•  2 May 2024
  •  ദീപം 57
  •  നാളം 8
പുഴയൊഴുകും വഴി

ആമസോണ്‍ നദി

'കടല്‍നദി' എന്നു വിശേഷാല്‍ പേരുള്ള നദിയാണ് ആമസോണ്‍. ഈ പേരിട്ടത് പതിനാറാം നൂറ്റാണ്ടില്‍ സ്പാനിഷ് പര്യവേക്ഷകനായ ഫ്രാന്‍സിസ്‌കോ ഡി ഓറെല്ലാനാ.

പെറുവിലെ ആന്‍ഡീസ് പര്‍വതനിരകളില്‍നിന്ന് ആരംഭിച്ച് കിഴക്കോട്ടൊഴുകി ബ്രസീലിന്റെ വടക്കുകിഴക്കുതീരത്ത് അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിക്കുന്നു. ചെറുതും വലുതുമായ ഉദ്ദേശ്യം 1100 പോഷകനദികള്‍ ചേര്‍ന്നൊഴുകുന്ന മഹാനദിയാണിത്. ഏതാണ്ട് മൂന്നില്‍ രണ്ടുഭാഗവും ബ്രസീലിലൂടെ ഒഴുകുന്നു. ആമസോണിനെക്കൂടാതെ പെറു, കൊളംബിയ, ഇക്വഡോര്‍, ബൊളീവിയ, വെനസ്വല എന്നീ രാജ്യങ്ങളിലൂടെയും ആമസോണ്‍ യാത്രചെയ്യുന്നുണ്ട്.
ലോകത്തില്‍ ഏറ്റവും കൂടുതല്‍ വെള്ളമൊഴുകുന്ന നദിയാണിത്. ഭൂമിയില്‍ ഏറ്റവുമധികം നദീതടമുള്ള നദികൂടിയാണിത്. വെള്ളത്തിന്റെ കാര്യത്തില്‍ നൈലിനെ വെല്ലാന്‍ ആമസോണിനു നിഷ്പ്രയാസം സാധിക്കുന്നു. ലോകത്തിലെ ആകെ നദീജലത്തിന്റെ ഏകദേശം അഞ്ചിലൊരു ഭാഗവും ആമസോണിന്റെ സംഭാവനതന്നെ. അതായത്, ആമസോണ്‍ നദി ഒരുനിമിഷം (സെക്കന്റ്) അറ്റ്‌ലാന്റിക് സമുദ്രത്തിലേക്ക് ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് സുമാര്‍ 22 കോടി ലിറ്റര്‍ ആണത്രേ. ആമസോണ്‍ നദി വെള്ളമെത്തിക്കുന്ന ഭൂപ്രദേശം 75 ലക്ഷം ചതുരശ്രകിലോമീറ്റര്‍. മറ്റൊരു വിധത്തില്‍ വിശദമാക്കിയാല്‍ തെക്കേ അമേരിക്കയുടെ നാല്പതു ശതമാനത്തോളം.
ആമസോണ്‍ നദിയുടെ തീരങ്ങളിലാണ് ലോകത്തിലെ ഏറ്റവും വലിയ മഴക്കാടുകള്‍ വളരുന്നത്. ഈ നദിയില്‍ രണ്ടായിരത്തിലധികം ഇനം മീനുകള്‍ കാണപ്പെടുന്നുണ്ട്. നീളത്തിന്റെ കാര്യത്തില്‍ ഗിന്നസ് ബുക്കില്‍ നൈല്‍ പേരെടുത്താലും വെള്ളമൊഴുക്കിന്റെ കാര്യത്തിലും മത്സ്യശേഖരത്തിന്റെയും ഇതരജീവികളുടെ സാന്നിദ്ധ്യത്തിന്റെയും കാര്യത്തിലും ആമസോണ്‍ നദിയും ആമസോണ്‍ കാടുകളും റിക്കാര്‍ഡുകളുടെ കിരീടം ചൂടി നില്ക്കുന്നു!

Login log record inserted successfully!