മണിപ്പൂര്‍ കലാപബാധിതപ്രദേശങ്ങളില്‍ തോമസ് ചാഴികാടന്‍ എം.പി.യോടൊപ്പം സന്ദര്‍ശനം നടത്തിയ
ജോസ് കെ.മാണി എം.പി.അവിടത്തെ ദുരിതക്കാഴ്ചകള്‍ ദീപനാളം വായനക്കാരുമായി പങ്കുവയ്ക്കുന്നു.
മണിപ്പൂര്‍ അശാന്തിയുടെ പിടിയിലമര്‍ന്നിട്ടു രണ്ടുമാസത്തിലേറെയായിരിക്കുന്നു. മനുഷ്യര്‍ തമ്മിലുള്ള വെറും സംഘര്‍ഷമോ ഏറ്റുമുട്ടലുകളോ അല്ല മണിപ്പൂരിനെ കൊലക്കളമാക്കി മാറ്റിയത്. ഇന്ത്യാ വിഭജനകാലത്തു നടന്നതിനു സമാനമായ ആസൂത്രിതവംശഹത്യയെ ഓര്‍മപ്പെടുത്തുന്ന സംഭവങ്ങളാണ് ഗോത്രഭൂമികയെ ചുടലക്കളമാക്കി മാറ്റിയത്.
മണിപ്പൂരിലെ ഭൂരിപക്ഷ മെയ്‌തെയ് ഗോത്രവര്‍ഗവിഭാഗത്തിന് സംവരണാനുകൂല്യങ്ങള്‍ ലഭ്യമാകുന്നതിന് അവരെ പട്ടികവര്‍ഗമായി പ്രഖ്യാപിക്കാന്‍ സംസ്ഥാനസര്‍ക്കാരിനു നിര്‍ദേശം നല്‍കിക്കൊണ്ടുള്ള മണിപ്പൂര്‍ ഹൈക്കോടതിയുടെ വിധിക്കു പിന്നാലെയാണ് മണിപ്പൂരില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. ഏതെങ്കിലും ഒരു വിഭാഗത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നതിനു നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കാന്‍ കോടതികള്‍ക്കുള്ള അധികാരം സംബന്ധിച്ച് വലിയ ചര്‍ച്ചകളാണ് ഉയര്‍ന്നുവന്നത്. ഇക്കാര്യത്തില്‍ കോടതിക്കു സംഭവിച്ച പിഴവ് കേന്ദ്ര
സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയില്ലെന്നും വേണ്ട ജാഗ്രത ഇക്കാര്യത്തില്‍ പുലര്‍ത്തിയില്ലെന്നുമുള്ള ആക്ഷേപങ്ങളും സജീവചര്‍ച്ചയായി.
1972 ല്‍ മണിപ്പൂര്‍സംസ്ഥാനം രൂപീകരിച്ചതു മുതല്‍ ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ വലുതും ചെറുതുമായ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നു. രണ്ടായിരാമാണ്ടിന്റെ ആരംഭംവരെ ഇന്ത്യയിലെ പ്രശ്‌നബാധിതപ്രദേശമായിരുന്നു മണിപ്പൂര്‍. രാജ്യത്തെ സംബന്ധിച്ചിടത്തോളം വളരെ തന്ത്രപ്രധാനമായ ഒരു മേഖലയാണ് ഇന്ത്യയിലെ വടക്കു - കിഴക്കന്‍ സംസ്ഥാനങ്ങള്‍. രാജ്യത്തെ സപ്തസുന്ദരികള്‍ എന്നാണ് അവ അറിയപ്പെടുന്നത്. ഈ പ്രദേശങ്ങളെ സംബന്ധിക്കുന്ന വിഷയങ്ങളെ ഏറെ ജാഗ്രതയോടെ വേണം ഭരണകൂടങ്ങള്‍ സമീപിക്കേïത്. കേന്ദ്രസര്‍ക്കാരിന് ഈ ജാഗ്രതക്കുറവുണ്ടായി എന്ന ആക്ഷേപം വ്യാപകമായി മണിപ്പൂരിലെ സംവരണവിഷയവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരികയുണ്ടായി.
സംവരണവിഷയത്തിലെ സര്‍ക്കാര്‍നീക്കങ്ങളുമായി ബന്ധപ്പെട്ട് ന്യൂനപക്ഷവിഭാഗത്തില്‍ ഉള്‍പ്പെടുന്ന ഗോത്രസംഘടനകള്‍ 2023 മേയ് 3 പ്രതിഷേധദിനമായി ആചരിക്കാന്‍ തീരുമാനിച്ചു. തികച്ചും സമാധാനപരമായും ജനാധിപത്യപരമായും ആഹ്വാനം ചെയ്ത പ്രതിഷേധദിനാചരണമായിരുന്നു അത്. ആ പ്രതിഷേധപരിപാടികളുടെ ഒരുക്കങ്ങള്‍ നടക്കുന്നതിനിടയിലാണ് വലിയൊരു ഗൂഢാലോചനയുടെ ഫലമായി വംശഹത്യ മണിപ്പൂരില്‍ അരങ്ങേറിയതെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്.
മണിപ്പൂരിലെ കുന്നിന്‍പ്രദേശങ്ങളില്‍ അധിവസിക്കുന്ന കുക്കി ഗോത്രവിഭാഗത്തിലെ ബഹുഭൂരിപക്ഷവും ക്രൈസ്തവമതവിശ്വാസികളാണ്. താഴ്‌വരപ്രദേശങ്ങളിലുള്ളവര്‍ മെയ്‌തെയ് വിഭാഗത്തിലുള്ളവരും. കുക്കി ഗോത്രവിഭാഗക്കാര്‍ പടുത്തുയര്‍ത്തിയ ആരാധനാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇതര കച്ചവട - സാംസ്‌കാരിക സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത് ഇംഫാലടക്കമുള്ള മണിപ്പൂരിലെ കുന്നിന്‍താഴ്വര പ്രദേശങ്ങളിലാണ്.
2023 മേയ് മാസം മൂന്നിന് കുക്കി ഗോത്രവിഭാഗം ആഹ്വാനം ചെയ്ത പ്രതിഷേധദിനത്തില്‍ എതിര്‍ചേരിയിലെ അക്രമിസംഘം ഇംഫാല്‍മേഖലയിലെ ക്രൈസ്തവാരാധനാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ഇതര നിര്‍മിതികളും കുക്കിഗ്രാമങ്ങളും ഭവനങ്ങളും പൂര്‍ണമായും ഇല്ലായ്മ ചെയ്തു. മറ്റൊന്നിനും നേര്‍ക്ക് ആക്രമണങ്ങള്‍ നടന്നില്ല. ക്രൈസ്തവവിശ്വാസികളുടെ ആരാധനാലയങ്ങളും സ്ഥാപനങ്ങളും നിര്‍മിതികളും ഭവനങ്ങളും മാത്രമാണു തകര്‍ക്കപ്പെട്ടത്. തകര്‍ക്കപ്പെട്ടവ ഇനിയൊരിക്കലും പുനര്‍നിര്‍മിക്കരുത് എന്ന കൃത്യമായ ലക്ഷ്യത്തോടെയുള്ള ആസൂത്രിതാക്രമണങ്ങളാണ് അവിടെയെല്ലാം നടന്നത്. എന്നാല്‍, ചിലയിടങ്ങളിലെ ക്രൈസ്തവ ദൈവാലയങ്ങളോടു ചേര്‍ന്നാണ് അവിടത്തെ സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നത്. ആ സ്‌കൂളുകളില്‍ പഠിക്കുന്നവരില്‍ 90 ശതമാനവും മെയ്തെയ് വംശജരുടെ മക്കളാണ്. അങ്ങനെയുള്ള സ്‌കൂളുകളില്‍ അക്രമിസംഘം പ്രവേശിച്ചില്ല. ഇതില്‍നിന്നുതന്നെ കൃത്യമായ പ്ലാനിങ്ങോടെയാണ് ഈ അക്രമപ്രവര്‍ത്തനങ്ങളെല്ലാം നടന്നത് എന്ന കാര്യം വ്യക്തമാണ്. ചിലയിടങ്ങളില്‍ ആയിരത്തോളം ആളുകളും മറ്റു ചിലയിടങ്ങളില്‍ രണ്ടായിരത്തോളം വരുന്ന ജനക്കൂട്ടവും സംഘടിച്ചെത്തി ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ച് നിര്‍മിതികളെല്ലാം തവിടുപൊടിയാക്കുകയായിരുന്നു.
ഈ തകര്‍ക്കല്‍പ്രക്രിയ നിര്‍ബാധം തുടരുമ്പോള്‍ സ്വാഭാവികമായും അവിടെയുള്ളവര്‍ സഹായത്തിനായി വിളിക്കുന്നത് പോലീസിനെയും മറ്റ് അധികൃതരെയുമാണ്. ആരും ഈ അക്രമികളെ തടയാനോ സഹായിക്കാനോ എത്തിയില്ല. മാത്രമല്ല, അക്രമിസംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു തടസ്സവുമുണ്ടാകാന്‍ പാടില്ലെന്ന ബോധപൂര്‍വമായ ജാഗ്രത പുലര്‍ത്തിയാണ് പോലീസും ഭരണസംവിധാനങ്ങളും നിലപാടടെടുത്തതെന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്. അക്രമിസംഘങ്ങളെ പ്രതിരോധിക്കാന്‍ എത്തുന്നവരെയാണ് അവര്‍ തടഞ്ഞതും സ്ഥലത്തുനിന്നു നീക്കിയതും. അക്രമിസംഘങ്ങള്‍ക്ക് അഴിഞ്ഞാടാന്‍ കഴിയുംവിധം അവര്‍ക്കു ചുറ്റിനും സംരക്ഷണവലയമൊരുക്കുകയാണ് പൊലീസും ഇതര സര്‍ക്കാര്‍സംവിധാനങ്ങളും ചെയ്തത്.
ഇങ്ങനെ 2023 മേയ് 3, 4 ദിവസങ്ങളിലായി മണിപ്പൂരിലെ താഴ്വരപ്രദേശങ്ങളിലുള്ള ക്രൈസ്തവാരാധനാലയങ്ങളും വൈദികപരിശീലനകേന്ദ്രങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും കുക്കി ഗോത്രവിഭാഗക്കാര്‍ മാത്രം നടത്തുന്ന വാണിജ്യ വ്യവസായനിര്‍മിതികളും പൂര്‍ണമായും ഇല്ലായ്മചെയ്തു. കുക്കികള്‍ അധിവസിക്കുന്ന ഗ്രാമങ്ങളും അവിടെയുള്ള ഭവനങ്ങളും സമ്പൂര്‍ണമായും തിരഞ്ഞുപിടിച്ച് അടയാളപ്പെടുത്തി നശിപ്പിക്കുകയാണുണ്ടായത്.ഏകദേശം ഒരു ലക്ഷത്തോളമാളുകള്‍ക്ക് താഴ്വരകള്‍ വിട്ട് കുന്നിന്‍പ്രദേശത്തേക്കും അയല്‍സംസ്ഥാനമായ മിസോറാമിലേക്കും പലായനം ചെയ്യേണ്ടിവന്നു. ക്രൈസ്തവരുടെ 250 ല്‍പ്പരം ആരാധനാലയങ്ങളും ആയിരക്കണക്കിനു ഭവനങ്ങളുമടക്കമുള്ള ഇതര നിര്‍മിതികളും സ്ഥാപനങ്ങളുംമാത്രമാണ് ഈ രണ്ടു ദിവസങ്ങളിലായി തുടച്ചുനീക്കിയത്. ഇപ്പോഴും അതു തുടരുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഞാന്‍, തോമസ് ചാഴിക്കാടന്‍ എം പിയുമൊത്ത് മണിപ്പൂരിലെത്തിയത്.
ആദ്യം സന്ദര്‍ശിച്ചത് ഇംഫാല്‍ ആര്‍ച്ചുബിഷപ് ഡോ. വൈ. ഡൊമിനിക്ക് ലുമോണ്‍ പിതാവിനെയാണ്. ഒരു ജനത അനുഭവിക്കുന്ന കൊടുംക്രൂരതകള്‍ വിങ്ങുന്ന മനസ്സോടെയാണ് അദ്ദേഹം തുറന്നുകാട്ടിയത്. പിതാവിന്റ ഓരോ വാക്കിലും നിറഞ്ഞുനിന്ന വേദന അദ്ദേഹത്തിന്റെ മുഖത്തും ശരീരഭാഷയിലും വ്യക്തമായിരുന്നു. സമത്വത്തോടെയുള്ള വിഭവവിഭജനവും വികസനപ്രക്രിയയും ഒരു വിഭാഗത്തിനു നിഷേധിക്കപ്പെടുന്നതിന്റെ അപകടാവസ്ഥയെക്കുറിച്ചാണ് ഏറെ ഉത്കണ്ഠയോടെ അദ്ദേഹം സംസാരിച്ചു തുടങ്ങിയത്. മണിപ്പൂരിലെ ജനത എന്നതിനു പകരം വേര്‍തിരിവുകളോടെയുള്ള സമീപനവും ഒരു വിഭാഗത്തിനു മാത്രമുള്ള പരിഗണനയും തുടരുന്നതിലുള്ള ആശങ്കയാണ് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിറഞ്ഞുനിന്നത്. കുന്നിന്‍പ്രദേശങ്ങള്‍ അവികസിതമേഖലകളായി നിലനില്‍ക്കുന്നുണ്ടെന്നും എല്ലാവരെയും ഉള്‍ക്കൊണ്ട് ഭരണസംവിധാനങ്ങള്‍ മുന്നോട്ടുപോയില്ലെങ്കില്‍ മണിപ്പൂരില്‍ ശാശ്വതസമാധാനം ഉണ്ടാകില്ലെന്നുമുള്ള ഭയപ്പാട് അദ്ദേഹം പങ്കുവച്ചു. മനുഷ്യര്‍ തമ്മില്‍ സഹവര്‍ത്തിത്വവും സമുദായസൗഹാര്‍ദവും വളരുന്നതിനു തടസ്സം നില്‍ക്കുന്നവര്‍ സംഘര്‍ഷം വളര്‍ത്താനുള്ള പരിശ്രമങ്ങള്‍ മണിപ്പൂരിന്റെ മണ്ണില്‍ നടത്തുന്നുണ്ടെന്ന യാഥാര്‍ഥ്യവും അദ്ദേഹം വരച്ചുകാട്ടി. രത്‌നങ്ങളുടെ നാടാണ് മണിപ്പൂരെന്നും പോളോ എന്ന കളി ഉടലെടുത്തതും ലോകമാകെ പ്രചരിച്ചതും മണിപ്പൂരില്‍നിന്നാണെന്നും അദ്ദേഹം പറഞ്ഞു. സുഭാഷ് ചന്ദ്രബോസിന്റെ ഇന്ത്യന്‍ ആര്‍മിയുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സ് മണിപ്പൂരിലായിരുന്നു എന്നു പറഞ്ഞ പിതാവിന്റെ മുഖത്ത് ദേശസ്‌നേഹം ജ്വലിക്കുന്നതു കാണാന്‍ കഴിഞ്ഞു. വിട്ടുവീഴ്ചയില്ലാത്ത നീതിയും വേര്‍തിരിവുകളില്ലാത്ത നിയമവാഴ്ചയുംകൊണ്ടു മാത്രമേ മണിപ്പൂരിനെ സമാധാനത്തിലേക്കു കൊണ്ടുവരാന്‍ കഴിയൂ എന്ന് ബിഷപ് ഡൊമിനിക്ക് ലുമോണ്‍ അടിവരയിട്ടു പാറഞ്ഞു. ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിക്കാന്‍ പോവുകയാണ് എന്നു പറഞ്ഞപ്പോള്‍ വളരെ കരുതലും സുരക്ഷയും ഉറപ്പാക്കണമെന്ന നിര്‍ദേശമാണ് അദ്ദേഹം നല്‍കിയത്. സാഹോദര്യവും സമത്വവും സ്വാതന്ത്ര്യവും പുലരുന്ന മണിപ്പൂരിനായി കേരളം ഒന്നടങ്കം പ്രാര്‍ഥിക്കണമെന്ന അഭ്യര്‍ഥനയും അദ്ദേഹത്തില്‍നിന്നുമുണ്ടായി.
പിന്നീടു പോയത്, മണിപ്പൂരിലെ സെയ്തു നിയമസഭാനിയോജകമണ്ഡലത്തിലെ എം.എല്‍ എ ആയ കിപ്ഗനുമായി കൂടിക്കാഴ്ച നടത്തുന്നതിനാണ്. ഏറ്റവും കൂടുതല്‍ അക്രമസംഭവങ്ങള്‍ ഉണ്ടായ ഒരു പ്രദേശത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. മുമ്പ് ബി.ജെ.പി ന്യൂനപക്ഷമോര്‍ച്ചയുടെ ദേശീയ നേതാവായിരുന്ന കിപ്ഗന്‍ ഇപ്പോള്‍ സ്വതന്ത്ര എം.എല്‍.എ ആയിട്ടാണ് പൊതുജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്. മണിപ്പൂരില്‍ നടക്കുന്നത് ഒരു വിഭാഗത്തെ മാത്രം ഉന്നംവച്ചുള്ള ക്രൂരമായ വംശഹത്യയാണെന്ന് ഉറപ്പിച്ചുപറയുകയാണ് കിപ്ഗന്‍. തനിക്കു പരിചിതരായ അനേകം കുടുംബങ്ങള്‍ നിശേഷം തകര്‍ക്കപ്പെട്ടതും ഒട്ടേറെ ആളുകള്‍ക്കു ജീവന്‍ നഷ്ടപ്പെട്ടതും വേദനയോടെ അദ്ദേഹം വിശദീകരിച്ചു. സ്ത്രീകളും കുട്ടികളുമടക്കം അനേകര്‍ അതിക്രൂരമായ ഉപദ്രവങ്ങള്‍ക്ക് ഇരയായെന്നും കാണാതായ ഒട്ടേറെ ആളുകളെക്കുറിച്ച് യാതൊരു വിവരവുമില്ലെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിലെ സ്ഥിതി അതീവഗുരുതരമാണെന്നും ഇതരസംസ്ഥാനങ്ങളിലേക്കുകൂടി കലാപം ബാധിക്കുമോ എന്ന ആശങ്കയുണ്ടെന്നും അദ്ദേഹം അറിയിച്ചു. പശ്ചിമബംഗാള്‍ സംസ്ഥാനത്തെ ഡാര്‍ജിലിങ്ങ് മേഖലയില്‍ ഗൂര്‍ഖകള്‍ക്ക് സ്വയംഭരണാധികാരം നല്‍കിയതുപോലെ കുക്കി മേഖലകള്‍ കേന്ദ്രീകരിച്ച് പ്രത്യേക ഭരണസംവിധാനം നിലവില്‍ വന്നെങ്കില്‍ മാത്രമേ ഒരു ജനതയ്ക്ക് സമാധാനത്തോടെ ജീവിക്കാനാവൂ എന്ന് അദ്ദേഹം വ്യക്തമാക്കി. അദ്ദേഹത്തിന്റെ വീടിന്റെ തൊട്ടുപിറകിലുള്ള ദുരിതാശ്വാസക്യാമ്പും ഞങ്ങള്‍ സന്ദര്‍ശിച്ചു. കിപ്ഗന്‍ എം.എല്‍.എയും കുക്കി സംഘടനാനേതാക്കളും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്നു.
സംഗായി പ്രോയിലെ സെന്റ് പോള്‍സ് പള്ളി നിശേഷം തകര്‍ന്നുകിടക്കുന്നതായാണ് കാണാന്‍ കഴിഞ്ഞത്. ഗ്യാസ് സിലിണ്ടര്‍ ഉപയോഗിച്ചാണ് ഇവിടെയും തകര്‍ത്തത്. ഈ ദൈവാലയത്തോടുചേര്‍ന്ന പാസ്റ്ററല്‍ സെന്ററും ലൈബ്രറിയും ഹോസ്റ്റലും പൂര്‍ണമായി തകര്‍ക്കപ്പെട്ടു. കാഞ്ചീപോരിലെ ഹോളി റെഡിമര്‍ പള്ളിയുടെ സ്ഥിതിയും ഇതുതന്നെയായിരുന്നു. ഇത്തരത്തില്‍ വലുതും ചെറുതുമായ 250 തിലധികം ക്രൈസ്തവാരാധനാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെട്ടിട്ടുള്ളതായി ഒപ്പം വന്ന പുരോഹിതര്‍ പറഞ്ഞു. ക്രൈസ്തവര്‍ അധിവസിക്കുന്ന ഗ്രാമങ്ങളെയും ഭവനങ്ങളെയും അവര്‍ നടത്തുന്ന സ്ഥാപനങ്ങളെയും അവരുടെ ഉടമസ്ഥതയിലുളള നിര്‍മിതികളെയും പ്രത്യേകം അടയാളപ്പെടുത്തിക്കൊണ്ടുള്ള സമാനരീതിയിലുള്ള തകര്‍ക്കല്‍പ്രക്രിയയാണ് എവിടെയും നടന്നതെന്ന് പുരോഹിതര്‍ അടിവരയിട്ടു പറഞ്ഞു. പുനര്‍നിര്‍മാണമോ പുനരുദ്ധാരണമോ ഇനി നടക്കരുതെന്ന കൃത്യമായ അജണ്ടയോടെയാണ് ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ച് ചെറിയ നിര്‍മ്മിതികള്‍പ്പോലും തകര്‍ക്കപ്പെട്ടത്. ഇതിന് ഭരണകൂടസംവിധാനങ്ങളുടെ പൂര്‍ണമായ പിന്തുണയും സംരക്ഷണവും അക്രമകാരികള്‍ക്കു ലഭിച്ചു എന്നതാണ് ആശങ്ക ഉയര്‍ത്തുന്ന യാഥാര്‍ഥ്യം.
പിന്നീടു ഞങ്ങള്‍ പോയത്, അഭയാര്‍ഥിക്യാമ്പുകളിലേക്കായിരുന്നു. ആ യാത്രകളില്‍ എന്താണ് മണിപ്പൂരില്‍ നടക്കുന്നതെന്ന കൃത്യമായ ചിത്രം ഞങ്ങള്‍ക്കു ലഭിക്കുകയുണ്ടായി. കുക്കി അഭയാര്‍ഥിക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലേക്കു പോകുന്ന റോഡുകളില്‍ അര്‍ദ്ധസൈനികവിഭാഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. ഇവര്‍ നാടിനു കാവലൊരുക്കുകയോ, കലാപം തടയുകയോ, കലാപകാരികളെ അമര്‍ച്ചചെയ്യുകയോ ചെയ്യുന്ന ജോലി അല്ല നിര്‍വഹിക്കുന്നത്. കുക്കി അഭയാര്‍ഥിക്യാമ്പുകളില്‍ ഭക്ഷണമോ വെള്ളമോ വസ്ത്രങ്ങളോ മരുന്നോ ഉള്‍പ്പെടെയുള്ള യാതൊന്നും ആരും കൊണ്ടുപോകുന്നില്ലെന്ന് ഉറപ്പുവരുത്തുന്ന വിധത്തിലാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്. മെയ്തെയ് വിഭാഗക്കാരുടെ ചെക്ക്പോസ്റ്റുകള്‍ നിമവിരുദ്ധമായി അവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.
സായുധരായ മെയ്‌തെയ് വനിതകള്‍ വിശദമായി വാഹനങ്ങളെയും ആളുകളെയും പരിശോധിക്കുന്നുണ്ട്. കുക്കി ദുരിതാശ്വാസക്യാമ്പുകളില്‍ യാതൊന്നും കൊണ്ടുപോകുന്നില്ല എന്ന് ഉറപ്പാക്കിയിട്ടേ അവര്‍ വാഹനങ്ങളെയും ആളുകളെയും കടത്തിവിടൂ. കുക്കി സ്വാധീനമേഖലകളിലേക്കു കടന്നാല്‍ അവിടെയും ചെക്ക്‌പോസ്റ്റുകളില്‍ വനിതകളുടെ പരിശോധനയുണ്ട്. രണ്ടു വിഭാഗക്കാരുടെയും ഈ നിയമവിരുദ്ധ പ്രവര്‍ത്തനത്തെ തടയാനോ വിലക്കാനോ പോലീസോ, അര്‍ദ്ധസൈനികവിഭാഗങ്ങളോ യാതൊന്നും ചെയ്യുന്നില്ല എന്നത് മണിപ്പൂരിലെ സ്ഥിതിഗതികളുടെ ഗൗരവം ബോധ്യപ്പെടുത്തുന്ന വസ്തുതയാണ്. രണ്ടു വിഭാഗക്കാരും അവരവരുടെ പ്രദേശങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന ബാനറുകളിലൂടെ മണിപ്പൂരിലെ മനുഷ്യരുടെ ഹൃദയങ്ങളും ആ മണ്ണും പൂര്‍ണമായി വിഭജിക്കപ്പെട്ടു എന്ന സത്യാവസ്ഥ ആര്‍ക്കും ബോധ്യമാവും.
അഭയാര്‍ഥിക്യാമ്പുകളായി പ്രവര്‍ത്തിക്കുന്ന ചെറിയ സ്‌കൂളുകളിലെ അവസ്ഥ മനുഷ്യത്വമുള്ളവരെ മുഴുവന്‍ കരയിപ്പിക്കും. ഒരു ചെറിയ ഹാളില്‍ 600 ഉം700 ഉം മനുഷ്യര്‍ അടുക്കിയിട്ടിരിക്കുന്നതുപോലെ കഴിയേണ്ടി വരുന്ന ദുരവസ്ഥ മലയാളികള്‍ക്കു മനസ്സിലാകുമോ എന്നറിയില്ല. അത്രയ്ക്കു ദയനീയമാണ് ആ കാഴ്ച. മരുന്നോ ഭക്ഷണമോ കുടിവെള്ളമോ പോലുമില്ലാതെ നൂറുകണക്കിനു കൊച്ചുകുട്ടികളടക്കമുള്ള മനുഷ്യര്‍ നിരാലംബരായി, നിരാശ്രയരായി ഇത്തരം ക്യാമ്പുകളില്‍ ഇപ്പോഴും കഴിയുകയാണ്.
ഈ നില തുടര്‍ന്നാല്‍ അവരില്‍ ആരോഗ്യക്കുറവുള്ള ആളുകള്‍ മരണത്തിനു കീഴടങ്ങുകയല്ലാതെ മറ്റു യാതൊരു നിവൃത്തിയുമില്ല എന്ന അവസ്ഥയാണ് അവിടെ നിലനില്‍ക്കുന്നത്. ഇത്തരം ക്യാമ്പുകളിലേക്കുള്ള വഴികളുടെ നിയന്ത്രണം ഏറ്റെടുത്തവര്‍ ദുരിതാശ്വാസസാമഗ്രികള്‍ കടത്തിവിടുന്നുമില്ല. കുക്കി ഗോത്രവിഭാഗം താമസിക്കുന്ന ദുരിതാശ്വാസക്യാമ്പുകള്‍ക്കു ചുറ്റിനും വാസ്തവത്തില്‍ ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ് മെയ്‌തെയ് വിഭാഗക്കാര്‍. അവരെ പൂര്‍ണമായും സംരക്ഷിക്കുകയും സഹായിക്കുകയും ചെയ്യുന്ന നിലപാടാണ് ഇപ്പോഴും മണിപ്പൂരിലെ ഭരണകൂടസംവിധാനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത് എന്നത് അങ്ങേയറ്റം ഗൗരവതരമായ വസ്തുതയാണ്. വിങ്ങുന്ന മനസ്സോടെയാണ് ക്യാമ്പുകളില്‍നിന്നു മടങ്ങിയത്.
200 ലേറെ ആളുകള്‍ കൊല്ലപ്പെട്ട മണിപ്പൂരില്‍ ഒരു ലക്ഷത്തോളമാളുകളാണ് ഭവനരഹിതരായത്. അനേകം ഗ്രാമങ്ങള്‍ തുടച്ചുനീക്കപ്പെട്ടു. മൂന്നും നാലും നില വീടുകളടക്കം ആയിരക്കണക്കിനു ഭവനങ്ങള്‍ ചുട്ടെരിക്കപ്പെട്ടു. നിരവധി വ്യാപാര വാണിജ്യസ്ഥാപനങ്ങള്‍ തകര്‍ത്തു തരിപ്പണമാക്കി. അനേകം ദൈവാലയങ്ങള്‍ നശിപ്പിക്കപ്പെട്ടു. സ്ത്രീകളും കുട്ടികളും കൊടിയ പീഡനങ്ങള്‍ക്കിരകളായി. ഒട്ടേറെയാളുകളെ കാണാതായി. ഇതെല്ലാം ഇപ്പോഴും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. 4000 ത്തോളം തോക്കുകളാണ് പൊലീസിന്റെ ആയുധപ്പുരയില്‍നിന്നു കൊള്ളയടിക്കപ്പെട്ടത്.
അത്യന്തം സങ്കീര്‍ണമാണ് മണിപ്പൂരിലെ സ്ഥിതിഗതികള്‍. കഴിഞ്ഞ എട്ടുവര്‍ഷത്തിനിടയില്‍ 51 തവണ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വഴക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചുവെന്നാണ് ലഭ്യമാകുന്ന കണക്കുകള്‍. എന്നാല്‍, ഇന്ത്യയിലെ തന്ത്രപ്രധാനമായ സംസ്ഥാനമായ മണിപ്പൂരില്‍ ചോരപ്പുഴ ഇപ്പോഴും ഒഴുകിക്കൊണ്ടിരിക്കുമ്പോഴും ഇന്ത്യന്‍ പ്രധാനമന്ത്രി പുലര്‍ത്തുന്ന മൗനം അവിടെ നടക്കുന്ന കലാപത്തെക്കാള്‍ ഭയാനകമാണ്.
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേരിട്ടുള്ള ഇടപെടലുകളോ സംസ്ഥാനം ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളോ ജനങ്ങള്‍ പൂര്‍ണമായും വിശ്വാസത്തിലെടുക്കുന്നില്ല. മണിപ്പൂര്‍കലാപത്തിന്റെ യഥാര്‍ഥ കാരണങ്ങളും സംഭവിച്ച നഷ്ടങ്ങളുടെ വ്യാപ്തിയും പുറത്തുവരണം. ഗുജറാത്ത് ഹൈക്കോടതിയില്‍ നിന്നു വിരമിച്ച ജസ്റ്റിസ് അജയ് ലംബ അധ്യക്ഷനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിയോഗിച്ച നിലവിലെ സമിതി നടത്തുന്ന അന്വേഷണത്തിലൂടെ ഒരു സത്യാവസ്ഥയും പുറത്തുവരാന്‍ പോകുന്നില്ലെന്ന ആക്ഷേപമാണ് ഉയരുന്നത്. അതുകൊണ്ടുതന്നെ, മണിപ്പൂരില്‍ കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന ആസൂത്രിത വംശീയകലാപത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്റ്‌സമിതി അന്വേഷിക്കണമെന്നും ഈ മാസം 20 ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ നടപടികള്‍ നിര്‍ത്തിവച്ച് മണിപ്പൂര്‍ കലാപം ചര്‍ച്ച ചെയ്യണമെന്നും ഞാനും ശ്രീ തോമസ് ചാഴികാടനും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മണിപ്പൂരില്‍നിന്ന് എത്തിയശേഷം ഡല്‍ഹിയില്‍ നടത്തിയ പത്രസമ്മേളനത്തിലും ഈ ആവശ്യം ഞങ്ങള്‍ പരസ്യമായി ഉന്നയിച്ചിട്ടുണ്ട്. കാരണം, സത്യാവസ്ഥ അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.