•  1 May 2025
  •  ദീപം 58
  •  നാളം 8
ലേഖനം

പുതുപ്പള്ളിയുടെ പാഠങ്ങള്‍

നാധിപത്യം എന്നത് അധികാരം പിടിച്ചെടുക്കാന്‍ ഏതാനും ആളുകള്‍ നടത്തുന്ന ചതുരംഗക്കളിയായി മാറുകയാണ്. ധാര്‍മികതയ്ക്കും സിദ്ധാന്തങ്ങള്‍ക്കും ഒരു പ്രസക്തിയും ഇല്ലാതായി. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്തിയും എതിരാളികളെയും കുടുംബാംഗങ്ങളെപ്പോലും തേജോവധം ചെയ്തും അധികാരം ഉറപ്പിക്കുന്ന കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്.
ഒരു വിശ്വാസ്യതയും ഇല്ലാത്ത സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിയെ സോളാര്‍കേസില്‍ പ്രതിയാക്കി വേട്ടയാടിയവര്‍ക്ക് ജനം നല്‍കിയ കടുത്തശിക്ഷയാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പുഫലം. ക്ലിഫ് ഹൗസില്‍ വച്ച് ഉമ്മന്‍ചാണ്ടി പീഡിപ്പിച്ചു എന്നു പരാതിക്കാരി പറഞ്ഞ 2012 സെപ്റ്റംബര്‍ 19 ന് അദ്ദേഹം ക്ലിഫ് ഹൗസിലേ ഉണ്ടായിരുന്നില്ലെന്ന് ക്രൈംബ്രാഞ്ച് അന്വേഷിച്ചു കണ്ടെത്തി. ഡിജിപി മാരായിരുന്ന അനില്‍കാന്ത്, രാജേഷ് ദിവാന്‍, ഐജി ദിനേദ്ര കശ്യപ് എന്നിവരെ കൂടാതെ ഇപ്പോഴത്തെ ഡിജിപി ഷേഖ്ദര്‍വേഷ്‌സാബിഹ് വരെ അന്വേഷിച്ച് ആരോപണങ്ങള്‍ വിശ്വസനീയമല്ലെന്നു സര്‍ക്കാരിനെ അറിയിച്ചതാണ്. പല കേസുകളിലും സിബിഐ അന്വേഷണം വേണ്ടെന്നു പറഞ്ഞു കോടികള്‍ മുടക്കി സുപ്രീംകോടതിയില്‍ പോയ ഇടതുപക്ഷസര്‍ക്കാര്‍ പരാതിക്കാരി നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ കേസ് സിബിഐയെ ഏല്പിച്ചു. ആരോപണങ്ങള്‍ കളവാണെന്ന് അന്വേഷണസംഘം കണ്ടെത്തി. ഉമ്മന്‍ചാണ്ടിയെ അധികാരത്തില്‍നിന്നു മാറ്റിനിറുത്തുക എന്ന ലക്ഷ്യത്തോടെ പരാതിക്കാരിക്കു പണം നല്‍കി ഒരു കത്ത് രൂപപ്പെടുത്തിയെന്ന വിവരവും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. കത്തില്‍ ദുരൂഹമായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയെന്നും ആദ്യകത്തില്‍ 21 പേജായിരുന്നുവെന്നും പ്രസ്തുത കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരില്ലായിരുന്നുവെന്നും ദല്ലാള്‍ ചാനലിനു നല്‍കിയ കത്തില്‍ 25 പേജ് ഉണ്ടായിരുന്നുവെന്നും ഇതേ ദല്ലാള്‍ സിബിഐയ്ക്കു കത്തു കൈമാറിയപ്പോള്‍ 19 പേജുമാത്രമായി ചുരുങ്ങിയെന്നുമാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. പുതുപ്പള്ളി തിരഞ്ഞെടുപ്പിനുമുമ്പാണ് തങ്ങളുടെ പ്രിയപ്പെട്ട നേതാവായിരുന്ന ഉമ്മന്‍ചാണ്ടിയെ ഇത്തരത്തില്‍ കുടുക്കിയതെന്ന വിവരം പുറത്തുവന്നിരുന്നതെങ്കില്‍ ജനത്തിന്റെ പ്രതികരണം അരലക്ഷത്തിനു മുകളിലുള്ള ഭൂരിപക്ഷത്തിന്റേതായിരുന്നേനെ.
തിരഞ്ഞെടുപ്പുപ്രചാരണത്തിന്റെ തുടക്കത്തില്‍, ഒരു വികസനവും നടത്താത്ത ഉമ്മന്‍ചാണ്ടിയെയാണ് പുതുപ്പള്ളിക്കാര്‍ പന്ത്രണ്ടു തവണ തിരഞ്ഞെടുത്തതെന്ന ഇടതുമുന്നണി പ്രചാരണം മരണമടഞ്ഞ ഉമ്മന്‍ചാണ്ടിക്ക് അപമാനം ഉണ്ടാക്കിയില്ലെങ്കിലും പുതുപ്പള്ളിക്കാര്‍ക്കു മുഴുവന്‍ അപമാനകരമായി മാറി. പുതുപ്പള്ളിവോട്ടര്‍മാര്‍ വിവരമില്ലാത്തവരാണെന്ന പ്രചാരണം അവരുടെ ആത്മാഭിമാനത്തിന് മുറിവേല്പിച്ചു. എം.എല്‍.എ. ഓഫീസ് ഇല്ലാത്ത സ്ഥലം, ഞായറാഴ്ച മാത്രം മണ്ഡലത്തിലെത്തുന്ന ജനപ്രതിനിധി ഇങ്ങനെ തുടങ്ങി ഇടതുപ്രചാരണം. ഇതോടൊപ്പം മത്സരം തുടങ്ങിയപ്പോള്‍ മുതല്‍ പുതുപ്പള്ളിയില്‍ എത്തിയ മാധ്യമപ്പട അവരുടേതായ രീതിയിലും പുതുപ്പള്ളിയെ ചെറുതായി കാണാന്‍ മത്സരിച്ചു. ഒരു മുനിസിപ്പാലിറ്റിപോലും ഉള്‍പ്പെടാത്ത മണ്ഡലത്തില്‍ ഇന്നിന്റെ ആവശ്യങ്ങളായ വിമാനത്താവളമോ തുറമുഖമോ റെയില്‍വേസ്റ്റേഷനോ എന്തിനേറെ സിനിമാതിയേറ്ററോ സ്റ്റേഡിയമോപോലും ഇല്ലാത്തതായിരുന്നു ചാനലുകള്‍ മത്സരിച്ച് റിപ്പോര്‍ട്ടു ചെയ്തത്.
വാഹനങ്ങളുടെ എണ്ണം കൂടിവരുന്ന കാലത്ത് മുന്‍മുഖ്യമന്ത്രിയുടെ നാട്ടിലെ റോഡുകള്‍ ആറുവരികള്‍  ആക്കേണ്ടതല്ലായിരുന്നോ, പാലങ്ങള്‍ക്ക് വീതി കൂട്ടേണ്ടതല്ലായിരുന്നോ എന്നൊക്കെ സംശയം പ്രകടിപ്പിച്ചവര്‍ 8-ാം തീയതി ആദ്യറൗണ്ട് വോട്ട് എണ്ണിക്കഴിഞ്ഞപ്പോഴേക്കും മനസ്സിലാക്കി, ഉമ്മന്‍ചാണ്ടി പുതുപ്പള്ളിയിലെ ഓരോ ഭവനത്തിലേക്കുമാണ് കരുതലിന്റെ ആറുവരിപ്പാത പണിതതെന്നും ഓരോ വോട്ടറുടെ മനസ്സിലേക്കുമാണ് സ്‌നേഹത്തിന്റെ പാലംപണിതതെന്നും. കടുത്ത മത്സരമാണ് നടക്കുന്നതെന്ന് മത്സരദിവസം വരെ റിപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ 5-ാം തീയതി വോട്ടെടുപ്പു പൂര്‍ത്തിയായി ആറു മണി കഴിഞ്ഞപ്പോള്‍ മുതല്‍ 25000 വോട്ടിന്റെ ഭൂരിപക്ഷമെങ്കിലും ചാണ്ടി ഉമ്മനു ലഭിച്ചില്ലെങ്കില്‍ പിന്നെ യുഡിഎഫിന്റെ വിജയത്തിനു പ്രസക്തിയില്ലെന്നുവരെ പറഞ്ഞുവച്ചു. സഹതാപതരംഗം, ബിജെപി വോട്ട് മറിച്ചു തുടങ്ങി പരാജയത്തിനുള്ള ഇടതുപക്ഷന്യായങ്ങള്‍ തങ്ങളുടെ നാണക്കേട് മറച്ചുകൊണ്ട് ചില ചാനലുകള്‍ അപ്പോഴും നിരത്തുണ്ടായിരുന്നു.
തിരഞ്ഞെടുപ്പുഫലം റിപ്പോര്‍ട്ടു ചെയ്ത ദിവസവും ഈ ഇരട്ടത്താപ്പ് ഏതാനും ചാനലുകള്‍ക്കു വിനയായി. തങ്ങളാണ് ഏറ്റവും പുതിയ ലീഡ് പ്രേക്ഷകരില്‍ എത്തിക്കുന്നതെന്നു വരുത്തിത്തീര്‍ക്കാന്‍ യഥാര്‍ഥ ഭൂരിപക്ഷത്തേക്കാള്‍ കുറച്ചുകൂടി വര്‍ധിപ്പിച്ചു റിപ്പോര്‍ട്ട് ചെയ്തുകൊണ്ടിരുന്നു ചില ചാനലുകാര്‍. എണ്ണീത്തീര്‍ത്ത വോട്ടുകളില്‍ 40000 ത്തിലധികം ഭൂരിപക്ഷവും അറിയിച്ചു. ഇനി 2800 വോട്ടുകള്‍ കൂടി എണ്ണാനുണ്ടെന്നുകൂടി വിളമ്പി. എന്നാല്‍, യഥാര്‍ഥ ഭൂരിപക്ഷം 37719 മാത്രമായിരുന്നു. അപ്പോള്‍ വോട്ടെണ്ണല്‍ദിവസവും പ്രേക്ഷകരെ അപഹാസ്യരാക്കാന്‍ ചിലര്‍ ശ്രമിച്ചെന്നു വിശ്വസിക്കേണ്ടിവരും.
വിവിധ നികുതിവര്‍ധനമൂലം ജീവിതച്ചെലവ് താങ്ങാവുന്നതിലധികം വര്‍ധിച്ച സമയത്തും സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിട്ടും സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുന്നു എന്ന വാര്‍ത്തകളില്‍ ജനങ്ങള്‍ കടുത്ത അമര്‍ഷത്തിലായിരുന്നു.   ഇതേസമയം സര്‍ക്കാരിനെതിരേ ഉയര്‍ന്ന സാമ്പത്തികഅഴിമതികളും വിവിധ സഹകരണബാങ്ക് തട്ടിപ്പുകളില്‍ വ്യക്തമായ നിയമനടപടികള്‍ സ്വീകരിക്കാത്തതും ജനങ്ങള്‍ക്കുള്ള എതിര്‍പ്പിന് ആക്കംകൂട്ടി. കെ. റെയിലിനായുള്ള ബലംപിടിത്തവും കര്‍ഷകരുടെ നെല്ലിന് യഥാസമയം വില നല്‍കുന്നില്ലെന്ന നടന്‍ ജയസൂര്യയുടെ വെളിപ്പെടുത്തലും ഉമ്മന്‍ചാണ്ടിയെക്കുറിച്ച് നല്ലതു പറഞ്ഞു എന്നതിന്റെ പേരില്‍ മൃഗാശുപത്രിയിലെ താത്കാലിക ജീവനക്കാരി സതിയമ്മയെ പിരിച്ചുവിട്ടതും, ഓണക്കിറ്റ് പരിമിതപ്പെടുത്തിയതും, ഹൈക്കോടതി തടഞ്ഞിട്ടും ഇടുക്കി ജില്ലാ സി.പി.എം. ഓഫീസ് പണി തുടര്‍ന്നതും വ്യാപകമായ പിന്‍വാതില്‍ നിയമനങ്ങളും സാധാരണക്കാരെ ഇടതുമുന്നണിക്കെതിരേ ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ കിറ്റ് വാങ്ങി കബളിപ്പിക്കപ്പെടുകയായിരുന്നു എന്ന ബോധ്യവും പലര്‍ക്കും ഉണ്ടായി.
എല്ലാറ്റിനുമുപരി ഉമ്മന്‍ചാണ്ടിയോടുള്ള  വൈകാരിക അടുപ്പവും മരണശേഷവും അദ്ദേഹത്തെയും കുടുംബാംഗങ്ങളെയും വേട്ടയാടുന്നു എന്ന ചിന്തയും ദുഷ്പ്രചാരണങ്ങളില്‍പ്പെട്ട് ഉമ്മന്‍ചാണ്ടിയോട് അകന്നു പോയതിലുള്ള കുറ്റബോധവും വോട്ടെടുപ്പില്‍ പ്രകടമായി. ജീവിച്ചിരുന്ന ഉമ്മന്‍ചാണ്ടിയേക്കാള്‍ മരിച്ച ഉമ്മന്‍ചാണ്ടിയാണ് ശക്തനെന്ന യാഥാര്‍ഥ്യം അടിവരയിടുന്നതാണ് മൊത്തമുള്ള 182 ബൂത്തുകളില്‍ 181 ലും ചാണ്ടി ഉമ്മനു ലഭിച്ച ഭൂരിപക്ഷം.
ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച ചാണ്ടി ഉമ്മന്‍ സഭയിലെത്തിയ ദിവസംതന്നെ സോളാര്‍കേസിലെ സിബിഐ റിപ്പോര്‍ട്ടിനെ ആധാരമാക്കി നിയമസഭയില്‍     വന്ന അടിയന്തരപ്രമേയചര്‍ച്ചയില്‍ ഭരണപ്രതിപക്ഷഭേദമെന്യേ എല്ലാവരും ഒരേ സ്വരത്തില്‍ കേസിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടിയെ ക്രൂശിച്ചത് ശരിയായില്ലെന്നു പറഞ്ഞു. ആരാണ് ഉമ്മന്‍ചാണ്ടിയെ കുരിശില്‍ തറച്ചതെന്ന കാര്യത്തില്‍ മാത്രമായിരുന്നു തര്‍ക്കം. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ എപ്പോഴും പറയുമായിരുന്ന ഒരു കാര്യമുണ്ടായിരുന്നു: ''ഞാന്‍ തികഞ്ഞ ദൈവവിശ്വാസിയാണ് അവസാനം സത്യം ജയിക്കും.'' സത്യം വിജയിച്ചു കാണാന്‍ അദ്ദേഹത്തിന്റെ ആത്മാവിനാണു ഭാഗ്യം ഉണ്ടായത്. കഥ മെനഞ്ഞവര്‍ക്കും ആരോപണം ഉന്നയിച്ചവര്‍ക്കും കുരുക്കു മുറുകുന്നതാണ് ഇപ്പോള്‍ കേരളം കണ്ടുകൊണ്ടിരിക്കുന്നത്. നീതിമാനായിരുന്ന ഉമ്മന്‍ചാണ്ടിയെ പീഡിപ്പിച്ച വിഷയത്തില്‍ ബന്ധപ്പെട്ടവര്‍ തെറ്റ് ഏറ്റുപറഞ്ഞ് കേരളസമൂഹത്തോട് മാപ്പു പറയാത്തപക്ഷം ഈ വിഷയം നീറിപ്പുകഞ്ഞുനിന്ന് വരാന്‍പോകുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പുതുപ്പള്ളിക്കാര്‍ ഉപയോഗിച്ച വോട്ടവകാശം എന്ന ആയുധം കേരളത്തിലെ ഇരുപതു പാര്‍ലമെന്റ്മണ്ഡലങ്ങളിലും വോട്ടര്‍മാര്‍ പ്രയോജനപ്പെടുത്തുന്ന കാഴ്ചയും കേരളം കാണേണ്ടിവരും.
മത്സരിക്കുന്ന സ്ഥാനാര്‍ഥികളുടെയും കുടുംബാംഗങ്ങളുടെ പോലും  സ്വകാര്യജീവിതത്തെ പൊതുസമൂഹത്തിലേക്കു കൊണ്ടുവരുന്ന സൈബര്‍ പോരാളികളെ അതത് പാര്‍ട്ടികള്‍ നിയന്ത്രിക്കുന്നില്ലെങ്കില്‍ അക്കൂട്ടര്‍ക്കെതിരേയുള്ള വികാരം പോളിങ്ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ പ്രകടിപ്പിക്കുമെന്ന പാഠമാണ് പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പു ഫലം നല്‍കുന്നത്.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)