മൂന്നാമതൊരു മലയാളി ഗ്രാന്‍ഡ് മാസ്റ്ററായി അഞ്ചുവര്‍ഷം തികയുമ്പോള്‍ കേരളത്തിന് ആദ്യമായൊരു വനിതാ ഇന്റര്‍നാഷണല്‍ മാസ്റ്ററെ (ണശാ) ലഭിച്ചു. തൃക്കാക്കര ഭാരതമാതാ കോളജിലെ കൊമേഴ്‌സ് അധ്യാപിക ഡോ. നിമ്മി എ. ജോര്‍ജ് ആണ് കേരളത്തിന്റെ വനിതാ ചെസ് ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ത്തത്.
രാജ്യാന്തര ചെസ് ഫെഡറേഷന്റെ (ഫിെഡ) നിയമവ്യവസ്ഥ പാലിച്ച് വനിതാ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പദവി കൈവരാന്‍ നിമ്മി കാത്തിരുന്നത് നീണ്ട 11 വര്‍ഷം. ഈ പദവിക്കുവേണ്ട മൂന്നു 'നോമു'കള്‍ക്കു പകരം 2011-12 ല്‍ നാലു 'നോമു'കള്‍ കൈവരിച്ചെങ്കിലും അതിലൊന്നുപോലും വിദേശത്തെ ടൂര്‍ണമെന്റില്‍ നേടിയതല്ല എന്ന സാങ്കേതികവശം ഉയര്‍ത്തി ഫിഡെ നിമ്മിയുടെ വനിതാ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പട്ടം നിരസിച്ചു. ഒടുവില്‍ കഴിഞ്ഞ മേയില്‍ ഹംഗറിയിലെ ബുഡാപെസ്റ്റില്‍ നടന്ന രാജ്യാന്തര ഓപ്പണ്‍ ടൂര്‍ണമെന്റില്‍ ഒന്‍പതു റൗണ്ടില്‍ 5.5 പോയിന്റു നേടി നിമ്മി വിദേശത്ത് ആദ്യ 'നോം' സ്വന്തമാക്കി.
ഇതേത്തുടര്‍ന്ന് ഫിഡെ നിമ്മിക്ക് സബ്ജില്ല ഐ.എം. പട്ടം അനുവദിച്ചു. 2023 ഓഗസ്റ്റില്‍ 'ഫിഡെ'യുടെ അംഗീകാരമെത്തി. അങ്ങനെ 2012 മുതലുള്ള കാത്തിരിപ്പിന് 2023 ല്‍ മുപ്പത്തേഴാം വയസ്സില്‍ ശുഭസമാപ്തി.
വനിതാ ചെസില്‍ കാര്യമായ നേട്ടങ്ങളോ വലിയൊരു ചരിത്രമോ പറയാനില്ലാത്ത കേരളത്തിന് ഡോ. നിമ്മി എ. ജോര്‍ജിനു കൈവന്ന വനിതാ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍പട്ടം വലിയൊരു ഉണര്‍വാകണം. വര്‍ഗീസ് കോശിയിലൂടെയാണ് കേരളത്തില്‍ ആദ്യമായൊരു ഇന്റര്‍നാഷണല്‍ മാസ്റ്റര്‍ പിറന്നത്. അതാകട്ടെ, 1993 ലും. അതിനുശേഷം ചെസില്‍ ഒരു ഐ.എം. പദവി കേരളത്തിനു സമ്മാനിച്ചത് വര്‍ഗീസ് കോശിയുടെ ശിഷ്യന്‍ ജി.എന്‍. ഗോപാലാണ്. വര്‍ഗീസ് കോശി ദീര്‍ഘകാലം ബീഹാറില്‍ ആയിരുന്നതിനാല്‍ കേരളത്തില്‍ വളര്‍ന്നൊരു താരം ഇന്റര്‍നാഷണല്‍ മാസ്റ്ററായി എന്ന ബഹുമതി ഗോപാലിന്റേതായി.
ജി.എന്‍. ഗോപാല്‍ കരുനീക്കം തുടര്‍ന്നു. 2007 ല്‍ കേരളത്തിന്റെ പ്രഥമ ഗ്രാന്‍ഡ് മാസ്റ്ററായി ഗോപാലിനു മുമ്പൊരു മലയാളി ഗ്രാന്‍ഡ് മാസ്റ്റര്‍ 'നോം' പോലും നേടിയിട്ടില്ല എന്നോര്‍ക്കണം.
ഇതിഹാസതാരം വിശ്വനാഥന്‍ ആനന്ദിലൂടെ ആദ്യത്തെ ഗ്രാന്‍ഡ് മാസ്റ്ററെ സൃഷ്ടിച്ച ഇന്ത്യയുടെ പതിനാറാമത്തെ ഗ്രാന്‍ഡ് മാസ്റ്ററായി ജി.എന്‍. ഗോപാല്‍. തുടര്‍ന്ന് 2015 ല്‍ എസ്.എല്‍. നാരായണനും 2018 ല്‍ നിഹാല്‍ സരിനും ഗ്രാന്‍ഡ് മാസ്റ്റര്‍മാരായി.
പുരുഷവിഭാഗത്തില്‍ കേരളത്തിന്റെ താരങ്ങള്‍ വന്‍മുന്നേറ്റം കൈവരിച്ചപ്പോഴും വനിതകള്‍ക്ക് അധികം മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ല. 1982 ല്‍ സംസ്ഥാന വനിതാ ചെസ് ചാമ്പ്യനായ കോഴിക്കോട്ടുകാരി ബിന്ദു കെ. സരിത 1992 മുതല്‍ നാലു തവണ ഇന്ത്യയെ പ്രതിനിധാനം ചെയ്തതാണ് മാറ്റത്തിനു തുടക്കമായത്. 1995 ല്‍ ചെന്നൈയില്‍ ഏഷ്യന്‍ മേഖലാ വനിതാ ചെസില്‍ ഫിഡെ 'വുമണ്‍ മാസ്റ്ററാ'യി ബിന്ദുവിന്റെ സഹോദരി കെ. ഷീനയും സംസ്ഥാന ചാമ്പ്യനായിരുന്നു.
സേതുവര്‍മ, വി.എസ്. രാജശ്രീ, തെല്‍മ ഗോപാല്‍, സി.എച്ച്. മേഘന, അഞ്ജന കൃഷ്ണ, റോഷ്‌നി, എ. നിജി, ഫില്‍മി പര്‍വീണ്‍, സ്റ്റെല്ല ജയരാജന്‍, മീനു രാജേന്ദ്രന്‍ തുടങ്ങി ഒട്ടേറെ വനിതാതാരങ്ങള്‍ കേരളത്തില്‍ ചെസ് കളിക്കാരായി തിളങ്ങി. പലര്‍ക്കും ദേശീയ, രാജ്യാന്തരമത്സരങ്ങളില്‍ പങ്കെടുക്കാനും സാധിച്ചു. പക്ഷേ, കൊനേരു ഹംപിയുടെയോ ദ്രോണാവല്ലി ഹരികയുടെയോ ഒക്കെ പിന്‍ഗാമികളായി ചെസില്‍ തിളങ്ങാന്‍ സാധിച്ചില്ല.
ചേര്‍ത്തലയില്‍നിന്ന് ആലുവാ ദേശത്തു താമസമാക്കിയ പ്രഫ. ജോര്‍ജ് ജോണിന്റെയും ലാലിയുടെയും മൂന്നു പെണ്‍മക്കളില്‍ രണ്ടാമത്തെയാളാണ് ഡോ. നിമ്മി എ. ജോര്‍ജ്. ചേച്ചി ഡോ. നീനുവും അനുജത്തി നീലിമയും ചെസ് കളിക്കാര്‍തന്നെ. കളമശേരി സെയ്ന്റ് പോള്‍സ് കോളജില്‍ അധ്യാപകനായിരുന്ന പ്രഫ. ജോര്‍ജ് തന്നെയായിരുന്നു മക്കള്‍ക്ക് ആദ്യഗുരു. നീനു ലോക യൂത്ത് ചെസില്‍ ഇന്ത്യന്‍ ടീമില്‍ കളിച്ചു. സ്‌പോര്‍ട്‌സ് ക്വോട്ടയില്‍ മെഡിസിന് അഡ്മിഷന്‍ കിട്ടി.
പല തവണ ഇന്ത്യന്‍ ടീമിലംഗമായിരുന്ന നിമ്മിക്ക് ചെസ് പരിശീലനവും പഠനവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചു. ഇത് കേരളത്തിലെ ചെസ് കമ്പക്കാരായ പെണ്‍കുട്ടികള്‍ക്കു മാതൃകയാക്കാം. മൈന്‍ഡ് ഗെയിമുകള്‍ പഠനത്തെ സഹായിക്കും എന്ന കാര്യത്തില്‍ സംശയവും വേണ്ടാ. പക്ഷേ, എന്തുകൊണ്ടോ കേരളത്തില്‍ വനിതാ ചെസ് വലിയ പുരോഗതി കൈവരിച്ചുകാണുന്നില്ല. ചതുരംഗത്തില്‍ തുടങ്ങിയ പുരുഷന്മാരുടെ ചെസ് ആകട്ടെ കേരളത്തില്‍ വലിയ പാരമ്പര്യം അവകാശപ്പെടുന്നു.
കഴിഞ്ഞ ഫെബ്രുവരിയില്‍ ചെന്നൈയില്‍നിന്നുള്ള എന്‍.ആര്‍. വിഗ്നേഷ് ഗ്രാന്‍ഡ് മാസ്റ്ററായപ്പോള്‍ ഇന്ത്യയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍മാരുടെ സംഖ്യ 80 ആയി. വിശ്വനാഥന്‍ ആനന്ദ് കൊളുത്തിയ ദീപശിഖ തലമുറകള്‍ കൈമാറി ജ്വലിച്ചുനില്ക്കുന്നു. വനിതാവിഭാഗത്തില്‍ ലോകജൂനിയര്‍, യൂത്ത് ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യന്‍ പെണ്‍കുട്ടികള്‍ തിളങ്ങുന്നു. 2006 ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ സുവര്‍ണനേട്ടവും സാധ്യമായി. 2023 ല്‍ ഹാങ്ചൗ ഏഷ്യാഡില്‍ ചെസ് മടങ്ങിയെത്തുന്നു. ദോഹയില്‍ രണ്ടു സ്വര്‍ണം നേടിയ ഹംപിയും 2010 ല്‍ വെങ്കലം നേടിയ ഹരികയും ഉള്‍പ്പെടെ അഞ്ചു വനിതകള്‍ ഈ വര്‍ഷത്തെ ഏഷ്യന്‍ഗെയിംസ് ടീമിലുണ്ട്. ഹംപിയും ഹരികയും വ്യക്തിഗതയിനത്തിലും മത്സരിക്കുന്നു. കേരളത്തില്‍ വനിതാ ചെസ് രംഗം ഉണരേണ്ടതാണ്. ഡോ. നിമ്മി ജോര്‍ജ് കൈവരിച്ച അംഗീകാരം പുതിയൊരു നിരയെ ചെസ് കളിക്കാരായി മാറ്റാന്‍ ഇടയാകട്ടെ എന്നാശംസിക്കാം.
ലേഖനം
നിമ്മി ഇനി വനിതാ ഇന്റര്‍നാഷണല്‍ മാസ്റ്റര്‍
