•  16 May 2024
  •  ദീപം 57
  •  നാളം 10
നോവല്‍

പലായനം

താണ്ടമ്മ ഗര്‍ഭം ധരിച്ച് നാലുമാസം പിന്നിട്ടപ്പോള്‍ സഖറിയ തര്യന്‍ ഒരു കത്തെഴുതി ദൂതന്‍വശം കൊടുത്തയച്ചു. ആചാരപ്രകാരം പ്രസവത്തിനു കൊണ്ടുപോകാന്‍ തീയതി നിശ്ചയിച്ചു കുറിച്ചു കൊടുത്തയയ്ക്കണം. ഇയ്യോ മാത്തുത്തരകാനാണ് കത്ത്. ''വയറ്റുകണ്ണി''യായ പെണ്ണിന്റെ കടിഞ്ഞൂല്‍പ്രസവം പെണ്ണിന്റെ തറവാട്ടിലാണ്. അതുമാത്രവുമല്ല, പെണ്ണിനെ ഡോക്ടറെ കാണിക്കാനും പ്രസവത്തിനുമുമ്പുള്ള ശുശ്രൂഷകള്‍ക്കും ഇവിടെ കൂടുതല്‍ സൗകര്യമുണ്ട്. ചങ്ങനാശ്ശേരിയില്‍ നല്ലൊരു ആശുപത്രിയും അവിടെ പ്രസവം എടുക്കുന്ന ഒരു വനിതാഡോക്ടറുമുണ്ട്. 
കത്തു കണ്ടപ്പോള്‍ ആണ്ടമ്മ പ്രതികരിച്ചു: ''ഇവ്‌ടെ ചെയ്യാവുന്നതേയുള്ളൂ. ഞാന്‍ ഏഴു പ്രസവിച്ചതാ. ഒരാശുപത്രീലും പോയിട്ടില്ല. പിന്നെ അവര്‍ക്കു നിര്‍ബന്ധമാണെങ്കില് കൊണ്ടുപൊക്കോട്ടെ. നമ്മള് തടസ്സപ്പെടുത്തേണ്ട.''
മാത്തൂതരകന്‍ ഇയ്യോബുമായി ആലോചിച്ച് ദൂതന്റെ കൈയില്‍ തീയതി കുറിച്ചു കൊടുത്തുവിട്ടു.
ഇതിനിടയില്‍ സഖറിയ തര്യന്‍ ഒരു കാറുവാങ്ങാനുള്ള ആലോചനയിലായി.  തിരുവല്ലയിലെ മിഷന്‍ ആശുപത്രിയിലെ ഒരു സായിപ്പ് ഡോക്ടര്‍ക്ക് ഒരു കാര്‍ വില്ക്കാനുണ്ടെന്നു കേട്ടു. ഇംഗ്ലണ്ടില്‍നിന്ന് കപ്പലില്‍ കൊണ്ടുവന്ന ഓസ്റ്റിന്‍ കാറാണ്. സായിപ്പും മദാമ്മയും ഇവിടത്തെ സേവനം മതിയാക്കി തിരികെ പോവുകയാണ്. കാര്‍ കൊണ്ടുപോകാന്‍ പ്ലാനില്ല.
 സഖറിയ തര്യന്‍ കാര്‍ ചെന്നു കണ്ടു. ഇഷ്ടപ്പെട്ടു. താണ്ടമ്മ പ്രസവത്തിനു വരുമ്പോള്‍ ആശുപത്രിയിലും മറ്റും പോകാനും ഉപകരിക്കും. വില അല്പം കൂടുതലാണെന്നു തോന്നി. എങ്കിലും കരാര്‍ ഉറപ്പിച്ചിട്ടേ സഖറിയ തര്യന്‍ മടങ്ങിയുള്ളൂ. ഒരു കാര്യംകൂടി ചെയ്തു. സായിപ്പിന്റെ ഡ്രൈവര്‍ ചങ്ങനാശേരിക്കാരനാണ്. അയാളെക്കൂടി ഏര്‍പ്പാടാക്കി.
അടുത്തദിവസംതന്നെ പണം കൊടുത്ത് കാറുമായിട്ടാണ് തിരികെ മാളികത്തറവാട്ടിലെത്തിയത്. പ്ലമേനാമ്മയ്ക്കു വലിയ സന്തോഷമായി. അവര്‍ അഭിമാനത്തോടെ തല ഉയര്‍ത്തിപ്പിടിച്ചു. 
ഇനി പള്ളീല് പോകുമ്പം കൂട്ടുകാരൊക്കെ അസൂയപ്പെടട്ടെ. ചമ്പക്കുളത്ത് ആര്‍ക്കും കാറില്ല. കാര്‍ പള്ളിയില്‍ കൊണ്ടുപോയി വെഞ്ചരിച്ചു. വികാരിയച്ചനും സന്തോഷമായി.
താണ്ടമ്മയെ പ്രസവത്തിനുകൊണ്ടുപോകുന്നു എന്നറിഞ്ഞനിമിഷംമുതല്‍ ഇയ്യോബിന്റെ മുഖം മ്ലാനമായി. താണ്ടമ്മയെ പിരിഞ്ഞിരിക്കാന്‍ മനസ്സു വരുന്നില്ല. തന്റെ ശരീരത്തിന്റെ ഭാഗമായി മാറിയിരിക്കുന്നു, അവള്‍.
ഒട്ടും ഉറങ്ങാന്‍ കഴിഞ്ഞില്ല. പിറ്റേന്നാണ് താണ്ടമ്മ പ്രസവത്തിനായി അവളുടെ വീട്ടിലേക്കു യാത്രയാകുന്നത്. 
ജനാലയിലൂടെ ക്ഷണിക്കാതെ കടന്നുവന്ന ഈറന്‍ നിലാവ് ഇയ്യോബിനെയും താണ്ടമ്മയെയും തഴുകിനിന്നു.
പുതുതായി വാങ്ങിച്ച കാറിലാണ് സഖറിയ തര്യനും പ്ലമേനാമ്മയും താണ്ടമ്മയെ പ്രസവത്തിനു കൊണ്ടുപോകാനെത്തിയത്. അവര്‍ പതിവുപോലെ ബന്ധുവീട്ടിലേക്ക് പലഹാരക്കെട്ടുകള്‍ കരുതിയിരുന്നു.
കാറു പുറത്തുനിറുത്തി പടിപ്പുരമാളിക കടന്ന് പൂമുഖത്തു വരുമ്പോഴാണ് വഴിക്കണ്ണു നോക്കിയിരുന്ന ഇയ്യോബും താണ്ടമ്മയും അറിയുന്നത്.
'അമ്മച്ചീ, അപ്പച്ചാ' എന്നു വിളിച്ച് ആഹ്ലാദത്തോടെ താണ്ടമ്മ അവര്‍ക്കു മുന്നിലെത്തി. ഇരുവരുടെയും കരങ്ങള്‍ ഗ്രഹിക്കുകയും കവിളില്‍ ഉമ്മ വയ്ക്കുകയും ചെയ്തു. ഇയ്യോബും അമ്മായിയച്ചന്റെയും അമ്മായിയമ്മയുടെയും കരങ്ങള്‍ ഗ്രഹിച്ച് അവരെ സ്വീകരിച്ചു.
''നമ്മളൊരു കാറു വാങ്ങി മോളേ.''
പ്ലമേനാമ്മ ആഹ്ലാദത്തോടെ പറഞ്ഞു.
''എവ്‌ടെ അമ്മാ. കാണട്ടെ.'' താണ്ടമ്മ ഉദ്വേഗത്തോടെ തിരക്കി.
പടിപ്പുരമാളികയ്ക്കു പൊറത്തൊണ്ട്.'' സഖറിയാ തര്യന്‍ കൂട്ടിച്ചേര്‍ത്തു.
ശബ്ദം കേട്ട് ആണ്ടമ്മയും മാത്തുതരകനും മുറിയില്‍ നിന്നിറങ്ങി വന്നു.
അവരും ബന്ധുക്കാരെ സ്വീകരിച്ചു.
എല്ലാവരും ചേര്‍ന്ന് കാര്‍ കാണാന്‍ പടിപ്പുരമാളികയ്ക്കു പുറത്തെത്തി. കാര്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ടു. ഇയ്യോബ് ഡോര്‍ തുറന്ന് അകത്തു കയറി ഇരിക്കുകവരെ ചെയ്തു.
സമൃദ്ധമായ ഉച്ചഭക്ഷണം കഴിഞ്ഞാണ് അവര്‍ പുറപ്പെട്ടത്. പോകാന്‍ നേരം താണ്ടമ്മ മാത്തുതരകനും  ആണ്ടമ്മയ്ക്കും സ്തുതി ചൊല്ലി ഉമ്മ കൊടുത്തപ്പോള്‍ ആണ്ടമ്മയുടെ കണ്ണുനിറഞ്ഞു.
താണ്ടമ്മ ഇയ്യോബിന്റെ കണ്ണുകളിലേക്കു നോക്കി യാത്ര പറഞ്ഞു. യാത്ര അയയ്ക്കുന്നതിനായി കാറിനടുത്തുവരെ എല്ലാവരും എത്തി. 
കാറില്‍ കയറവേ സഖറിയ തര്യന്‍ ഇയ്യോബിനെ ക്ഷണിച്ചു: 
''മോന്‍ ഇടയ്‌ക്കൊക്കെ അങ്ങോട്ടു വരണം. മോള്‍ക്കും ഞങ്ങള്‍ക്കും കാണാലോ.''
''തീര്‍ച്ചയായും അപ്പച്ചാ.''
ഇയ്യോബ് പ്രത്യുത്തരം നല്കി. കണ്ണില്‍നിന്നു മറയുവോളം താണ്ടമ്മ കാറിലിരുന്ന് തിരിഞ്ഞുനോക്കിക്കൊണ്ടിരുന്നു.
അന്നുരാത്രിയും ഇയ്യോബിനു കാളരാത്രിയായിരുന്നു. കട്ടിലില്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു. 
വശം ചെരിഞ്ഞ് ജനാലയിലൂടെ പുറത്തേക്കു നോക്കി. ചാന്ദ്രപ്രകാശമേറ്റ് പച്ചിലകള്‍ തിളങ്ങുന്നുണ്ട്. ഒരു നേരിയ മന്ദമാരുതന്‍പോലും വീശുന്നില്ല.
പെട്ടെന്ന് എവിടെനിന്നോ ഒരു  കാര്‍മേഘം വന്ന് ചന്ദ്രനെ മറച്ചു. നിലാവില്‍ കുളിച്ചുനിന്ന പ്രകൃതിയുടെ മുഖം മ്ലാനമായി. എവിടെയോ ഇരുന്ന് ഒരു കതിരുകാണാക്കിളി പാടി.
''വിത്തുംകൈക്കോട്ടും അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്...''
വിഷുപ്പക്ഷിയുടെ സ്വരം വേര്‍തിരിച്ചെടുക്കാന്‍ അയാള്‍ ശ്രമിച്ചു. കഴിഞ്ഞില്ല. ഇലച്ചാര്‍ത്തുകള്‍ക്കിടയിലിരുന്ന് ഒരു ഉപ്പന്‍ മൂളി. അതു തന്നെ കൊഞ്ഞനം കുത്തുകയാണെന്ന് ഇയ്യോബിനു തോന്നി.
അവന്റെ ആത്മാവ് അവളെ എത്തിപ്പിടിക്കാന്‍ പടിഞ്ഞാറുദിശ നോക്കി പറക്കാന്‍ അഭിലഷിച്ചു. സ്‌നേഹബന്ധങ്ങളുടെ ഊഷ്മളതയ്ക്കിടയില്‍ അകലങ്ങളില്ല. 
   ****
കൊല്ലന്‍ നാണുവിന്റെ മകള്‍ കല്യാണി വസൂരി വന്നു ചത്തു. വളരെ ദാരുണമായിരുന്നു അവളുടെ അന്ത്യം. ഇരുപതു വയസ്സായിട്ടും അവളുടെ കല്യാണം നടന്നില്ല. നാണുവിനു വാറ്റുചാരായം മോന്തി അന്തിക്കുവന്ന് കൊല്ലത്തി പാറുവിന്റെ മുതുകത്തിടിക്കുന്നതിലാണു വിനോദം.
ചിലപ്പോള്‍ കഞ്ഞിക്കലം എടുത്ത് വലിച്ചെറിഞ്ഞെന്നും വരും. അന്ന് കൊല്ലക്കുടിലില്‍ പട്ടിണിയാണ്. ക്ടാങ്ങള്‍ക്ക് അന്നു കഞ്ഞി കിട്ടില്ല. നാണു ഇറയത്തിരുന്ന ഏറെ ഇരുട്ടുവോളം ആരെയൊക്കെയോ തെറി വിളിക്കും. അങ്ങനെയുള്ള ദിനങ്ങളില്‍ മൂത്തവളായ കല്യാണി ഇരുട്ടത്ത് ഇറങ്ങിച്ചെന്ന് വാച്ചിലയില്‍നിന്ന് രണ്ടുമൂടു മരച്ചീനി പിഴുതു കൊണ്ടുവന്ന് അതു വേവിച്ചു ക്ടാങ്ങള്‍ക്കു കൊടുക്കും. ക്ടാങ്ങള്‍ അതുതിന്ന് തറയില്‍ വിരിച്ച തഴപ്പായില്‍ തളര്‍ന്നുറങ്ങും.
കൊട്ടാരത്തിലെ സ്ഥിരം പണിക്കാരുടെ തൂമ്പയുടെയും കോടാലിയുടെയും വാക്കത്തിയുടെയും പണി കഴിഞ്ഞിട്ടേ മറ്റുള്ളവരുടെ പണി ഏറ്റെടുക്കൂ. നാണു കൊട്ടാരത്തില്‍കാരുടെ കുടികിടപ്പാണ്. അവരോടു നന്ദി കാട്ടേണ്ടതുണ്ട്. 
ഒരു ദിവസം നേരം വെളുത്ത് എണീറ്റുവരുമ്പോഴാണ് കല്യാണിയുടെ മുഖത്ത് ചില കുരുക്കള്‍ പൊന്തിവന്നിരിക്കുന്നതു കണ്ടത്. അവള്‍ പനിച്ച് തഴപ്പായില്‍ നീണ്ടുനിവര്‍ന്നു  കിടന്നു. പാറു ഒരു മുണ്ടെടുത്ത് അവളുടെ ദേഹത്തിട്ടു. പിറ്റേദിവസമായപ്പോഴേക്കും ദേഹമാസകലം വസൂരിവിത്തുകള്‍ പൊന്തി.
അതുകണ്ട് പാറു വാവിട്ടു നിലവിളിച്ചു ''...ന്റെ കാളീ! തേവീ! അടിയങ്ങളേ വസൂരിക്കുരുക്കളില്‍നിന്ന് രക്ഷിക്കണേ!''
തള്ളയുടെ നിലവിളി കേട്ട് കിടാങ്ങളും വാവിട്ടു കരഞ്ഞു.
നാണു പറമ്പിന്റെ മൂലയില്‍ ഈന്തലകൊണ്ട് ഒരു മറപ്പുര കെട്ടി വാഴയില വെട്ടിയിട്ട് കല്യാണിയെ അവിടെ കൊണ്ടുപോയി കിടത്തി. വേഗം പകരുന്ന രോഗമാണ്. നാണുവിന് നേരത്തേ വസൂരി വന്നിട്ടുള്ളതുകൊണ്ട് പേടിയില്ല. പൊള്ളച്ചതെല്ലാം പൊട്ടിയൊലിച്ച്, വേദന തിന്ന്, കല്യാണി അവിടെ ഏഴുദിവസം കിടന്നു. ഈര്‍ച്ചയാര്‍ത്തുള്ള ആ കിടപ്പുകണ്ട് നാണുവിന്റെ കണ്ണുനിറഞ്ഞു. അയാള്‍ ആര്യവേപ്പിന്റെ ഇലച്ചാര്‍ത്തുള്ള കമ്പുവെട്ടിക്കൊണ്ടുവന്ന് കല്യാണിയെ വീശി. ദാഹിച്ചപ്പോള്‍ കരിക്കിന്‍ വെള്ളം കൊടുത്തു. എട്ടാം ദിവസം കല്യാണി മരിച്ചു. പറമ്പിന്റെ മൂലയില്‍ നാണുതന്നെയാണ് ഒരു കുഴിയെടുത്ത് അവളെ അടക്കം ചെയ്തത്. അയാള്‍ ഏറെ നേരം ആരും കാണാതെ ആ കുടിമാടത്തിനരികിലിരുന്ന് പൊട്ടിക്കരഞ്ഞു.
മകളുടെ മരണത്തോടെ നാണു കുടി നിര്‍ത്തി. അവള്‍ക്കു താഴെ ആറു കിടങ്ങളാണ്. ഇനി അവരെ തീറ്റിപ്പോറ്റി മര്യാദക്കാരനായി ജീവിക്കണം. വസൂരിദീനം മറ്റാര്‍ക്കും പിടിപെടാതിരുന്നതിന് അയാള്‍ മഹാകാളിക്കു നന്ദി പറഞ്ഞു. ഇനി താന്‍ കുടിക്കില്ലെന്നും ശപഥം ചെയ്തു. 
''മഹാകാളി ഗ്രാമത്തിലെങ്ങും വസൂരിവിത്തുകള്‍ വാരി വിതറുകയാണ്.'' പഴമക്കാര്‍ ഇളംതിണ്ണയിലിരുന്നു പിറുപിറുത്തു.
വസൂരിരോഗം ആണ്‍ പെണ്‍ വ്യത്യാസമില്ലാതെ, കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ നോക്കാതെ നാശം വിതച്ചു. നൂറുകണക്കിനാളുകള്‍ ചത്തൊടുങ്ങി. ഹിന്ദുക്കള്‍ അമ്പലത്തില്‍ കാളീസേവ നടത്തി. ക്രിസ്ത്യാനികള്‍ വിശുദ്ധ സെബസ്റ്റ്യാനോസിന്റെ അമ്പുതിരുനാള്‍ നേരുകയും  കഴുന്ന് എഴുന്നെള്ളിക്കല്‍ നടത്തുകയും ചെയ്തു.
അന്ന് ശ്രീമൂലം തിരുനാള്‍ മഹാരാജാവാണ് തിരുവിതാംകൂര്‍ ഭരിക്കുന്നത്. അദ്ദേഹം വസൂരിക്കെതിരേ കുത്തിവയ്പു നടത്താന്‍ തീരുമാനിച്ചു. ബ്രിട്ടീഷുകാരുടെ സഹായത്തോടെ നാടെങ്ങും അച്ചുകുത്തുകാരെ പരിശീലനം കൊടുത്തു നിയമിച്ചു. അവര്‍ നാടെങ്ങും അച്ചുകുത്തുയന്ത്രവും വാക്‌സിനുമായി എത്തി. അച്ചുകുത്തിനെതിരേ വ്യാപകമായ പ്രചാരണവും വന്നു.
അവിരാ തരകന്‍ ടൗണില്‍പോയി അച്ചുകുത്തുകാരന്‍ മാമ്മനെ കണ്ടുപിടിച്ച് തന്റെ ഗ്രാമത്തില്‍ കൊണ്ടുവന്നു. തന്റെ പണിക്കാരുടെ കുട്ടികളിലും മറ്റുപ്രദേശങ്ങളിലും അച്ചുകുത്തുകാരന്‍ മാമ്മനുമായി എത്തി ആളുകളില്‍ കുത്തിവയ്പും നടത്തി. മാമ്മന്‍ ആളുകളുടെ ഇടത്തെ ഉരത്തില്‍ വാക്‌സിന്‍പുരട്ടി അച്ചുകുത്തുയന്ത്രം അമര്‍ത്തി തിരിച്ചപ്പോള്‍ ചോരപൊടിഞ്ഞു. ചിലര്‍ക്കു പനിപിടിച്ചു. ചിലര്‍ക്ക് അവിടം പഴുത്തു. ചിലരൊക്കെ എതിര്‍പ്പു പറഞ്ഞെങ്കിലും അവിരാതരകന്റെ ശാസനയ്ക്കുമുന്നില്‍ മുട്ടുമടക്കി. 
അച്ചുകുത്തുകാരന്‍ മാമ്മന്‍ ഒരു മാസക്കാലം അവിടവിടെ ചുറ്റിക്കറങ്ങി ആണ്‍പെണ്‍ വ്യത്യാസമില്ലാതെ അച്ചുകുത്തു നടത്തി. അക്കാലമത്രയും മാമ്മന്‍ കൊട്ടാരത്തില്‍കാരുടെ അതിഥിയായിരുന്നു.
പിന്നീട് ഗ്രാമത്തില്‍ ഒരാള്‍ക്കുപോലും വസൂരിദീനം വന്നില്ല. ആളുകള്‍ അവിരാതരകനെ വാഴ്ത്തി. ഒരുനാള്‍ തിരുവിതാംകൂര്‍ രാജകുടുംബത്തില്‍നിന്ന് ഒരു ദൂതന്‍ വന്നു.
ശ്രീമൂലം തിരുനാള്‍ മഹാരാജാവിനെ മുഖം കാണിക്കാന്‍ തരകന് തിട്ടൂരം കിട്ടി. അവിരാതരകന്‍ തന്റെ വില്ലുവണ്ടിയിയില്‍ കൊട്ടാരത്തിലെത്തി മഹാരാജാവില്‍നിന്നു പട്ടും  വളയും ഏറ്റുവാങ്ങി. വസൂരിനിര്‍മാര്‍ജനത്തിന് ഇയ്യോ അവിരാതരകന്‍ ചെയ്ത സേവനത്തിനുള്ള അംഗീകാരം. അവിരാതരകന്റെ വില്ലുവണ്ടിയില്‍ കെട്ടിയിരുന്ന വണ്ടിക്കാളകളുടെ കുടമണികള്‍ കിലുങ്ങിയ ശബ്ദം ഗ്രാമവിജനതയില്‍ മുഴങ്ങി.
 
 
(തുടരും)
Login log record inserted successfully!