•  16 May 2024
  •  ദീപം 57
  •  നാളം 10
നോവല്‍

പലായനം

ക്കീല്‍ നോട്ടീസ് വായിച്ചു കഴിഞ്ഞപ്പോള്‍ ഇയ്യോബ് അറിയാതെ ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു. കാര്യമെന്തെന്നറിയാനുള്ള ആകാംക്ഷയോടെ മാത്തുത്തരകന്‍ ഇയ്യോബിന്റെ മുഖത്തേക്ക് ഉറ്റുനോക്കി. 
''ന്താടാ ഇയ്യോബ് കാര്യം.''
''അയാള് നമ്മളെ ചതിച്ചു അപ്പാ.''
''ആരെടെ കാര്യാ നിയ്യ്  പറേണത്?''
''ആ വക്കീല് ബാലകൃഷ്ണന്‍നായര്! ഇവ്‌ടെത്തെ ചോറു തിന്നു വളന്നിട്ട് ഇതു നമ്മോടു വേണ്ടായിരുന്നു.''
''നിയ്യ് കാര്യമെന്താണെന്നു പറയ്  ഇയ്യോബേ!'' മാത്തുത്തരകന്‍ അക്ഷമനായി. 
''അയാള് നമുക്കിട്ടു പണി തന്നിരിക്കണു അപ്പാ.''
''എന്താടാ ഇയ്യോബേ കാര്യം?''
''നമ്മടെ ചാലക്കുടീലേ അന്നാമ്മക്കുഞ്ഞമ്മേടെ ആ തലതെറിച്ച ഇളയമോനില്ലേ പൗലോ. അവന് വല്യപ്പച്ചന്റെ സ്വത്തുക്കളുടെ വീതം വേണമെന്ന്. കൊട്ടാരത്തില്‍ തറവാടിന്റെ സ്വത്തുക്കളില് അവനും അവകാശമുണ്ടത്രേ.''
''അന്നാമ്മക്കുഞ്ഞമ്മ അപ്പച്ചന്റെ നേരേ മൂത്തപെങ്ങളല്ലിയോ? അവനെ അന്നത്തെക്കാലത്ത് നൂറു പവന്‍ സ്വര്‍ണം കൊടുത്ത് കെട്ടിച്ചുവിട്ടത് നമ്മടെ അപ്പച്ചനാ. അപ്പച്ചന്‍ പല തവണ അതു പറഞ്ഞു ഞാന്‍ കേട്ടിരിക്കണു.''
മാത്തുത്തരകന്‍ വികാരഭരിതനായി. ''ങ്ഹാ. മനുഷേന്മാര്‍ക്ക് എത്ര കിട്ടിയാലും ആര്‍ത്തി തീരില്ലല്ലോ. എവനെങ്ങനെ ഈ ബാലകൃഷ്ണനെ വന്നു കണ്ടുപിടിച്ചു?''
''അതാ അപ്പാ ഞാന്‍ പറഞ്ഞേ. തിന്ന ചോറിനു നന്ദി കാണിക്കേണ്ടേ ആ വക്കീല്. ഈ കേസ് അയാള് ഏറ്റെടുക്കാന്‍ പാടില്ലാരുന്നു. സന്നതെടുക്കാന്‍ പോണേനു മുമ്പേ വല്യപ്പച്ചനെ കാണാന്‍ വന്നപ്പോ അഞ്ചുകുതിരപ്പവന്‍ അയാടെ കൈയില് വച്ചു കൊടുക്കണത് ഞാനീ കണ്ണുകൊണ്ടു കണ്ടതാ.''
''അവന്‍ ബുദ്ധിമാനാ ആ പൈലോ. കൊട്ടാരത്തില്‍ തറവാടിന്റെ ചരിത്രമറിയാവുന്ന ഒരു വക്കീലിനെത്തന്നെ അവന്‍ കണ്ടുപിടിച്ചിരിക്കണ്.''
തെല്ല് ആലോചനയ്ക്കുശേഷം ഇയ്യോബ് ആരെടെന്നില്ലാതെ സ്വയം പറഞ്ഞു:
''ഇതങ്ങനെ വെറുതെ വിടാന്‍ പറ്റത്തില്ല അപ്പാ. കേസു പഠിക്കാന്‍ നമുക്കും നല്ലൊരു വക്കീലിനെ കണ്ടുപിടിക്കണം.''
ഇയ്യോബ് പല്ലുഞെരിച്ചു. 
''അയാളെ, ആ ബാലകൃഷ്ണന്‍ വക്കീലിനെ ഞാനൊന്നു കാണട്ടെ. ഞാനൊന്നു ചോദിക്കുന്നുണ്ട്.'' 
ഇയ്യോബിന്റെ മുഖത്തേക്കു രക്തം ഇരച്ചുകയറി. അയാള്‍ക്കു ദേഷ്യം അടക്കാന്‍ കഴിഞ്ഞില്ല.
''നിയ്യ് വഴക്കിനൊന്നും പോവണ്ട ഇയ്യോബേ! അയാള്‍ക്ക് സദ്ബുദ്ധി ഉണ്ടാവാന്‍ പ്രാര്‍ഥിക്ക്.''
''ഞാന് കുറവിലങ്ങാട്ടുവരെ ഒന്നു പോവ്വാ. ആ ജോണ്‍ വക്കീലിനെ കാണണം. നമ്മടെ കേസ് ഏറ്റെടുക്കാന്‍ അപേക്ഷിക്കണം. അങ്ങേര് കേസ് നന്നായി പഠിക്കണ വക്കീലാ...''
ഇയ്യോബ് എന്തോ നിശ്ചയിച്ചുറപ്പിച്ചമാതിരി എണീറ്റു. ഇയ്യോബിന് തന്റെ മനസ്സിലൊരു കാര്യം തീരുമാനിച്ചാല്‍ അതില്‍നിന്നു വ്യതിചലിക്കുന്ന സ്വഭാവം ഇല്ല എന്ന് മാത്തുത്തരകനറിയാം. അവനല്ലേ ഇനി ഈ തറവാട് സംരക്ഷിക്കേണ്ട അവകാശി. അവന്‍ നിശ്ചയിക്കുന്നപോലെ കാര്യങ്ങള്‍ നടക്കട്ടെ. മാത്തുത്തരകനും അങ്ങനെ ചിന്തിച്ചു. ഇനി താന്‍ എത്രനാള്‍ കാണും? അയാളും എണീറ്റ് തന്റെ അറയിലേക്കു പോയി. ആണ്ടമ്മയെ കാണണം. അവള്‍ ഇതൊന്നും അറിഞ്ഞിട്ടില്ലല്ലോ. അറയിലെത്തിയെങ്കിലും അവള്‍ അവിടെ ഉണ്ടായിരുന്നില്ല.
ആണ്ടമ്മ ഉച്ചഭക്ഷണത്തിന്റെ മേല്‍നോട്ടത്തിനായി അടുക്കളയിലായിരുന്നു.
മാത്തുത്തരകനെ അവിചാരിതമായി അടുക്കളയിലേക്കു കടന്നുചെല്ലുന്നതുകണ്ട് ആണ്ടമ്മ തോളിലിട്ടിരുന്ന മേല്‍മുണ്ടില്‍ കൈ തുടച്ചുകൊണ്ട് കടന്നുവന്നു. 
''എന്താ അച്ചായാ!'' ആണ്ടമ്മയുടെ ചോദ്യംകേട്ട് മാത്തുത്തരകന്‍ പറഞ്ഞു:
''നീയൊന്ന് നമ്മുടെ അറയിലേക്കു വന്നേ! ചെല കാര്യങ്ങള് പറയാനൊണ്ട്.''
അവര്‍ തിടുക്കത്തില്‍ അറയിലെത്തി.
മാത്തുത്തരകന്‍ കാര്യങ്ങള്‍ വിശദമായി വിവരിച്ചു. എല്ലാം കേട്ടുകഴിഞ്ഞപ്പോള്‍ ആണ്ടമ്മ മാതാവിനെ വിളിച്ചു.
''എന്റെ മാതാവേ! എന്റെ അമ്മേ! ഞാനെന്താ ഈ കേക്കണത്! ഈ കുടുംബത്തില് ആദ്യമാണല്ലോ ഒരു കേസും പുക്കാറും. അവന്‍, ആ തെമ്മാടിയെ ഒരു പാഠം പഠിപ്പിക്കണം. നാല്പത്തൊന്നിന്റെ അടിയന്തിരത്തിനു വന്നപ്പോഴും അവന്‍ വല്യ ലോഹ്യം പറഞ്ഞതാ; അമ്മായീ സുഖമല്ലേ? എന്നു ചോദിച്ച്. അപ്പോ അവന്റെ മനസ്സിലിരുപ്പ് ഇതായിരുന്നല്ലേ? അവനൊരു മുടിയനായ പുത്രനാ. അവന്റെ കുടുംബത്തിന്റെ പേരും പത്രാസും വലുതാ. പക്ഷേ, കൈയിലിരുപ്പ് ഇതാണല്ലോ കര്‍ത്താവേ!''
ആണ്ടമ്മയ്ക്ക് കേട്ടിട്ടു സഹിക്കാന്‍ കഴിഞ്ഞില്ല.
''നിയ്യ് ബഹളം വച്ച് എല്ലാരേം അറിയിക്കണ്ട. ഇയ്യോബ് എന്തൊക്കെയോ തീരുമാനിച്ചിട്ടുണ്ട്. അവനേതോ ഒരു വക്കീലിനെ കാണാന്‍ പോണെന്നാ പറഞ്ഞേ!''
''എന്നാലും ആ ബാലകൃഷ്ണന്‍വക്കീല് നമ്മോട് ഈ ചതി വേണ്ടായിരുന്നു. ഇവ്ടത്തെ ചോറ് എത്ര തിന്നതാ അയാള്. എന്നിട്ടും നന്ദിയില്ലാത്തോന്‍.'' 
ആണ്ടമ്മയ്ക്ക് തികട്ടി വന്ന രോഷം അടക്കാനായില്ല. ഒപ്പം സങ്കടവും. 
''ഞാനീ കൈകൊണ്ട് എത്ര ചോറുവെളമ്പിക്കൊടുത്തതാ അയാള്‍ക്ക്.''
''ഇനി അതൊന്നും പറഞ്ഞിട്ടു കാര്യമില്ലെന്നേ. ഓരോ മനുഷ്യനും ഇങ്ങനെയൊക്കെയാ നന്ദി കാണിക്കുന്നേ.''
മാത്തുത്തരകന്‍ അവരെ ആശ്വാസവചനങ്ങള്‍കൊണ്ട് സാന്ത്വനിപ്പിക്കാന്‍ ശ്രമിച്ചു.
കാല്‍പെരുമാറ്റം കേട്ട് തല യുയര്‍ത്തി നോക്കുമ്പോള്‍ മുന്നില്‍ ഇയ്യോ. മകന്‍ യാത്രാവേഷത്തിലാണ്. കൈയിലൊരു തോല്‍ബാഗുമുണ്ട്.
''ഞാനൊരു യാത്രയിലാണ്. രണ്ടു ദെവസം കഴിഞ്ഞേ വരൂ. ആദ്യം താണ്ടമ്മേടെ വീട്ടിലൊന്നു പോവും. പിന്നെ ആ വക്കീലിനെ കാണണം.''
''നെനക്കു നല്ലതു വരട്ടെ'' ഇയ്യോ. സര്‍വശക്തനായ  കര്‍ത്താവു നെന്നെ രക്ഷിക്കും.''
മാത്തുത്തരകന്‍ ഹൃദയം തുറന്ന് മകനെ അനുഗ്രഹിച്ചു.
ടൗണില്‍നിന്ന് കരിഗ്യാസ് വണ്ടിയിലാണ് ചങ്ങനാശേരിക്കു പുറപ്പെട്ടത്. അവിടെനിന്നു ചമ്പക്കുളത്തേക്ക് കെട്ടുവള്ളത്തില്‍.
വിവരങ്ങള്‍ അറിഞ്ഞപ്പോള്‍ സഖറിയാ തര്യന്‍ പറഞ്ഞു:
''ഇയ്യോ നിയ്യ് ഒരു കാര്യം ചെയ്യ്. നമ്മടെ കാറ് എടുത്തോളൂ. വക്കീലിനെ പോയി കാണാനും മറ്റും അത് ഉപകാരപ്പെടും. നെന്റെ യാത്രാവശ്യങ്ങള് കഴിഞ്ഞ് വണ്ടി തിരികെവിട്ടാല്‍ മതി.''
ഇയ്യോയുടെ മുഖത്ത് നന്ദിയുടെ മലരുകള്‍ വിരിഞ്ഞു. അയാള്‍ തൊട്ടടുത്തുനിന്ന താണ്ടമ്മയെ നോക്കി. അപ്പച്ചന്റെ വാക്കുകള്‍ അവളെ തൃപ്തയാക്കി.
''അതാണ് നല്ലത് മോനേ!''
പ്ലമേനാമ്മയും പറഞ്ഞു.
പിറ്റേദിവസം രാവിലെ ജോണ്‍ വക്കീലീനെ കാണാന്‍ യാത്ര തിരിക്കുമ്പോള്‍ ഇയ്യോബിന്റെ ആത്മവിശ്വാസം വര്‍ധിച്ചു. ഭാര്യവീട്ടുകാരുടെയും പിന്തുണ തനിക്കുണ്ട്. സഖറിയാ കുര്യന്‍ എന്ന തന്റെ അമ്മായിയപ്പന്‍ അവസരത്തിനൊത്ത് ഉയര്‍ന്നിരിക്കുന്നു. 
ജോണ്‍ വക്കീലിന്റെ ബംഗ്ലാവിലെത്തുമ്പോള്‍ അദ്ദേഹം വിശ്രമത്തിലായിരുന്നു. ഇയ്യോബിനു പറയാനുള്ളതു മുഴുവന്‍ അദ്ദേഹം സശ്രദ്ധം കേട്ടു. വക്കീല്‍ നോട്ടീസ് ശ്രദ്ധാപൂര്‍വം വായിച്ചു. എന്നിട്ട് അതിന്റെ ഒരു പകര്‍പ്പെടുക്കാന്‍ തന്റെ വക്കീല്‍ഗുമസ്തനെ ഏല്പിച്ചു.
ജോണ്‍ വക്കീല്‍ പറഞ്ഞു:
''നിങ്ങളുടെ വസ്തുവകകളുടെ പ്രമാണങ്ങള്‍ എനിക്കു കാണണം.  അവ നന്നായി പഠിക്കുകയും വേണം. ഈ കേസ് ഞാനേറ്റെടുക്കാം. ഈ കേസില്‍ നമ്മള്‍ ജയിക്കുമെന്ന് എനിക്കുറപ്പുണ്ട്.''
''ഉടനെ തന്നെ പ്രമാണങ്ങള്‍ എത്തിക്കാം സര്‍. ആ പൈലോ അവനെ ഒരു പാഠം പഠിപ്പിക്കണം.''
''ഇവ്‌ടെ നിങ്ങള്‍ക്കു നീതി ലഭിക്കണം എന്നേ എനിക്കുള്ളൂ. ആരെയും ശിക്ഷിക്കാന്‍ നമ്മള്‍ വിധികര്‍ത്താക്കളല്ല, ഇയ്യോബ്.''
വളരെ സൗഹാര്‍ദ്ദപരമായിരുന്നു, ജോണ്‍ വക്കീലിന്റെ സമീപനം. ഏതോ മുന്‍ജന്മബന്ധത്തിന്റെ കാണാച്ചരടുകള്‍ ഉണ്ടാവാം. 
വക്കീലിന്റെ ബംഗ്ലാവില്‍നിന്ന് ഉച്ചഭക്ഷണം കഴിച്ചിട്ടാണ് ഇയ്യോബിന്റെ മടക്കയാത്ര. തിരികെ കാറില്‍ വരുമ്പോള്‍ തെല്ലൊന്നു മയങ്ങിപ്പോയി, ഇയ്യോബ്. അയാള്‍ പെട്ടെന്ന് ഉണര്‍ന്നു. തലേരാത്രി ഉറങ്ങിയിട്ടില്ല. താണ്ടമ്മയുടെ നാട്ടുവിശേഷങ്ങള്‍കേട്ട് ഏറെ വൈകുന്നതുവരെ ഉണര്‍ന്നിരുന്നു. താണ്ടമ്മ പോന്നിട്ട് മൂന്നാഴ്ച കഴിഞ്ഞിരിക്കുന്നു. അവള്‍ക്കു വിശേഷങ്ങള്‍ ഒട്ടേറെ പറയാനുണ്ട്. 
കൊട്ടാരത്തില്‍ തറവാട്ടിലെ അനന്തരാവകാശിയുടെ ചെറുചലനങ്ങള്‍ അയാള്‍ ആ രാവില്‍ തൊട്ടറിഞ്ഞു.
ഇതുവഴി കുട്ടിക്കാനംവരെ ഒന്നു പോയി തന്റെ സ്‌നേഹിതന്‍ ജോണ്‍ മില്‍ട്ടണ്‍ സായ്‌വിനെ ഒന്നു കണ്ടാലോ? മില്‍ട്ടണ്‍ സായ്‌വിനെ പീരുമേട്ടിലെ ക്ലബില്‍വച്ചു പരിചയപ്പെട്ടതാണ്. നല്ലൊരു റബര്‍പ്ലാന്റര്‍. റബര്‍ കേരളത്തില്‍ കൊണ്ടുവന്ന മര്‍ഫി സായ്‌വുമായി അടുത്ത ബന്ധമുണ്ട് അയാള്‍ക്ക്. 
ഇനിയുള്ള കാലം റബറും തേയിലയും പ്ലാന്റേഷന്‍ വേണ്ട കാലമാണ്. ഇയ്യോബിനെ മില്‍ട്ടണ്‍ സായ്‌വ് ഉപദേശിച്ചിരുന്നു. സായ്‌വുമാര്‍ ശാസ്ത്രീയമായി നട്ടുവളര്‍ത്തിയ റബര്‍ എസ്റ്റേറ്റുകള്‍ വില്പനയ്ക്കുണ്ടെന്നും അയാള്‍ കേട്ടിരുന്നു.
കാര്‍ കുട്ടിക്കാനത്തേക്കു വിടാന്‍ അയാള്‍ ഡ്രൈവര്‍ക്കു നിര്‍ദേശം കൊടുത്തു. മുണ്ടക്കയം കഴിഞ്ഞപ്പോള്‍ പ്രകൃതി മാറി. നേരിയ തണുപ്പ് ശൈത്യത്തിനു വഴി മാറിക്കൊടുത്തു. മലനിരകള്‍ക്കിടയില്‍ കട്ടിയേറിയ മഞ്ഞിന്‍മേഘനിരകള്‍ അലസമായി ഒഴുകുന്ന മനോഹരകാഴ്ച. നയനഭംഗിയാര്‍ന്ന ആ ദൃശ്യങ്ങള്‍ അയാളുടെ മനസ്സിനു കുളിര്‍മയേറി. സായന്തനസൂര്യന്‍ കണ്ണില്‍നിന്നു മായുന്നതു മുമ്പേ അയാള്‍ ജോണ്‍ മില്‍ട്ടന്‍ സായ്‌വിന്റെ ബംഗ്ലാവിലെത്തി. സായ്‌വ് ബംഗ്ലാവില്‍ത്തന്നെ ഉണ്ടായിരുന്നു.
''ഹലോ മിസ്റ്റര്‍ ഇയ്യോബ് വെല്‍കം റ്റൂ മൈ റസിഡന്‍സ്.''
കണ്ടപാടേ ഹസ്തദാനം ചെയ്തുകൊണ്ട് മില്‍ട്ടണ്‍ സായ്‌വ് ഇയ്യോബിനെ തന്റെ ഓഫീസ് റൂമിലേക്ക് ആനയിച്ചു.
''പറയണം. എന്തുണ്ടുവിശേഷങ്ങള്‍?'' പച്ചമലയാളം ചവച്ചരച്ച് സായ്‌വ് കുശലാന്വേഷണം നടത്തി.
സായ്‌വ് ഇവിടെ വന്ന് അത്യാവശ്യം മലയാളം പഠിച്ചിരിക്കുന്നു.
''ടാപ്പ് ചെയ്യാറായ റബറുകള്‍ വളരുന്ന ചെറിയ എസ്റ്റേറ്റുകള്‍ വില്പനയ്ക്കുണ്ട്. മര്‍ഫി സായ്‌വിന്റെ റബര്‍ക്കൃഷിവികസനത്തിന്റെ ഭാഗമാണ്. നിങ്ങളെപ്പോലുള്ളവര്‍ അതു വാങ്ങണം. ഇനിയുള്ള കാലം റബ്ബറിന്റെയും തേയിലയുടെയും കാലമാണ്.''
മില്‍ട്ടണ്‍ സായ്‌വിന്റെ ഉപദേശം ഇയ്യോബിന്റെ മനസ്സില്‍ തറച്ചു. അവര്‍ ഏറെനേരം സംസാരിച്ചിരുന്നു. സായ്‌വ് ഇയ്യോബില്‍ നല്ലൊരു പ്ലാന്ററെ കണ്ടു. 
''ഇന്നിനി പോവണ്ട. ഇവടെ കൂടാം.'' സായ്‌വിന്റെ ക്ഷണം നിരസിക്കാന്‍ ഇയ്യോബിനു കഴിഞ്ഞില്ല.
അത്താഴമേശയില്‍ സായ്‌വിന്റെ സഹധര്‍മിണി എലിസാ മില്‍ട്ടണ്‍ മദാമ്മയും ഉണ്ടായിരുന്നു. അത്താഴമേശ വിഭവങ്ങള്‍കൊണ്ടു നിറഞ്ഞു. ഒപ്പം വൈനും ഹാര്‍ഡ്  ലിക്കറും.
മദാമ്മ ഒരു വൈന്‍ കഴിച്ച് ഡിന്നറിലേക്കു കടന്നു. അവര്‍ മടിയിലിരുന്ന ഓമനയായ വെള്ളപ്പൂച്ചയെ  ഇടയ്ക്ക് താലോലിക്കുന്നുണ്ടായിരുന്നു. വറുത്ത ബീഫിന്റെ കഷണങ്ങള്‍ അത് ഒരു ചെറിയ പ്ലേറ്റില്‍നിന്നും നക്കിയെടുത്തു. എലിസ മില്‍ട്ടണ്‍ അതിന്റെ ശിരസ്സില്‍ മെല്ലെ തടവി. 
മുറിയിലെ അടുപ്പില്‍ കല്‍ക്കരിയുടെ കനലുകള്‍ എരിഞ്ഞ് പുറത്തെ തണുപ്പിനെ അകറ്റി. മില്‍ട്ടണ്‍ സായ്‌വ് വിസ്‌കിയുടെ ഗ്ലാസ് ഉയര്‍ത്തി ഉപചാരം പറഞ്ഞ് ഇയ്യോബിന്റെ ഗ്ലാസില്‍ തൊടുവിച്ചു. മദാമ്മ ഡിന്നര്‍ പൂര്‍ത്തിയാക്കി എണീറ്റപ്പോഴും സായ്‌വ് ഒന്നും കഴിച്ചിരുന്നില്ല. പരിചാരകന്‍ ഉപചാരപൂര്‍വം അയാളുടെ ഗ്ലാസ് വീണ്ടും വീണ്ടും നിറച്ചുകൊടുത്തു. 
''മിസ്റ്റര്‍ ഇയ്യോബ്, ഞാനൊരു മീഡിയേറ്ററായിനിന്ന് നിങ്ങള്‍ക്ക് നൂറ് ഏക്കറിന്റെ ഒരു റബ്ബര്‍ എസ്റ്റേറ്റ് മര്‍ഫിസായ്‌വില്‍നിന്നും വാങ്ങിത്തരും. നിങ്ങള്‍ നല്ലൊരു പ്ലാന്ററാവണം.''
സായ്‌വിന്റെ ബോധം നഷ്ടപ്പെട്ടിരുന്നില്ല. ഒരു ഘട്ടത്തില്‍ ഇയ്യോബ് സമ്മതം മൂളി. അതിന്റെ വില എന്തെന്നോ അതിനുള്ള പണം തന്റെ കൈവശമുണ്ടെന്നോ അയാള്‍ ഓര്‍ത്തില്ല. 
ഗസ്റ്റ് റൂമില്‍ കിടക്കയിലേക്കു ചെരിയുമ്പോള്‍ ഇയ്യോബ് നിശ്ചയിച്ചുറപ്പിച്ചു:
മില്‍ട്ടണ്‍ സായ്‌വ് പറയുന്ന നൂറ് ഏക്കര്‍ എസ്റ്റേറ്റ് വാങ്ങണം. അപ്പോള്‍ പൈലോയുടെ വക്കീല്‍ നോട്ടീസ് അയാളെ അശാന്തനാക്കിയില്ല.


(തുടരും) 

 

Login log record inserted successfully!