•  16 May 2024
  •  ദീപം 57
  •  നാളം 10
കാഴ്ചയ്ക്കപ്പുറം

കുടുംബം തകര്‍ക്കാത്ത പ്രണയമോ?

നാട്ടിന്‍പുറത്തുകാരിയായ പദ്മ ജാതകദോഷത്തിന്റെ പേരില്‍ നിശ്ചിതപ്രായം കഴിഞ്ഞും അവിവാഹിതയായി തുടരുകയാണ്. നഷ്ടപ്രണയത്തിന്റെ വിങ്ങലില്‍ മദ്യപനായി ജീവിക്കുകയാണ്  സൈക്കോളജിസ്റ്റായ രവിശങ്കര്‍. വീട്ടുകാരുടെ നിര്‍ബന്ധത്തിനു വഴങ്ങി പ്രത്യേകമായ യാതൊരു നിബന്ധനയുമില്ലാതെ അയാള്‍ പദ്മയെ വിവാഹം കഴിക്കുന്നു. വൈകാതെ പദ്മ അയാളുടെ ജീവിതത്തില്‍ പ്രകാശമായി മാറുന്നു. അവരുടെ കുടുംബം നഗരത്തിലേക്കു ചേക്കേറുന്നു. കുട്ടി ജനിക്കുന്നു. സാമ്പത്തികമായി കുടുംബം ഉയര്‍ച്ച പ്രാപിക്കുന്നു. മികച്ചൊരു സൈക്കോളജിസ്റ്റായി രവിശങ്കര്‍ പേരു നേടുന്നു. 

കക്ഷികളുടെ ജീവിതവുമായി കൂട്ടുകൂടി നടക്കുന്നതിനിടയില്‍ പദ്മയെ കൂടുതല്‍ ശ്രദ്ധിക്കാനോ അവളുടെ ആഗ്രഹങ്ങള്‍ മനസ്സിലാക്കാനോ അയാള്‍ക്കു കഴിയുന്നില്ല. അയാള്‍ വിചാരിക്കുന്നത് പദ്മ സന്തോഷവതിയാണെന്നും താന്‍ അവള്‍ക്കുവേണ്ടതെല്ലാം നല്കുന്നുണ്ടെന്നുമാണ്. എന്നാല്‍, നഗരത്തിലെ ജീവിതരീതികളുമായി സമരസപ്പെട്ടു ജീവിക്കുമ്പോഴും പദ്മയുടെ ഉള്ളില്‍ മറ്റെന്തൊക്കെയോ ചില ആഗ്രഹങ്ങള്‍ ബാക്കിയുണ്ടായിരുന്നു.
അങ്ങനെയുള്ള ദിവസങ്ങളിലൊരിക്കലാണ് ഒരു ഗായകനുമായി പദ്മ പരിചയത്തിലാകുന്നത്. അയാളുടെ ഗാനങ്ങള്‍ അവളിലെ ചില മോഹങ്ങളെ ഉണര്‍ത്തുന്നു. അവള്‍ക്കുവേണ്ടിമാത്രമായി അയാള്‍ ഗാനങ്ങളാലപിക്കുന്നു. ഫോണിലൂടെ ശക്തമാകുന്ന ആ ബന്ധം ഒരുനാള്‍ ഹോട്ടലിലെ കിടപ്പുമുറിയില്‍ പൂര്‍ണവളര്‍ച്ചയെത്തുന്നു. മറ്റുള്ളവരുടെ കുടുംബങ്ങള്‍ രക്ഷിക്കുന്നതിനിടയില്‍ തന്റെ കുടുംബം തകര്‍ന്നുപോവുകയാണെന്ന് രവിശങ്കര്‍ മനസ്സിലാക്കുന്നതേയില്ല. കാമുകനുമൊപ്പമുള്ള നിമിഷങ്ങളെയോര്‍ത്ത് അഭിമാനിക്കുകയോ സന്തോഷിക്കുകയോ അല്ല; കുറ്റബോധത്തിന്റെ, പശ്ചാത്താപത്തിന്റെ അടുപ്പിലുള്ള വെന്തെരിയലാണ് പദ്മയുടെ ജീവിതത്തില്‍ പിന്നീടു സംഭവിക്കുന്നത്.
സംഭവിച്ചതെല്ലാം ഭര്‍ത്താവിനോടു തുറന്നുപറഞ്ഞതിനുശേഷം ഇനിയുള്ള കാലം അയാള്‍ക്കൊപ്പം ജീവിക്കാന്‍ താന്‍ അര്‍ഹയല്ലെന്നു തിരിച്ചറിഞ്ഞ് നാട്ടിന്‍പുറത്തുള്ള തന്റെ വീട്ടിലേക്ക് പദ്മ യാത്രയാകുന്നു. അനൂപ്‌മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച പദ്മ എന്ന സിനിമയുടെ ഇതിവൃത്തമാണിത്.
വിവാഹേതരപ്രണയബന്ധങ്ങള്‍ സര്‍വസാധാരണമായിക്കഴിഞ്ഞിരിക്കുന്ന കാലത്താണ് നാമിപ്പോള്‍ ജീവിക്കുന്നത്. ദിനംപ്രതി നാം കടന്നുപോകുന്ന വാര്‍ത്തകളില്‍ പലതിലെയും പ്രതിപാദ്യം വിവാഹേതരപ്രണയങ്ങളും അതേല്പിക്കുന്ന ദുരന്തങ്ങളുമാണല്ലോ. പുറമേയ്ക്കു നോക്കുമ്പോള്‍ സന്തോഷകരമെന്നും സംതൃപ്തകരമെന്നും തോന്നുന്ന പല കുടുംബങ്ങളുടെയും അകത്തേക്കു ചെന്നാല്‍ അവിടം അത്ര ശാന്തമോ സുന്ദരമോ അല്ല. പല കാരണങ്ങള്‍ അതിനുണ്ടാവാമെങ്കിലും വര്‍ത്തമാനകാലത്തിലെ ചില സംഭവങ്ങള്‍ വ്യക്തമാക്കുന്നത് വിവാഹേതരബന്ധങ്ങള്‍ അവയില്‍ പലതിലും മുഖ്യപങ്കുവഹിക്കുന്നുവെന്നാണ്.
എന്നാല്‍, കുടുംബത്തെയും മക്കളെയുംപ്രതി തങ്ങള്‍ക്കുള്ള സ്നേഹം മൂടിവയ്ക്കുന്ന ചില കമിതാക്കളെയും നമുക്കു കാണാന്‍ കഴിയും. കമലിന്റെ മേഘമല്‍ഹാര്‍ എന്ന സിനിമയിലാണ് ഈ മനോഹരദൃശ്യമുളളത്.
2002 ല്‍ പുറത്തിറങ്ങിയ സിനിമയാണ് മേഘമല്‍ഹാര്‍. വക്കീലായ രാജീവ്. പത്രപ്രവര്‍ത്തകയും എഴുത്തുകാരിയുമായ നന്ദിത. രാജീവിന്റെ ഭാര്യ  രേഖ. നന്ദിതയുടെ ഭര്‍ത്താവ് മുകുന്ദന്‍. 
യാദൃച്ഛികമായി രാജീവനും നന്ദിതയും അടുക്കുകയും ആ അടുപ്പം സൗഹൃദത്തിലേക്കു വഴുതിമാറുകയും ചെയ്യുന്നു. അതിനിടയില്‍ തീര്‍ത്തും അപ്രതീക്ഷിതമായി തങ്ങള്‍ കളിക്കൂട്ടുകാരായിരുന്നുവെന്ന് ഇരുവരും മനസ്സിലാക്കുന്നു. അതിനുമുമ്പുതന്നെ മനസ്സില്‍ മൊട്ടിട്ട സൗഹൃദം അതോടെ പ്രണയതീക്ഷ്ണമാകുന്നു.
നഷ്ടസൗഹൃദങ്ങളുടെയും തപ്തപ്രണയത്തിന്റെയും ഒരു നിമിഷത്തില്‍ അവര്‍ക്ക് തങ്ങളെത്തന്നെ നഷ്ടുമാകാന്‍ തുടങ്ങുമ്പോള്‍ ഉള്ളില്‍നിന്നുള്ള മനഃസാക്ഷിയുടെ സ്വരം അവരെ തെറ്റുകളില്‍നിന്നു പിന്തിരിപ്പിക്കുന്നു. ഒരു ചുവടുവച്ചാല്‍ ചെളിക്കുണ്ടിലേക്കു പതിക്കാമായിരുന്ന പ്രണയത്തെ അതിന്റെ എല്ലാ വിശുദ്ധിയോടും പരിമളത്തോടുംകൂടി കാത്തുസൂക്ഷിക്കാന്‍ അവര്‍ തീരുമാനിക്കുന്നതിനു പിന്നിലുള്ളത് തങ്ങളെ സ്നേഹിക്കുന്നവര്‍ക്ക് തങ്ങള്‍ നഷ്ടപ്പെടരുത് എന്ന ദൃഢനിശ്ചയമായിരുന്നു, കുടുംബം തകരരുത് എന്ന ഉത്തമനിശ്ചയമായിരുന്നു.
കേവലം മാംസനിബദ്ധമായ സ്നേഹമായിരുന്നില്ല രാജീവിനും നന്ദിതയ്ക്കും തമ്മിലുണ്ടായിരുന്നത്. അനാദിയിലേ പ്രണയത്തിന്റെ തീരങ്ങളില്‍വച്ച് കണ്ടുമുട്ടുകയും എന്നാല്‍ സമാഗമം അസാധ്യമാകുകയും ചെയ്തിരുന്ന ഒരു സ്‌നേഹം അവിചാരിതമായി അവര്‍ തിരിച്ചറിയുകയായിരുന്നു. അതുകൊണ്ടുതന്നെ, അവരുടെ സംഗമത്തിന് വേണമെങ്കില്‍ ചില സാധൂകരണങ്ങളുമുണ്ടായിരുന്നു. അങ്ങനെയൊന്നു സംഭവിച്ചിരുന്നുവെങ്കില്‍ ആ പ്രണയംതന്നെ വിലയില്ലാത്തതായി പോകുമായിരുന്നു.
പക്ഷേ, പ്രണയത്തിന്റെ വിശുദ്ധി നിലനിര്‍ത്തിക്കൊണ്ട് തങ്ങള്‍ക്കുമാത്രം അറിയാവുന്ന രഹസ്യമായി ഹൃദയത്തില്‍ അതു സൂക്ഷിച്ചു. എന്നേക്കുമായി കന്യാകുമാരിയില്‍വച്ച് അവര്‍ വേര്‍പിരിയുന്നു. പിന്നീട് ജീവിതസായാഹ്നത്തില്‍ ജീവിതപങ്കാളികളുമൊത്ത് രാജീവനും നന്ദിതയും വീണ്ടും ഒരിക്കല്‍കൂടി കന്യാകുമാരിയില്‍വച്ചു കണ്ടുമുട്ടുന്നു. പക്ഷേ, യൗവനത്തിലെടുത്ത തീരുമാനത്തിന് അവരില്‍ അപ്പോഴും മാറ്റമുണ്ടാവുന്നില്ല. തീര്‍ത്തും ഔപചാരികതയോടെ ഒരു ഹലോയില്‍ പരിചയം ഒതുക്കി തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ അവര്‍ പങ്കാളിയുമൊത്ത് യാത്ര പറയുന്നു.
ഇതാണ് കുടുംബത്തിനും മക്കള്‍ക്കും പ്രാധാന്യം കൊടുക്കുന്നവര്‍ക്കിടയില്‍ സംഭവിക്കുന്നത്. ഏതു ജീവിതാവസ്ഥയിലും ഏതൊരാളോടും പ്രണയം തോന്നുന്നതു സ്വാഭാവികം. എന്നാല്‍, അതിനെ ഏതെല്ലാം വിധത്തില്‍ പട്ടം പറത്തിവിടാം, വിടരുത് എന്നു തീരുമാനിക്കുന്നത് ഓരോരുത്തരുടെയും ധാര്‍മികബോധവും മൂല്യചിന്തയുമാണ്. ഈ ധാര്‍മികചിന്ത രാജീവിനും നന്ദിതയ്ക്കുമുണ്ടായിരുന്നു.
സന്തുഷ്ടകരമായ കുടുംബജീവിതം നയിക്കുമ്പോഴും പഴയകാലസ്നേഹബന്ധത്തിന്റെ തൊങ്ങലുകളും വളപ്പൊട്ടുകളും മഴവില്ലുകളും പലരുടെയും മനസ്സുകളിലുണ്ടാവാം. കുട്ടിക്കാലത്തെന്നതുപോലെ പുസ്തകത്താളില്‍ പെറ്റുപെരുകാന്‍ വച്ച മയില്‍പ്പീലിത്തുണ്ട് ഇടയ്ക്കൊക്കെ എടുത്തുനോക്കുന്നതുപോലെയാണ് അവയെല്ലാം. അത്രയുമേ ഉണ്ടാകാവൂ.
മേഘമല്‍ഹാറില്‍നിന്ന് 2023 ലെ പ്രണയവിലാസത്തില്‍ എത്തുമ്പോള്‍ നിഷ്‌കളങ്കവും   വിശുദ്ധവുമായ അതിലെ പ്രണയം കണ്ട് നമ്മുടെ കണ്ണു നിറയും. ആ പ്രണയത്തീയുടെ ചൂട് നമ്മുടെ ഉളളകങ്ങളെ ചുട്ടുപൊള്ളിക്കുകയും ചെയ്യും. വില്ലേജ് ഓഫീസറുടെ ഭാര്യയും കോളജ് വിദ്യാര്‍ഥിയായ മകന്റെ അമ്മയുമായ അനുശ്രീയുടെ കൗമാരകാലത്തിലെ പ്രണയമാണ്, പല തലങ്ങളിലൂടെ കടന്നുപോകുന്ന പ്രണയവിലാസം സിനിമയുടെ ഹൈലൈറ്റ്. 
ഒരുമിച്ചു ജീവിക്കാന്‍ ഇറങ്ങിത്തിരിച്ചിട്ടും ചെയ്യാത്ത കുറ്റത്തിന്റെ പേരില്‍ വിനോദ് ജയിലില്‍ അടയ്ക്കപ്പെടുന്നതോടെ വീട്ടിലേക്കുതന്നെ തിരിച്ചുപോകേണ്ടിവന്നു കൗമാരക്കാരിയായ അനുശ്രീക്ക്. പിന്നീട് അവള്‍ രാജീവന്റെ ഭാര്യയായി, സൂരജിന്റെ അമ്മയായി...സാധാരണക്കാരിയായ അനേകം വീട്ടമ്മമാരില്‍ ഒരാളായി ഭര്‍ത്താവിന്റെ പരിഗണനയ്‌ക്കോ മകന്റെ സ്‌നേഹത്തിനോ പ്രത്യേകമായി അര്‍ഹതയില്ലാതെ   മധ്യവയസ്സുവരെ ജീവിച്ചു. 
അവളുടെ ഉള്ളിലെന്തായിരുന്നുവെന്നോ അവള്‍ ആരായിരുന്നുവെന്നോ ഭര്‍ത്താവും മകനും അറിഞ്ഞില്ല, ഒരു ദിവസം അവള്‍ പെട്ടെന്നു മരിക്കുന്നതുവരെ. പക്ഷേ, അവള്‍ ആരായിരുന്നുവെന്ന് ആ നാട്ടിലെ കുട്ടികള്‍ക്കറിയാമായിരുന്നു, അയല്‍ക്കാരിക്ക് അറിയാമായിരുന്നു.
അമ്മ ഉളളില്‍ സൂക്ഷിച്ചിരുന്ന പ്രണയത്തിന്റെ ഡയറിക്കുറിപ്പുകള്‍ മകന്‍ കണ്ടെത്തുന്നു. അയാളെ തേടി അച്ഛനും മകനും യാത്രയാകുന്നു. വിവാഹത്തെത്തുടര്‍ന്ന് വിശ്വസ്തയായി ജീവിച്ച ഭാര്യയുടെ പൂര്‍വകാലപ്രണയത്തെപ്പോലും അംഗീകരിക്കാന്‍, നിലവില്‍ പൂര്‍വകാമുകിയുമായി സംഗമത്തിന് അവസരം പാര്‍ത്തുനടക്കുന്ന രാജീവിന് സാധിക്കുന്നില്ലെന്നതാണ് ഇതിലെ വിരോധാഭാസം. 
പുരുഷന് ഏതു ചെളിയിലും ചവിട്ടാം. പക്ഷേ, സ്ത്രീക്കു പാടില്ലല്ലോ. ഈ സൈക്കോളജിയാണ് രാജീവിന്റേത്. കാമുകി വിവാഹിതയും അമ്മയുമായെങ്കിലും വിവാഹം കഴിക്കാതെ മധ്യവയസ്സിലും ജീവിക്കുകയാണ് കാമുകനായ ഓട്ടോഡ്രൈവര്‍ വിനോദ്. കാമുകി പോലും അറിയാതെ അവളുടെ ഓരോ നീക്കങ്ങളും എന്തിന് അവളുടെ മരണംപോലും അയാള്‍ അറിഞ്ഞിരുന്നുവെന്നതാണു സത്യം. 
വിരല്‍ത്തുമ്പുകൊണ്ടുപോലും സ്പര്‍ശിക്കാതെ പ്രണയത്തെ അതിന്റെ ഉദാത്തതയില്‍ സൂക്ഷിക്കുന്നവരായിരുന്നു വിനോദും അനുവും. അനു പിന്നീടൊരിക്കലും വിനോദുമായി കണ്ടിട്ടുണ്ടാവില്ല. അനു കാണ്‍കെ വിനോദ് ഒരിക്കലും അവളുടെ മുമ്പില്‍ പ്രത്യക്ഷപ്പെട്ടിട്ടുമില്ല. എന്നിരിക്കലും വിനോദിന്റെ കണ്‍വെട്ടത്തുതന്നെ അനുവുണ്ടായിരുന്നു. ഭര്‍ത്താവും മകനും ഉള്ളപ്പോഴും അനു തന്റെ പ്രണയത്തില്‍ അഭിമാനിച്ചിരുന്നു. ഒരുപക്ഷേ, വിനോദിനെക്കാള്‍ പ്രണയാതുരനായ ഒരു ഭര്‍ത്താവായിരുന്നു രാജീവനെങ്കില്‍ അവള്‍ നിഷ്പ്രയാസം വിനോദിനെ മറന്നുകളയുമായിരുന്നു. പക്ഷേ, രാജീവനൊരിക്കലും അനുവിനെ മീരയെപ്പോലെ സ്നേഹിക്കാന്‍ കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ, അനു വിനോദിനെ മറന്നുകളഞ്ഞതുമില്ല.
മേഘമല്‍ഹാറിലെ നന്ദിതയോ പ്രണയവിലാസത്തിലെ അനുവോ വേലി ചാടുന്ന ഭര്‍ത്തൃമതികളല്ല. മേഘമല്‍ഹാറിലെ രാജീവോ പ്രണയവിലാസത്തിലെ വിനോദോ കാമുകിയുമായി സംഗമിക്കാന്‍ രാത്രികാലങ്ങളില്‍ മതില്‍ചാടുന്നവരുമല്ല. അവിടെയാണ് നാം അടിക്കടി കണ്ടുമുട്ടുന്ന വാര്‍ത്തകളിലെ വിവാഹേതരബന്ധങ്ങളിലെ കഥാപാത്രങ്ങളില്‍നിന്ന് ഇവരെ ഉയര്‍ത്തിപ്രതിഷ്ഠിക്കേണ്ടതായി വരുന്നത്.
പ്രണയത്തിന്റെ പേരില്‍ കുടുംബം തകര്‍ക്കാത്തവര്‍. വ്യവസ്ഥാപിതമായ കുടുംബവ്യവസ്ഥയുടെ നിയമങ്ങള്‍ അണുവിട തെറ്റാതെ പാലിച്ചവര്‍. അതുകൊണ്ടുതന്നെ നന്ദിതയും അനുശ്രീയും രാജീവനും ദാമ്പത്യ അവിശ്വസ്തതയുടെ വക്താക്കളല്ല. പ്രലോഭനങ്ങള്‍ ഉണ്ടാവുക സാധാരണം. എന്നാല്‍, അതിജീവിക്കാന്‍ കഴിയുന്ന പ്രലോഭനങ്ങളേ എല്ലാവരുടെയും ജീവിതത്തിലുണ്ടാകൂ എന്നതാണ് സത്യം.
അംഗീകരിച്ചാലും ഇല്ലെങ്കിലും തുറന്നു സമ്മതിച്ചാലും ഇല്ലെങ്കിലും ഒരു കാര്യം ഓരോരുത്തരും അവനവനോടുതന്നെ സമ്മതിച്ചേ തീരൂ. ആദ്യപ്രണയവും നഷ്ടപ്രണയവും ഒരിക്കലും മനസ്സില്‍നിന്നു മായുകയില്ല. പ്രണയത്തിന്റെ താജ്മഹലുകള്‍ ഹൃദയത്തിലെങ്കിലും സൂക്ഷിക്കുന്നവരാണ് പലരും. എന്നാല്‍, അവരാരും സദാചാരധ്വംസകരല്ല, പ്രണയഭ്രാന്തരുമല്ല. പ്രണയത്തീയില്‍ അവരാരും ഇണയുടെ ജീവിതമോ കുടുംബമോ നശിപ്പിക്കുന്നുമില്ല. ആരും അറിയാതെ തങ്ങളുടെ പ്രണയങ്ങളെ സ്വകാര്യനിമിഷങ്ങളില്‍ ആരെയും വേദനിപ്പിക്കാതെ എടുത്തോമനിക്കുന്നതില്‍ മാത്രം അവര്‍ സന്തോഷം കണ്ടെത്തുന്നു, സംതൃപ്തരാകുന്നു.
പദ്മയിലേക്കുതന്നെ മടങ്ങാം. പദ്മയുടെ തെറ്റു ക്ഷമിച്ച് ഭര്‍ത്താവ് അവളെ സ്വജീവിതത്തിലേക്കു ക്ഷണിക്കുന്നതായിട്ടാണ് ചിത്രം അവസാനിക്കുന്നത്. സിനിമയുടെ സോദ്ദേശ്യപ്രസക്തിക്കുവേണ്ടി അത് അങ്ങനെ അവസാനിപ്പിക്കാമെങ്കിലും അത്ര സരളമായി  അവസാനിപ്പിക്കാവുന്നതല്ല ഒരു അവിഹിതബന്ധവും. 
കറ നല്ലതാണ് എന്നത് സോപ്പുകളുടെ പരസ്യത്തില്‍ പ്രയോഗിക്കാം. പക്ഷേ, സ്വന്തം ജീവിതത്തില്‍ കറ പുരണ്ടാല്‍ അതു കഴുകിക്കളയുക അത്രയെളുപ്പമല്ല. 
കറ പുരളാതിരിക്കട്ടെ... വിവാഹേതരപ്രണയത്തിന്റെ പേരില്‍ ദാമ്പത്യം കലങ്ങിമറിയാതിരിക്കട്ടെ.

Login log record inserted successfully!