത്ത് കാടുവെട്ടിത്തെളിച്ച് കാരണവര്‍ കൃഷി ചെയ്തതായിട്ടാണ് ചരിത്രം. കാരണവര്‍ക്ക് എട്ട് ആണ്‍മക്കളാണ് ഉണ്ടായിരുന്നത്. അവരും അപ്പനെ കൃഷിയില്‍ സഹായിച്ചു.
പണിയാളുകളായി പുലയര്‍, പറയര്‍ തുടങ്ങിയ താഴ്ന്ന ജാതിക്കാരെ കൊണ്ടുവന്നു കുടിയിരുത്തി. അവരുടെ സന്തതിപരമ്പരകളാണ് ഇന്നും കൊട്ടാരത്തില്‍ തറവാടിന്റെ വിശാലമായ പറമ്പുകളുടെ മൂലകളില്‍ കുടികിടപ്പുകാരായിട്ടുള്ളത്. അവര്‍ രാവിലെ സൂര്യനുദിക്കുന്ന സമയത്ത് പാടത്തും പറമ്പിലും പണിക്കിറങ്ങിയാല്‍ സൂര്യനസ്തമിക്കണം പണി നിറുത്താന്‍. അവരുടെ കഠിനാധ്വാനമാണ് കൊട്ടാരം കുടുംബത്തിന്റെ ഈ ഉയര്‍ച്ചയ്‌ക്കെല്ലാം കാരണം. തെങ്ങും കുരുമുളകും കമുകും ആണ് പ്രധാനകൃഷികള്‍. നല്ലൊരു പങ്ക് കോവിലകത്തു കൊണ്ടുചെന്നു കൊടുക്കും. അതില്‍ പ്രസാദിച്ച കോവലികത്തു രാമവര്‍മന്‍ രാജാവ് കാരണവര്‍ കൃഷി ചെയ്ത് പൊന്നുവിളയിച്ച നൂറേക്കര്‍ തീറാധാരം ചെയ്തു കൊടുത്തു. അന്ന് മഹാരാജാ രാമവര്‍മന്‍ ആധാരത്തില്‍ ചേര്‍ത്ത പേരാണ് കൊട്ടാരത്തില്‍.
കൊട്ടാരത്തില്‍ ഇയ്യോ ലൂക്കാതരകന്റെ ഏറ്റവും ഇളയപുത്രനാണ് ഇട്ടിമാത്തൂതരകന്റെ അപ്പന്‍ ഇയ്യോ അവിരാ തരകന്‍. 
ഇളയ മകന്‍ എന്ന നിലയില്‍ ആചാരപ്രകാരം കൊട്ടാരത്തില്‍ ബംഗ്ലാവ് ഇയ്യോ അവിരാ തരകനു ലഭിച്ചു. അവിരാതരകന് ഏഴു പെണ്‍മക്കളും ഒരു ആണ്‍സന്തതിയും ജനിച്ചു. കുടുംബത്തിലെ ഒരേ ഒരു ആണ്‍തരി. അതാണ് ഇയ്യോബിന്റെ അപ്പന്‍ ഇട്ടിമാത്തൂതരകന്‍. ഇട്ടിമാത്തൂതരകന് അഞ്ചുപെണ്‍മക്കളും ഒരാണ്‍തരിയും. അതാണ് ഇയ്യോബ് പൈലോ തരകന്‍. 
ഇയ്യോ ലൂക്കാ തരകന്റെ മറ്റ്  ഏഴ് ആണ്‍മക്കള്‍ കുട്ടിച്ചന്‍, തൊമ്മന്‍, യോസേപ്പ്, ലൂക്കാ, മാത്തന്‍, പൈലോ, അവിരാ എന്നിവരാണ്.
ഇവരില്‍ അവിരായും പൈലോയും മലമ്പനി വന്നു മരിച്ചു. മാത്തന്‍ കാടുവെട്ടിത്തെളിക്കുന്നതിനിടയില്‍ സര്‍പ്പദംശനമേറ്റാണ് മരണമടഞ്ഞത്. അവിടെ ഒരു കാവുണ്ടായിരുന്നെന്നും അതുവെട്ടിത്തെളിച്ചതിലുള്ള സര്‍പ്പകോപമാണെന്നും ചെറുമര്‍ക്കിടയില്‍ സംസാരമുണ്ട്. വിഗ്രഹംപോലെ എന്തോ കൊത്തിയ ഒരു നെടുങ്കന്‍ കല്ല് കിളച്ചു ചെന്നപ്പോള്‍ പണിയാളിനു കിട്ടിയത് ഇയ്യോ അവിരാതരകന്‍ ഓര്‍ക്കുന്നു.
കയ്യാല വച്ചപ്പോള്‍ അതൊരു ചവിട്ടുകല്ലായി വച്ചു കാരണവര്‍. പിന്നീട് കിളയും കൃഷിയും മണ്‍തിട്ടനിര്‍മാണവുമൊക്കെ വന്നപ്പോള്‍ അത് മണ്ണിനടിയിലായി. ചെറുമരുടെ സംസാരം മറഞ്ഞുനിന്നു കേട്ട അവിരാ തരകന്‍ ഗീവര്‍ഗീസ് പുണ്യവാളന് ഒരു നേര്‍ച്ച നേരുകയും വീട്ടില്‍ ഗീവര്‍ഗീസ് പുണ്യവാളന്റെ ഒരാള്‍രൂപം പ്രതിഷ്ഠിക്കുകയും ചെയ്തു. ലൂക്കാ തരകനാകട്ടെ ഒരു നാള്‍ പുറപ്പെട്ടുപോയി. പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ആളിനെക്കുറിച്ച് ഒരു വിവരവും കിട്ടിയില്ല. കാരണവര്‍ ബാക്കി നാല് ആണ്‍മക്കള്‍ക്കും പത്തേക്കര്‍ വീതം നല്കി. അവരെ കല്യാണം കഴിപ്പിച്ചു.
ഇയ്യോ ലൂക്കാ തരകനാണ് മരച്ചീനി കൃഷി ആ നാട്ടില്‍ കൊണ്ടുവന്നത്. 1810-15 കാലം. തിരുവിതാംകൂര്‍ ഭരിച്ച വിശാഖം തിരുനാളാണ് ബ്രസീലില്‍നിന്നും മരച്ചീനി തിരുവിതാകൂര്‍ ദേശത്ത് എത്തിച്ചത്. ഇയ്യോ ലൂക്കാ തരകന്‍ തന്റെ കച്ചവടയാത്രയ്ക്കിടയില്‍ മരച്ചീനിയെപ്പറ്റി കേട്ടു. അദ്ദേഹം മരച്ചീനിക്കമ്പു കൊണ്ടുവന്ന് ഒരേക്കര്‍ സ്ഥലത്ത് നട്ടുവളര്‍ത്തി. നല്ല വിളവ്. ചന്തയില്‍കൊണ്ടുചെന്നപ്പോള്‍ നല്ല വില കിട്ടി. പിറ്റേക്കൊല്ലം മറ്റൊരു നൂറേക്കര്‍ കൂടി കോവിലകത്തുനിന്നു പാട്ടത്തിനെടുത്ത് അതു മുഴുവന്‍ മരച്ചീനി കൃഷി നടത്തി. 
പണിക്കാര്‍ക്കൊപ്പം നാല്  ആണ്‍മക്കളും അവരുടെ പെമ്പിളമാരും ജോലിക്കിറങ്ങി. ഈ കൂട്ടുകൃഷി വന്‍വിജയമായി. നല്ലൊരു തുക ലൂക്കാ തരകന്റെ കൈയിലായി. ആ തുക കൊടുത്ത് കോവിലകത്തുനിന്നും ആ നൂറേക്കര്‍ കൂടി വാങ്ങി. 
മരച്ചീനികൃഷിക്കു പിന്നാലെ അവിടെ തെങ്ങും കുരുമുളകും വാഴയും കൃഷി ചെയ്തു. ചങ്ങനാശേരി ചന്തയില്‍ചെന്ന് കൂടുതല്‍ പണിക്കാരെ കൊണ്ടുവന്ന് പണിക്കിറക്കി. അവരെ താമസിപ്പിക്കാന്‍  തോട്ടത്തിന്റെ ഒരൂ മൂലയില്‍ ഒരു ലായം തീര്‍ത്തു. അവര്‍ക്ക് കുടികിടപ്പ് അവകാശമില്ല. ലൂക്കാതരകന് പണി ചെയ്യുന്നിടത്തോളംകാലം അവിടെ സൗജന്യമായി താമസിക്കാം. പക്ഷേ, അവരാരും തിരികെ പോയില്ല. ലൂക്കാ തരകന് അവര്‍ വിശ്വസ്തസേവകരായി.
ഇയ്യോ ലൂക്കാ തരകന്‍ പണികഴിപ്പിച്ചതാണ് കൊട്ടാരത്തില്‍ ബംഗ്ലാവ്. പന്ത്രണ്ട് കിടപ്പുമുറികളുള്ള ഒരു കൂറ്റന്‍ ബംഗ്ലാവ്. 
പന്ത്രണ്ട് ബന്ധുക്കളും ചാര്‍ച്ചക്കാരുമല്ലാതെ പുറമേനിന്നു വരുന്നവര്‍ക്കു താമസിക്കാന്‍ ഒരു ഔട്ട്ഹൗസും. ബംഗ്ലാവിന്റെ എല്ലാ വാതിലുകളും ജനാലകളും ഈട്ടിയില്‍ തീര്‍ത്തതാണ്. പ്രധാനവാതിലുകളില്‍ കൊത്തുപണികള്‍. മച്ചകങ്ങളെല്ലാം തേക്കിന്‍ തടിയില്‍ തീര്‍ത്തിരിക്കുന്നു. ഭിത്തികള്‍ക്ക് ചെത്തിമിനുക്കിയ കരിങ്കല്ല്. ആദ്യകാലത്ത് പുല്ലുമേഞ്ഞ മേല്‍ക്കൂര. അപ്പോള്‍ എല്ലാ കാലത്തും നല്ല കുളിര്‍മ. പറമ്പിലെ വൃക്ഷക്കൂട്ടങ്ങള്‍ കൂടിയാകുമ്പോള്‍ അത് ഇരട്ടിക്കും.
പിന്നീട് ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ മേല്‍ക്കൂര പൊളിച്ച് മൂത്ത ആഞ്ഞിലിയുടെയും പ്ലാവിന്റെയും കഴുക്കോലും പട്ടികയും നിരത്തി ഇംഗ്ലണ്ടില്‍നിന്നും കപ്പലില്‍ ഇറക്കുമതി ചെയ്ത ഓടുമേഞ്ഞു.
ഇയ്യോബിനും താണ്ടമ്മയ്ക്കും വേണ്ടി 'മണിയറ' ഒരുക്കിയിരിക്കുന്നത് മാളികപ്പുരയിലാണ്. കുറേക്കാലമായി ഇയ്യോബ് അവിടെയാണ് കിടപ്പും വിശ്രമവുമെല്ലാം. അത്താഴം കഴിഞ്ഞ് ഇരുവരെയും മണിയറയിലേക്ക് ആനയിച്ചത് ഇയ്യോബിന്റെ നാലാമത്തെ  സഹോദരി ചാച്ചമ്മയാണ്. തൊട്ടുപിന്നില്‍ ഒരു വെട്ടുഗ്ലാസില്‍ നിറയെ പാലുമായി അഞ്ചാമത്തെ സഹോദരി കത്രീനാമ്മ. മൂത്തസഹോദരി ഏലിക്കുട്ടിയും രണ്ടാമത്തെ സഹോദരി മറിയക്കുട്ടിയും മൂന്നാമത്തെ പെങ്ങള്‍ റോസമ്മയും ഒപ്പമുണ്ട്. റോസമ്മ ചേച്ചിയുടെ ചെവിയില്‍ എന്തോ അടക്കം പറഞ്ഞു. മറിയക്കുട്ടി നിയന്ത്രിച്ചെങ്കിലും ചിരി പൊട്ടിപ്പോയി. സ്വരംകേട്ട ചാച്ചമ്മ തിരിഞ്ഞുനോക്കി. കണ്ണുകൊണ്ട് എന്താ കാര്യമെന്നു തിരക്കി. ഒന്നുമില്ലെന്ന് റോസമ്മ കണ്ണടച്ചു കാട്ടി. അവള്‍ കൂടുതല്‍ വെളിച്ചത്തിനായി കൈയിലിരുന്ന പാനീസ് വിളക്കിന്റെ തിരി അല്പം കൂടി നീട്ടി.
മണിയറയില്‍ ഒരു ഇരട്ടക്കട്ടിലില്‍ പഞ്ഞിക്കിടക്കയിട്ട് വെള്ളപ്പട്ടുതുണി വിരിച്ചിരിക്കുന്നു. അരികില്‍ നേരിയ കസവുള്ള കവറുകളുമായി രണ്ടു പഞ്ഞിത്തലയിണകള്‍. ഏലിക്കുട്ടി മുറിയിലെ ശരറാന്തല്‍ വിളക്കിന്റെ തിരി നീട്ടിയപ്പോള്‍ കൂടുതല്‍ വെളിച്ചം തൂവി. കത്രീനാമ്മ പാല്‍  പാത്രം താണ്ടമ്മയുടെ കൈയില്‍ കൊടുത്ത് അവളുടെ ചെവിയില്‍ എന്തോ അടക്കം പറഞ്ഞു. താണ്ടമ്മയുടെ മുഖം നാണംകൊണ്ടു ചുവന്നു.
താണ്ടമ്മ ജനാലയിലൂടെ പുറത്തേക്കു നോക്കി. വിശാലമായ തൊടിയില്‍ സമൃദ്ധമായ ഇല ച്ചാര്‍ത്തുകളോടുകൂടിയ മരക്കൂട്ടങ്ങള്‍. അവയ്ക്കിടയില്‍ നാലുദിവസം പ്രായമായ പൗര്‍ണമിചന്ദ്രന്‍. ഒരു മസ്‌ലിന്‍ പട്ടുപോലെ ആവരണമിട്ട മഞ്ഞിന്‍കണങ്ങള്‍ ഇലച്ചാര്‍ത്തുകളില്‍ പറ്റിച്ചേര്‍ന്നിരിക്കുന്നു.
നേര്‍ത്ത കാറ്റില്‍ അകലെയെവിടെയോ ഒളിച്ചുനില്‍ക്കുന്ന പൂത്ത ഇലഞ്ഞിമരങ്ങളില്‍നിന്നും പുറപ്പെട്ട സുഗന്ധധാര. അതവളുടെ നാസാദ്വാരങ്ങളെ മത്തുപിടിപ്പിച്ചു. 
 
 
(തുടരും)
Login log record inserted successfully!