•  Published From Palai
  •  Contact Us
  •  Previous Issues
  •  3 Jul 2025
  •  ദീപം 58
  •  നാളം 17
  • Cover Story
  • Editorial
  • Articles
  • Columns
    • വചനനാളം
    • നേര്‍മൊഴി
    • പ്രതിഭ
    • ബാലനോവല്‍
    • നോവല്‍
    • ശ്രേഷ്ഠമലയാളം
  • E-Paper
    • ദീപനാളം
    • പ്രതിഭ
  • News
    • പ്രാദേശികം
    • അന്തർദേശീയം
  • About
  • Advertise
  • Subscription
കവര്‍‌സ്റ്റോറി

പുതിയ ലോകക്രമത്തിനു തുടക്കമിട്ട് ജി 20

  • തോമസ് കുഴിഞ്ഞാലിൽ
  • 21 September , 2023

നമ്മുടെ രാജ്യം പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന അവസരമാണല്ലോ ഇത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ആദ്യ മായെത്തിയ ചന്ദ്രയാന്‍ 3 നു പിന്നാലെ സൂര്യപര്യവേക്ഷണത്തിനയച്ച ആദിത്യ എല്‍ 1 നെ വിജയകരമായി ലക്ഷ്യസ്ഥാനത്തെത്തിച്ചതും ബഹിരാകാശചരിത്രത്തിലെ നാഴികക്കല്ലുകളാണ്. അസൂയാവഹമായ ഈ നേട്ടങ്ങള്‍ക്കിടയിലാണ് ലോകനേതാക്കളില്‍ ഭൂരിഭാഗം പേരെയും രാജ്യതലസ്ഥാനത്തെത്തിച്ച് ജി 20 ഉച്ചകോടി ചരിത്രസംഭവമാക്കി മാറ്റിയത്. ഏതാനും നാളുകളായി ഉരുത്തിരിഞ്ഞുവരുന്ന ലോകക്രമത്തില്‍ ഒന്നാം സ്ഥാനത്തേക്കുള്ള മത്സരാര്‍ഥികളില്‍ വന്‍ശക്തിരാഷ്ട്രങ്ങളായ യു എസിനും റഷ്യയ്ക്കും ചൈനയ്ക്കും ജര്‍മനിക്കും പിന്നില്‍ നമ്മുടെ രാജ്യവും സ്ഥാനം പിടിച്ചിരിക്കുന്നു. മനുഷ്യവിഭവശേഷിയില്‍ ചൈനയെ രണ്ടാംസ്ഥാനത്തേക്കു പിന്തള്ളിയതും അടുത്ത നാളുകളിലാണല്ലോ.

ജി 20 ഉച്ചകോടി

പത്തൊന്‍പത് സ്ഥാപകരാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലെ 27 അംഗരാജ്യങ്ങളുമുള്‍പ്പെട്ട ആഗോളസംഘടനയാണ് ജി 20. അര്‍ജന്റീന, ആസ്‌ത്രേലിയ, ബ്രസീല്‍, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മനി, ഇന്ത്യ, ഇന്തോനേഷ്യ,  ഇറ്റലി, ജപ്പാന്‍, മെക്‌സിക്കോ, റഷ്യ, സൗദി അറേബ്യ, ദക്ഷിണാഫ്രിക്ക, ദക്ഷിണകൊറിയ, തുര്‍ക്കി, യു കെ, യു എസ് തുടങ്ങിയ 19 രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനിലെ 27  രാജ്യങ്ങളും ഈ കൂട്ടായ്മയിലുണ്ട്. ബംഗ്ലാദേശ്, ഈജിപ്ത്, മൗറീഷ്യസ്, മ്യാന്‍മര്‍, നെതര്‍ലാന്‍ഡ്‌സ്, നൈജീരിയ, ഒമാന്‍, റുവാണ്ട, സിംഗപ്പൂര്‍, സ്‌പെയിന്‍, യു എ ഇ എന്നീ  രാജ്യങ്ങള്‍ പ്രത്യേകം ക്ഷണിതാക്കളുമാണ്.
കൂടാതെ യു എന്‍, വേള്‍ഡ് ബാങ്ക്, ഐ എം എഫ്, ലോകാരോഗ്യ/ലോകവ്യാപാര/തൊഴില്‍ തുടങ്ങിയ രാജ്യാന്തരസംഘടനകളെയും നിരവധി പ്രാദേശികവ്യാപാരക്കൂട്ടായ്മകളെയും വിവിധ സമ്മേളനങ്ങളില്‍ ഭാഗഭാക്കുകളാക്കി.
ഉദ്ദേശ്യലക്ഷ്യങ്ങള്‍
1.    ആഗോളസാമ്പത്തികരംഗ
       ത്തെ തകര്‍ച്ചയില്‍ വീഴാതെ താങ്ങിനിറുത്തുക.
2.    വ്യാപാരവും നിക്ഷേപവും പ്രോത്സാഹിപ്പിക്കുക.
3.    സുസ്ഥിരമായ സാമ്പത്തികവളര്‍ച്ച ഉറപ്പുവരുത്തുക.
4.    വിശപ്പിനും ദാരിദ്ര്യത്തിനും അസമത്വത്തിനുമെതിരേ പോരാടുക.
5.    പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക.
6.    നവീന ഊര്‍ജസ്രോതസ്സുകള്‍ കണ്ടെത്തുക.
7.    കോര്‍പ്പറേറ്റുകള്‍ക്കൊപ്പം  ചെറുകിട/ഇടത്തരം സംരംഭകരെ പ്രോത്സാഹിപ്പിക്കുക.
8.    കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുക.
9.    പരിസ്ഥിതിക്കു വിഘാതമായ കാലാവസ്ഥാവ്യതിയാനം തടയുക.
ഈ യുഗം യുദ്ധത്തിന്റേതല്ല ''

എനിക്കൊരു ശുഭവാര്‍ത്ത നിങ്ങളുമായി പങ്കുവയ്ക്കാനുണ്ട്. നിങ്ങളുടെയെല്ലാം ആത്മാര്‍ഥമായ സഹകരണംകൊണ്ട് ന്യൂഡല്‍ഹിയിലെ ജി 20 കൂട്ടായ്മയില്‍ സമവായം ഉണ്ടായിരിക്കുന്നു. ഇന്നത്തെ യുഗം യുദ്ധത്തിന്റേതല്ല, മറിച്ച്, നീതിപൂര്‍വകവും സമാധാനപൂര്‍ണവുമായ ഒരു ലോകമാണ് ഏവരും
ആഗ്രഹിക്കുന്നത്.''യുക്രെയ്‌നുമായുള്ള സംഘര്‍ഷത്തില്‍ റഷ്യയുടെ പേരെടുത്തുപറയാതെ ജി 20 കൂട്ടായ്മയുടെ സമാപനസമ്മേളനത്തില്‍  നേതാക്കളുടെ പ്രഖ്യാപനം പരസ്യപ്പെടുത്തുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. കൊവിഡ് പ്രതിസന്ധിയെ ഒരുമിച്ചുനിന്ന് മറികടന്നതുപോലെ യുദ്ധം ഉണ്ടാക്കിയ പരസ്പരവിശ്വാസമില്ലായ്മയെയും കൂട്ടായി പരിഹരിക്കാന്‍ കഴിയുമെന്ന ഉത്തമവിശ്വാസം തനിക്കുïെന്നും ഉച്ചകോടിയിലെ ആമുഖപ്രസംഗത്തില്‍ മോദി അഭിപ്രായപ്പെട്ടു. കടം നല്‍കി കെണിയിലാക്കുന്ന ചൈനീസ് നയത്രന്തത്തില്‍നിന്നു വ്യത്യസ്തമായി എല്ലാ രാജ്യങ്ങളെയും തുല്യതയോടെ പരിഗണിക്കുന്ന കാഴ്ചപ്പാടാണ് ആതിഥേയരാജ്യമായ ഇന്ത്യ മുമ്പോട്ടു വച്ചത്.
ജി 20 പ്രസിഡന്‍സിയുടെ ബലത്തില്‍ ആഗോളതലത്തില്‍ ശക്തമായ കൂട്ടുകെട്ടിനുള്ള കരുനീക്കങ്ങള്‍ തുടങ്ങിയത് നരേന്ദ്രമോദിയും വിദേശകാര്യമന്ത്രി  എസ് ജയശങ്കറുമാണ്. ഒരു കുടുംബം എന്നപോലെ വളര്‍ച്ചയിലേക്കുള്ള പാതയില്‍ പരസ്പരം പിന്തുണയ്ക്കുന്ന സമീപനം ഇന്ത്യ സ്വീകരിച്ചു. 'ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി' എന്നതായിരുന്നു നമ്മുടെ രാജ്യത്തിന്റെ ആപ്തവാക്യം. 'വസുധൈവ കുടുംബകം' എന്ന് ആമുഖപ്രസംഗത്തില്‍ മോദി ആവര്‍ത്തിച്ചു പറഞ്ഞതും ശ്രദ്ധേയമായി. എല്ലാവരെയും സമഭാവനയോടെ ഉള്‍ക്കൊള്ളണമെന്ന ആശയം ലോകത്തിനു ദിശാബോധം നല്കുമെന്നും മോദി സൂചിപ്പിച്ചു.
ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴി
കപ്പല്‍/റെയില്‍ മാര്‍ഗങ്ങളിലൂടെ ഇന്ത്യ-പശ്ചിമേഷ്യ-യൂറോപ്പ് സാമ്പത്തിക ഇടനാഴിക്കു തുടക്കംകുറിക്കുമെന്ന പ്രഖ്യാപനം ജി 20 കൂട്ടായ്മയുടെ ഏറ്റവും വലിയ നേട്ടമായി കണക്കാക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും യൂറോപ്യന്‍ യൂണിയന്‍  അധ്യക്ഷ ഉര്‍സുല വോണ്‍ഡര്‍ ലെയ്‌നുമാണ് സംയുക്തപ്രഖ്യാപനം നടത്തിയത്.
ഇന്ത്യയില്‍നിന്ന് കപ്പല്‍മാര്‍ഗം ഗള്‍ഫ് അടക്കമുള്ള പശ്ചിമേഷ്യന്‍രാജ്യങ്ങളിലേക്കും, തുടര്‍ന്ന്, ട്രെയിന്‍മാര്‍ഗം യൂറോപ്പിലേക്കുമുള്ള ചരക്കുഗതാഗതം സാധ്യമാക്കുന്നതാണ് പദ്ധതി. ഇതേ പാതയില്‍ വാതകപൈപ്പ്‌ലൈന്‍ സ്ഥാപിക്കാനും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ വിന്യസിക്കാനും ആലോചനയുണ്ട്. പുതിയ ഇടനാഴി ഇന്ത്യയുടെ വ്യാപാരം 40 ശതമാനം വര്‍ധിപ്പിക്കുമെന്ന് ഉര്‍സുല വോണ്‍ഡര്‍ ലെയ്ന്‍ അവകാശപ്പെട്ടു. സാമ്പത്തികവളര്‍ച്ചയ്‌ക്കൊപ്പം രാജ്യങ്ങള്‍ തമ്മില്‍ മെച്ചപ്പെട്ട സഹകരണവും ലക്ഷ്യമിട്ടാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്ത്യയ്ക്കും യൂറോപ്യന്‍ യൂണിയനും പുറമേ യു എസ്, യു എ ഇ, സൗദി അറേബ്യ, തുര്‍ക്കി, ജോര്‍ദ്ദാന്‍, ഇസ്രായേല്‍, ഫ്രാന്‍സ്, ജര്‍മനി തുടങ്ങിയ  രാജ്യങ്ങളും ഉള്‍പ്പെടുന്നതാണു പദ്ധതി. പാക്കിസ്ഥാന്‍ ഉള്‍പ്പെടെയുള്ള ഏതാനും രാജ്യങ്ങളെ ബന്ധിപ്പിച്ച് ചൈന നിര്‍മിച്ചുവരുന്ന ബെല്‍റ്റ് ആന്‍ഡ് റോഡ് ഇനീഷ്യേറ്റിവിനു ബദലായി നടപ്പാക്കുന്ന ബൃഹദ്പദ്ധതിയുടെ ബുദ്ധികേന്ദ്രങ്ങള്‍ ഇന്ത്യയും യു എസുമാണ്. ഇതുകൂടാതെ യൂറോപ്യന്‍ യൂണിയന്റെയും യു എസിന്റെയും സഹകരണത്തോടെ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ അംഗോള, കോംഗോ, സാംബിയ എന്നീ രാജ്യങ്ങളില്‍ പുരോഗമിക്കുന്ന അടിസ്ഥാനസൗകര്യവികസനപദ്ധതികളില്‍ സഹകരിക്കാനും ഇന്ത്യ തയ്യാറായിട്ടുണ്ട്.
യുക്രെയ്‌നില്‍ ഭക്ഷ്യ-ഊര്‍ജസുരക്ഷയെ ദോഷകരമായി ബാധിക്കുന്ന സൈനികനടപടികള്‍ അവസാനിപ്പിക്കണമെന്നും ന്യൂഡല്‍ഹി ഉച്ചകോടിയിലെ പ്രഖ്യാപനത്തില്‍ പരാമര്‍ശമുണ്ട്. ബലപ്രയോഗത്തിലൂടെയല്ല, ചര്‍ച്ചകളിലൂടെയാണു പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതെന്ന നിര്‍ദേശം മണിക്കൂറുകള്‍ നീണ്ടുനിന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് അംഗീകരിക്കപ്പെട്ടത്. മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കുമെതിരായി ഭൂപ്രദേശങ്ങള്‍ പിടിച്ചെടുക്കാനുള്ള ഭീഷണികളും ബലപ്രയോഗങ്ങളും അനുവദിക്കാനാവില്ലെന്ന് യു എന്‍ ചാര്‍ട്ടറിലുണ്ട്. കൊവിഡനന്തരപ്രതിസന്ധികളില്‍നിന്നും കരകയറാന്‍ പാടുപെടുന്ന വികസ്വരരാജ്യങ്ങളെയും ദരിദ്രരാജ്യങ്ങളെയും യുക്രെയ്ന്‍യുദ്ധം ദോഷകരമായി ബാധിച്ചുവെന്നും ലോകനേതാക്കള്‍ വിലയിരുത്തി. ഊര്‍ജമേഖല, ആഗോളഭക്ഷ്യവിതരണശൃംഖല, പണപ്പെരുപ്പം തുടങ്ങിയവയുമായി ബന്ധപ്പെട്ട് യുക്രെയ്ന്‍ യുദ്ധം കഷ്ടപ്പാടുകളും ജീവനാശവും മാത്രമേ സമ്മാനിച്ചിട്ടുള്ളൂവെന്നും സംയുക്തപ്രഖ്യാപനത്തില്‍ വിശദമാക്കുന്നുണ്ട്.
വന്‍കിട രാജ്യാന്തരസമ്പദ്‌വ്യവസ്ഥകളുമായി സംവദിക്കാനും ക്രിപ്‌റ്റോ കറന്‍സികള്‍ നിയന്ത്രിക്കാനും ഉച്ചകോടിയില്‍ ധാരണയായി. അതിസമ്പന്നരാജ്യങ്ങളുടെ കൈവശമുള്ള നിക്ഷേപങ്ങള്‍ തുറക്കാനും പുത്തന്‍വ്യാപാരസംരംഭങ്ങള്‍ക്കു തുടക്കം കുറിക്കാനും കഴിയുമെന്നും പ്രഖ്യാപനത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. കാലാവസ്ഥാവ്യതിയാനത്തിനു കാരണമാകുന്ന ഫോസില്‍ ഇന്ധനങ്ങള്‍ കുറച്ച് ആഗോള ജൈവ ഇന്ധനസഖ്യത്തിനുവേണ്ടി പ്രയത്‌നിക്കാനും ആഹ്വാനമുണ്ട്. മതപരവും സാംസ്‌കാരികവുമായ വൈവിധ്യം, സംവാദം, സഹിഷ്ണുത എന്നിവ സംബന്ധിച്ച് ഐക്യരാഷ്ട്രസഭ അംഗീകരിച്ച പ്രമേയങ്ങള്‍ കണക്കിലെടുത്ത് എല്ലാത്തരം അസഹിഷ്ണുതകള്‍ക്കും, മതത്തിന്റെയും വിശ്വാസത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനങ്ങള്‍ക്കുമെതിരേ പോരാടണമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
ആഫ്രിക്കന്‍ യൂണിയനും  അംഗത്വം
55 അംഗരാജ്യങ്ങളുള്ള ആഫ്രിക്കന്‍ യൂണിയനും ജി 20 ല്‍ അംഗത്വം നല്‍കാന്‍ ഉച്ചകോടിയില്‍ ധാരണയായത് ഇന്ത്യയുടെ വിജയമായി. ആഫ്രിക്കന്‍ യൂണിയന്റെ സ്ഥിരാംഗത്വത്തിനുവേണ്ടി വാദിച്ച രാജ്യങ്ങളില്‍ നമ്മുടെ രാജ്യം മുന്‍പന്തിയിലുണ്ടായിരുന്നു. ഇതോടെ ജി 20 കൂട്ടായ്മയുടെ  ഘടനയും സ്വഭാവവും മാറും. ഉച്ചകോടിയുടെ ഭാവിയിലെ പേര് ജി 21 എന്നായിരിക്കുമെന്നു സൂചനയുണ്ട്. ആഫ്രിക്കന്‍ യൂണിയന്‍കൂടി അംഗമാകുന്നതുവഴി ലോകജനസംഖ്യയുടെ 80 ശതമാനത്തെയാണ് ഈ കൂട്ടായ്മ പ്രതിനിധീകരിക്കുക. ലോകത്തെ പുനരുപയോഗസ്രോതസ്സുകളുടെ 60 ശതമാനവും ധാതുശേഖരങ്ങളുടെ 30 ശതമാനവും 100 കോടിയിലേറെ ജനസംഖ്യയുള്ള ആഫ്രിക്കന്‍  രാജ്യങ്ങളിലുണ്ട്. ആഫ്രിക്കയിലെ കോമറോസ് ദ്വീപസമൂഹരാഷ്ട്രത്തിന്റെ പ്രസിഡന്റായ അസലി അസൗമനിയാണ് ആഫ്രിക്കന്‍ യൂണിയന്റെഅധ്യക്ഷപദവി  അലങ്കരിക്കുന്നത്.
അടുത്ത അധ്യക്ഷപദവി ബ്രസീലിന്
ജി 21 എന്നറിയപ്പെടാനിടയുള്ള അടുത്ത വര്‍ഷത്തെ ഉച്ചകോടി ബ്രസീലിലാണു സംഘടിപ്പിക്കുന്നത്. സംയുക്തപ്രഖ്യാപനത്തിനൊടുവില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയില്‍നിന്ന് ബ്രസീല്‍ പ്രസിഡന്റ് ലൂയി ഇനാസിയോ ലുല ഡാ സില്‍വ ചുമതല ഏറ്റെടുത്തു. യു എന്‍, വേള്‍ഡ് ബാങ്ക്, ഐ എം എഫ്, ലോകാരോഗ്യ/വ്യാപാര/സംഘടനകള്‍ എന്നിവയടക്കമുള്ള അന്താരാഷ്ട്രസംഘടനകളില്‍ വികസ്വരരാജ്യങ്ങള്‍ക്കു പ്രാതിനിധ്യം ഉറപ്പാക്കുകയാണു തന്റെ ലക്ഷ്യമെന്ന് ലുല ഡാ സില്‍വ സൂചന നല്‍കി. ഉച്ചകോടിയിലെ പ്രഖ്യാപനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ ഈ വര്‍ഷം നവംബറില്‍ വെര്‍ച്വലായി ഒരു ഉച്ചകോടി നടത്തണമെന്ന് നരേന്ദ്രമോദി നിര്‍ദേശിച്ചു.
ന്യൂഡല്‍ഹിയിലെ ഉച്ചകോടിയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും പങ്കെടുക്കാനെത്തിയില്ലെങ്കിലും റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗി ലാവ്‌റോവും, ചൈനീസ് പ്രധാനമന്ത്രി ലി ക്വിയാംഗും ഹാജരായി ചര്‍ച്ചകളില്‍ സജീവമായി പങ്കെടുത്തു. സമവായത്തിലൂന്നിയ ചര്‍ച്ചകളിലൂടെ ഇരുപക്ഷത്തെയും വിശ്വാസത്തിലെടുക്കാന്‍ ആതിഥേയരാജ്യമായ ഇന്ത്യയ്ക്കു കഴിഞ്ഞതും നയതന്ത്രരംഗത്തെ  വലിയ വിജയമാണ്.

 

Newsletter

Subscribe to get the best stories into your inbox!

  • Whatsapp
  • Facebook
  • Twitter
  • Support
  • Suggestion
  • Privacy
  • About
  • Our Ads
  • Terms

© 2025 Deepanalam.org. All rights reserved | Powered By Techwin

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)